പട്ടിശ്ശേരിയില്‍ നിന്നും മറ്റൊരു ഊടുവഴിയിലൂടെ ഞാന്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കാന്തല്ലൂര്‍ അങ്ങാടിയിലെത്തി. നേരത്തേ വന്ന ബസ് ഈ റോഡിലേക്കാണ് പിന്നോട്ടെടുക്കാന്‍ കയറ്റിയതെന്ന് ഓര്‍ത്തു. ഇനി നമ്മള്‍ വന്ന വഴി, അതായത് കോവില്‍ക്കടവ് റൂട്ടിലാണ് പോകേണ്ടത്. പ്രധാന അങ്ങാടിയില്‍ നിന്ന് വാഹനം വലത്തേക്ക് തിരിഞ്ഞ് അല്പദൂരം ചെന്നതിനുശേഷം ഇടതുഭാഗത്തേക്ക് താഴേക്കായി ഒരു വളവിലേക്ക് പ്രവേശിച്ചു. ഈ വന്ന വഴികളിലെല്ലാം തന്നെ ഫാം വിസിറ്റിനുള്ള സൗകര്യമുണ്ടെന്നുള്ള ബോര്‍ഡുകള്‍ കാണാമായിരുന്നു. ഈ റോഡിലെ തന്നെ മറ്റൊരു വളവുകഴിഞ്ഞപ്പോള്‍ ജീപ്പ് ഡ്രൈവര്‍ വാഹനം നിര്‍ത്തി ദൂരെയൊരു പാറക്കൂട്ടത്തിനുനേരെ വിരല്‍ ചൂണ്ടി. ഭൂതകാലത്തിന്റെ സ്മരണകളും പേറിയാണ് അത് നില്‍ക്കുന്നതെന്നുതോന്നി. അതില്‍ കാര്യമുണ്ടെന്ന് പിന്നീട് മനസിലായി. ആ പാറക്കൂട്ടത്തിനടുത്തേക്കാണ് പോകുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ ആകാംക്ഷ ഇരട്ടിച്ചു.

To advertise here,

പേരില്‍ തേനുള്ള പാറ

മുന്നോട്ടുള്ള സഞ്ചാരത്തിനിടെ റോഡിന്റെ വലതുഭാഗം ചേര്‍ന്ന് ഡ്രൈവര്‍ വണ്ടിനിര്‍ത്തി. റോഡ് മുറിച്ചുകടന്ന് മുന്നോട്ടു നടന്നോളാന്‍ ആവശ്യപ്പെട്ടു. ചെറുതായി മഴ ചാറിത്തുടങ്ങിയിരുന്നു. റോഡ് മുറിച്ചുകടക്കുന്ന സഞ്ചാരി എത്തുന്നത് ഭീമാകാരമായ പാറയുടെ ചുവട്ടിലാണ്. ഒരാള്‍പ്പൊക്കത്തില്‍ ചെത്തിയ പോലെയായിരുന്നു അതിന്റെ അടിഭാഗം. ഒരാള്‍ക്ക് സുഖമായി അതിനുചുവട്ടില്‍ വെയിലും മഴയും കൊള്ളാതെ നില്‍ക്കാം. പാറയുടെ കൈയെത്തും ഭാഗങ്ങളിലെല്ലാം മുമ്പവിടെ വന്നുപോയ കമിതാക്കളുടെ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ പ്ലസ് ചിഹ്നമിട്ട്, ഹാര്‍ട്ട് സിമ്പലിന്റെ വലയത്തിനുള്ളില്‍ കല്ലുകൊണ്ട് കോറിയിട്ടിരിക്കുന്നു. മുന്നിലുള്ളത് അല്പദൂരമാണെങ്കിലും കാട്ടുവഴിയാണ്. കാട്ടുമരങ്ങളുടെ വേരുകള്‍ പാതി മണ്ണുപുതച്ച് കിടന്നിരുന്നു. വേരുകളും മണ്ണുകളും കൊണ്ട് തീര്‍ത്ത,  അല്പം വലിയ പടിപോലുള്ള ഭാഗത്താണ് അവസാനിക്കുന്നത്. ഇവിടെവരേയെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളൂ.

placeholder
തേൻപാറയിലെ തേനീച്ചക്കൂടുകൾ | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

തേന്‍പാറയെന്നാണ് ഈ സ്ഥലത്തിനുപേര്. ഒരു പാറയ്ക്ക് ഇങ്ങനെയൊരു പേരുവരാനുള്ള കാരണം എന്താണെന്ന് ഇവിടെ വന്നുകാണുന്ന ആര്‍ക്കും ലളിതമായി മനസിലാക്കാവുന്നതേയുള്ളൂ. കീഴുക്കാംതൂക്കായ പാറക്കെട്ടിന്റെ ഒരു ഭാഗം നിറയെ തേനീച്ചയുടെ വന്‍ കൂടുകളാണ്. ചെറുതും വലുതുമായ നിരവധി കൂടുകള്‍ ഇവിടെ തേനൂറി ഞാന്നു കിടക്കുന്നു. അമ്പതെണ്ണം എന്തായാലുമുണ്ടാവും. ഇതില്‍ ചില കൂടുകള്‍ക്ക് വെള്ളനിറമുള്ളത് ശ്രദ്ധയില്‍പ്പെട്ടു. തേനീച്ചകള്‍ ഒഴിഞ്ഞുപോയ കൂടുകളാണവ. മുമ്പൊക്കെ ഇവിടെ നിന്ന് തേന്‍ ശേഖരിച്ചിരുന്നു. ഇത്രയും വലിയ പാറക്കൂട്ടത്തിന് മുകളില്‍ക്കയറി എങ്ങനെയാണ് തേനെടുക്കുക എന്ന് ആലോചിച്ചു. എന്റെ സാരഥിയാണ് ഇവിടെ നിന്ന് തേന്‍ ശേഖരിച്ചിരുന്ന രീതി പറഞ്ഞുതന്നത്. സംഗതി ബഹുരസമാണ്. ചുവട്ടില്‍ നൂല്‍ കെട്ടി അമ്പുപോലുള്ള ഒരു ലോഹവസ്തു തേനീച്ചക്കൂട്ടിലേക്ക് ശക്തിയായി എയ്തുവിടും. കൂട്ടില്‍ ശക്തിയായി തറച്ചുകയറുന്ന അമ്പിലൂടെ തേന്‍ പതിയെ ചുവട്ടില്‍ കെട്ടിയിരിക്കുന്ന നൂല്‍ വഴി തുള്ളിയായി താഴേക്കെത്തും. കാലക്രമേണ ഈ പതിവ് നിലച്ചു. ഇപ്പോള്‍ ഇവിടെ നിന്നാരും തേന്‍ ശേഖരിക്കാറില്ല. മൊബൈല്‍ ഫോണില്‍ ഏതാനും ചിത്രങ്ങളെടുത്തശേഷം തിരികെ ജീപ്പിലേക്ക്....

placeholder
തേൻപാറയുടെ വിദൂരക്കാഴ്ച | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

ഒറ്റ സിനിമകൊണ്ട് തലവര മാറിയ വ്യൂ പോയിന്റ്

ഒറ്റ മലയാള സിനിമകൊണ്ട് തലവര മാറിയ ഒരിടമുണ്ട് കാന്തല്ലൂരില്‍. അതാണ് നാക്കുപെട്ടിയിലെ വ്യൂപോയിന്റ്. പക്ഷേ അങ്ങനെ പറയുന്നതിനേക്കാള്‍ ഖുറച്ചുകൂടി എളുപ്പം ഭ്രമരം പോയിന്റ് എന്നുപറയുന്നതാണ്. തേന്‍പാറയില്‍നിന്ന് അല്പദൂരം മാത്രമേയുള്ളൂ ഭ്രമരം പോയിന്റിലേക്ക്. 2009-ല്‍ മോഹന്‍ലാലിന്റെ ഭ്രമരം സിനിമ റിലീസായതോടെയാണ് ഈ സ്ഥലം വിനോദസഞ്ചാരികളുടെയും ജീപ്പ് ട്രക്കിങ്ങിന് എത്തുന്നവരുടെയും സ്വന്തമായത്. ആദിവാസികള്‍ നാക്കുപെട്ടി എന്ന് വിളിച്ചിരുന്ന സ്ഥലമാണ് ഭ്രമരം വ്യൂ പോയിന്റായത്. ആദിവാസിക്കുടിയിലെ പളനിസ്വാമിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഭ്രമരം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ശിവന്‍കുട്ടിയുടെ വീടുള്ളത് ഇവിടെയാണ്. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഈ സ്ഥലവും പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമ ഹിറ്റായതോടെ വിനോദസഞ്ചാരികള്‍ കൂടുതല്‍ എത്തിത്തുടങ്ങി. ഇതോടെ സ്ഥലമുടമ പളനിസ്വാമി കൃഷിയിടത്തിനൊപ്പം ഏറുമാടങ്ങള്‍കൂടി അവര്‍ക്കായി നിര്‍മിച്ചു.

placeholder
ഭ്രമരം വ്യൂപോയിന്റിലെ ഏറുമാടം | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

തേന്‍പാറയില്‍ നിന്നു വരുമ്പോള്‍ ഈ റോഡില്‍ നിന്ന് വലതുഭാഗത്തേക്കാണ് വാഹനം തിരിഞ്ഞത്. ദുര്‍ഘടമായ വഴിയായതുകൊണ്ടുതന്നെ സ്വന്തം വാഹനങ്ങളുമായി വരുന്നവര്‍ക്ക് ഈ ഭാഗത്തേക്ക് വാഹനവുമായി പ്രവേശനമില്ല. തേന്‍പാറ റോഡില്‍ നിന്ന് തിരിയുന്ന ഭാഗത്ത് ഒരിടത്ത് വാഹനം പാര്‍ക്കുചെയ്യാന്‍ സ്ഥലമുണ്ട്. അവിടെ നിന്ന് താഴേക്ക് നടന്നുവേണം വരാന്‍. പ്രാദേശികമായ ജീപ്പ് സര്‍വീസാണെങ്കില്‍ വ്യൂപോയിന്റുവരെ പോകാം. 50 രൂപയാണ് ടിക്കറ്റ് നിരക്ക്.

placeholder
പുൽത്തൈല നിർമാണത്തിന് ഉപയോ​ഗിക്കുന്ന അടുപ്പിന്റെ ഭാ​ഗം | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

ജീപ്പില്‍ നിന്നിറങ്ങിയപ്പോഴേക്കും ഒരു പ്രത്യേകഗന്ധം വന്നടിച്ചു. ആദ്യം എന്താണിതെന്ന് മനസിലായില്ല. പിന്നെയാണ് ലെമണ്‍ ഗ്രാസാണ് ആ ഗന്ധത്തിന് കാരണമെന്ന് മനസിലായത്. കാന്തല്ലൂര്‍ക്ക് വരുമ്പോള്‍ ബസിലിരിക്കുമ്പോഴും ഈ ഗന്ധം അനുഭവപ്പെട്ടതായി ഓര്‍ത്തു. രണ്ട് ഭാഗങ്ങളാക്കി തിരിച്ചുവേണം ഭ്രമരം പോയിന്റിനെ അനുഭവിക്കാന്‍. ആദ്യഭാഗത്തുള്ളത് ഇപ്പറഞ്ഞ ലെമണ്‍ഗ്രാസിന്റെ കൃഷിയാണ്. വ്യൂ പോയിന്റിലേക്കുള്ള വഴിയില്‍ പലയിടങ്ങളിലും ഈ പുല്‍വര്‍ഗം കൃഷി ചെയ്തിട്ടുള്ളതായി കണ്ടു. ഒരിടത്ത് ഈ പുല്ലുകള്‍ പകുതിവെച്ച് വെട്ടിയിട്ടുണ്ട്. പുല്‍ത്തൈല നിര്‍മാണത്തിന് ഉപയോഗിക്കാനാണ് ഈ പുല്ലുകള്‍ വളര്‍ത്തുന്നത്. വാഹനം നിര്‍ത്തിയ ഭൂമികയുടെ ഒരു ഭാഗത്തായി ഒരു പുല്‍ക്കുടില്‍ കണ്ടു. പുല്ലുപയോഗിച്ച് പ്രത്യേകരീതിയില്‍ നിര്‍മിച്ച ആ ഒറ്റമുറി കൂരയ്ക്ക് ഉയരം വളരെ കുറവായിരുന്നു. കുടിലിന്റെ ഒരു വശത്ത് സൂര്യകാന്തിച്ചെടികള്‍ പൂത്തുനിന്നിരുന്നു. ഇതിനോട് ചേര്‍ന്നുതന്നെ പൂക്കള്‍ നിറഞ്ഞ കവാടവും കണ്ടു. കുടിലിന്റെ മുന്‍ഭാഗത്ത് പ്രത്യേക വസ്ത്രം ധരിപ്പിച്ച നോക്കുകുത്തി സ്ഥാപിച്ചിരിക്കുന്നു. എല്ലാം കൂടി ഒരുതരം അദ്ഭുതലോകത്തേക്ക് കയറിച്ചെല്ലുംപോലെ.

placeholder
ഭ്രമരം വ്യൂപോയിന്റിന് സമീപത്തെ പുൽത്തൈല നിർമാണശാല | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

അധികം വെളിച്ചമില്ല പുല്‍ത്തൈല നിര്‍മാണശാലയ്ക്കുള്ളില്‍. ഒരാള്‍പ്പൊക്കത്തിലുള്ള അടുപ്പാണ് ഇവിടത്തെ പ്രത്യേകത. ഇതിന്റെ ചുവടുഭാഗം തുറന്ന നിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. വെട്ടിയെടുക്കുന്ന ലെമണ്‍ ഗ്രാസ് ഈ അടുപ്പിലേക്കിട്ട് പ്രത്യേകരീതിയിലെത്തിക്കും. അതില്‍ നിന്ന് ഊറിവരുന്ന തൈലം കുടിലിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പാത്രത്തിലേക്ക് ശേഖരിക്കും. ശേഷം ചെറിയ കുപ്പികളിലാക്കി വില്‍ക്കും. മൂന്ന് മാസത്തെ ഇടവേളകളിലാണ് തൈലം ഉണ്ടാക്കുന്നത്. പുല്‍ത്തൈലത്തിന്റെ മണമാണ് ഭ്രമരം പോയിന്റിന്റെ ഈ ഭാഗത്തിനെന്ന് പറയാം. ഇവിടത്തെ കാഴ്ചകള്‍ കണ്ട ശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ കണ്ടു പളനി സ്വാമി നിര്‍മിച്ച ഏറുമാടങ്ങള്‍. ഇവിടം കടന്ന് ഏതാനും ചുവടുകള്‍ വെച്ചാല്‍മതി സ്വര്‍ഗീയമായ കാഴ്ചകളുടെ ആരംഭത്തിലേക്ക്. ചുറ്റും പശ്ചിമഘട്ട മലനിരകള്‍. ഒത്ത നടുക്ക് ഒരു പീഠത്തിലാണ് നമ്മള്‍ നില്‍ക്കുന്നതെന്നുതോന്നും. മലമ്പാതകള്‍ കയറിയെത്തുന്ന പാറക്കുന്നില്‍ ആകാശക്കാഴ്ചകളും മറയൂര്‍, കോവില്‍ക്കടവ് ടൗണ്‍ പ്രദേശങ്ങളും കരിമ്പിന്‍പാടങ്ങളും കൃഷിത്തോട്ടങ്ങളും കാണാം. സൂക്ഷിച്ചുനോക്കിയാല്‍ നല്ല തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ദൂരെ ഒരു വെള്ളച്ചാട്ടം പാറക്കെട്ടുകളിലേക്ക് കുതിച്ചുചാടുന്ന കാഴ്ചയും കാണാം. ഇവിടത്തെ ഉദയാസ്തമയങ്ങള്‍ പകരുന്ന അനുഭൂതിയും ഒന്നുവേറെയാണ്. സമയം ഉച്ചയോടടുത്തിട്ടും കോടയുണ്ടായിരുന്നു. അധികം വൈകാതെ അന്തരീക്ഷം മാറാന്‍ തുടങ്ങി. വ്യൂപോയിന്റിനു മേലെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി. അധികംവൈകാതെ തന്നെ മേഘങ്ങള്‍ മഴയായി പതിക്കാനാരംഭിച്ചു. പെയ്യുന്നത് മഴയാണോ മഞ്ഞാണോ എന്ന് ഒരുനിമിഷം ആശയക്കുഴപ്പത്തിലായി. അടുത്ത ലക്ഷ്യസ്ഥാനം അതിപ്രശസ്തമായ മറയൂര്‍ ശര്‍ക്കര നിര്‍മാണശാലയിലേക്കാണ്. മഴയേറ്റുതന്നെ ജീപ്പിലേക്കുകയറി. മഴയുടെയും മഞ്ഞിന്റേയും തണുപ്പ് കട്ടിയുള്ള ടീ ഷര്‍ട്ടിനെ തുളച്ച് അകത്തുകയറാന്‍ ശ്രമം നടത്തിക്കൊണ്ടേയിരുന്നു.

placeholder
ഭ്രമരം വ്യൂപോയിന്റിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

മറയൂര്‍ ശര്‍ക്കര 

കാന്തല്ലൂരേക്കുള്ള യാത്രാമധ്യേ ബസില്‍വെച്ചുതന്നെ മറയൂരും കാന്തല്ലൂരുമെല്ലാം വിവിധ ശര്‍ക്കരനിര്‍മാണ ഫാക്ടറികള്‍ കണ്ടിരുന്നു. എല്ലായിടത്തേക്കും പ്രവേശനം സൗജന്യമായിരുന്നു. ഭ്രമരം പോയിന്റ് കണ്ടശേഷം പോയത് അത്തരത്തിലൊരിടത്തേക്കായിരുന്നു. ഭൗമസൂചിക പദവി ലഭിക്കുന്ന കേരളത്തിലെ കാര്‍ഷിക ഉല്‍പ്പന്നമാണ് മറയൂര്‍ ശര്‍ക്കര. മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളിലായി 900 ത്തോളം കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കര, പരമ്പരാഗത രീതിയില്‍ ഉല്‍പാദിപ്പിക്കുന്നവയാണ്. മറ്റു പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമായി മറയൂര്‍, കാന്തല്ലൂര്‍ പ്രദേശത്ത് വര്‍ഷം മുഴുവന്‍ കരിമ്പ് കൃഷി ചെയ്യുന്നു. ഞാന്‍ സന്ദര്‍ശിച്ച ശര്‍ക്കര നിര്‍മാണശാലയുടെ മുന്നില്‍ത്തന്നെ ഒരു കരിമ്പുപാടമുണ്ടായിരുന്നു.

placeholder
മറയൂർ ശർക്കര നിർമാണം | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

പരമ്പരാഗത രീതിയിലാണ് ഇവയുടെ ഉല്‍പാദനം. കരിമ്പ് വെട്ടിയെടുത്ത് യന്ത്രസഹായത്തോടെ നീര് എടുക്കുന്നു. ഇത് വലിയ ഡ്രമ്മില്‍ പകര്‍ത്തിവയ്ക്കുന്നു. മുകള്‍ഭാഗത്തെ തെളിഞ്ഞ നീര് ശര്‍ക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്കു മാറ്റുന്നു. 1000 ലീറ്റര്‍ തിളപ്പിക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തെ കൊപ്രയെന്നാണ് വിളിക്കുന്നത്. കൊപ്ര അടുപ്പില്‍ വച്ചു ചൂടാക്കുന്നു. ചൂടാക്കാനായി കത്തിക്കുന്നത് നീരെടുത്ത ചണ്ടി. ചൂടായി വരുമ്പോള്‍ കുറച്ച് കുമ്മായം ചേര്‍ക്കുന്നു. മുകളിലെ അഴുക്ക് കോരി നീക്കുന്നു. വെള്ളത്തിന്റെ അംശം മാറുമ്പോള്‍ മറ്റൊരു പാത്രത്തിലേക്കു കപ്പിയുടെ സഹായത്തോടെ മാറ്റുന്നു. ചൂടാറുമ്പോള്‍ കൈകൊണ്ട് ഉരുട്ടിയെടുക്കുന്നു. മറയൂര്‍ ശര്‍ക്കരയ്ക്ക് കടുത്ത തവിട്ടുനിറമാണ് സാധാരണ ശര്‍ക്കരയ്ക്ക് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാണ്. ഇത്തരം സ്ഥലങ്ങളില്‍ വില്പനയുമുണ്ട്. കൂടാതെ കൈകൊണ്ട് ഉരുട്ടിയെടുത്ത ശര്‍ക്കരയുണ്ടയ്ക്ക് പുറമേ പൊടി രൂപത്തിലും ശര്‍ക്കര ഇവിടങ്ങളില്‍ നിന്ന് വാങ്ങാം. വേണമെങ്കില്‍ മുളകും ഇഞ്ചിയും നാരങ്ങയും ചേര്‍ത്ത പഞ്ചസാരയിടാത്ത ഒന്നാന്തരം കരിമ്പ് ജ്യൂസും രുചിച്ചുനോക്കാം. എന്തായാലും വന്നതല്ലേ? ഒരു കിലോ ശര്‍ക്കര വാങ്ങിയേക്കാമെന്ന് കരുതി. ഫസ്റ്റ് ക്വാളിറ്റി ഐറ്റം തന്നെ വാങ്ങി നേരെ പോയത് ആനക്കോട്ടപ്പാറയിലെ മുനിയറകള്‍ കാണാനാണ്.

placeholder
വിൽപ്പനയ്ക്കുവെച്ചിരിക്കുന്ന മറയൂർ ശർക്കര | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

ആനക്കോട്ടപ്പാറയിലെ ചരിത്രശേഷിപ്പുകള്‍

കാന്തല്ലൂര്‍ എന്ന സ്ഥലപ്പേരിനൊപ്പം എന്നും കൂട്ടിവായിക്കപ്പെട്ടിട്ടുള്ള ചരിത്രരേഖയാണ് മുനിയറകള്‍. അതില്‍ സഞ്ചാരികളും ചരിത്രാന്വേഷികളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമാണ് ആനക്കോട്ടപ്പാറ. മറയൂര്‍ ഭാഗത്തുനിന്ന് കാന്തല്ലൂര്‍ക്ക് വരുമ്പോള്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ആദ്യ വിനോദസഞ്ചാരകേന്ദ്രമാണ് ആനക്കോട്ടപ്പാറ. റോഡരികില്‍ത്തന്നെയായതുകൊണ്ട് എത്തിപ്പെടാനും വളരെയെളുപ്പം. വള്ളക്കടവ് കഴിഞ്ഞ് മുകളിലേക്ക് കയറിയാല്‍ പതിയെ റോഡിന്റ ഭാവം മാറും. ചെറിയൊരു ചുരം പാതപോലെ വഴി കണ്മുന്നില്‍ തെളിയും. അവസാനത്തെ വളവെത്തുമ്പോള്‍ വലതുഭാഗത്തായിത്തന്നെ കാണാം ആനക്കോട്ടപ്പാറ മുനിയറ എന്ന ബോര്‍ഡ്. ആളൊന്നിന് പത്തുരൂപയാണ് ഇവിടത്തെ പ്രവേശനഫീസ്. ചെറിയൊരു ഇക്കോ ഷോപ്പും ടിക്കറ്റ് കൗണ്ടറും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണിവിടെ.

placeholder
ആനക്കോട്ടപ്പാറയിൽ പൂർണാവസ്ഥയിലുള്ള ഒരേയൊരു മുനിയറ | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

വിശാലമായ പാറയ്ക്ക് മുകളിലൂടെയാണ് മുനിയറകള്‍ ലക്ഷ്യമാക്കി നടക്കണ്ടേത്. ടിക്കറ്റ് കൗണ്ടറില്‍ നിന്ന് നടക്കുമ്പോള്‍ മുനിയറകള്‍ സ്ഥിതി ചെയ്യുന്നയിടങ്ങള്‍ കാണിക്കുന്ന ദിശാസൂചികകളുണ്ട്. അല്പദൂരം നടന്നശേഷം ഇടതുഭാഗത്തേക്കാണ് തിരിഞ്ഞത്. കാട്ടുവഴിതന്നെയാണ്. പോകുംവഴി ചില മരങ്ങളില്‍ നമ്പറിട്ടുവെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒന്നാന്തരം ചന്ദനമരങ്ങളായിരുന്നു അവ. വീരപ്പനും സത്യമംഗലം കാടുമൊക്കെ വെറും വെറുതേ മനസിലേക്ക് ഓടിയെത്തി. നല്ല വൃത്തിയുള്ള പൂര്‍ണരൂപത്തിലുള്ള ഒരു മുനിയറയ്ക്കുമുന്നിലാണ് ആ നടത്തം അവസാനിച്ചത്. മൂന്ന് പരന്ന പാറക്കല്ലുകള്‍ ചുവരുകള്‍ പോലെ നിലത്തുറപ്പിച്ച് അതിനുമുകളില്‍ മേല്‍ക്കൂരയെന്നപോലെ മറ്റൊരു പാറ ഉറപ്പിച്ചിരിക്കുകയാണ്. മുനിയറയുടെ ഉള്‍ഭാഗം കുറച്ച് താഴ്ഭാഗത്തേക്കാണ്. ഒരാള്‍ക്ക് സുഖമായി അകത്തുകയറിയിരിക്കാം.

placeholder
മുനിയറകളുടെ അവശിഷ്ടങ്ങൾ | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

ബി.സി 300-നും 14000നും ഇടയിലാണിവ നിര്‍മിച്ചതെന്നാണ് കരുതുന്നത്. പഴനി മേഖലയില്‍ കാണപ്പെടുന്ന മുനിയറകള്‍ക്ക് കാന്തല്ലൂരിലുള്ളതുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിലായുഗകാലത്ത് ഇവിടെയുണ്ടായിരുന്ന പാണ്ഡ്യന്മാര്‍ നിര്‍മിച്ചതാണ് ഇതെന്നാണ് ആദിവാസികള്‍ പറയുന്ന കഥ. പ്രകൃതിക്ഷോഭത്തില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും രക്ഷപ്പെടാനാണെന്നും അതല്ല മഹര്‍ഷിമാര്‍ തപസ്സ് ചെയ്തിരുന്ന ഇടമാണെന്നും പറയുന്നുണ്ട്. ആനക്കോട്ടപ്പാറയില്‍ ഈ ഒരെണ്ണമാണ് നാശമില്ലാതെ കിടക്കുന്നത്. പല വലിപ്പത്തിലുള്ള മുനിയറകളുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. നല്ലൊരു വ്യൂ പോയിന്റ് കൂടിയാണ് ഇവിടം. അല്പനേരം കൂടി അവിടെയെല്ലാം ചുറ്റിയടിച്ചു. എന്റെ കാന്തല്ലൂര്‍ യാത്രയുടെ ആദ്യദിവസത്തെ യാത്ര തത്ക്കാലം ഇവിടെ അവസാനിപ്പിച്ച് താമസസ്ഥലത്തേക്ക് പോയി.

placeholder
ആനക്കോട്ടപ്പാറയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

ചന്ദ്രനെപ്പോലെ വിളങ്ങുന്ന ചന്ദ്രമണ്ഡലം

കീഴാന്തൂരിനടുത്ത് പരടിപ്പള്ളം എന്ന സ്ഥലത്തായിരുന്നു താമസം ഏര്‍പ്പാടാക്കിയിരുന്നത്. സാധാരണ യാത്രകളില്‍ ഹോട്ടലുകള്‍ തപ്പിയിരുന്ന ഞാന്‍ ഇത്തവണ ഒരു വ്യത്യസ്ഥതയ്ക്കുവേണ്ടി ടെന്റ് സ്റ്റേയാണ് തിരഞ്ഞെടുത്തത്. സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന ഒരു കുന്നിന്‍ ചെരുവിലായിരുന്നു താമസമെന്നതും രാവിലെ ഒരു അവര്‍ തന്നെ ഏര്‍പ്പാടാക്കുന്ന ട്രെക്കിങ്ങുമുണ്ടെന്നതായിരുന്നു അതിന് കാരണം. മഴയും പിന്നാലെ മഞ്ഞും പെയ്ത രാത്രിയ്ക്കുശേഷം തെളിഞ്ഞ കാഴ്ചകളിലേക്കായിരുന്നു പിറ്റേന്ന് രാവിലെ മിഴിതുറന്നത്. പരടിപ്പള്ളത്തെ ചന്ദ്രമണ്ഡലം എന്ന സ്ഥലത്തേക്കായിരുന്നു യാത്ര.

placeholder
ചന്ദ്രമണ്ഡലം, അടിവാരത്തുനിന്നുള്ള കാഴ്ച | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

റോഡ് മുറിച്ചുകടന്ന് ഒരു കുന്നിന്‍ചരിവിലൂടെ വേണം നടക്കാന്‍. ഒരാളേക്കാളും ഉയരത്തില്‍ വളര്‍ന്ന ലെമണ്‍ ഗ്രാസ് ചെടികളെ വകഞ്ഞുമാറ്റിവേണം മുന്നോട്ടുപോകാന്‍. റോഡില്‍ നിന്ന് കയറുന്ന വഴി രണ്ട് നെല്ലിമരങ്ങള്‍ കണ്ടു. രണ്ടിലും ഇലകാണാനാവാത്തവിധം കായ്ച്ചുകിടന്ന നെല്ലിക്കകളാണ് ആ യാത്രയ്ക്ക് സ്വാഗതമരുളിയത്. വഴി അതീവദുര്‍ഘടം. പുല്ലുനിറഞ്ഞ വഴി പിന്നിട്ടതോടെ ദുര്‍ഘടപാതയുടെ ആദ്യഘട്ടംകഴിഞ്ഞു. ഇനി വേരുകള്‍ നിറഞ്ഞ വീതികുറഞ്ഞ വഴിയാണ്. ഓരോ ചുവടും സൂക്ഷിക്കണം. ഞാന്‍ നടക്കുന്ന കാട്ടുവഴിയുടെ ഇടതുഭാഗത്തായി കാണുന്ന മലയില്‍ യൂക്കാലി മരങ്ങള്‍ നിറഞ്ഞതാണ്. ലൂക്കാലിത്തടികള്‍ വെട്ടി താഴെയെത്തിക്കാന്‍ വാഹനങ്ങള്‍ കയറാന്‍ പാകത്തിന് ഒരു റോഡും മലയിലേക്ക് പോകുന്നത് കണ്ടു. ഇടയ്‌ക്കൊരിടത്തെത്തിയപ്പോള്‍ കാടിനുള്ളില്‍ ചന്ദനത്തിരിക്കൂടുകളും തീപ്പെട്ടിക്കൂടുകളും കണ്ടു. ഇതെന്താണിങ്ങനെ എന്ന് സംശയിച്ചുനിന്നപ്പോള്‍ കൂടെവന്ന ഹോം സ്‌റ്റേ ഉടമ പറഞ്ഞു, 'ഒരു പൂജ കഴിഞ്ഞതിന്റെയാണ്. മരം വെട്ടുന്നതിന് മുമ്പ് വെട്ടാന്‍ വരുന്നവര്‍ പ്രകൃതിയോടും കാടിനോടും അനുവാദം ചോദിക്കുന്ന പതിവുണ്ട്. ആ സമയത്ത് കത്തിക്കാനുപയോഗിച്ചതാവാം ആ പായ്ക്കറ്റുകള്‍.' അര മണിക്കൂറോളമേ ട്രെക്കിങ് ഉള്ളൂവെങ്കിലും പകുതി വഴിയെത്തിയപ്പോഴേക്കും കിതപ്പ്. നെഞ്ച് വായ പൊളിക്കുന്നപോലെ എന്നൊരു പ്രയോഗമുണ്ട് നാട്ടില്‍.

placeholder
ചന്ദ്രമണ്ഡലം| ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

ട്രെക്കിങ്ങിന്റെ മൂന്നാംഘട്ടത്തില്‍ മറികടക്കേണ്ടത് ഒരു പ്രത്യേകതരം ചെടികളെ തന്നെയാണ്. ബലമുള്ള തണ്ടില്‍ മഞ്ഞള്‍ച്ചെടിയുടെ ഇല പോലെ നീണ്ട്, ഉറച്ച ഇലകളാണ്. ഇവയെ വകഞ്ഞുമാറ്റിവേണം ഏറ്റവും മുകളിലെത്താന്‍. ഈ ഇലകളുപയോഗിച്ച് തമിഴ്‌നാട്ടുകാരായ ആളുകള്‍ ചൂലുണ്ടാക്കാറുണ്ടത്രേ. ഒരു പ്ലാറ്റ്‌ഫോം പോലെയാണ് മുകളിലെ പാറക്കൂട്ടങ്ങള്‍ നില്‍ക്കുന്നത്. ഒരു ചെന്നായുടെ തലയെ അനുസ്മരിപ്പിക്കുന്ന പോലെ മുന്നോട്ട് തള്ളിനില്‍ക്കുന്ന പാറയില്‍ സുഖമായി ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യാം. 180 ഡിഗ്രിയിലാണ് കാഴ്ചകള്‍. തലേദിവസം പോയ ഭ്രമരം പോയിന്റ്, കോവില്‍ക്കടവ്, മറയൂര്‍ ടൗണ്‍, ഉദുമല്‍പേട്ട എന്നിവ ദൂരക്കാഴ്ചയായി സമ്മാനിക്കുന്നുണ്ട് ഇവിടം. തിരിച്ചിറക്കമാണ് ഇനി. കാത്തുകാത്തിരുന്ന് പോയ യാത്ര സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത രണ്ടുദിവസങ്ങള്‍. അതില്‍ പലതും പ്രതീക്ഷിക്കാതെ ലഭിച്ച കാഴ്ചകളും സ്ഥലങ്ങളും. മൂന്നാറിലേക്ക് പോകാനുള്ള ബസ് പിടിക്കാന്‍ എളുപ്പം മറയൂരിലേക്ക് പോകുകയാണെന്ന് ഹോം സ്‌റ്റേ ഉടമ പറഞ്ഞിരുന്നു.

placeholder
ചന്ദ്രമണ്ഡലം, മുകളിൽനിന്നുള്ള കാഴ്ച | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

തിരികെ യാത്രയ്ക്കിടെ മറയൂരെത്തുന്നതിനുമുമ്പ് റോഡരികിലെ പച്ചിലക്കാടുകളില്‍ അസ്വാഭാവികമായ ഒരിളക്കം ശ്രദ്ധയില്‍പ്പെട്ടു. തവിട്ടുനിറത്തിലുള്ള എന്തോ ജീവി അവിടെയുണ്ട്. അതിന്റെ ശരീരത്തിന്റെ ഏതുഭാഗമാണെന്ന് മനസിലാവുന്നില്ല. പൊടുന്നനേ ആ ജീവി പച്ചിലക്കൂട്ടങ്ങള്‍ വിട്ട് പുറത്തുചാടി. കാടിറങ്ങി വന്ന മ്ലാവിന്‍ കുഞ്ഞാണ്. അമ്പരപ്പോടെ എന്റെ വാഹനത്തിനുനേരെ നോക്കിയശേഷം ചടുലമായി കാടിന്റെ ഏതോ ഉള്ളറയിലേക്ക് അതുപോയി. ഫോണില്‍ ചിത്രംപകര്‍ത്താന്‍ നടത്തിയ ശ്രമവും വിഫലമായി. അല്ലെങ്കിലും കണ്ണുകൊണ്ട് പകര്‍ത്തി മനസില്‍ സൂക്ഷിക്കുന്ന ചിത്രങ്ങളോളം തെളിമയും ഈടും തരാനാവില്ലല്ലോ ഒരു ക്യാമറയ്ക്കും.

കേരളത്തെ ആഗോള സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും -കെ. രൂപേഷ് കുമാര്‍

placeholder
കെ.രൂപേഷ് കുമാർ

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ സംസാരിക്കുന്നു.

കാന്തല്ലൂര്‍ സ്ഥിരമായി ആളുകള്‍ വന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ്. പക്ഷേ കാന്തല്ലൂരില്‍ എന്താണ് ചെയ്യേണ്ടതെന്നും എന്താണ് കാണേണ്ടതെന്നും സഞ്ചാരികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ഒന്നാമതായി കാന്തല്ലൂരില്‍ വന്നുകഴിഞ്ഞാല്‍ ഒരു ഓര്‍ഗനൈസ്ഡ് ടൂര്‍ ഉണ്ടായിരുന്നില്ല. രണ്ടാമത്, ഉള്‍പ്രദേശങ്ങളില്‍ മൊബൈല്‍ നെറ്റുവര്‍ക്ക് പ്രശ്‌നം ഉള്ളതിനാല്‍ ആരെയെങ്കിലും വിളിച്ചുചോദിച്ചുകൊണ്ടുള്ള സഞ്ചാരവും പറ്റുമായിരുന്നില്ല. 

റെസ്‌പോണ്‍സിബിള്‍ ടൂറിസം ടീം അവിടെ പ്രാദേശിക യോഗങ്ങള്‍ വിളിച്ചു. പ്രാദേശികരായ ജനങ്ങള്‍ക്ക് വിനോദസഞ്ചാരത്തോട് സൗഹൃദമനോഭാവമുണ്ടാക്കാന്‍ ശ്രമിച്ചു. പുറത്തുനിന്നുള്ളവര്‍ ടൂറിസത്തില്‍ നിക്ഷേപം നടത്തിയാല്‍ പ്രദേശവാസികള്‍ക്ക് എന്തുഗുണമുണ്ടാവുമെന്ന ചോദ്യം ഉണ്ടായിരുന്നു കാന്തല്ലൂരില്‍. അപ്പോള്‍ വിനോദസഞ്ചാരത്തെ തദ്ദേശീയമായി വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഫാമുകളിലേക്ക് ട്രിപ്പുകള്‍ പോവുക, പ്രദേശവാസികളെ പരമാവധി ഗൈഡുമാരാക്കി മാറ്റുക തുടങ്ങിയവയ്ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമസഭകള്‍ നടത്തുകയും പരിശീലന പരിപാടികളും സംഘടിപ്പിച്ചു.

ഒരു ടൂറിസം പ്രോട്ടോക്കോള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. യു.എന്‍.ഡി.പിയും ഐ.എച്ച്.ആര്‍.എം.എല്ലും റെസ്‌പോണ്‍സിബിള്‍ ടൂറിസവും കൂടി ചെയ്ത പ്രോട്ടോക്കോളാണ്. അത് കാന്തല്ലൂരിനുവേണ്ടി മാത്രമല്ല, കാന്തല്ലൂര്‍ ഉള്‍പ്പെടെ പശ്ചിമഘട്ടത്തിലുള്‍പ്പെട്ട പത്തോളം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ഡെസ്റ്റിനേഷന്‍ ടൂറിസം നടപ്പാക്കുമ്പോള്‍ എന്തുചെയ്യണം എന്നാണ് വ്യക്തമാക്കുന്നത്. പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക, പ്ലാസ്റ്റിക് ശേഖരണം സജീവമാക്കുക, സഞ്ചാര കേന്ദ്രത്തെ ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ എന്ന രീതിയില്‍ കൊണ്ടുപോവുക എല്ലാം ഇതിന്റെ ഭാഗമായി ചെയ്തു.

പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം) എന്ന പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. ടൂറിസം റിസോഴ്‌സ് മാപ്പും ടൂറിസം റിസോഴ്‌സ് ഡയറക്ടറി തയ്യാറാക്കിയിരുന്നു. നിലവില്‍ കാന്തല്ലൂരിലെ എല്ലാ കാര്യങ്ങളും ഭൂപടം പോലെ രേഖയാക്കിയിരിക്കുകയാണ്. അതിന് പഞ്ചായത്തിന്റെ അനുമതി ലഭിച്ചു. അതുവെച്ച് ടൂറിസം വകുപ്പിനുവേണ്ടി ഉത്തരവാദിത്വ ടൂറിസം മിഷന്‍ കുറച്ച് പാക്കേജുകളുണ്ടാക്കി വെബ്‌സൈറ്റിലിട്ടു. അതുകണ്ട് കൃത്യമായ പ്ലാനിങ്ങോടെ ആളുകള്‍ വരുന്നുണ്ട്. എന്നാല്‍ അതിനിടെ കോവിഡ് വന്നതോടെ എല്ലാം സ്തംഭിച്ചു. അതിനുശേഷമാണ് സ്ട്രീറ്റ് പ്രോജക്റ്റ് തുടങ്ങുന്നത്. 

സസ്റ്റെയ്‌നബിള്‍ ടാഞ്ചിബിള്‍ റെസ്‌പോണ്‍സിബിള്‍ എക്‌സ്പീരിയന്‍ഷ്യല്‍ എത്‌നിക് ടൂറിസം എന്നാണ് സ്ട്രീറ്റ് എന്ന വാക്കിന്റെ പൂര്‍ണരൂപം. വെറുതേ തെരുവുകള്‍ ഉണ്ടാവുക എന്നതിലുപരിയായുള്ള ആശയമാണിത്. ടൂറിസം സര്‍ക്യൂട്ടുകളാണിവിടെ ഉണ്ടാവുന്നത്. കാന്തല്ലൂരിനെ പൂര്‍ണമായും ?ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ടായാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഇതിന്റെ ഭാ?ഗമായി അവിടെ കുറേ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. അവിടെ കുറോ സ്ഥലങ്ങളുണ്ടെങ്കിലും ഒന്നും നിയന്ത്രിതമല്ല എന്ന പ്രശ്‌നമുണ്ടായിരുന്നു. ആളുകള്‍ കൂടുമ്പോള്‍ പല പ്രശ്‌നങ്ങളിലേക്കും പോകാം. അതിനൊരു നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചു. അതുവെച്ച് പഞ്ചായത്തില്‍ രജിസ്‌ട്രേഷന്‍ കൊണ്ടുവന്നു. 

ജീപ്പ് സഫാരികള്‍ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവന്നു. പകുതി ദിവസമാണെങ്കില്‍ ഗ്രൂപ്പിന്  1800-2000 രൂപ എന്നും മുഴുവന്‍ ദിവസം ടൂര്‍ ആണെങ്കില്‍ 3500 രൂപ എന്നിങ്ങനെ സഫാരി നിരക്ക് പുനര്‍നിശ്ചയിച്ചു. ആളുകളുടെ എണ്ണം ഒരു ജീപ്പില്‍ ഒരു ട്രിപ്പില്‍ ഗൈഡ് ഉള്‍പ്പെടെ ഏഴ്-എട്ടുപേര്‍ എന്നാക്കി. ഈ ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി. എങ്ങനെ സഞ്ചാരികളോട് സൗഹാര്‍ദപരമായ സമീപനം നടത്തണം എന്നായിരുന്നു ഇതില്‍ പറഞ്ഞുകൊടുത്തത്. പിന്നെ ടാഗിങ്ങും ചെയ്തു. ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാ?ഗമായി ജീപ്പുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചു. പോലീസും പഞ്ചായത്തും ഉത്തരവാദിത്വ ടൂറിസം മിഷനുമായി ചേര്‍ന്നായിരുന്നു ഇത്. പഞ്ചായത്തിന്റെ കയ്യില്‍ ഇങ്ങനെയുള്ള ജീപ്പുകളുടെ ലിസ്റ്റുണ്ട്. ഒരു സ്ഥലത്തേക്ക് ജീപ്പ് പോയാല്‍ ആരാണ്? എങ്ങോട്ടാണ് പോയതെന്ന് നമുക്ക് അറിയാനാവും. ഈ ബാഡ്ജ്/ സ്റ്റിക്കര്‍ പതിച്ച ജീപ്പുകളും വാഹനങ്ങളുമുപയോഗിക്കാനാണ് സഞ്ചാരികളോട് നമ്മള്‍ പറയുന്നത്.

ഇതിനുശേഷം ചില സ്ട്രീറ്റുകള്‍ നമ്മള്‍ തിരിച്ചറിഞ്ഞു. ഗ്രീന്‍ സ്ട്രീറ്റെന്നാണിവ മൊത്തത്തില്‍ അറിയപ്പെടുന്നത്. ഇതില്‍ ഫ്രൂട്ട് സ്ട്രീറ്റ്, വെജിറ്റബിള്‍ സ്ട്രീറ്റ്, ഫ്‌ളവര്‍ സ്ട്രീറ്റ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. അവാര്‍ഡ് ലഭിച്ചതിന് ശേഷം ലഭിച്ച വിവരമനുസരിച്ച് സൂചനാ ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കും. സ്‌കാന്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള ബോര്‍ഡുകളാണ് ഉദ്ദേശിക്കുന്നത്. സ്‌കാന്‍ ചെയ്താല്‍ ആ സ്ട്രീറ്റുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ ലഭിക്കും. ഏത് സ്ഥലത്തേക്ക് പോയാല്‍ ആപ്പിള്‍ കാണാം? സ്‌ട്രോബറി കാണാം എന്നെല്ലാം ഇതുവഴി അറിയാം. ഇനി വരാനുള്ളത് വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സാണ്. ഇതിലേക്കായി കാന്തല്ലൂര്‍ പട്ടുസാരി ഉണ്ടാക്കുന്ന ഒരു സംഘത്തെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ അവരിപ്പോള്‍ തമിഴ്‌നാട്ടിലേക്ക് പോയിരിക്കുകയാണ്. ശര്‍ക്കര നിര്‍മാണം, മുനിയറ എന്നിവ ഒരുമിപ്പിച്ച് എക്‌സ്പീരിയന്‍സ് കൊടുക്കുന്ന സ്ട്രീറ്റ് കൂടി കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്. പരമ്പരാഗത ഭക്ഷണം ലഭിക്കുന്ന ഒരു സ്ട്രീറ്റ് കൂടി കാന്തല്ലൂരില്‍ വരേണ്ടതുണ്ട്. ഫ്‌ളവര്‍ സ്ട്രീറ്റിന് പഞ്ചായത്ത് അനുമതി കൊടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നല്ല പൂക്കളുണ്ടാവുന്ന മരങ്ങളും ചെടികളും വെയ്ക്കും. എല്ലാത്തിലുമുപരി നല്ല പൂക്കളുണ്ടാകുന്ന സ്ഥലംകൂടിയാണ് കാന്തല്ലൂര്‍.

സ്ത്രീ സൗഹൃദ ടൂറിസം പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ ആദ്യത്തെ സ്ഥലമാണ് കാന്തല്ലൂര്‍. നാട്ടിലെ 350-ഓളം സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി. പിന്നെ കേരളത്തിലെ സ്ത്രീ സംഘങ്ങള്‍ സ്വന്തമായി വിനോദസഞ്ചാരത്തിന് വരുന്നുണ്ട്. ഉത്തരവാദിത്വ ടൂറിസം മിഷന്‍ തന്നെ അങ്ങോട്ട് വിമന്‍ ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതിനുമുന്നോടിയായി അവിടത്തെ സ്ത്രീസൗഹൃദ സ്ഥലങ്ങള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തി. സ്ത്രീ സൗഹൃദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീ സുരക്ഷയാണ്. സോളോ ട്രിപ്പുകളും വരുന്നുണ്ട് എന്നതിനാലാണിത്. ഇത്രയും കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്.

പഞ്ചായത്തും ഡി.ടി.പി.സിയും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് ഈയിടെ ഒരു കാന്തല്ലൂര്‍ ഫെസ്റ്റ് നടത്തിയിരുന്നു. ആ പരിപാടി കാന്തല്ലൂരിനെ നന്നായി മറ്റുള്ള സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റ് ചെയ്തു. ഇനി കാന്തല്ലൂരില്‍ ഒരു കേന്ദ്രസംഘം വരുന്നുണ്ട്. വ്‌ലോഗര്‍മാരുടേയും ബ്ലോഗര്‍മാരുടേയും സന്ദര്‍ശനമുണ്ട്. അവാര്‍ഡ് പ്രഖ്യാപനത്തോടടുപ്പിച്ച് പണ്ടത്തേക്കാള്‍ കൂടുതല്‍ സഞ്ചാരികള്‍ വരുന്നുണ്ട്. അടുത്തമാസം യു.എന്‍ വിമനുമായി ചേര്‍ന്ന് ഒരു മാര്‍ക്കറ്റിങ് ക്യാമ്പെയ്ന്‍ വരുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ളവ ഇതിന്റെ ഭാഗമായി നടക്കും. സ്ത്രീസൗഹൃദ വിനോദസഞ്ചാരത്തിന്റെ അജണ്ടയാണ് ഇത്തരം ക്യാമ്പുകള്‍. കേരളത്തെ ആഗോളതലത്തില്‍ത്തന്നെയുള്ള സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അതിന്റെ ആദ്യ ചുവടാണ് കാന്തല്ലൂര്‍.

placeholder
കാന്തല്ലൂർ, പരടിപ്പള്ളം ഭാ​ഗത്തുനിന്നുള്ള വൈകുന്നേരക്കാഴ്ച | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി

വഴിയും സമീപ കാഴ്ചകളും

മൂന്നാറില്‍നിന്നും മറയൂര്‍വഴി 57ഉം , ഉടുമല്‍പേട്ട - മറയൂര്‍ വഴി 42കിലോമീറ്ററുംസഞ്ചരിച്ചാല്‍ കാന്തല്ലൂരില്‍ എത്താനാകും.ഏറ്റവും അടുത്ത വിമാനത്താവളങ്ങള്‍ കൊച്ചിയും(170 KM) കോയമ്പത്തൂരുമാണ്(115 KM) അടുത്ത റയില്‍വേസ്റ്റേഷനുകള്‍ ഉടുമല്‍പേട്ട (115 KM) ആലുവ (172 KM) എന്നിവയാണ്. മന്നവന്‍ ഷോല, കാന്തല്ലൂര്‍ വെള്ളച്ചാട്ടം, ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടം, ലക്കം വെള്ളച്ചാട്ടം സന്ദര്‍ശിക്കാം.