മുണ്ടക്കൈ വശ്യമനോഹരമായൊരു വയനാടന്‍ ചിത്രമായിരുന്നു. തേയിലക്കുന്നുകള്‍ക്കിടയില്‍ സ്വപ്നങ്ങള്‍ ഒളിപ്പിച്ച സുന്ദര ഗ്രാമം. കാഴ്ചകളുടെ മതിവരാത്ത കുളിരുകള്‍ തേടി സഞ്ചാരികളുടെയും പ്രിയകേന്ദ്രമായിരുന്നു ഇവിടെ. ഇന്നിവിടം വിലാപങ്ങളുടെ മരുഭൂമിയാണ്. ദുരന്തത്തിന് മുന്‍പും ശേഷവും മുണ്ടക്കൈയിലൂടെ സഞ്ചരിച്ച ലേഖകന്റെ കാഴ്ചാനുഭവങ്ങളാണിത്....
ഒരുമഴക്കാലത്തിന്റെ തുടക്കം കാറ്റ് വീശിപ്പോയപ്പോഴേക്കും മുണ്ടക്കൈ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. തേയിലക്കുന്നുകള്‍ പുതുമഴയില്‍ കുളിച്ച് പച്ചപ്പിന്റെ പുതപ്പണിഞ്ഞു. മലമുകളില്‍ നിന്നും അരുവികള്‍ ജീവന്‍ വീണ്ടെടുത്തു. അപ്പോഴേക്കും മുണ്ടക്കൈയിലേക്കും സഞ്ചാരികള്‍ വിരുന്നെത്താന്‍ തുടങ്ങിയിരുന്നു.
മഴക്കാലത്തിന്റെ തുടക്കത്തില്‍ വയനാടന്‍ മഴയുടെയും നനുത്ത കാറ്റിന്റെയും കുളിരുനുകരാന്‍ മുണ്ടക്കൈയിലേക്കുള്ള യാത്ര ഞങ്ങള്‍ വയനാട്ടുകാര്‍ക്കും ഹൃദ്യമായിരുന്നു. വഴിനീളയുള്ള തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന വഴികള്‍. കല്‍പ്പറ്റയില്‍ നിന്നും പുറപ്പെടുന്ന മുണ്ടക്കൈ കെ.എസ്.ആര്‍.ടി സി ബസ്സിന്റെ വശത്തെ സീറ്റുകളും അങ്ങിനെ എത്രയോ പേര്‍ക്ക് ഗവിയിലേക്ക് എന്ന പോലെ ആസ്വാദ്യമായിരുന്നു. മേപ്പാടി പിന്നിട്ടാല്‍ പിന്നെ കാഴ്ചകളുടെ ചിറാപുഞ്ചിയാണ്. ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴകള്‍ മലയിറങ്ങി വരും. അതിന് പിന്നാലെ മൂടുപടത്തിന്റെ കുടകള്‍ ചൂടി കോടമഞ്ഞ് പരന്നൊഴുകും. ചൂരല്‍മലയിലെ പാലം കടന്നാല്‍ മുണ്ടക്കൈയിലേക്കുള്ള കയറ്റം തുടങ്ങും. ഒന്നാം കയറ്റത്തിന്റെ നെറുകയില്‍ നിന്നും സെന്റിനല്‍ റോക്കിനെ അടുത്തുകാണാം. വെളളാരംകല്ലിന്റെ വന്‍മതിലാണത്.

ഈ വെള്ളാരങ്കല്ലില്‍ രത്‌നങ്ങള്‍ തേടി വിദേശികൾ കപ്പലുകയറിയെത്തിയതെല്ലാം പഴയകഥ. എന്നാല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് ഇപ്പോഴും പഴയകാലത്തിന്റെ ചൂടാറാത്ത വിശേഷങ്ങളുമായുണ്ടായിരുന്നു. അതിനും മേലയൊണ് മുണ്ടക്കൈ എന്ന ചെറുപട്ടണം. മൂന്നും കൂടിയ ഈ ചെറിയ കവലയാണ് മുണ്ടൈക്കാരുടെ വലിയങ്ങാടി. നാലഞ്ച് കടമുറികളും മറ്റുമായുള്ള ഈ കടകളില്‍ ഈ മലമുകളിലേക്ക് വേണ്ടത് എല്ലാമുണ്ട്. ഈ അങ്ങാടിയുടെ കരുതലിലാണ് ഈ മലമുകളിലും അടുപ്പ് പുകയുന്നത്. തൊട്ടു താഴെ സീതാക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ പാറകളില്‍ തലതല്ലി പതയുന്ന സീതാക്കുണ്ടിന് വേനലിലും നിറഞ്ഞൊഴുകുന്ന കുളിരുള്ള കഥകള്‍ പറയാനുണ്ട്. അത്രയും മതി. കാഴ്ചകളുടെ വിരുന്നായിരുന്നു. ഈ ദേശത്തിലേക്ക് അങ്ങിനെ സഞ്ചാരികളുടെ ഇടതടവില്ലാത്ത ഒഴുക്കായിരുന്നു. തേയിലത്തോട്ടങ്ങളും പച്ചപ്പുകളും വലിയ കുന്നുകളും അതിലേറെ സ്‌നേഹമുള്ള മനുഷ്യരുമുള്ള മുണ്ടക്കൈ അങ്ങിനെയെല്ലാമായിരുന്നു.

സ്വപ്നങ്ങളിലേക്ക് നടന്ന ഗ്രാമം
ചൂരല്‍മലയിലെ പാലം കടന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ അട്ടമലയും വലത്തോട്ട് തിരിഞ്ഞാല്‍ മുണ്ടക്കൈയിലേക്കുമാണ് എത്തുക. മലനിരകള്‍ക്കിടയിലുള്ള തേയിലത്തോട്ടങ്ങളുടെ പച്ചപരവതാനി വിരിച്ച കാഴ്ചകളില്‍ അട്ടമലയും മുണ്ടക്കൈയും കൈകോര്‍ത്ത് പിടിക്കും. മഞ്ഞിന്‍ കണങ്ങള്‍ ഊര്‍ന്നുവീഴുന്ന പുലര്‍കാലത്തില്‍ ഈ തേയിലത്തോട്ടങ്ങളും അത്രയും മനോഹരമാണ്. തോട്ടം തൊഴിലാളികളും ഗ്രാമീണരും അതിരാവിലെ ഉണര്‍ന്ന് തൊഴിലിടങ്ങളിലേക്ക് പോകുന്ന കാഴ്ചകള്‍. മല നെറുകയിലാകെ തേയില കൊളുന്തുകള്‍ നുള്ളുന്നവരുടെ വരി വരിയായുള്ള നിരകള്‍. പാതയോരങ്ങളിലൂടെ നീങ്ങുന്ന കന്നുകാലികള്‍. അങ്ങിനയെല്ലാമായി ഗ്രാമീണതയൂറുന്ന ഈ വശ്യതകളായിരുന്നു ഈ നാടിന്റെ പുണ്യം. ആയിരത്തോളം ഏക്കറുളള ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച തേയിലത്തോട്ടമായിരുന്നു മലമുകളിലെ ആദ്യത്തെയും അവസാനത്തെയും തൊഴിലാളികളുടെ ആശ്രയം. ഇവിടെ നിന്നും കൊളുന്തു നുള്ളി ശേഖരിക്കുന്ന വരുമാനങ്ങള്‍ കൂട്ടി വെച്ച് ഇതിനരകിലായി സ്ഥലം വാങ്ങിയും വീട് വെച്ചുമായിരുന്നു ഇവരെല്ലാം ജീവിതം വേരാഴ്ത്തി നട്ടുപിടിപ്പിച്ചത്. എണ്‍പതുകളില്‍ കുടിയേറ്റ കര്‍ഷകരും ഈ മലയോരങ്ങളിലേക്കെത്തി. വേനലിലും കണ്ണുചിമ്മാതെ പുഞ്ചിരിമട്ടത്ത് നിന്നും തഴുകിപ്പോകുന്ന കാട്ടരുവിയും ഫലഭൂയിഷ്ഠമായ മണ്ണും ഇവരില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കി. കാപ്പിയും കുരുമുളകും കമുകും ഏലവും എല്ലാമായി ഈ മണ്ണില്‍ ഇവര്‍ പ്രതീക്ഷകളെ നട്ടുവളര്‍ത്തി. അത്രയും വേഗത്തിലായിരുന്നു മുണ്ടക്കൈയ്ക്ക് കാര്‍ഷിക മേഖലയിലേക്കുള്ള ചുവടുമാറ്റം.

കാര്‍ഷിക മേഖലയും ഉണര്‍ന്നതോടെ മുണ്ടക്കൈ രണ്ടുമൂന്ന് കടകളുമായി ഒരു ആസ്ഥാനത്തെ നിര്‍മിച്ചെടുത്തു. ഒരു മുസ്ലീം ആരാധനാലയവും ക്രിസ്ത്യന്‍ പള്ളിയും അമ്പലവും ഒരതിര്‍ത്തിക്കുള്ളില്‍ ഇവര്‍ വരച്ചെടുത്തു. ഇവിടെയാണ് ഈ ഗ്രാമം വളര്‍ന്നത്. ജനസഞ്ചയങ്ങള്‍ വലുതായി വന്നതോടെ ആദ്യമായി ഈ മലമുകളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് ബോര്‍ഡ് വെച്ചു. ചൂരല്‍മല, മുണ്ടക്കൈ.... ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലേക്കും അവിടെ നിന്നും മുണ്ടക്കൈയില്‍ തിരിച്ചെത്തുന്നത് വരെയും നീളംകൂടിയ ഗ്രാമീണ റൂട്ടായി ഈ ബസ്സ് സര്‍വീസ് നാട്ടുകാരുടെ ഏക ആശ്രയമായി. അധികം വൈകാതെ വയനാടും വിനോദ സഞ്ചാരികളുടെ പറുദീസയായി മാറിയപ്പോള്‍ മുണ്ടക്കൈയ്ക്കും ഒരിടം കിട്ടി. മനോഹരമായ ഗ്രാമക്കാഴ്ചകള്‍ കാണാന്‍ കെ.എസ്.ആര്‍.ടി.സി ബസ്സിലും അഭ്യന്തര വിനോദസഞ്ചാരികളടക്കം ഇവിടേക്ക് വന്നെത്താന്‍ തുടങ്ങി. ടൂറിസ്റ്റുകള്‍ ഇടതടവില്ലാതെ ഈ ഗ്രാമക്കാഴ്ചകള്‍ കാണാന്‍ എത്താന്‍ തുടങ്ങിയതോടെ ചെറുകിട റിസോര്‍ട്ടുകളും ഈ ഗ്രാമത്തിന്റെ അതിഥി മന്ദിരങ്ങളായി. അട്ടമലയും സഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ഗ്ലാസ്സ് പാലവും വന്നു. അങ്ങിനെ മൂന്നൂറലധികം വീടുകളും അങ്ങാടിയും റിസോര്‍ട്ടുമെല്ലാമുള്ള സുന്ദര നാടിന്റെ വിശേഷങ്ങളായിരുന്നു മുണ്ടക്കൈയുടെ അവസാനചിത്രം.

ദുരന്തം മൂടിയ സ്വര്‍ഗം
അതുവരെയും അധ്വാനത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നങ്ങളുടെയും ഭൂമികയായിരുന്ന ദേശം ഒറ്റ രാത്രികൊണ്ടാണ് ഒഴുകിപോയ ദുരന്ത ചിത്രമായി മാറിയത്. ജൂലായ് 31 രാത്രി ഒന്നരയോടെയാണ് പുഞ്ചിരിമട്ടമെന്ന മുണ്ടക്കൈയുടെ നെറുകയില്‍ നിന്നും ഹുങ്കാരത്തോടെ ആദ്യം മലവെളളപ്പാച്ചിലുണ്ടായി. ഇതിന്റെ അലയൊലികള്‍ ചൂരല്‍മലയെന്ന താഴ് വാരത്തേക്ക് അലറി തെറിച്ചുപോയി. മുണ്ടക്കൈ അരുവിയെ തകര്‍ത്തുകൊണ്ട് ആ ചെറിയ പൊട്ടല്‍ ചൂരല്‍മലയിലെത്തിയതോടെ ആളുകളെല്ലാം പ്രാണരക്ഷാര്‍ത്ഥം ഇരുട്ടിലേക്ക് ചിതറി ഓടുകയായിരുന്നു. ഉയര്‍ന്ന സ്ഥലങ്ങളിലെ വീട്ടുമുറ്റത്തേക്കായിരുന്നു എല്ലാവരുടെയും അഭയം തേടിയുള്ള പലായനം. കനത്തു പെയ്യുന്ന മഴയില്‍ കുറെ വീടുകളില്‍ വെള്ളം കയറിക്കൊണ്ടിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടില്ല. പുലര്‍ച്ചെ നാലുകഴിഞ്ഞ് അതിശക്തമായ കിടിലശബ്ദങ്ങളോടെ പുഞ്ചിരിമട്ടത്ത് നിന്നും അടര്‍ന്നുവീണ മല താഴ്‌വാരത്തെ ദുരന്തകടലായി മാറി. ആദ്യ ഉരുള്‍ പൊട്ടലില്‍ സുരക്ഷിത സ്ഥാനം തേടിയവര്‍ ഉള്‍പ്പെടെ ഏറ്റവും വലിയ ദുരന്തത്തിന്റെ ചിന്നിച്ചിതറിയ കാഴ്ചകളായുമാണ് നേരം പുലര്‍ന്നത്. ദുരന്ത വാര്‍ത്തയറിഞ്ഞ് തോരാതെ പെയ്യുന്ന മഴയെയും വകവെക്കാതെ കിലോമീറ്ററുകള്‍ പിന്നിട്ട് ചൂരല്‍മലയിലെത്തുമ്പോള്‍ പാതിയും തകര്‍ന്ന് ചെളിയില്‍ മുങ്ങിയ ദുരന്തഭൂമിയുടെ കാഴ്ചകള്‍ ഭീകരമായിരുന്നു.

ശാന്തമായി ഒഴുകിയ ചൂരല്‍മലയുടെ സ്വന്തം പുഴ ഭീകരരൂപിണിയായി സംഹാരതാണ്ഡവമാടുന്നു. കുത്തൊഴുക്കില്‍ പരന്ന് ദേശം മുഴുവന്‍ ഒഴുക്കിക്കൊണ്ടായിരുന്നു വെള്ളം പാഞ്ഞുപോകുന്നത്. വന്‍മരങ്ങള്‍ അടിഞ്ഞുകൂടിയ വെള്ളാര്‍മലയിലെ പള്ളിക്കൂടം വെള്ളവും ചെളിയും നിറഞ്ഞ് ആര്‍ക്കും കയറാന്‍ കഴിയാത്തവിധം ഒറ്റപ്പെട്ടു. അതിന് മീതെയ്ക്കായിരുന്നു ദുരന്തകാഴ്ചകള്‍. മുങ്ങിയും ഒഴുകിയും വന്ന മനുഷ്യരുടെ ശ്മശാനമായി മാറുകയായിരുന്നു ഈ തീരമെല്ലാം. ജീവന്‍ നിലച്ചതും നിലനിര്‍ത്താന്‍ പാടുപെടുന്നവരുമായ എത്രയോ പേര്‍. കുട്ടികളും മുതിര്‍ന്നവരും എല്ലാമുള്ള ദുരന്തഭൂമിയില്‍ രക്ഷയുടെ കരങ്ങള്‍ നീട്ടുകയെന്നതു മാത്രമായിരുന്നു ആരുടെയും ആ സമയത്തെ മാനുഷികമായ ഉത്തരവാദിത്തം. മനുഷ്യ നന്മയുടെ എത്രയോ കരങ്ങള്‍ ഈ ദേശത്തിലേക്ക് ആദ്യമാദ്യം ഓടിയെത്തുകയായിരുന്നു.
തുടച്ചുമാറ്റിയ കാഴ്ചകള്‍

ആകാശം തൊടുന്ന മലനിരകളില്‍ നിന്നും ശാന്തമായി ഒഴുകിയ തെളിഞ്ഞ ചാലിപ്പുഴ ഇപ്പോള്‍ മണ്ണില്‍ കലങ്ങിയൊരു നീരൊഴുക്കാണ്. പറക്കെട്ടുകളെല്ലാം മലവെള്ളം തള്ളിക്കൊണ്ടുപോയി ചൂരല്‍മലയെന്ന ദുരന്ത ശ്മശാനത്തിലെത്തിച്ചിരിക്കുന്നു. നൂറുകണക്കിന് വീടുകളെ തകര്‍ത്തും മണ്‍കൂനകളില്‍ മൂടിയും ചാലിപ്പുഴ വീണ്ടും നിലവിളിക്കുന്നു. ദുരന്തത്തിന് തൊട്ട് മുമ്പുള്ള പകല്‍ പോലും സഞ്ചാരികളുടെ പ്രിയ കേന്ദ്രമായിരുന്ന സീതാക്കുണ്ട് വെള്ളച്ചാട്ടം കാണാനില്ല. പകരം ഒരു കണ്ണുനീര്‍ ഉറവപോലെ ഇന്ന് മണ്ണിലാഴ്ന്നുപോയ കാഴ്ചകളുടെ ശവപറമ്പാണിത്. മരിച്ചവരുടെയും കാണാതായവരുടെയും നിലവിളികള്‍ പുതഞ്ഞ മണ്‍കൂനകള്‍. മുന്നൂറോളം പേരുടെ മരണം സ്ഥിരീകരിക്കാന്‍ കഴിയുന്ന ദുരന്തത്തിന്റെ ബാക്കി പത്രം ഭയാനകമാണ്. തേയിലക്കുന്നുകളുടെ ഒരു ഭാഗം പൂര്‍ണ്ണമായും അടര്‍ത്തിയ മലവെള്ളം കുടുംപച്ചയും തൊട്ടരികില്‍ ചുവന്ന മണ്ണിന്റെയും ദുരന്തഭൂമിയുടെ അതിരുകള്‍ വരയ്ക്കുന്നു. താഴെ ചൂരല്‍മലയിലെ പാലം കടന്നുവന്ന വഴികളില്‍ പട്ടാളം നിര്‍മ്മിച്ച ബെയ്‌ലി താല്‍ക്കാലിക പാലം മാത്രം. തൊട്ടരികിലുണ്ടായിരുന്ന ക്ഷേത്രവും ചുറ്റമ്പലവും മലവെള്ളം തുടച്ചുകൊണ്ടുപോയി. ഒരു കാലത്തിന് സാക്ഷിയായി അരയാല്‍ മരം മാത്രം ഇവിടെ ബാക്കിയുണ്ട്. ശിലാപാളികള്‍ അടര്‍ന്നുമാറി ഒരു മൈതാനം പോലെ ചൂരല്‍മലയുടെ പ്രാര്‍ത്ഥനാലയവും ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നോവായി മാറി.

പരന്നൊഴുകിയ തോടിന്റെ കരയിലായിരുന്നു വെള്ളാര്‍മലയിലെ പള്ളിക്കൂടം. ഒരു ഗ്രാമത്തിന് അക്ഷരം വെളിച്ചം കാട്ടിയ ഈ വിദ്യാലയം ഒറ്റ രാത്രി കൊണ്ട് അടങ്ങാത്ത നോവിന്റെയും ഉണങ്ങാത്ത മുറിവിന്റെയും സ്മാരകമായി പോയി. ഈ സര്‍ക്കാര്‍ വിദ്യാലയത്തിലെ 53 കുട്ടികളെയാണ് ദുരന്തം കവര്‍ന്നുകൊണ്ടുപോയത്. എന്നും കളിചിരിയാല്‍ മുഴങ്ങിയ പ്രകൃതിയുടെ മടിത്തട്ടിലെ കളിത്തട്ടില്‍ ഇപ്പോള്‍ ദുരന്ത മുനയുള്ള ഭീമന്‍ ഉരുളന്‍ കല്ലുകളുടെ കൂടാരമാണ്. ഒരു നാട് ഈ വിദ്യാലയത്തിന്റെ മുറ്റത്തിലൂടെയാണ് കൂരിരിട്ടും കനത്തമഴയുമുള്ള രാത്രിയില്‍ ഒഴുകിയൊലിച്ചുപോയത്. ശാന്തസുന്ദരമായ ഭൂമിക കബന്ധങ്ങളുടെ താഴ്വാരമായപ്പോള്‍ ചിതറിപ്പോയത് ഈ നാടിന്റെ സ്വപ്നങ്ങള്‍ കൂടിയാണ്. വീടും വിലാസവും അന്യമായി എല്ലാം നഷ്ടപ്പെട്ടവരുടെ മുണ്ടക്കൈയിലെ ശേഷിക്കുന്ന കാഴ്ചകളെല്ലാം വിലാപങ്ങളുടെതാണ്.
പ്രതീക്ഷയുടെ ഉരുക്കുപാലം
ദുരന്തം നടന്ന് ഒരു രാത്രിയും രണ്ട് പകലും അതിനിടയില്‍ പെരുമഴയും. ദുരന്തങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മ്മിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ്ങ് ഗ്രൂപ്പാണ് അതിവേഗം ഇവിടെ പാലം നിര്‍മ്മിച്ചത്. കുത്തിയൊഴുകുന്ന മലവെള്ളത്തിന് മുകളിലാണ് ബെയ്ലി പാലം ഒരുങ്ങിയത്. മേജര്‍ ജനറല്‍ വി.ടി.മാത്യുവിന്റെ വാഹനവും സൈന്യത്തിന്റെ ആദ്യ മെഡിക്കല്‍ യൂണിറ്റും ഇതുവഴി മുണ്ടക്കൈ മലയുടെ നെറുകയിലേക്ക് ആദ്യമായി കടന്നുപോയപ്പോള്‍ ഇരുകരകള്‍ക്കിടയിലും അതൊരു ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ പാലമായി. ഈ പാലത്തിലൂടെയായിരുന്നു പൂര്‍ണ്ണമായും ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കുമെല്ലാം രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.

കണ്ണീര്‍ ദുരന്തം രണ്ടായി വിഭജിച്ച ചൂരല്‍മല, മുണ്ടക്കൈ നാടുകള്‍ക്കിടയിലാണ് മലവെള്ളം അതിര്‍രേഖകള്‍ വരച്ചത്. വന്‍മരങ്ങളും പാറക്കല്ലുകളുമെല്ലാം ഇതുവഴി കുത്തിയൊഴുകിയതോടെ രണ്ടുനാടുകളും തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. താല്‍ക്കാലികമായി തുരുത്തുകളിലേക്ക് നിര്‍മ്മിച്ച നടപ്പാലം കടന്നായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലയുടെ തുടക്കമായ മുണ്ടക്കൈ പുഞ്ചിരമറ്റം പ്രദേശങ്ങളിലേക്ക് കടന്നുപോയിരുന്നത്. മലമുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ താഴേക്ക് മൃതദേഹങ്ങളും മറ്റും എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പുഴയക്ക് അക്കരെയുള്ള അട്ടമല ഗ്രാമാവാസികളും ചൂരല്‍മലയിലെ പഴയ പാലം ഉരുള്‍ പൊട്ടലില്‍ തകര്‍ന്നതോടെ ഒറ്റപ്പെട്ടിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസമായാണ് പാലം യാഥാര്‍ത്ഥ്യമായത്. ശ്രമകരവും അടിയന്തരവുമായ ദൗത്യത്തിനൊടുവിലാണ് ഇരുകരകളും വീണ്ടും പാലത്തിലൂടെ കൈപിടിച്ചത്.
തിരിച്ചറിയാത്തവരുടെ ശാന്തികവാടം

മരണം ദുര്‍ബലമാക്കിയ ഒരു നാടിന്റെ നൊമ്പരങ്ങളെ മാറോടണച്ച് പുത്തുമല ശാന്തമായുറങ്ങുന്നു. ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള യാത്രവഴിക്കരികില്‍ ഇനി അവര്‍ക്കെല്ലാം അന്തിയുറക്കമാണ്. നാടിനെ തുടച്ചുമാറ്റിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയ 42 മൃതദേഹങ്ങളും 180 ശരീരഭാഗങ്ങളുമാണ് ഈ മണ്ണില്‍ നിദ്രയിലലിയുന്നത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 46 മൃതദേഹങ്ങളായിരുന്നു തിരിച്ചറിയാത്തവരുടെ പട്ടികയില്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഇതില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കല്‍പ്പറ്റ നഗരസഭയുടെ പൊതുശ്മശാനത്തിലായിരുന്നു ആദ്യ തവണ സംസ്‌കരിച്ചത്. പിന്നീട് എല്ലാവര്‍ക്കുമായി പുത്തുമലയില്‍ തന്നെ ശ്മശാനം ഒരുങ്ങുകയായിരുന്നു. സര്‍വ്വ മത പ്രാര്‍ത്ഥനയോടെയായിരുന്നു മൃതദേഹങ്ങളുടെ സംസ്‌കാരം. ഓരോ മൃതദേഹങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് കുഴിമാടങ്ങള്‍. ശരീരഭാഗങ്ങള്‍ എല്ലാമായി അതിനരികില്‍ സംസ്‌കരിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയും ജില്ലാ ഭരണകൂടവും മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. ഒരു നാടിന്റെ ഒത്തുചേര്‍ന്നുള്ള യാത്രയില്‍ പുത്തുമലയും അടയാളമാണ്. 2019 ല്‍ 17 പേരുടെ ജീവന്‍ കവര്‍ന്ന മണ്ണിനരികില്‍ ഒരു നോവായി ഈ താഴ്‌വാരങ്ങളുമുണ്ടാകും.
Content Highlights: wayanad landslides mundakai before and after landslide
Published: 25 Aug 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented