താജ് മഹലിനെ കുറിച്ച് സ്ഥിരമായി കേള്ക്കുന്ന ഒരു കാര്യമായിരുന്നു ഇതിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരുന്ന പ്രധാന വാസ്തുശില്പ്പികളെ പണി തീര്ന്നതിനുശേഷം ഷാജഹാന് കൊല്ലുകയോ, അംഗഭംഗം വരുത്തുകയോ ചെയ്തു എന്നത്.

ലോക ടൂറിസം ഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന (Symbol of India) താജ് മഹൽ എന്ന വെണ്ണക്കൽ സൗധം ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ആരുടേയും മനംകവരുന്ന കമനീയ നിർമ്മിതിയായ യമുനാതീരത്തെ ഈ പ്രണയകുടീരം സന്ദർശിക്കുന്നതിനായി ഓരോ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ലോകമെമ്പാടുനിന്നും എത്തുന്നത്. ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ കുടുംബമായി സന്ദർശിച്ചതിന്റെ വിശേഷങ്ങൾ.
ഡൽഹിയിൽ നിന്ന് രാജാഥാനി എക്സ്പ്രസ്സ് ട്രെയിനിലായിരുന്നു ഞങ്ങളുടെ ആഗ്രയിലേക്കുള്ള യാത്ര. ആറു മണിയോടെയാണ് ആഗ്ര കന്റോൺമെന്റ് സ്റ്റേഷനിലെത്തിയത്. അവിടെ നിന്നും ഹോട്ടലിലേക്കു് തിരിച്ചു. രാത്രി ഏറെ ഇരുട്ടിയിട്ടും മനസ് നിറയെ ആകാംഷയായിരുന്നു. കുട്ടിക്കാലം മുതൽ മനസിൽ കൊണ്ട് നടന്നിരുന്ന ഒരു ചിത്രം നാളെ നേരിൽ കാണാൻ പോകുന്നതിന്റെ ആകാംഷ.
രാവിലെ 8 മണിയോടെ തന്നെ താജ് മഹലിലേക്ക് യാത്ര തിരിച്ചു. ഡിസംബർ മാസത്തെ തണിപ്പിന്റെ ആകമ്പടിയോടെയായിരുന്നു ആ യാത്ര. ഭൂമിയിൽ തൊടുന്ന മൂടൽമഞ്ഞ് താജ് മഹലിന്റെ ഭംഗിയെ മറയ്ക്കുമോയെന്നായി പിന്നീടുള്ള ആശങ്ക. താജ് മഹലിന് മൂന്ന് ഗേറ്റുകളാണുള്ളത്. പ്രധാന കവാടത്തിൽ നിന്നും ഒരു കിലോമീറ്റർ നടന്ന് ഞങ്ങൾ തെക്കേ ഗേറ്റിൽ എത്തി. സാൻഡ് സ്റ്റോൺ ചുമരുകൾ കൊണ്ട് താജ് മഹലിന്റെ മൂന്നു ചുറ്റും മറച്ചിരിക്കുന്നു. ഇതിനുള്ളിലാണ് ഷാജഹാന്റെ മറ്റ് ഭാര്യമാരുടെയും മുംതാസിന്റെ ദാസിയുടെയുമൊക്കെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത്. ഓൺലൈനായി തന്നെ ഞങ്ങൾ ടിക്കറ്റ് സംഘടിപ്പിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം ഉള്ളിലേക്ക് കടന്നു. ചെങ്കൽ നിറത്തിലുള്ള ദർവാസ-ഇ-റൗസ എന്ന പ്രധാന കവാടഗോപുരത്തിന് അടുത്താണ് ആദ്യമെത്തിയത്. താജ് മഹലിനൊപ്പമാണ് ഇതും നിർമിച്ചത്. മുന്നിലും പിന്നിലുമായി 11 വീതം താഴികക്കുടങ്ങൾ നിരനിരയായ് ഇതിൽ കാണാം. ദർവാസയുടെ കമാനത്തിലൂടെ ഞങ്ങൾ അകത്തേക്കിറങ്ങി. ചരിത്രവും പ്രണയവും അനശ്വരമാക്കിയ മുഗൾ വാസ്തുഭംഗിയുടെ പ്രതീകമായ താജ് മഹൽ അതാ ഒരു കവിതയായി ഞങ്ങളുടെ മുന്നിൽ!.
മുഗൾ രാജവംശത്തിലെ മഹാനായ അക്ബർ ചക്രവർത്തിയുടെ പൗത്രനായ ഷാജഹാൻ ചക്രവർത്തി തന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹലിന്റെ സ്മരണയ്ക്കായി യമുനാനദിക്കരയിൽ നിർമ്മിച്ച താജ് മഹൽ അനശ്വരമായ പ്രണയത്തിന്റെ പ്രതീകമാണ്. ഇസ്ലാമിക്, പേർഷ്യൻ, ഓട്ടോമൻ ടർക്കിഷ്, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളിൽ നിന്നുള്ള ഘടകങ്ങൾ സംയോജിപ്പിച്ച മുഗൾ വാസ്തുവിദ്യയുടെ ഒരു മാസ്റ്റർപീസ് ആണിത്. 1631-ൽ മുംതാസ് മഹൽ തന്റെ പതിനാലാമത്തെ കുഞ്ഞിന് ജന്മം നൽകുന്നതിനിടെയാണ് മരണമടയുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു ശവകുടീരം തനിക്ക് വേണ്ടി നിർമ്മിക്കണം എന്ന മുംതാസിന്റെ മരണക്കിടക്കയിൽ വച്ചുള്ള ആഗ്രഹത്തിന്റെ ഫലമാണ് താജ് മഹൽ.
ഇരുപത്തിരണ്ട് വർഷമെടുത്താണ് താജ് മഹലിന്റെ നിർമാണം പൂർത്തിയാക്കിയത്. നിർമ്മാണം പൂർത്തിയാകുന്ന കാലയളവിലാണ് ഷാജഹാന്റെ ഭരണത്തെ മകൻ ഔറംഗസേബ് അട്ടിമറിക്കുന്നത്. തുടർന്ന് അദ്ദേഹത്തെ ആഗ്ര കോട്ടയിൽ തടവിലാക്കുകയുണ്ടായി. അവിടെ ഷാജഹാൻ ആവശ്യപ്പെട്ടത് ഒരു ജാലകത്തിലൂടെ മരണം വരെ തന്റെ അത്ഭുതകരമായ സൃഷ്ടിയിലേക്ക് നോക്കിയിരിക്കാൻ അവസരം നൽകണമെന്ന് മാത്രമാണ്. ഏഴ് വർഷത്തെ കാരാഗ്രഹവാസത്തിനൊടുവിൽ 1666-ൽ ഷാജഹാൻ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ മുംതാസിനൊപ്പം താജ് മഹലിൽ തന്നെ അടക്കം ചെയ്തു.
ദർവാസ-ഇ-റൗസയുടെ കവാടം കടന്ന് ഉള്ളിലെത്തി. ഇവിടെനിന്ന് എകദേശം 500 മീറ്റർ ദൂരമുണ്ട് താജ് മഹലിലേക്ക്. ഞങ്ങൾ പടികളിറങ്ങി മുന്നോട്ട് നടന്നു. വിശാലമായ പുൽത്തകിടിയും, മനോഹരമായി പരിപാലിച്ചിരിക്കുന്ന ചെടികളും, ഫൗണ്ടനുകളുമുള്ള പ്രദേശം. ചതുരാകൃതിയിലുള്ള 'ചാർബാഗ്' എന്ന പൂന്തോട്ടമാണിത്. തോട്ടത്തിലുള്ള നടപ്പാതകൾ ഇതിനെ പതിനാറ് പുഷ്പതല്പങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യകാലത്ത് ഇവിടെ ഫലവൃക്ഷങ്ങൾ ഉണ്ടായിരുന്നുവെന്നും പിന്നീട് ബ്രിട്ടീഷുകാരാണ് ഇന്ന് നാം കാണുന്ന തരത്തിൽ പുൽത്തകിടിയും പൂന്തോട്ടവും ആക്കി ഇവിടം ഫ്രഞ്ച് ശൈലിയിലേക്ക് മാറ്റിയത്.
പൂന്തോട്ടത്തിൽനിന്ന് ഞങ്ങൾ മാർബിൾ ചത്വരത്തിലേക്ക് വലത്തുവശത്തുള്ള പടികൾ കയറി. താജ് മഹൽ കെട്ടിടസമുച്ചയത്തിന്റെ രണ്ട് വശങ്ങളിലായി ചുവന്ന സാൻഡ് സ്റ്റോൺ കൊണ്ട് നിർമ്മിച്ച രണ്ട് വലിയ കെട്ടിടങ്ങൾ കുടീരത്തെ അഭിമുഖീകരിച്ചുകൊണ്ട് നിൽക്കുന്നത് കാണാം. രണ്ടിന്റെയും ഘടന ഒരുപോലെയാണ്. പടിഞ്ഞാറെ വശത്തെ കെട്ടിടം ഒരു മോസ്‌കാണ്. കിഴക്കുവശത്തുള്ള മിഹ്‌മൻ ഘാന, ഒരു അതിഥി മന്ദിരമായി ഉപയോഗിച്ചിരുന്നു. ഞങ്ങൾ അതിനടുത്തുകൂടി നടന്ന് യമുനാനദിയുടെ ഭാഗത്തേക്ക് എത്തി. ഇവിടെനിന്ന് ദൂരേയ്ക്ക് നോക്കിയാൽ നദിയ്ക്കക്കരെ ആഗ്രാ കോട്ടയുടെ ചുവപ്പുനിറം തെളിഞ്ഞു കാണാം. താജ് മഹലിന്റെ നിർമാണത്തിനു ശേഷം ഷാജഹാനെ മകനായ ഔറംഗസീബ് തടങ്കലിലാക്കിയത് ഇവിടെയാണ്.
ഞങ്ങൾ താജ് മഹലിനുള്ളിലേക്ക് കയറുന്ന ക്യൂവിൽ എത്തി. പടികൾ കയറുന്നതിന് മുമ്പ് പാദരക്ഷകൾ പൊതിയേണ്ടതായുണ്ട്. മാർബിൾ തറയുടെ സംരക്ഷണത്തിനായി ആണ് ഇത്. ചതുരാകൃതിയിൽ ഉയർത്തിയ ഒരു വിതാനത്തിലാണ് പ്രധാന ഗോപുരം. ഈ ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലായി 40 മീറ്റർ ഉയരമുള്ള നാല് മിനാരങ്ങൾ സ്ഥിതി ചെയ്യുന്നു. ഇതിന്റെ മുകളിലും ഓരോ കുംഭഗോപുരങ്ങൾ ഉണ്ട്. പുറംവശങ്ങളിലേക്ക് ചെറുതായി ചരിഞ്ഞുനിൽക്കുന്ന മിനാരങ്ങൾ, തകർന്നാലും ഖബറിലേക്ക് വീഴാത്ത തരത്തിൽ നിർമ്മിച്ച അതിന്റെ എൻജിനീയറിങ് വൈദഗ്ധ്യത്തെ പുകഴ്ത്താതെ തരമില്ല.
മാർബിൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള പ്രധാനഗോപുരമാണ് പ്രധാന ആകർഷകം. ഏകദേശം 35 മീറ്റർ ഉയരമുള്ളതാണ് ഈ കുംഭഗോപുരം. ഇതിന്റെ മുകളിലുള്ള ഗോളസ്തംഭത്തിന് ഏഴ് മീറ്റർ ഉയരമുണ്ട്. മുകളിൽ കമാനാകൃതിയിൽ ഒരു കുബ്ബയുണ്ട്, അതിനു മുകളിലായി ചെമ്പുകൊണ്ട് നിർമ്മിച്ച ഫിനിയൽ എന്ന സ്തൂപം കാണാം, അർദ്ധചന്ദ്രാകൃതിയിൽ നിർമ്മിച്ച ഒരു ഫലകവും. ചുറ്റും നാല് ചെറിയ സ്തൂപങ്ങൾ. ചത്രി സ്തൂപം എന്ന് വിശേഷിപ്പിക്കുന്ന ഇതിനും പ്രധാന സ്തൂപത്തിന്റെ ആകൃതി തന്നെയാണ്. നിറയെ ചിത്രപ്പണികളുള്ള ഇവാൻ എന്ന മാർബിൾ കവാടം വഴി ഞങ്ങൾ കുടീരത്തിനുള്ളിലേക്ക് പ്രവേശിച്ചു. മാർബിളിൽ കൊത്തിയ ജാളിക്കുള്ളിൽ മുംതാസിന്റെയും ഷാജഹാന്റെയും ഖബറിന്റെ മാതൃകകൾ. ശരിക്കുള്ള ഖബർ ഇതിന്റെ 13 അടി താഴെയുള്ള നിലവറയിലാണ്.
താജ് മഹലിന്റെ ഒത്തമധ്യത്തിൽ ആണ് മുംതാസിന്റെ ഖബർ, ഒരു വശത്തായി ഷാജഹാന്റെയും. ഖബറിന് ചുറ്റുമായി ഏഴു വാതിലുകളാണുള്ളത്, ഇസ്ലാമിക വിശ്വാസപ്രകാരം സ്വർഗ്ഗത്തിന് ഏഴു കവാടങ്ങളാണ്. അകത്ത് വൈദ്യുത വിളക്കുകളില്ലാത്തതിനാൽ മങ്ങിയ വെളിച്ചം മാത്രമേയുള്ളൂ. ഇതിനിടയിൽ സഞ്ചാരികൾക്ക് ഗൈഡുകൾ താജ് മഹലിന്റെ ചരിത്രവും സവിശേഷതകളും വിവരിച്ചുകൊടുക്കുന്നത് കേൾക്കാമായിരുന്നു. താജ് മഹലിൽ വെച്ച് പ്രണയിനികൾ എന്താഗ്രഹിച്ചാലും അത് സഫലമാകും എന്ന വിശ്വാസം കാലങ്ങളായി പലരും പങ്കുവെക്കാറുണ്ട്. പൂർണ്ണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകത്തിന്റെ എല്ലാ ഭാഗങ്ങളും സങ്കീർണ്ണമായ വിശദാംശങ്ങൾ നിറഞ്ഞ് ഇതിനെ വാസ്തുവിദ്യാ പൂർണ്ണതയുടെ അസാധാരണ ഉദാഹരണമാക്കുന്നു.
1632-ൽ ആരംഭിച്ച താജ് മഹലിന്റെ പണിപൂർത്തിയാക്കാൻ ഇരുപത്തിരണ്ട് വർഷം വേണ്ടിവന്നു. ഉസ്താദ് അഹമ്മദ് ലാഹോറിയായിരുന്നു ഇതിന്റെ മുഖ്യ ശില്പി. ഉസ്താദ് ഈസ, ഇസ്മായിൽ ഖാൻ തുടങ്ങിയവർ പ്രധാന ശിൽപികളും. 1648-ൽ അടിസ്ഥാന ശവകുടീരം പണിതീർന്നു. പിന്നീട് അഞ്ച് വർഷങ്ങൾ കൊണ്ട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പണിതീർത്തു. താജ് മഹൽ പണിയുന്നതിനായി ഏഷ്യയുടെ വിവിധഭാഗങ്ങളിൽനിന്നും സാധനസാമഗ്രികൾ എത്തിച്ചു. ആയിരത്തോളം ആനകളുടെയും കാളകളുടെയും കുതിരകളുടെയും സഹായത്തോടെയാണ് നിർമ്മാണ വസ്തുക്കൾ ഇവിടെ എത്തിച്ചത്.
താജ് മഹൽ അതിന്റെ വിശിഷ്ടമായ മാർബിൾ കൊത്തുപണികൾക്ക് പേരുകേട്ടതാണ്. പീയട്ര ഡ്യൂറ (Pietra dura) എന്നാണ് ഇത് അറിയപ്പെടുന്നത്. അതിൽ വിലയേറിയ രത്നങ്ങളും, കല്ലുകളും കൊണ്ട് നിർമ്മിച്ച സങ്കീർണ്ണമായ പുഷ്പങ്ങളുടെ പാറ്റേണുകൾ ഉണ്ട്. താജ് മഹലിൽ ഉപയോഗിച്ചിരിക്കുന്ന മക്രാന മാർബിൾ ജയ്പൂരിലെ രാജാവാണ് നൽകിയത്. ജാസ്പർ കല്ലുകൾ പഞ്ചാബിൽ നിന്നും ജേഡ്, ക്രിസ്റ്റൽ എന്നിവ ചൈനയിൽനിന്നും കൂടാതെ തിബെത്ത്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, അറേബ്യ എന്നിവിടങ്ങളിൽനിന്നും വിലപിടിപ്പുള്ള കല്ലുകൾ കൊണ്ടുവന്നിരുന്നു. വെള്ള മാർബിളുകളിൽ ഈ പറഞ്ഞ സ്ഥലങ്ങളിൽനിന്നും കൊണ്ടുവന്ന 28 തരത്തിലുള്ള വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. കാലിഗ്രാഫി, കൊത്തുപണികൾ, മാർബിൾ ലാറ്റിസ് വർക്കുകൾ എന്നിവ അതിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ബ്രിട്ടീഷുകാർ താജ്മഹലിൽ പതിച്ചിരുന്ന വിലയേറിയ കല്ലുകളും സ്വർണ്ണവും മറ്റും കടത്തിക്കൊണ്ടുപോയി എന്ന് കേട്ടിട്ടുണ്ട്.
താജ് മഹലിന്റെ പണികൾക്കു വേണ്ടി ഇരുപതിനായിരത്തിലധികം തൊഴിലാളികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവന്നിരുന്നു. ബുഖാറയിൽ നിന്നും കാരുകന്മാരേയും, സിറിയ, പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് കൈയെഴുത്ത് കൊത്തുപണിക്കാരെയും, തെക്കേ ഇന്ത്യയിൽ നിന്ന് തുരന്ന് കൊത്തുപണി നടത്തുന്നവരേയും, ബലൂചിസ്ഥാനിൽ നിന്ന് മാർബിൾ മുറിയ്ക്കുന്നവരേയും കൊണ്ടുവന്നു. ഈ വിദഗ്ധ പണിക്കാർ അടങ്ങുന്ന 37 പേരുടെ സംഘമാണ് താജ് മഹലിന്റെ മൊത്തം കൊത്തുപണികളും അലങ്കാരപ്പണികളും തീർത്തത്. നിർമ്മാണ സാങ്കേതികവിദ്യകൾ കുറവായിരുന്ന ആ കാലഘട്ടത്തിലുള്ള സങ്കീർണ്ണമായ ഇതിന്റെ നിർമിതി നേരിൽ കണ്ട ഞങ്ങൾ അക്ഷരാർത്ഥത്തിൽ അത്ഭുതസ്ഥബ്ദരായി എന്ന് വേണമെങ്കിൽ പറയാം.
സൂര്യൻ ഉദിക്കുമ്പോഴും ഉച്ചവെയിലിലും സൂര്യാസ്തമയ സമയത്തും രാത്രിയിലും താജ്മഹലിന്റെ നിറത്തിലും ഭംഗിയിലും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. താജ് മഹലിൽ ഉപയോഗിച്ചിരിക്കുന്ന മാർബിൾ ഓരോ സമയത്തും പലനിറങ്ങളിൽ പ്രതിഫലിക്കുന്നതിനാലാണിത്. പൗർണമി രാവുകളിൽ തിളക്കമാർന്ന തൂവെള്ള നിറവും പ്രഭാതത്തിലും സായാഹ്നത്തിലും മഞ്ഞയും ഇളം ചുവപ്പ് നിറവും. അന്തരീക്ഷ മലിനീകരണം കാരണം മാർബിളിന്റെ ഭംഗിക്ക് കോട്ടം വന്നിട്ടുണ്ട്. താജ് മഹൽ വർഷം തോറും രണ്ട് മുതൽ നാല് ദശലക്ഷം ആളുകൾ സന്ദർശിക്കുന്നതായിട്ടാണ് കണക്ക്. ഇതിൽ 200,000 ലധികം വിദേശികളാണ്. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് തണുപ്പുകാലമായ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലും. ഇവിടുത്തെ സന്ദർശന സമയം രാവിലെ ആറ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ്. വെള്ളിയാഴ്ചകളിൽ അവധിയാണ്. അന്ന് മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ. താജ് മഹൽ പൗർണ്ണമി നാളുകളിലും അതിന് മുമ്പും ശേഷവുമായി രണ്ടു ദിവസങ്ങൾ ചേർത്ത് മൊത്തം അഞ്ച് ദിവസങ്ങൾ രാത്രി സഞ്ചാരികൾക്കായി തുറക്കാറുണ്ട്.
താജ് മഹലിനെ കുറിച്ച് സ്ഥിരമായി കേൾക്കുന്ന ഒരു കാര്യമായിരുന്നു ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രധാന വാസ്തുശിൽപ്പികളെ പണി തീർന്നതിനുശേഷം ഷാജഹാൻ കൊല്ലുകയോ, അംഗഭംഗം വരുത്തുകയോ ചെയ്തു എന്നത്. കൂടാതെ, ഇതിന്റെ വാസ്തുശിൽപ്പികൾ താജ് മഹൽ പോലെയോ, ഇതിന്റെ ഭാഗങ്ങളുടെയോ പോലെയുള്ള ഒരു നിർമ്മിതികളും ചെയ്യില്ല എന്ന കരാറിൽ ഒപ്പു വച്ചു എന്നും. എന്നാൽ ഇതിനൊന്നും ചരിത്രത്തിൽ യാതൊരു തെളിവുമില്ല. ഇത്തരത്തിൽ പ്രചാരത്തിലുള്ള മറ്റൊരു കഥയാണ്, പരന്നൊഴുകുന്ന യമുനാനദിക്ക് അപ്പുറത്തുള്ള പ്രദേശത്ത് താജ് മഹലിന് അഭിമുഖമായി കറുത്ത മാർബിളിൽ ഒരു താജ് മഹൽ കൂടി പണിയണമെന്ന് ഷാജഹാന് പദ്ധതിയുണ്ടായിരുന്നുവെന്നും, എന്നാൽ രാജ്യത്തെ സമ്പത്ത് മുഴുവൻ ഇങ്ങനെ തീർക്കുന്നതിൽ രാജകുടുംബാംഗങ്ങൾക്കിടയിൽ തന്നെ എതിർപ്പുണ്ടായതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും എന്നത്.
ഞങ്ങൾ താജ് മഹലിന്റെ ചുറ്റും ഒരിക്കൽകൂടെ നടന്നു. അങ്ങ് താഴെ യമുനാ നദി ഒഴുകികൊണ്ടേയിരിക്കുന്നു. യമുനാതീരത്തെ താജ് മഹൽ എന്നത് വളരെ കാല്പനികമായ സ്വപ്നമാണ്. ഗംഗയുടെ പോഷക നദിയായ യമുനയുടെ ഇന്നത്തെ അവസ്ഥ ദാരുണമാണ്, മാലിന്യം നിറഞ്ഞൊഴുകുന്നു!. അവിടെനിന്നും തിരികെ നടന്ന് പൂന്തോട്ടത്തിലെ മരച്ചുവട്ടിൽ അൽപ്പനേരം വിശ്രമിക്കാനിരുന്നു. അടുത്ത സമയത്തായി ചില ഹൈന്ദവ സംഘടനകൾ താജ്മഹലിന്റെ മേൽ അവകാശമുന്നയിച്ച് കോടതി വ്യവഹാരങ്ങളിൽ പോയിട്ടുണ്ട് എന്നത് ഓർമ്മയിൽ വന്നു. സപ്താത്ഭുതങ്ങളിൽ ഒന്നായ താജ് മഹലിന്റെ പരിസരം അതിന്റെ എല്ലാ പ്രൗഢിയോടെയുമാണ് അധികൃതർ നിലനിർത്തുന്നത് എന്നത് ശ്ലാഘനീയം തന്നെ. താജ് മഹലിനോട് ഞങ്ങൾക്ക് വിടപറയാൻ സമയമായി. പൗർണ്ണമി രാത്രിയിൽ താജ്മലിന്റെ ഭംഗി ആസ്വദിക്കണം എന്ന ഒരു ആഗ്രഹം മനസ്സിൽ കുറിച്ചിട്ടു.
ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിലും ചരിത്രത്തിലും മുഗൾ കാലഘട്ടത്തിന്റെ സ്വാധീനം ഒരിക്കലും ഒഴിവാക്കി നിർത്തുവാൻ സാധിക്കില്ല. ആഢംബരത്തിനും പ്രൗഢിക്കും ഒരു കുറവുമില്ലാതെ വാനോളം ഉയർന്ന മഹത്വത്തിൽ മുഗളന്മാർ നിർമ്മിച്ചിരിക്കുന്ന സ്മാരകങ്ങൾ ഓരോ സഞ്ചാരിയും പരിചയപ്പെട്ടിരിക്കേണ്ടത് തന്നെയാണ്. ഒരിക്കൽകൂടി താജ് മഹലിലേക്ക് വരണം എന്നും ആഗ്രയിലും ഡൽഹിയിലുമുള്ള മുഴുവൻ മുഗൾ വാസ്തുവിദ്യകളും വിശദമായി സന്ദർശിക്കണം എന്നും മനസ്സിൽ കുറിച്ചിട്ടു. 'കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി' എന്ന് ടാഗോർ വിശേഷിപ്പിച്ച താജ് മഹൽ സന്ദർശനത്തിലൂടെ ഒരു ചിരകാല അഭിലാഷമാണ് പൂവണിഞ്ഞത്. ലോകാത്ഭുതമായ ഈ വെണ്ണക്കൽ സൗധം ദർശിക്കാൻ സാധിച്ചത് ഒരു സഞ്ചാരസാഫല്യം തന്നെയാണ്!.
Content Highlights: Discover the enchanting Taj Mahal, an eternal symbol of love. Explore its history, architecture, and stunning beauty. Plan your unforgettable trip today!
Published: 14 Feb 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented