ഓസ്‌ട്രേലിയയിലെ 16 വയസില്‍ താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ വിലക്കിനെ വെല്ലുവിളിച്ച് നിയമനടപടി ആരംഭിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ ഡിസ്‌കഷന്‍ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റ്. നിരോധനം നടപ്പാക്കേണ്ട ആപ്പുകളുടെ പട്ടികയിൽനിന്ന് റെഡ്ഡിറ്റിനെ ഒഴിവാക്കണമെന്നാണ്‌  ആവശ്യം.  ഡിസംബര്‍ പത്തിനാണ് ഓസ്‌ട്രേലിയയില്‍ കൗമാരക്കാര്‍ക്കുള്ള സോഷ്യല്‍ മീഡിയ വിലക്ക് നിലവില്‍വന്നത്. ലോകത്ത് ഈ നടപടി സ്വീകരിക്കുന്ന ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ.

To advertise here,

ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്‌സ്, ടിക് ടോക്ക് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് കൗമാരക്കാരുടെ അക്കൗണ്ടുകള്‍ പുതിയ നിയമം അനുസരിച്ച് നീക്കം ചെയ്യപ്പെട്ടത്. നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 4.95 കോടി ഓസ്‌ട്രേലിയന്‍ ഡോളര്‍ കമ്പനികള്‍ പിഴയൊടുക്കേണ്ടി വരും.

പ്രായപരിധി നിശ്ചയിക്കപ്പെടാത്ത പ്ലാറ്റ്‌ഫോമാണിതെന്നും അതുകൊണ്ട് സര്‍ക്കാരിന്റെ നിരോധനം നടപ്പാക്കേണ്ട ആപ്പുകളുടെ പട്ടികയില്‍നിന്ന് നീക്കം ചെയ്യണമെന്നും റെഡ്ഡിറ്റ് കമ്പനി കോടതിയോട് അഭ്യര്‍ഥിച്ചു. പരോക്ഷ രാഷ്ട്രീയ ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യം ഈ നിയമം ലംഘിക്കുന്നതാണ്. നിയമം ഓസ്‌ട്രേലിയന്‍ ഹൈക്കോടതി പരിശോധിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

ഏതെല്ലാം ആപ്പുകള്‍ നിരോധിക്കണമെന്ന് തീരുമാനിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാടിന് സ്ഥിരതയില്ല. 16 വയസില്‍ താഴെയുള്ളവര്‍ ധാരാളമായുള്ള നിരവധി ആപ്പുകള്‍ പട്ടികയ്ക്ക് പുറത്താണെന്നും റെഡ്ഡിറ്റ് ചൂണ്ടിക്കാട്ടി. റോബ്ലോക്‌സ്, പിന്ററസ്റ്റ്, വാട്‌സാപ്പ് എന്നിവ ഈ പട്ടികയിൽനിന്ന് പുറത്താണ്. എന്നാല്‍, നിരോധനം നടപ്പാക്കിയ ആപ്പുകളുടെ പട്ടിക അന്തിമമല്ലെന്നാണെന്നും പട്ടിക പരിഷ്കരിക്കപ്പെടുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

അല്‍ഗൊരിതവും സോഷ്യല്‍ എന്‍ഗേജ്‌മെന്റും അനുസരിച്ചുള്ള പ്ലാറ്റ്‌ഫോമുകളില്‍നിന്ന് വ്യത്യസ്തമായി റെഡ്ഡിറ്റ് പ്രായപൂര്‍ത്തിയായവരെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ ചര്‍ച്ചാ പ്ലാറ്റ്‌ഫോമാണെന്നും കൂടാതെ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്ന രീതിയുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും കമ്പനി വക്താവ് പറയുന്നു.

നിരോധനം ആരംഭിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ തീരുമാനം നടപ്പിലാക്കുമെന്നായിരുന്നു റെഡ്ഡിറ്റിന്റെ ഔദ്യോഗിക പ്രതികരണം. ഇത് നിയമപരമായി തെറ്റാണെന്ന് കമ്പനി  ആരോപിച്ചിരുന്നു. അതേസമയം, ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയിലെ രക്ഷിതാക്കളുടെയും കുട്ടികളുടേയും പക്ഷത്താണെന്നും പ്ലാറ്റ്‌ഫോമുകളുടെയല്ലെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

അക്കൗണ്ടുകള്‍ നഷ്ടമാകാതിരിക്കാനും തുടര്‍ന്ന് ഉപയോഗിക്കാനും പ്ലാറ്റ്‌ഫോമുകളുടെ പ്രായ പരിശോധനാ സംവിധാനങ്ങള്‍ മറികടക്കാനുള്ള കുറുക്കുവഴികള്‍ കൗമാരക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖകള്‍, മറ്റുള്ളവരുടെ ചിത്രം, ഫേസ് സ്‌കാന്‍ വെരിഫിക്കേഷന്‍ മറികടക്കാന്‍ മുഖത്ത് പ്രായം തോന്നിക്കുന്ന മാറ്റങ്ങള്‍ വരുത്തിയുമെല്ലാം കൗമാരക്കാര്‍ നിരോധനത്തെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍നിര പ്ലാറ്റ്‌ഫോമുകളില്‍നിന്ന് തഴയപ്പെടുന്നവര്‍ സുരക്ഷ കുറഞ്ഞ മറ്റിടങ്ങളിലേക്ക് പോവുന്നത് അപകടമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.