കുമരകം: കേരളത്തിന്റെ തനത്‌ രുചി ആസ്വദിച്ച്‌ കായൽസൗന്ദര്യം കണ്ടറിഞ്ഞ്‌ രാഷ്ട്രപതി. കുമരകം താജ്‌ ഹോട്ടലിലായിരുന്നു രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ താമസം. വ്യാഴാഴ്‌ച വൈകീട്ട്‌ 5.30- ഓടെയാണ്‌ രാഷ്‌ട്രപതിയും കുടുംബാംഗങ്ങളും രാഷ്‌ട്രപതിഭവനിലെ ഉദ്യോഗസ്‌ഥരും എത്തിയത്‌. ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ, മന്ത്രി വി.എൻ. വാസവൻ എന്നിവരും രാഷ്‌ട്രപതിക്കൊപ്പം ഹോട്ടലിൽ തങ്ങി.

To advertise here,

24-ാം നമ്പർ പൂൾവില്ലയാണ് ഒരുക്കിയിരുന്നത്. 21-ൽ ഗവർണറും 23-ാം നമ്പർ മുറിയിൽ രാഷ്‌ട്രപതിയുടെ മരുമകൻ ഗണേഷ്‌ ചന്ദ്ര ഹേമ്പ്രാമും 22-ൽ മന്ത്രി വാസവനുമാണ്‌ തങ്ങിയത്‌.

വെള്ളിയാഴ്ച രാവിലെ കായലിൽ ബോട്ടിങ്ങിനുള്ള ക്രമീകരണമൊരുക്കിയിരുന്നെങ്കിലും രാഷ്ട്രപതി പോയില്ല. യാത്രാ ക്ഷീണത്തെത്തുടർന്ന്‌ വിശ്രമത്തിലായിരുന്നു. കുടുംബാംഗങ്ങളും രാഷ്‌ട്രപതിഭവനിലെ ഉദ്യോഗസ്‌ഥരുമാണ്‌ ബോട്ടിങ്ങിന്‌ പോയത്‌. താജ് ഹോട്ടലിലെ സ്പായിൽ രാഷ്ട്രപതിക്ക്‌ കാൽമുട്ടിനും പാദത്തിനും ആയുർവേദ തിരുമ്മുചികിത്സ നൽകി. വ്യാഴാഴ്‌ചരാത്രി എട്ടിന്‌ കഥകളിയും മോഹിനിയാട്ടവും പ്രത്യേകം സജ്ജമാക്കിയ അരങ്ങിൽ അവതരിപ്പിച്ചു. ഇത്‌ രണ്ടും കാണാൻ അൽപനേരം രാഷ്‌ട്രപതി എത്തി.

വെള്ളിയാഴ്‌ച രാവിലെ കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ഇല്ലിക്കൽ കവലയിൽ വാഹനത്തിൽ നിന്നിറങ്ങിയ രാഷ്‌ട്രപതി അവിടെ കാത്തുനിന്ന കുട്ടികൾക്ക്‌ മിഠായി നൽകി. വെള്ളിയാഴ്‌ച രാവിലെ രാഷ്‌ട്രപതി ദ്രൗപദി മുർമു, ഹെലികോപ്‌റ്ററിലാണ് കൊച്ചിയിലേക്ക്‌ പോയത്‌.

ഒരുക്കിയത് നാടൻവിഭവങ്ങൾ

വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച രാവിലെയും വിശിഷ്‌ടാതിഥികൾക്ക് മുന്നിലെത്തിയത്‌ കേരളത്തിന്റെ തനതു രുചികൾ. വ്യാഴാഴ്‌ച വൈകീട്ട്‌ കരിക്കിൻവെള്ളം, ചായ, ഫിൽറ്റർ കോഫി, ഉണ്ണിയപ്പം, ഇലയട, പഴം നിറച്ചത്‌ എന്നിവയാണ്‌ ഒരുക്കിയിരുന്നത്‌. 

അത്താഴത്തിന്‌ പച്ചക്കറി സൂപ്പ്‌, പാൽക്കപ്പ, കാരറ്റും ഉരുളക്കിഴങ്ങും ചേർത്ത സ്‌റ്റൂ, വെജിറ്റബിൾ പുലാവ്‌, വിവിധ ധാന്യങ്ങളുടെ പൊറോട്ട, മുരിങ്ങക്കയും തക്കാളിയും ചേർത്ത കറി, അപ്പം, ഇടിയപ്പം, ഇളനീർ പായസം തുടങ്ങിയവ ഒരുക്കി.

വെള്ളിയാഴ്‌ച പ്രഭാതഭക്ഷണത്തിന്‌ ഇടിയപ്പം, കടലക്കറി, റാഗി ഇഡ്ഡലി, വെജിറ്റബിൾ ഊത്തപ്പം, പൊങ്കൽ, രസവട, പൂരി എന്നിവയെല്ലാം വിളമ്പി. താജിലെ എക്‌സിക്യുട്ടീവ്‌ ഷെഫ്‌ മലപ്പുറം വള്ളിക്കുന്ന് രാമപാദം ഹൗസിൽ സുബിൻ മേച്ചേരിയുടെ നേതൃത്വത്തിലാണ്‌ ഭക്ഷണം തയ്യാറാക്കിയത്‌.

കപ്പ, ഇഡ്ഡലി, ഇടിയപ്പം, പഴം വിളയിച്ചത്‌, ഇളനീർ പായസം എന്നിവയെല്ലാം രാഷ്‌ട്രപതി കഴിച്ചു. ഭക്ഷണം നന്നായെന്ന്‌ ഷെഫിനെ അവർ നേരിട്ട്‌ അറിയിക്കുകയുംചെയ്‌തു. രാഷ്‌ട്രപതി, ഗവർണർ, മന്ത്രി, രാഷ്‌ട്രപതിയുടെ മരുമകൻ തുടങ്ങിയവർക്ക്‌ അവരുടെ താമസസ്ഥലത്ത്‌ ഭക്ഷണം എത്തിച്ചുനൽകി. മറ്റുള്ളവർക്ക്‌ ബുഫെ രീതിയിലാണ്‌ സജ്ജീകരിച്ചത്‌.