ഓഗസ്റ്റ് അവസാനം, സായാഹ്നം. കണ്ണൂരിൽ ചാറ്റൽമഴ തോർന്നുനിൽക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് അധികം ദൂരെയല്ലാത്ത ഗ്രാൻഡ് ഇൻ ഹോട്ടലിലെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ നേരിയ ഈർപ്പമുള്ള കാറ്റ് മുഖത്തടിച്ചു. പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലേക്ക് അവിടെനിന്ന് മുക്കാൽ മണിക്കൂർ യാത്ര. ചെറിയതോതിൽ ട്രാഫിക് തിരക്കുണ്ട്. മഴ നനഞ്ഞ റോഡിലൂടെ കാർ നീങ്ങി. മടപ്പുരയിലെത്തുമ്പോൾ ആചാരസങ്കൽപ്പങ്ങളെയെല്ലാം കാറ്റിൽപ്പറത്തുന്ന കാഴ്ച!

To advertise here,

പലതരം സാധാരണമനുഷ്യർ ഒരിടത്തിൽ കൂടിയിരിക്കുന്നു. വേട്ടക്കാരനായും കിരാതമൂർത്തിയായും ഭൈരവനായും ഭക്തർ സങ്കൽപ്പിക്കുന്ന മുത്തപ്പന്റെ സന്നിധി. നാലുചുവരുകൾക്കുള്ളിലെ വിഗ്രഹത്തിൽ മാത്രം ദൈവം ഒതുങ്ങുന്നില്ല. അതിർവരമ്പുകളില്ലാത്ത ആതിഥേയത്വം! മടപ്പുര മുറ്റത്ത് ചുറ്റിക്കറങ്ങുന്ന നായകൾ. ശിവന്റെ ഭൈരവരൂപത്തിന്റെ വാഹനം എന്ന നിലയിൽ നായകൾക്ക് ഇവിടെ വലിയ പരിഗണനയുണ്ട്.

പ്രവേശനവിലക്കുകളില്ലാതെ, പൂജാസമയത്തുപോലും അവ സ്വതന്ത്രമായി ഓടിനടക്കുന്നു. കവാടത്തിലെ രണ്ട് വെങ്കല നായ പ്രതിമകൾ മുത്തപ്പന്റെ നിശ്ശബ്ദ കാവൽക്കാരായി തോന്നിപ്പിക്കും.

സാധാരണ ക്ഷേത്രങ്ങളിലെ പ്രസാദസങ്കൽപ്പങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പറശ്ശിനിക്കടവ്. രാവിലെയും വൈകുന്നേരവും വറുത്ത മീനും ചെറുപയർ പുഴുങ്ങിയതും ചായയും ആദ്യം നൽകുന്നത് ഇവിടുത്തെ നായകൾക്കാണ്. കള്ളും വറുത്ത മീനുമാണ് മുത്തപ്പന് നിവേദ്യം. എത്തുന്നവർക്കെല്ലാം സൗജന്യമായി ചായയും പുഴുങ്ങിയ ചെറുപയറും തേങ്ങാക്കൊത്തും ലഭിക്കും. വളർത്തുമൃഗങ്ങളെ ഇവിടെയെത്തിച്ച് പേരിടലും പ്രത്യേക വഴിപാടുകളും നടത്താറുണ്ട് .തെയ്യത്തിന്റെ താളവും ചെണ്ടമേളവും തിരുവപ്പനയും വെള്ളാട്ടവും കരിംകലശവുമൊക്കെ ചേർന്ന്, ആരാധനയേക്കാളേറെ വലിയ സാംസ്‌കാരിക അനുഭവമാണ് പറശ്ശിനിക്കടവ്.

വൃശ്ചികം 16-ന് നടക്കുന്ന പുത്തരി തിരുവപ്പന മഹോത്സവം ഈ പ്രദേശത്തിന്റെ വിളവെടുപ്പ് ആഘോഷം കൂടിയാണ്. ഒരിക്കലും ആരെയും അന്യരാക്കാത്ത, മനുഷ്യനെയും പ്രകൃതിയെയും മൃഗങ്ങളെയും ഒരേ തട്ടിൽ നിർത്തുന്ന മണ്ണിൽ നിന്ന് തിരിച്ചിറങ്ങി. അപ്പോൾ വളപ്പട്ടണം പുഴയിൽ സായാഹ്നസൂര്യൻ ചിത്രപണി തുടങ്ങിയിരുന്നു.