ഒറ്റപ്പാലം: കാരവൻ ടൂറിസം പദ്ധതി സജീവമാക്കാൻ വിനോദസഞ്ചാരവകുപ്പ് വീണ്ടും ശ്രമം തുടങ്ങി. കാരവൻ പാർക്കുകൾ തുടങ്ങുന്ന സംരംഭകർക്ക് സബ്‌സിഡി അനുവദിച്ചുകൊണ്ട് പദ്ധതിയെ ഉയിർത്തെഴുന്നേൽപ്പിക്കാനാണ് ശ്രമം. 50 പാർക്കുകൾക്കുവരെ സബ്‌സിഡി നൽകും. ഇതു സംബന്ധിച്ച മാർഗരേഖയും വകുപ്പ് പുറത്തിറക്കി.

To advertise here,

ഒരുലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപവരെയാണ് സബ്‌സിഡി ലഭിക്കുക. നിർമാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമായശേഷമേ സബ്‌സിഡി ലഭിക്കൂ. നിലവാരം പരിശോധിക്കുന്നതിനായി പ്രത്യേകസമിതി രൂപവത്കരിക്കും.

ടൂറിസം പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് സബ്‌സിഡിക്കായി അപേക്ഷിക്കേണ്ടത്. കാരവൻ പാർക്ക് ഉൾപ്പെടുന്ന സ്ഥലവും വസ്തുക്കളും അടുത്ത 10 വർഷത്തേക്ക് കൈമാറ്റം ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ല. ഇത് ഉറപ്പാക്കാൻ ടൂറിസം ഡയറക്ടറുമായി വസ്തു ഉടമ കരാറിലേർപ്പെടണമെന്നും വ്യവസ്ഥയുണ്ട്. പൊതുബാധ്യത ഇൻഷുറൻസും ഉണ്ടായിരിക്കണം.

2021-ലാണ് കാരവൻ ടൂറിസം നയം സർക്കാർ കൊണ്ടുവരുന്നത്. 350-ഓളം പേർ രജിസ്റ്റർ ചെയ്തെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ഇടുക്കിയിൽ രണ്ട് കാരവൻ പാർക്കുകൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളതെന്നാണ് വിവരം.