കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായി. 462 ക്യാമ്പുകളിലായി 27048 പേരാണുള്ളത്. എന്നാൽ, ചിലയിടങ്ങളിൽ ക്യാമ്പുകളിലും വെള്ളം കയറുന്ന സ്ഥിതിയുണ്ട്.

To advertise here,

സംസ്ഥാനം ദുരിതക്കയത്തിലായ സമയത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ വലയുകയാണ്. ഇതിനിടെ സതീശനെതിരെ മറ്റൊരു പ്രചാരണവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. “സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണം” എന്ന് വി.ഡി. പറഞ്ഞു എന്ന തരത്തിൽ പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. എന്നാൽ, ഇതിന്‍റെ സത്യാവസ്ഥ മറ്റൊന്നാണെന്നതാണ് വാസ്തവം.

https://x.com/comradarjun/status/2084167323972517926

ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു പരാമർശം മുഖ്യമന്ത്രി നടത്തിയിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായെനെ. എന്നാൽ വാർത്താമാധ്യമങ്ങളൊന്നും തന്നെ ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ചില ഓൺലൈൻ മാധ്യമങ്ങൾ ഇതേ വാദത്തോടെയുള്ള പോസ്റ്ററുകൾ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്ററിലെ വിവരങ്ങൾ ഉപയോഗിച്ച് കീ വേർഡ് സർച്ച് ചെയ്തതിൽ നിന്നും, വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരുന്നു എന്ന് കണ്ടെത്തി. 2024 ഓഗസ്റ്റ് 3-ന് വി ഡി നടത്തിയ പ്രതികരണം മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

“ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനെ പൂർണ്ണമായി പിന്തുണയ്ക്കണമെന്നും പിഴവുകൾ ഉണ്ടെങ്കിൽ അവ പിന്നീട് ചർച്ച ചെയ്യാമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ല. ഗവണ്മെന്റ് മെഷിനറിയെ എങ്ങനെ പിന്തുണയ്ക്കാമെന്നാണ് ആലോചിക്കുന്നത്, സർക്കാരിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ വിമർശിക്കേണ്ട സമയം ഇതല്ല” എന്നുമാണ് അദ്ദേഹം പറഞ്ഞത്. 2024-ൽ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ പ്രതികരണമാണ് ഇപ്പോഴത്തേതെന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി.

വാസ്തവം

ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2024 വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അന്ന് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ നടത്തിയ പ്രസ്താവയാണ് ഇപ്പോഴത്തേത് എന്ന തരത്തിൽ പ്രചരിപ്പിക്കുകയാണ്.