തിരുവനന്തപുരം: വിനോദസഞ്ചാരികൾക്കായി വീട്ടുമുറ്റത്തും കാരവൻപാർക്കുകൾ ഒരുക്കാം. ഇതിന് സർക്കാർ സബ്‌സിഡി നൽകും. വീടുകളോട് ചേർന്നും തോട്ടങ്ങളിലും കാരവൻപാർക്കുകൾ ഒരുക്കാം എന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. സബ്‌സിഡി പാർക്കുകളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെയും കെ.ടി.ഡി.സി.യുടെയും പാർക്കുകൾക്ക് സബ്‌സിഡിയില്ല.

To advertise here,

വീടുകൾ

ഒരേസമയം ഒന്നോ രണ്ടോ കാരവനുകളെ ഉൾക്കൊള്ളാൻ കഴിയുന്നപാർക്കുകൾ പ്രവർത്തിപ്പിക്കാൻ സ്ഥലമുള്ള സ്വതന്ത്രവീടുകൾ. റോഡുമാർഗം വേഗം എത്താവുന്നയിടം.

അത്യാധുനിക പാർക്കുകൾ

ഒറ്റ രാത്രിക്കും ദീർഘകാലതാമസത്തിനും ഉദ്ദേശിച്ചുള്ളവ. അടുക്കള, ഡോർമിറ്ററി, വൈദ്യുതി, ബാത്ത്‌റൂം തുടങ്ങി സമ്പൂർണസൗകര്യങ്ങൾ. ആദ്യം രജിസ്റ്റർചെയ്യുന്ന 10 യൂണിറ്റുകൾക്ക് നിക്ഷേപത്തിന്റെ 10 ശതമാനം അല്ലെങ്കിൽ അഞ്ചുലക്ഷം രൂപ-ഇതിൽ ഏതാണോ കുറവ് അത് സബ്‌സിഡിയായി നൽകും. ബാക്കിയുള്ള അപേക്ഷകർക്ക് നിക്ഷേപത്തിന്റെ 10 ശതമാനം തുകയോ രണ്ടുലക്ഷം രൂപയോ സബ്‌സിഡി നൽകും.

പകൽ പാർക്കുകൾ

ഒറ്റദിവസത്തെ ടൂർ. സന്ദർശകർ രാത്രിയിൽ തങ്ങുന്നില്ല. ആദ്യത്തെ 10 യൂണിറ്റുകൾക്ക് നിക്ഷേപത്തിന്റെ 10 ശതമാനമോ മൂന്നുലക്ഷമോ സബ്‌സിഡി. ബാക്കിയുള്ളവർക്ക് 10 ശതമാനമോ ഒരുലക്ഷമോ.

ഹൈബ്രിഡ് പാർക്കുകൾ

താമസസൗകര്യമുള്ള റിസോർട്ടിന്റെ ഭാഗമായി സജ്ജമാക്കാം. ആദ്യത്തെ 10 യൂണിറ്റുകൾക്ക് നിക്ഷേപത്തിന്റെ 10 ശതമാനമോ രണ്ടുലക്ഷവും ബാക്കിയുള്ളവർക്ക് നിക്ഷേപത്തിന്റെ 10 ശതമാനമോ ഒരുലക്ഷമോ സബ്‌സിഡി നൽകും. ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയവയോടുചേർന്ന് ഈ വിഭാഗത്തിൽ പാർക്ക് ഒരുക്കാം.

ടൂറിസംമേഖലയിൽ 2021-ൽ തുടങ്ങിയ കാരവൻ ടൂറിസം പ്രതീക്ഷിച്ചത്ര മുന്നോട്ടുപോകാത്തതിനാലാണ് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്ന സബ്‌സിഡി പദ്ധതി. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം അനുമതിയെന്ന രീതിയിലാണ് സബ്‌സിഡി നൽകുക.

അംഗീകൃത എൻജിനിയർ സാക്ഷ്യപ്പെടുത്തിയ ചെലവിന്റെ വിവരം, വസ്തുവിന്റെ പ്ലാൻ, ലൊക്കേഷൻ മാപ്പ്, പാർക്ക് ഉൾപ്പെടുന്നസ്ഥലം ആദ്യ 10 വർഷം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യില്ലെന്ന കരാർ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, പാട്ടഭൂമിയാണെങ്കിൽ ഭൂനികുതിരസീത് തുടങ്ങിയവ പരിശോധിച്ചായിരിക്കും അനുമതി.

ടൂറിസംമേഖലയിലെ ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപനത്തിലെ ജനപ്രതിനിധി തുടങ്ങിയവരുൾപ്പെട്ട ഏഴംഗസമിതി പരിശോധിച്ചായിരിക്കും സബ്‌സിഡി അനുവദിക്കുക.