ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയെക്കുറിച്ചുള്ള ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. റെഡ്ഡിറ്റിൽ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ബ്രിട്ടീഷ് വിനോദ സഞ്ചാരി രംഗത്തെത്തിയിരുന്നു. ഇത് ഏറ്റുപിടിച്ചാണ് പലരും രംഗത്തെത്തിയത്. ഇന്ത്യയിൽ യാത്ര ചെയ്ത് തന്റെ മൂന്ന് വർഷം പഴാക്കിയെന്നും റെഡ്ഡിറ്റില്‍ അദ്ദേഹം ആരോപിച്ചിരുന്നു.

To advertise here,

ചില ദരിദ്ര രാജ്യങ്ങളിലുള്ളതിനേക്കാൾ മോശമായ അടിസ്ഥാന സൗകര്യങ്ങളാണ് ഇന്ത്യയിലേത്. പൊതുയിടങ്ങളിൽ പലയിടത്തും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. രാജ്യത്തുള്ളവർക്ക് പൗരബോധം എന്നൊന്നില്ല. ജീവിക്കാനുള്ള ചെലവ് ഏറെയാണ്. ജനങ്ങളുടെ ദാരിദ്ര്യം അതിശയകരമാം വിധത്തിലാണ്- പോസ്റ്റിൽ ആരോപിക്കുന്നു. പോസ്റ്റ് വൈറലായതിന് പിന്നാലെ വൻതോതിലുള്ള ചർച്ചയ്ക്കും വിമര്‍ശനത്തിനും വഴിവെച്ചു. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ചർച്ച പലരും ഏറ്റെടുത്തു.

ഇന്ത്യയിൽ വിനോദസഞ്ചാരികൾ നേരിടുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ഉത്തരകാശിയിൽ നിന്നുള്ള ആനന്ദ് ശങ്കർ രംഗത്തെത്തി. വായുമലിനീകരണം, പൊതുശുചിത്വം, വനിതാ സുരക്ഷ തുടങ്ങിയവ ഇന്ത്യയിലെത്തുന്ന സഞ്ചാരികൾക്ക് ആശങ്കയായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ വിനോദസഞ്ചാരമേഖല ഇത്രയും താഴ്ന്ന നിലയിൽ എത്തിയത് ഇതിന് മുമ്പെങ്ങും കണ്ടിട്ടില്ല. ഇന്ത്യ സന്ദർശിക്കാനുദ്ദേശിക്കുന്ന ഓരോരുത്തരും സാമൂഹിക മാധ്യമങ്ങളേയും നിരീക്ഷിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് ആരും ​ഗൗരവമായി എടുക്കാത്തതെന്നും ആനന്ദ് ശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

അതിനിടെ, ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍ വിനോദസഞ്ചാര മേഖലയെപ്പറ്റി മുന്‍പ് പറഞ്ഞ ഒരു വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ വിലമതിക്കാനാകാത്ത സാംസ്‌കാരിക പൈതൃകത്തെപ്പറ്റി സംസാരിക്കുന്ന അദ്ദേഹം താജ്മഹലും അജന്ത എല്ലോറ, ഖജുരാഹോ എന്നിവയടക്കമുള്ളവയും വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ല എന്ന പരാതി ഉന്നയിക്കുന്നുണ്ട്. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ നാം വേണ്ടവിധം സംരക്ഷിക്കുന്നില്ല. ടൂറിസം രംഗത്ത് ഇന്ത്യയ്ക്ക് അനന്ത സാധ്യതകളാണ് ഉള്ളത്. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ടൂറിസം രംഗത്ത് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും ജാവേദ് അക്തര്‍ അഭിപ്രായപ്പെടുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.