ന്ത്യയുടെ വിനോദസഞ്ചാര മേഖലയുടെ ഉയർത്തെഴുന്നേൽപ്പിന്റെ വർഷമായിരുന്നു 2024. കണക്കുകൾ അനുസരിച്ച് 99.5 ലക്ഷം വിദേശ വിനോദസഞ്ചാരികളാണ് 2024-ൽ ഇന്ത്യയിൽ എത്തിയത്. അതേസമയം, ഇന്ത്യ സന്ദർശിച്ച അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 2.05 കോടിയിലേക്ക് ഉയരുകയും ചെയ്തിരുന്നു. കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തെക്കാൾ 14.85 ശതമാനം വളർച്ചയാണ് സന്ദർശനകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.

To advertise here,

വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങൾ ഇന്ത്യയിൽ ഉടനീളമുണ്ടെങ്കിലും ഗുജറാത്താണ് ഇപ്പോൾ സഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നത്. ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികൾ സന്ദർശിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് ഗുജറാത്തിനുള്ളത്. ഗുജറാത്തിന്റെ സാംസ്‌കാരിക പൈതൃകം, പ്രകൃതിരമണീയമായ ഭൂപ്രകൃതി തുടങ്ങിയവാണ് വിദേശികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നാണ് വിലയിരുത്തൽ.

കേന്ദ്ര ടൂറിസം ആൻഡ് കൾച്ചർ മന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് 2024-ൽ ഏറ്റവുമധികം വിദേശ വിനോദസഞ്ചാരികൾ എത്തിയത് മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിൽ ഇന്ത്യ 20-ാം സ്ഥാനത്താണെന്നാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കിൽ പറയുന്നത്. 2023-24 കാലഘട്ടത്തിൽ വിനോദ സഞ്ചാര മേഖലയിലെ തൊഴിൽ അവസരം 8.46 കോടിയായി ഉയർത്താൻ സാധിച്ചുവെന്നും സർക്കാർ അവകാശപ്പെടുന്നു.

സ്പിരിച്വൽ ടൂറിസം, ഇക്കോ ടൂറിസം, കൾച്ചറൽ ഹെറിറ്റേജ്, ഐക്കോണിക് സൈറ്റുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഗുജറാത്ത് സർക്കാർ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളും സംസ്ഥാനത്തിന്റെ സംഭാവനകളും സംയോജിപ്പിക്കാൻ സാധിച്ചതിലൂടെയാണ് ഗുജറാത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും കേന്ദ്രം അവകാശപ്പെടുന്നു.

സ്റ്റാച്യു ഓഫ് യൂണിറ്റി, വൈബ്രന്റ് വില്ലേജ് പ്രോഗ്രാം തുടങ്ങിയ പദ്ധതികൾ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകിയിട്ടുണ്ട്. ഏഷ്യൻ സിംഹങ്ങളുടെ സ്വാഭാവിക ആവാസകേന്ദ്രമായ ഗിർ നാഷണൽ പാർക്ക് സഞ്ചാരികളുടെ ഒരു പ്രധാന ലക്ഷ്യകേന്ദ്രമായി മാറിയിട്ടുണ്ട്. വൈറ്റ് സാൻഡ് ഡെസേർട്ട് ഉൾപ്പെടുന്ന റാൻ ഓഫ് കച്ച് സാംസ്‌കാരിക പൈതൃകം ഉൾക്കൊള്ളുന്ന ഡെസ്റ്റിനേഷൻ എന്ന നിലയിൽ ശ്രദ്ധേയമായിട്ടുണ്ടെന്നുമാണ് കേന്ദ്ര സർക്കാർ അഭിപ്രായപ്പെടുന്നത്.