ലക്ഷദ്വീപ്-മാലദ്വീപ് വിവാദത്തിനിടെ ലക്ഷദ്വീപില്‍ പുതിയ സംരഭവുമായി ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പ് രംഗത്തെത്തി. ടാറ്റയുടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഉപകമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയാണ് ആഡംബര ഹോട്ടല്‍ ശൃംഖലയായ താജ് ബ്രാന്‍ഡിലുള്ള രണ്ട് ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സുഹേലി, കദ്മത് എന്ന ദ്വീപുകളിലായി നിര്‍മിക്കുന്ന, താജ് ബ്രാന്‍ഡിലുള്ള ഹോട്ടലുകള്‍ 2026-ഓടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി അറിയിച്ചതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സുഹേലി ദ്വീപില്‍ ആരംഭിക്കുന്ന ദി താജ് സുഹേലി എന്ന ആഡംബര റിസോര്‍ട്ടില്‍ 110 റൂമുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 60 ബീച്ച് വില്ലകളും 50 വാട്ടര്‍ വില്ലകളും ഉള്‍പ്പെടുന്നു. കദ്മത് ദ്വീപില്‍ ദ താജ് കദ്മത് റിസോര്‍ട്ടില്‍ 75 ബീച്ച് വില്ലകളും 35 വാട്ടര്‍ വില്ലകളും ഉള്‍പ്പെടുന്നു. രണ്ട് ഹോട്ടല്‍ പദ്ധതികളും 2026-ഓടെ സഞ്ചാരികളെ വരവേല്‍ക്കാന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ വെബ്‌സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂബ ഡൈവിങ്, സ്‌നോര്‍ക്കലിങ്, സീ പ്ലെയിന്‍ തുടങ്ങിയ ബീച്ച് ആക്ടിവിറ്റികളും ഇവിടെ ഒരുക്കും. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ക്കും കോര്‍പ്പറേറ്റ് പരിപാടികള്‍ക്കുമുള്ള സൗകര്യങ്ങളും ഈ ഹോട്ടലുകളിലുണ്ടാകും.
രാജ്യത്തെ ഏറ്റവും വലിയ ഹോട്ടല്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി. ഇന്ത്യന്‍ ആഡംബരത്തിന്റെ പര്യായമായ താജ് ഹോട്ടലുകള്‍ മുതല്‍ ബഡ്ജറ്റ് ഹോട്ടലുകള്‍ വരെ ഈ കമ്പനിയുടെ ഭാഗമാണ്. 120 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ കമ്പനിയുടെ കീഴില്‍ മുംബൈയിലെ പ്രശസ്തമായ താജ് പാലസ് മുതല്‍ നിരവധി ഹോട്ടലുകളാണ് ഇന്ത്യയിലുടനീളമുള്ളത്. പത്തോളം വിദേശ രാജ്യങ്ങളിലും താജ് ഹോട്ടലുകളുടെ സാന്നിധ്യമുണ്ട്. താജ് സെലക്വഷന്‍സ്, വിവാന്ത, ജിഞ്ചര്‍, അമ, സെവന്‍ റിവേഴ്‌സ്, ഗോള്‍ഡന്‍ ഡ്രാഗണ്‍, താജ് സാറ്റ് തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ ഈ കമ്പനിക്ക് കീഴിലുണ്ട്.
കടലിനോട് ചേര്‍ന്നുള്ള ആഡംബര ബീച്ച് റിസോര്‍ട്ടുകളാണ് മാലദ്വീപ് ടൂറിസത്തിന്റെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന്. ഇത്തരം ആഡംബര ടൂറിസത്തില്‍ താല്‍പര്യമുള്ള ഇന്ത്യന്‍ സഞ്ചാരികളും സെലിബ്രിറ്റികളും ഉള്‍പ്പടെ മാലദ്വീപിനെയാണ് ആശ്രയിച്ചിരുന്നത്. ലക്ഷദ്വീപില്‍ താജ് ഹോട്ടലുകള്‍ വരുന്നതോടെ ഇതില്‍ വലിയൊരു വിഭാഗം സഞ്ചാരികള്‍ ഈ ഹോട്ടലുകള്‍ തിരഞ്ഞെടുക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഹോട്ടലുകള്‍ തുടങ്ങാനുള്ള ടാറ്റയുടെ തീരുമാനത്തിന് വലിയ കയ്യടികളാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
Content Highlights: tata Group Gets Set To Open Two Taj Branded Hotels In Lakshadweep
Published: 12 Jan 2024, 07:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented