
ഓരോ സ്ഥലവും എപ്പോഴും ഒരു യാത്രികനെ, അന്വേഷിയെ അത്ഭുതപ്പെടുത്തുന്നതെന്തെങ്കിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും. ഇന്ത്യയുടെ വിശാലവും വൈവിധ്യമാര്‍ന്നതുമായ ഭൂപ്രകൃതി ലോകത്തെ ഏതൊരു യാത്രികനും അത്ഭുതങ്ങപ്പെടുത്തുന്ന അനുഭവങ്ങളുടെ അക്ഷയഖനിയാണ് തുറന്നിട്ടിരിക്കുന്നത്. വിജനവും വരണ്ടതുമെങ്കിലും രാജസ്ഥാന്‍ പ്രദേശങ്ങളും ഇതില്‍ നിന്നു വ്യത്യസ്തമല്ല. കോട്ടകൊത്തളങ്ങളും പുരാതന ക്ഷേത്രങ്ങളും ഒക്കെയായി രാജസ്ഥാന്‍ നമ്മുടെ ചരിത്രത്തിലും ഇപ്പോഴും മുന്നില്‍ തന്നെ നില്‍ക്കുന്ന ഒരു ഭൂമികയാണ്. മരൂഭൂമികളും മരുഭൂനഗരങ്ങളും അവിടുത്തെ അമ്പരപ്പിക്കുന്ന കോട്ടകളും ഒക്കെയാണ് പലപ്പോഴും രാജസ്ഥാനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുക. എന്നാല്‍ അതുമാത്രമല്ല രാജസ്ഥാന്‍; തടാകങ്ങളും മലനിരകളും ഒക്കെ നിറഞ്ഞ ഭൂപ്രദേശങ്ങളും ഇവിടെയുണ്ട്.
ഒറ്റയ്ക്കുള്ള ഇന്ത്യ പര്യടനത്തിനിടെ ഗുജറാത്തിലെ കച്ച് മേഖലയില്‍നിന്നാണ് രാജസ്ഥാനിലേക്ക് എത്തുന്നത്. ആദ്യം എത്തിയത് തന്നെ മൗണ്ട് അബുവിന്റെ കവാടം എന്ന് പറയാവുന്ന അബുറോഡിലേക്കാണ്. രാത്രിയിലെ താമസം ലാഭിക്കാനായി ട്രെയിനില്‍ അബുറോഡ് റെയില്‍വേ സ്റ്റേഷനിലാണ് വന്നിറങ്ങിയത്. റെയില്‍വേയുടെ റിട്ടെയറിംഗ് റൂം വളരെ നിസാരമായ പൈസക്ക് കിട്ടും. അതിന് പക്ഷെ നമ്മുടെ കൈയില്‍ ടിക്കറ്റ് ഉണ്ടായിരിക്കണം. ഇനി റൂം കിട്ടിയില്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ കിടക്കാമെന്നും കരുതി. ജോലി ചെയ്തതില്‍ നിന്ന് മിച്ചംപിടിച്ച തുകകൊണ്ടാണ് മാസങ്ങള്‍ നീണ്ട ഇന്ത്യാ പര്യടനത്തിനിറങ്ങിയത്. പണം തീരുന്നതോടെ പര്യടനവും അവസാനിപ്പിക്കേണ്ടിവരും. അതിനാല്‍, പരമാവധി ചെലവു കുറച്ചാണ് യാത്ര ചെയ്യുന്നത്.
അബുറോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ സമയം പന്ത്രണ്ട് മണിയോട് അടുത്തിരുന്നു. ഒന്നുരണ്ട് മണിക്കൂര്‍ വൈകിയാണ് എത്തിയത്. ചെറിയ സ്റ്റേഷനായതുക്കൊണ്ട് ജീവനക്കാര്‍ അധികമില്ല. റിട്ടെയറിംഗ് റൂമിനായി ശ്രമിച്ചപ്പോള്‍ പതിവുപ്പോലെ അധികാരത്തിന്റെ സ്വരത്തിലുള്ള പുച്ഛവും അവഗണനയും; സ്റ്റേഷന്‍ മാസ്റ്ററെ കണ്ട് ഇംഗ്ലീഷിലും അറിയാവുന്ന ഹിന്ദിയിലും കുറെ തര്‍ക്കിച്ചു. അവസാനം ആ സ്റ്റേഷന്‍ മാസ്റ്റര്‍ റൂം തന്നു. സാധാരണഗതിയില്‍ റൂം കിട്ടിയാല്‍ ഡ്രസ് നനയ്ക്കലും കുളിയും ഒക്കെയാകും ആദ്യം ചെയ്യുക. കാരണം ബസ് സ്റ്റോപ്പിലും റെയില്‍വേസ്റ്റേഷനിലും ഒക്കെയാണ് പലപ്പോഴും പൈസ ലാഭിക്കാനായി രാത്രി തങ്ങുക. ഇടയ്ക്ക് വല്ലപ്പോഴും റൂം എടുക്കുമ്പോഴാണ് സ്വതന്ത്രമായി സമാധാനത്തോടെ കുളിക്കാനും നനയ്ക്കാനും ഒക്കെയുള്ള 'ആഡംബരം' അനുഭവിക്കാന്‍ സാധിക്കുക.
പക്ഷെ നല്ല ക്ഷീണം ഉള്ളതുക്കൊണ്ട് അബുസ്റ്റേഷനിലെ റൂമില്‍ ചെന്നതെ കട്ടിലില്‍ വീണു. ബാഗില്‍ രണ്ട് ചപ്പാത്തിയുള്ളതിനാല്‍ വിശപ്പിന് താല്‍ക്കാലിക ശമനം കിട്ടി. കറി മേടിക്കാതെ പത്ത് പന്ത്രണ്ട് ചപ്പാത്തി രാവിലെ വാങ്ങിയിരുന്നു. അതിന്റെ ഒരു സൗകര്യം എന്താണെന്നു വച്ചാല്‍ വില തുച്ഛം, ദിവസം മുഴുവനും ഇടയ്ക്കിടെ ഓരോന്ന് എടുത്ത് കടിച്ചുപറിച്ച് കഴിച്ച് വിശപ്പും മാറ്റാം എന്നതാണ്. ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് മേടിച്ചാല്‍ ചെറിയ ചൂടുമുണ്ടാവും. ഏതായാലും ചപ്പാത്തി തീറ്റ കഴിഞ്ഞപ്പോള്‍ തന്നെ ഉറക്കത്തിലേക്ക് വീണു. ശൈത്യകാലത്തിന്റെ ആരംഭമായതുക്കൊണ്ട് ചെറിയ തണുപ്പുമുണ്ടായിരുന്നു. ഏതായാലും പുലര്‍ച്ചെ തന്നെ എഴുന്നേല്‍ക്കാന്‍ സാധിച്ചു. ലക്ഷ്യം മൗണ്ട് അബു ആണല്ലോ.. ഇപ്പോഴും മൗണ്ട് അബുവിന്റെ താഴെ വരെ എത്തിപ്പറ്റിയിട്ടുള്ളൂ!
മൗണ്ട് അബുവിലേക്ക്
അബു റോഡ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൗണ്ട് അബുവിലേക്ക് മുപ്പത്ത് കിലോമീറ്റര്‍ ദൂരമുണ്ട്. രാജസ്ഥാന്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ബസിലാണ് യാത്രയെങ്കില്‍ ഏകദേശം ഒന്നര-രണ്ട് മണിക്കൂര്‍ സമയം വേണം. അബുറോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അബു റോഡ് ബസ് സ്റ്റാന്‍ഡിലേക്ക് കഷ്ടി മുക്കാല്‍ കിലോമീറ്റര്‍ ദൂരമേയുള്ളൂ. കുളി ഒക്കെ കഴിഞ്ഞ് രാവിലത്തെ തണുപ്പ് മുതലാക്കി ബസ് സ്റ്റാന്‍ഡിലേക്ക് ഭാരമേറിയ ബാഗും തൂക്കി പതിയെ നടന്നു. റിക്ഷക്കാരും ടാക്സിക്കാരും ഒക്കെ അടുത്തുകൂടിയെങ്കിലും അവര്‍ക്ക് പിടികൊടുക്കാതെ ബസ് സ്റ്റാന്‍ഡിലെത്തി. അവിടെയെത്തി അന്വേഷിച്ചപ്പോള്‍ മൗണ്ട് അബുവിലേക്കുള്ള ബസ് ജസ്റ്റ് മിസ്! സാരമില്ല ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞ് അടുത്ത ബസ് പുറപ്പെടും.
സ്റ്റേഷനില്‍ കിടന്ന ആ ബസില്‍ ബാഗ് വെച്ച് സീറ്റ് പിടിച്ചതിന് ശേഷം ബസ് സ്റ്റാന്‍ഡും പരിസരവും ഒന്ന് കറങ്ങി. പുലര്‍ച്ചെയായതുക്കൊണ്ട് ഒരു ഇഞ്ചി ചായയും ബിസ്‌ക്കറ്റും കഴിച്ച് തൃപ്തിയടഞ്ഞു. തിരിച്ച് വന്ന് ബസില്‍ കയറിപ്പോള്‍ തന്നെ തിരക്ക് തുടങ്ങിയിരുന്നു. കൂടുതലും മുകളില്‍ (മൗണ്ട് അബു) കച്ചവടത്തിനും ജോലിക്കും ഒക്കെ പോകുന്നവരാണ്. മൗണ്ട് അബു ചെറിയൊരു ഹില്‍ സ്റ്റേഷനാണ്. നമ്മുടെ മൂന്നാറിന്റെയോ വയനാടിന്റെയോ ഒക്കെ സൗന്ദര്യവുമായി താരതമ്യം പോലും ചെയ്യാന്‍ സാധിക്കില്ല. എന്തിന് കേരളത്തിലെ ചുരങ്ങളുടെ ഭംഗി പോലും ചിലപ്പോള്‍ മൗണ്ട് അബുവിലേക്കുള്ള വഴിത്താരകള്‍ക്ക് അനുഭവപ്പെടില്ലായിരിക്കാം. പക്ഷെ ആരവല്ലി പര്‍വ്വതനിരകളിലുള്ള ഈ ചെറിയ മലമ്പ്രദേശത്തിന് മറ്റെന്തോ ഒരു വശ്യതയുണ്ട്.
ഒരു പക്ഷെ മലമുകളില്‍ നിന്ന് അങ്ങ് ദൂരെ കാണുന്ന വരണ്ട ഭൂപ്രദേശങ്ങളുടെ കാഴ്ചകള്‍ ആദ്യമായി അനുഭവിക്കുന്നതുക്കൊണ്ടാകാം. രാജസ്ഥാനിലെ വരണ്ടുകിടക്കുന്ന മറ്റ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എത്തുന്നവര്‍ക്കും ഇത് ശരിയാണെന്ന് തോന്നിയേക്കാം. രാജസ്ഥാനിലെ ഉദയ്പൂര്‍ ഇതിന് (വരണ്ട പ്രദേശമെന്നതിന്) ചെറിയൊരു അപവാദമായി പറയാം കെട്ടോ! ചുരത്തിലെ വളവുകളിലൂടെ ബസ് ഇഴഞ്ഞ് നീങ്ങി ഒടുവില്‍ രജപുത്താന എന്ന രാജസ്ഥാന്റെ 'സുഖവാസകേന്ദ്രം' എന്ന് വിശേഷിപ്പിക്കുന്ന മൗണ്ട് അബുവില്‍ എത്തി. ഭക്ഷണത്തിന് ശേഷം ഒരു സ്‌ക്കൂട്ടര്‍ വാടയ്ക്കെടുത്ത് മൗണ്ട് അബു കാണാന്‍ ഇറങ്ങി. യഥാര്‍ത്ഥത്തില്‍ രണ്ട് ദിവസം കൊണ്ട് മൗണ്ട് അബുവിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കണ്ടിറങ്ങാം. മലക്കയറ്റം പോലുള്ള കാര്യങ്ങളിലേക്ക് പോവുകയാണെങ്കില്‍ മാത്രം കൂടുതല്‍ ദിവസങ്ങള്‍ അവിടെ തങ്ങിയാല്‍ മതിയാകും. ഡോര്‍മറ്ററികളും ചെറിയ ബജറ്റിലുള്ള താമസയിടങ്ങളുമെല്ലാം ലഭ്യമാണ്.
മൗണ്ട് അബു എന്ന പീഠഭൂമി
രാജസ്ഥാന്റെ തനത് പ്രകൃതിയില്‍ നിന്നു വളരെ വ്യത്യസ്തമായ ഒരു ഇടമാണ് മൗണ്ട് അബു. രാജസ്ഥാന്റെ തെക്കുഭാഗത്ത്, ഗുജറാത്തിനോട് ചേര്‍ന്നാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. 20 കിലോമീറ്ററിലധികം നീളവും 10 കിലോമീറ്റര്‍ വീതിയിലുള്ള ഒരു പാറ പീഠഭൂമിയാണിത്. ആരവല്ലി നിരകളുടെ സവിശേഷതകളായ തടാകങ്ങളും പാറക്കെട്ടുകളും കാടുകളും ഒക്കെ ചേര്‍ന്ന ഭൂപ്രകൃതിയാണ് മൗണ്ട് അബുവിനുമുള്ളത്. പ്രദേശത്തിന് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4,000 അടിയാണ് ഉയരം. 5,600 അടി ഉയരത്തിലുള്ള ഗുരു ശിഖര്‍ ആണ് മൗണ്ട് അബുവിലെ ഏറ്റവും ഉയര്‍ന്ന ഭാഗം. ഇവിടേക്ക് ട്രെക്കിംഗുണ്ട്. സാഹസികര്‍ക്ക് മൗണ്ട് ക്ലൈംമ്പിങിനും അത് പഠിക്കാനും ഒക്കെ ഇവിടെ സൗകര്യമുണ്ട്. ഇത് കൂടാതെ പുരാതനമായ ക്ഷേത്രങ്ങളും വന്യജീവി സങ്കേതങ്ങളുമുണ്ട്.
മൗണ്ട് അബു കറങ്ങാനായി സ്‌കൂട്ടറുമായി റോഡിലെത്തിയപ്പോള്‍ ആദ്യംതന്നെ ശ്രദ്ധിച്ചത്, മലകയറ്റത്തിനുള്ള കയറും മറ്റ് സാമഗ്രികളുമൊക്കെ പേറി വരിവരിയായി പോകുന്ന കുറച്ച് ആളുകളെയാണ്. അവരോട് സംസാരിച്ചപ്പോള്‍ റോക്ക് ക്ലൈംമ്പിങ് പഠിപ്പിക്കുന്ന എസ്.വി.ഐ.എം. എന്ന ഇന്‍സ്റ്റിറ്റ്യൂട്ട് അധിക ദൂരത്തല്ലെന്ന് മനസ്സിലായി. അവരില്‍നിന്ന് ലഭിച്ച ഊര്‍ജത്തില്‍ നിന്ന്, 'എന്നാപ്പിന്നെ ബേസിക്ക് റോക്ക് ക്ലൈംമ്പിങ് എങ്കിലും പഠിച്ചേക്കാം' എന്നു തീരുമാനിച്ച് സ്‌കൂട്ടര്‍ നേരേ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വിട്ടു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടുത്ത് എത്താറായപ്പോള്‍ തന്നെ ഒരു ചെരുവില്‍ കുറച്ച് ടെന്റുകള്‍ അടിച്ചിട്ടിരിക്കുന്നത് കണ്ടു, കുറച്ച് നീങ്ങിയപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കണ്ടു. കൊള്ളാം, മലക്കയറ്റം പഠിപ്പിക്കാനുള്ള ഒരു പ്രൗഢിയൊക്കെയുണ്ട്.
ആ കെട്ടിടത്തിന്റെ അകത്ത് കയറിയപ്പോള്‍ പലതരത്തില്‍ റോപ്പുകള്‍ കെട്ടുന്നതിന്റെ ഒരു ഡിസ്പ്ലേ ഇരിപ്പുണ്ടായിരുന്നു. അതുകൂടി കണ്ടപ്പോള്‍ ആവേശം കൂടി, മലക്കയറ്റം പഠിച്ചിട്ട് തന്നെ ബാക്കി കാര്യം! എന്‍ക്വയറി റൂമില്‍ ചെന്ന് ആവശ്യം അറിയിച്ചപ്പോള്‍ അവിടുത്തെ സ്റ്റാഫ് ആദ്യമേ സൂചിപ്പിച്ചത് 'ആവേശം മാത്രം പോരാ, സമയമെടുക്കും ക്ഷമ വേണം' എന്ന ധ്വനിയിലാണ്. അടുത്ത ബാച്ച് തുടങ്ങാന്‍ ഒരു മാസം കൂടി എടുക്കും എന്നുക്കൂടി അറിയിച്ചു. അതോടെ മൂഡ് പോയി. അവരുടെ മറ്റ് കോഴ്സുകള്‍ ഒക്കെ ഒന്ന് മനസ്സിലാക്കി, ഒരു മാസം കഴിഞ്ഞ് വരാം എന്ന് പറഞ്ഞ് പതിയെ ഇറങ്ങി. ആരംഭശൂരത്വം കൊണ്ട് അവിടെ വരെ എത്തിയെങ്കിലും, ക്ഷമയില്ലാത്തതുക്കൊണ്ട് കാത്ത് നില്‍ക്കാതെ അടുത്ത പരിപാടിയിലേക്ക് കടന്നു.
'അര്‍ബുദാരണ്യ'യിലെ ചരിത്രവും ഐതിഹ്യങ്ങളും
ചരിത്രവും ഐതിഹ്യങ്ങളും ചേര്‍ന്ന കഥകളേറെയുണ്ട് മൗണ്ട് അബുവിനെ കുറിച്ച്. പുരാതന കാലത്ത് തന്നെ രജപുത്ര രാജാക്കന്മാരുടെയും മറ്റും സുഖവാസ കേന്ദ്രമായിരുന്നു മൗണ്ട് അബു. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷുകാര്‍ ഈ പ്രദേശം പാട്ടത്തിനെടുത്തു. തുടര്‍ന്ന് രജപുത്താനയിലെ ബ്രിട്ടീഷ് റെസിഡന്റിന്റെ ആസ്ഥാനമായി മൗണ്ട് അബു മാറി. ബ്രട്ടീഷുകാരാണ് ഈ പ്രദേശത്തിന് മൗണ്ട് അബു എന്ന നാമം നല്‍കിയതെന്ന് പറയുന്നു. അതല്ല, പുരാണങ്ങള്‍ പ്രകാരം ഈ പ്രദേശത്തെ അര്‍ബുദാരണ്യ എന്നാണത്രേ വിളിച്ചിരുന്നത്. അത് പിന്നീട് 'അബു'വായി പരിണമിച്ചതാണെന്നും പറയുന്നു. ജൈന തീര്‍ത്ഥങ്കര്‍ (ജൈന മതത്തിലെ ദിവ്യന്മാര്‍), ശൈവ ദേവതഭാവങ്ങള്‍, വസിഷ്ഠ മഹര്‍ഷി, വിശ്വാമിത്ര മഹര്‍ഷി തുടങ്ങി പുരാണങ്ങളെ ബന്ധിച്ചും ഒക്കെ ഒട്ടേറേ കഥകളും ഐതിഹ്യങ്ങളും മൗണ്ട് അബുവിനെ സംബന്ധിച്ച് പറയുന്നുണ്ട്.
ചരിത്രകുതുകികളായ സഞ്ചാരികളെ സംബന്ധിച്ച് വലിയ ആകര്‍ഷണമാണ് മൗണ്ട് അബു. അതിപുരാതനമായ ജൈന ക്ഷേത്രങ്ങള്‍ വളരെയുണ്ട് ഇവിടെ. പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ദില്‍വാര ജൈനക്ഷേത്രങ്ങള്‍ കാണേണ്ട ഒന്നാണ്. അതിമനോഹരമായ കൊത്തുപണികളാല്‍ തീര്‍ത്ത ഈ ക്ഷേത്രങ്ങള്‍ ജൈന തീര്‍ത്ഥങ്കരന്മാര്‍ക്കായിട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഈ ക്ഷേത്ര വാസ്തുവിദ്യകള്‍ വിസ്മയകരമാണ്. മേവാര്‍ ഭരിച്ചിരുന്ന മഹാറാണ കുംഭയുടെ കാലത്ത് (പതിനാലാം നൂറ്റാണ്ടില്‍) നിര്‍മ്മിച്ച അചല്‍ഗഡ് കോട്ടയും ഗംഭീരമാണ്. ഈ കോട്ടയ്ക്കുള്ളിലും മനോഹരമായ ജൈന ക്ഷേത്രങ്ങളുണ്ട്.
അചലേശ്വര്‍ മഹാദേവ ക്ഷേത്രം (പതിനഞ്ചാം നൂറ്റാണ്ട്), സ്വര്‍ണ്ണം ചിത്രശേഖരമുള്ള കാന്തിനാഥ് ജൈനക്ഷേത്രം (പതിനാറാം നൂറ്റാണ്ട്), അടുത്തുള്ള നാക്കി തടാകം, അവിടുത്തെ ടോഡ് റോക്കും ടര്‍ട്ടിള്‍ റോക്കും ഒക്കെ സംതൃപ്തി നല്‍കിയ ഇടങ്ങളാണ്. മൗണ്ട് അബുവിലെ ഉയരം കൂടിയ ഭാഗമായ ഗുരു ശിഖര്‍, പക്ഷി നിരീക്ഷണത്തിന് താല്‍പര്യമുള്ളവര്‍ക്ക് പറ്റിയൊരുയിടമാണ്. മൗണ്ട് അബു ഇന്‍ഫ്രാറെഡ് ഒബസര്‍വേറ്ററിയും ഗുരു ശിഖറിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ ഒരു ചെറിയ ക്ഷേത്രവുമുണ്ട്. മൗണ്ട് അബുവില്‍ നിന്ന് കുറച്ച് മാറി ഒരു പാറയുടെ പിളര്‍പ്പിലുള്ള അധാര്‍ ദേവി ക്ഷേത്രവും പോകാവുന്ന ഒരു ഇടമാണ്. ഒട്ടേറേ പടികള്‍ കയറി വേണം അവിടെയെത്താന്‍.
ഗോ ശിരസ്സിന് സമാനമായ പാറയിലൂടെ ഒഴുകിവരുന്ന പ്രകൃതിദത്തമായ നീരുറവയുള്ള ഗോമുഖ് ക്ഷേത്രം വസിഷ്ഠ മുനിയുമായി ബന്ധപ്പെട്ട ഐതിഹ്യത്താല്‍ പ്രസിദ്ധമാണ്. സണ്‍സെറ്റ് പോയിന്റ്, ആന്ദ്ര പോയിന്റ് (ഹണിമൂണ്‍ പോയിന്റ്) തുടങ്ങിയ കാഴ്ചകള്‍ക്കുള്ളയിടങ്ങളും അശോക് വാതിക, ഗാന്ധി പാര്‍ക്ക്, മുനിസിപ്പല്‍ പാര്‍ക്ക്, ഷൈതാന്‍ സിംഗ് പാര്‍ക്ക്, ടെറസ് ഗാര്‍ഡന്‍ തുടങ്ങിയ പൂന്തോട്ടങ്ങളും ശ്രദ്ധേയമാണ്. മൗണ്ട് അബുവിലെ രാജ്ഭവനില്‍ മികച്ചൊരു മ്യൂസിയവും ആര്‍ട്ട് ഗാലറിയുമുണ്ട്. ഇവിടെ പ്രധാനമായും എട്ടാം നൂറ്റാണ്ടിലെയും പന്ത്രണ്ടാം നൂറ്റാണ്ടിലെയും പുരാവസ്തു ഗവേഷണങ്ങളുടെ ശേഖരമാണ്. 1960ല്‍ സ്ഥാപിതമായ 300 ച.കി.മീ. വരുന്ന മൗണ്ട് അബു വന്യജീവി സങ്കേതവും സന്ദര്‍ശിക്കാവുന്നതാണ്.
ഇവിടെയെല്ലാം പോകാനായില്ലെങ്കിലും രണ്ട് ദിവസത്തെ സന്ദര്‍ശത്തോടെ 'അര്‍ബുദാരണ്യം' ഏകദേശം ചുറ്റിക്കാണാനും അവിടുത്തെ സൗന്ദര്യം ആസ്വദിക്കാനും സാധിച്ചു. ഒറ്റയ്ക്കുള്ള തലതിരിഞ്ഞ യാത്രകള്‍ ആയതിനാല്‍ ചില സമയത്ത് ആളുകളോട് വല്ലാതെ അടുത്ത് ഇടപെഴകുകയും അവരുടെ കൂടെ തങ്ങുകയും ചെയ്യാറുണ്ട്. മറ്റ് ചില സമയത്ത് ആളുകളോട് അടുക്കാന്‍ ഒരു വിമുഖത കാണിക്കും. എന്തോ, മൗണ്ട് അബുവിലേ കറക്കത്തിനിടയില്‍ ആളുകളോട് അടുക്കാന്‍ ശ്രമിച്ചില്ല. പലപ്പോഴും ആളുകളെ മാറി നിന്ന് വീക്ഷിക്കാനായിരുന്ന താല്‍പര്യം തോന്നിയത്. ഒരുപക്ഷേ, ആ പ്രദേശത്തിന്റെ വരണ്ട തണുപ്പന്‍ 'വൈബ്' സന്നിവേശിച്ചതാകാം.
മൗണ്ട് അബുവില്‍നിന്ന് നേരേ പോയത് ഉദയ്പൂരിലേക്കായിരുന്നു. പല ബസുകള്‍ മാറിമാറിക്കയറിയുള്ള ആ യാത്ര ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവമായിരുന്നു. നിരവധി ആളുകളുമായി അടുത്തിടപഴകിയായിരുന്നു ഉദയ്പൂര്‍ യാത്ര. യാത്രയിലെ ഓരോ ദിവസവും ഓരോ നിമിഷവും വ്യത്യസ്തമായ അനുഭവങ്ങളാണല്ലോ!
മൗണ്ട് അബുവിലേക്ക് എങ്ങനെ എത്തിച്ചേരാം?
ട്രെയിന്‍ യാത്രയായിരിക്കും കൂടുതല്‍ സൗകര്യം. മുംബൈ, അഹമ്മദ്ബാദ്, ജയ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെല്ലാം അബു റോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ ലഭിക്കും. മൗണ്ട് അബുവില്‍ നിന്ന് അബു റോഡ് റെയില്‍വേ സ്റ്റേഷനിലേക്കും അബു റോഡ് ബസ് സ്റ്റാന്‍ഡിലേക്കും ഏകദേശം 30 കി.മീ ദൂരമുണ്ട്. അബു റോഡില്‍ നിന്ന് മൗണ്ട് അബുവിലേക്ക് ബസും ടാക്‌സിയും ലഭ്യമാണ്. ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്, 180 കിലോമീറ്റര്‍ അകലെയുള്ള ഉദയ്പൂര്‍- ദബോക്ക് ഡോമസ്റ്റിക്ക് എയര്‍പോര്‍ട്ടാണ്.
Content Highlights: travel rajasthan solo india trip krishna govind
Published: 20 Nov 2024, 07:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented