
കോട്ടയം: കുമരകം ബേക്കർ ബംഗ്ലാവ് താജ് ഹോട്ടലായി മാറിയതോടെ കോട്ടയത്ത് സാധാരണക്കാരുടെ കൺമുന്നിൽനിന്ന് മറഞ്ഞുപോയൊരു കാഴ്ചയുണ്ട്. കുമരകത്തെ സായിപ്പിന്റെ ബംഗ്ളാവും അതിന് മുന്നിലെ താമരപ്പൊയ്കയും. മുൻപ് പക്ഷിസങ്കേതത്തിൽ വരുന്നവർക്ക് മുന്നിൽ വിടർന്നുനിന്നിരുന്ന ഈ പൊയ്കയും ബംഗ്ളാവും ഇന്നും ചന്തം കെടാതെയുണ്ട്. കുമരകം താജ് ഹോട്ടലിന്റെ സ്വകാര്യ അഹങ്കാരമായിട്ട്. 1993-ൽ കെ. കരുണാകൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കുമരകം ബേക്കർ ബംഗ്ലാവിൽ 99 വർഷത്തേക്ക് ഹോട്ടൽ നടത്തിപ്പിന് താജ് ഗ്രൂപ്പിന് പാട്ടക്കരാർ കൈമാറിയത്.
ഭദ്രൻ കണ്ടു ആ പൊയ്ക
1982-ൽ തീയേറ്ററിൽ എത്തിയ ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ എന്ന ചിത്രത്തിൽ ഈ പൊയ്കയുടെ സൗന്ദര്യം അപ്പാടെ പകർത്തിയിരുന്നു. സംവിധായകൻ ഈ പൊയ്ക അവിചാരിതമായി കണ്ടതോടെയാണ് സിനിമയിൽ ഉൾപ്പെടുത്തിയത്.‘‘ലൊക്കേഷൻ ഹണ്ടിനായി പോയപ്പോഴാണ് ഒരാൾ പഞ്ഞത് കുമരകത്ത് ബേക്കർ ബംഗ്ളാവുണ്ടെന്ന്. നേരിൽ കണ്ടപ്പോൾ അദ്‌ഭുതപ്പെട്ടുപോയി. സിനിമയിൽ മേനകയുടെ കഥാപാത്രം സാധകം ചെയ്യുന്നത് ഇൗ പൊയ്കയിലാണ്.’’- ഭദ്രൻ ഓർക്കുന്നു.
1847-ൽ ബ്രിട്ടീഷ് മിഷനറിയും കർഷകനുമായ ആൽഫ്രഡ് ജോർജ് ബേക്കറിന്റെ വരവോടെയാണ് കുമരകത്തിന്റെ ഭൂപടം മാറിമറിയുന്നത്. വേമ്പനാട് തടാകത്തിന്റെ 500 ഏക്കർ തിരിച്ചുപിടിച്ച് അതിനെ ഫലഭൂയിഷ്ഠമായ ഉദ്യാനഭൂമിയും നെൽവയലുകളുമാക്കിയത് ബേക്കറാണ്. താമസിക്കാനായി ഈ ബംഗ്ളാവും തീർത്തു. 1881-ലാണ് ‘ഹിസ്റ്ററി ഹൗസ്’ എന്ന ഈ വിക്ടോറിയൻ ബംഗ്ലാവ് നിർമിച്ചത്. 1962 -വരെയായി നാല് തലമുറകളായി ബേക്കർ കുടുംബത്തിന്റെ വസതിയായിരുന്നു.അരുന്ധതി റോയിയുടെ ‘ദി ഗോഡ് ഓഫ് സ്മോൾ തിങ്സി’ലും പരാമർശിച്ചിട്ടുണ്ട് ഈ സായിപ്പിന്റെ ബംഗ്ളാവിനെക്കുറിച്ച്. കറുത്ത സാഹിബ് എന്നറിയപ്പെടുന്ന കരിസായ്പ് ഇംഗ്ലീഷുകാരനേക്കാൾ കൂടുതൽ ഇന്ത്യക്കാരനായി മാറിയിരുന്നു.

അറബിക്കടൽ പിൻവാങ്ങിയശേഷം രൂപമെടുത്ത വൈക്കം, കടുത്തുരുത്തി എന്നീ സ്ഥലങ്ങൾക്കൊപ്പം കുമരകവും ചതുപ്പ് നിലമായിരുന്നു. ഭൂരിഭാഗവും വേമ്പനാട്ടു കായലിനടിയിലുമായിരുന്നു. തിരുവിതാംകൂർ രാജാവിൽനിന്ന് കുമരകത്തിനോട് ചേർന്നുള്ള 500 ഏക്കർ ഭൂമി കൃഷിചെയ്യാനായി ബേക്കർ പാട്ടത്തിനെടുത്തു.
അദ്ദേഹത്തിന്റെ കഠിനപ്രയത്നത്തെത്തുടർന്ന് 500 ഏക്കർ ചതുപ്പ് നല്ല വിളവുതരുന്ന കൃഷിഭൂമിയായി. മധ്യഭാഗത്തായി തെങ്ങുകൾ െവച്ചു. തെങ്ങുകൾക്ക് ഉപ്പു കാറ്റേൽക്കാതിരിക്കാനും വെള്ളപ്പൊക്കം തടയാനുമായി കണ്ടൽമരങ്ങൾ വ്യാപിപ്പിച്ചു. തോടുകൾ കീറി 500 ഏക്കർ ഭൂമിയിലേക്കുള്ള വെള്ളമൊഴുക്ക് സുഗമമാക്കി. കുടുംബം മലയാളം സംസാരിച്ചു.
ആ മനോഹരചിത്രം
അദ്ദേഹം മുണ്ടുപോലുള്ള പരമ്പരാഗത വസ്ത്രധാരണവും ശീലിച്ചു. 1940-ൽ കുട്ടനാട്ടിൽ 1,800 ഏക്കറിലധികം കായൽ നികത്തി കൃഷിഭൂമിയാക്കിയ തോമസ് മുരിക്കൻ മാതൃകയാക്കിയതും ബേക്കറുടെ ചിന്തകളാണ്. 1960-കളിലെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും കേരളത്തിലെ ഭൂപരിഷ്കരണത്തെയും തുടർന്ന്, ബേക്കർ കുടുംബം അവരുടെ സ്വത്ത് വിറ്റു.
1982-ലാണ് ബംഗ്ലാവും 100 ഏക്കറും കേരള ടൂറിസം വികസന കോർപ്പറേഷൻ (കെടിഡിസി) ഏറ്റെടുത്തത്. ആ പഴയ ബംഗ്ളാവും താമരക്കുളവും നേരിട്ട് കണ്ടവർക്ക് ഒരു ഓർമ്മപ്പെടുത്തലാണ് താജ് ഹോട്ടൽ. കാലത്തിന്റേതായ പരിഷ്കാരങ്ങൾക്കിടയിലും ബംഗ്ളാവിന് ആ ശാന്തത ഇന്നുമുണ്ട്. ആ ശാന്തത ശരിയായി തിരിച്ചറിയുന്ന പഴയ ബംഗ്ളാവിന്റെ ഒരു ചിത്രം ഇപ്പോഴും ഒരിടത്ത് കണ്ടു. കോട്ടയം റെയിൽവേ സ്റ്റേഷൻ മാനേജരുടെ മുറിയിൽ ആ മനോഹര ചിത്രമുണ്ട്.
Content Highlights: kumarakom-baker-bungalow-taj-hotel
Published: 03 Aug 2025, 09:32 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented