ടൂറിസം വകുപ്പ് രണ്ടര വര്‍ഷംമുമ്പ് തുടക്കമിട്ട കാരവന്‍ ടൂറിസം പദ്ധതി പാതിവഴിയില്‍ കിതയ്ക്കുന്നു. 1590 കാരവനുകള്‍ ആരംഭിക്കാന്‍ 373 സംരംഭകരും 162 കാരവന്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ 115 സംരംഭകരുമാണ് ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ഇറങ്ങിയത് 11 കാരവനുകള്‍ മാത്രം. രണ്ടെണ്ണത്തിന് ടൂറിസം വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. പൂര്‍ണസജ്ജമായ ഒരു കാരവന്‍ പാര്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

To advertise here,

തിരുവനന്തപുരം, കൊച്ചി, വാഗമണ്‍, വയനാട്, മലപ്പുറം, തൊടുപുഴ, ആലുവ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കാരവനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം സ്വകാര്യ ഹോട്ടല്‍-ടൂറിസം സംരംഭകരുടേതാണ്. മോട്ടോര്‍ വാഹനവകുപ്പ് നികുതി കുറച്ചു കൊടുത്തിട്ടും കൂടുതല്‍ സംരംഭകര്‍ എത്തുന്നില്ല. ടൂറിസ്റ്റുകള്‍ പ്രയോജനപ്പെടുത്താത്തതും പാര്‍ക്കുകളുടെ കുറവുമാണ് പ്രതിസന്ധിയെന്ന് സംരംഭകര്‍ പറയുന്നു.

മുഖം കൊടുക്കാതെ ടൂറിസ്റ്റുകള്‍

ആറുപേര്‍ക്ക് സുഖകരവും സൗകര്യപ്രദവുമായ യാത്രയാണ് കാരവന്‍ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്. നാല് സീറ്റ്, രണ്ട് കിടക്ക, ശൗചാലയം, വൈഫൈ, ഇന്‍ഡക്ഷന്‍ കുക്കര്‍, ഹോം തിയേറ്റര്‍ എന്നീ സൗകര്യങ്ങളണ് ഒരുക്കുക. 80 കിലോമീറ്ററിന് 20,000 മുതല്‍ 25,000 രൂപ വരെയാണ് ദിവസവാടക. പീന്നീടുള്ള ഓരോ കിലോമീറ്ററിനും 60 രൂപവെച്ച് ഈടാക്കും. മാസം പത്തില്‍ താഴെ ഓട്ടം മാത്രമാണ് കിട്ടുന്നതെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

ഒരു കാരവന്‍ നിരത്തിലിറക്കാന്‍ ഒരു കോടി രൂപയ്ക്കുമേല്‍ മുടക്കണം. 20 ദിവസമെങ്കിലും ഓട്ടം കിട്ടിയാലേ ലാഭകരമാകൂ. കാരവന്‍ ടൂറിസത്തിലേക്ക് കെ.ടി.ഡി.സി. മുഖേന സഞ്ചാരികള്‍ എത്തുന്നുമില്ല. പല സംരംഭകരും സ്വന്തം വെബ്സൈറ്റില്‍ പരസ്യം ചെയ്താണ് പ്രവര്‍ത്തനം.

പാര്‍ക്കുകള്‍ എവിടെ

സുരക്ഷിതമായ പാര്‍ക്കിങ് സൗകര്യമില്ലെങ്കില്‍ പദ്ധതി മുന്നോട്ടുപോകില്ല. വേണ്ടത്ര പാര്‍ക്കുകള്‍ സജ്ജമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനവും പാഴായി. പാര്‍ക്ക് ഒരുക്കാന്‍ മൂന്നുകോടി രൂപയെങ്കിലും ചെലവുവരും. മലമ്പുഴയില്‍ ഒരു പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇറിഗേഷന്‍ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയതോടെ നിയമക്കുരുക്കിലായി. കൊച്ചി ബോള്‍ഗാട്ടി പാലസ്, പൊന്‍മുടി, ബേക്കല്‍ എന്നിവിടങ്ങളില്‍ കെ.ടി.ഡി.സി. കാരവന്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ ഭരണാനുമതിയായിട്ടുണ്ട്.

ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങും

കാരവന്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും സംരംഭകരുടെ പ്രശനങ്ങള്‍ക്ക് നിയമപരമായി പരിഹാരം കാണാനും തിരുവനന്തപുരത്ത് ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങും. സര്‍ക്കാര്‍ ഭൂമിയില്‍ കാരവന്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ ധാരണയായിട്ടുണ്ട്. കെ.ടി.ഡി.സി. മൂന്ന് പാര്‍ക്കുകള്‍ക്ക് ടെന്‍ഡര്‍ ആരംഭിച്ചു. - പി.എ. മുഹമ്മദ് റിയാസ്, ടൂറിസം മന്ത്രി