
ജർമ്മനി, ഫ്രാൻസ്, ബൽജിയം എന്നീ രാജ്യങ്ങളുടെ ഇടയിലായി സ്ഥിതിചെയ്യുന്ന ചരിത്രപരമായി വളരെ സവിശേഷതകൾ ഉള്ള യൂറോപ്പിലെ ഒരു കൊച്ചു രാജ്യമാണ് ലക്‌സംബർഗ്. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനം ആസ്വദിക്കുന്ന ഒരു ജനതയുള്ള ഇവിടെ നിരവധി യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങളും ആഗോള ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളും ഉണ്ട്. ചരിത്രവും പ്രകൃതിസൗന്ദര്യവും ആധുനികതയും സമ്മേളിക്കുന്ന ഒരു മാന്ത്രിക നഗരമായ ലക്‌സംബർഗിൻറെ തലസ്ഥാനമായ ലക്‌സംബർഗ് സിറ്റിയിലൂടെ നടത്തിയ യാത്രയുടെവിശേഷങ്ങൾ നോക്കാം.
അതിരാവിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള നാല് മണിക്കൂർ സ്പീഡ് ട്രെയിൻ യാത്രക്കൊടുവിൽ ഗാരെ ലക്‌സംബർഗ് റെയിൽവേ സ്റ്റേഷനിൽ എത്തി. ഒരുദിവസത്തെ സന്ദർശനമായി ആണ് ഫ്രാങ്ക്ഫർട്ടിൽനിന്ന് ലക്‌സംബർഗിൽഎത്തിയിരിക്കുന്നത്. സ്റ്റേഷനിലെ ഇൻഫർമേഷൻ കൗണ്ടറിൽ കണ്ട ഉദ്യോഗസ്ഥനോട് ലക്‌സംബർഗ് സിറ്റിയിലേക്ക് പോകുന്നതിനെ പറ്റി അന്വേഷിച്ചു. അദ്ദേഹം അവിടേക്ക് പോകാനുള്ള ട്രാം സ്റ്റോപ്പ് പറഞ്ഞു തരികയും സിറ്റിയിൽ കാണാൻ ഉള്ള സ്ഥലങ്ങളെ പറ്റി വിശദീകരിക്കുകയും ചെയ്തു. മാത്രമല്ല അവിടുത്തെ ഒരു മാപ്പ് നൽകുകയും കൂടി ചെയ്തു. റെയിൽവേ സ്റ്റേഷന് മുന്നിൽ തന്നെയുള്ള സ്റ്റോപ്പിൽ എത്തി. വെട്ടിത്തിളങ്ങുന്ന സുന്ദരമായ ഒരു ട്രാം വന്നുനിന്നു, അതിൽ കയറി ലക്‌സംബർഗ് സിറ്റിയിലേക്ക് യാത്രയായി. ലക്‌സംബർഗിൽ പൊതുഗതാഗത (ട്രെയിൻ, ട്രാം, ബസ്) യാത്രകൾ എല്ലാവർക്കും സൗജന്യമാണ് എന്നൊരു സവിശേഷതയുണ്ട്. ആറര ലക്ഷം നിവാസികൾ ലക്സംബർഗിൽ ഉണ്ടെന്നാണ് കണക്ക്. ഇറ്റലി, ജർമനി, ഫ്രാൻസ്, പോർട്ടുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം ആൾക്കാർ
ഇവിടെ ജോലി ചെയ്യുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും ഉയർന്ന വാഹന സാന്ദ്രതയുള്ള പ്രദേശം ആണിവിടം. ലക്സംബർഗിയൻ കുടുംബങ്ങളിൽ പത്തിൽ ഒമ്പത് പേർക്കും വാഹനമുണ്ട്. വർധിച്ചുവന്ന റോഡിലെ തിരക്കുംമലിനീകരണവും കുറയ്ക്കുന്നതിനും കുറഞ്ഞ വരുമാനക്കാരെ സഹായിക്കുന്നതിനുമായി രാജ്യം 2020 ഫെബ്രുവരി മുതൽ എല്ലാവർക്കും സൗജന്യ പൊതുഗതാഗതം എന്ന ആശയം വിജയകരമായി പരീക്ഷിക്കുകയാണ് ചെയ്തത്. അങ്ങനെ പൊതുഗതാഗതം പൂർണമായും സൗജന്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ലക്സംബർഗ് മാറി.
ട്രെയിനിലും ട്രാമിലും ബസിലും യാത്ര ചെയ്തപ്പോൾ മനസ്സിലായത് പൊതുഗതാഗതയാത്ര വളരെ സൗകര്യപ്രദം ആണെന്നുള്ളതാണ്. അത് ഇനിയും കൂടുതൽ ആകർഷകമാക്കാനുള്ള ശ്രമത്തിലാണ് അവർ. ലക്സംബർഗിന് സമ്പന്നവും സങ്കീർണവുമായ ചരിത്രമാണുള്ളത്. ഇന്നത്തെ ലക്സംബർഗിലെ ജനവാസത്തിൻറെ ആദ്യ സൂചനകൾ ഏകദേശം 35,000 വർഷങ്ങൾക്ക് മുൻപ് പാലിയോലിത്തിക്ക് യുഗത്തിലേതാണ്.
ബിസി ആറാം നൂറ്റാണ്ട് മുതൽ കെൽറ്റിക് ഗോത്രങ്ങൾ റൈൻ, മ്യൂസ് നദികൾക്കിടയിലുള്ള ഈ പ്രദേശത്ത് സ്ഥിരതാമസമാക്കി. 963ൽ സീഗ്‌ഫ്രോയ്ഡ് ഓഫ് ആർഡെൻസിൻറെ കീഴിൽ ലൂസിലിൻബർഹക് (Lucilinburhuc) സിറ്റാഡൽ (ഇന്ന് ലക്സംബർഗ് കാസിൽ) നിർമിച്ചതാണ് ലക്സംബർഗ് നഗരത്തിന്റെയും രാജ്യത്തിന്റെയും തുടക്കം. റോമൻ സാമ്രാജ്യത്തിൻറെ കീഴിലായിരുന്ന ഇവിടം ഒരു പ്രധാന യൂറോപ്യൻ ശക്തിയായി മാറി. പിന്നീട് അതിന്റെ ചരിത്രത്തിലുടനീളം വിവിധ യൂറോപ്യൻ ശക്തികളായ ബർഗണ്ടിയൻസ്, ഹാബ്സ്ബർഗുകൾ, ഫ്രഞ്ചുകാർ, ഡച്ചുകാർ തുടങ്ങിയവരുടെയെല്ലാം ഭരണത്തിൻ കീഴിലായിരുന്നു. 1815-ൽ വിയന്ന കോൺഗ്രസ് ലക്സംബർഗിനെ ഒരു സ്വതന്ത്ര പ്രദേശമായി പ്രഖ്യാപിച്ചു. 1867-ൽ ഇതിന് പരമാധികാരം ലഭിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ലക്സംബർഗ് ജർമ്മൻ അധിനിവേശത്തിലായിരുന്നു. യുദ്ധാനന്തരം, ലക്സംബർഗ് യൂറോപ്യൻ ഏകീകരണത്തിൻറെ ഒരു പ്രധാന വക്താവും യൂറോപ്യൻ യൂണിയൻ, നാറ്റോ തുടങ്ങിയ സംഘടനകളുടെ സ്ഥാപക അംഗങ്ങളിൽ ഒന്നായും മാറി. ശക്തമായ സാമ്പത്തിക മേഖലയും ഉയർന്ന ജീവിത നിലവാരവുമുള്ള ഒരു രാജ്യം, യൂറോപ്യൻ യൂണിയൻറെയും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക കേന്ദ്രം കൂടിയാണ് ലക്സംബർഗ്. ഇന്ന് ലക്സംബർഗ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ്.അഡോൾഫാ പാലത്തിന് സമീപമുള്ള സെന്റർ ബഡാൻസ്റ്റാൾട് സ്റ്റോപ്പിൽ ഞാൻ ഇറങ്ങി. നല്ല വെയിൽ ഉണ്ടെങ്കിലും അസഹനീയമായ തണുപ്പ്. ആദ്യം തന്നെ അഡോൾഫ് ബ്രിഡ്ജിലേക്കാണ് നടന്നത്. പാലത്തിന് രണ്ട് തട്ടുകളുണ്ട്.
മുകളിലത്തെ തട്ടിലൂടെ വാഹനങ്ങളും ട്രാമും കടന്നുപോകുന്നു. താഴെയുള്ള തട്ടിലൂടെ സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ സൗകര്യമുണ്ട്. ലക്സംബർഗിൻറെ പ്രതീകമായി മാറിയ ഈ പാലത്തിൻറെ ഇടത്തട്ടിലൂടെ നടക്കുമ്പോൾ ഇരുവശത്തുമുള്ള കാഴ്ചകൾ അതിമനോഹരമായിരുന്നു. അഡോൾഫ് ബ്രിഡ്ജിൻറെ ചരിത്രം ലക്‌സംബർഗ് രാജ്യത്തിൻറെ ആധുനികതയിലേക്കുള്ള പരിവർത്തനത്തിൻറെ ആധാരശിലയെയാണ് പ്രതിനിധീകരിക്കുന്നത്.
1903-ൽ എൻജിനീയർ പോൾ സേഗൻറെ നേതൃത്വത്തിൽ കല്ലുകൊണ്ട് നിർമിച്ചിരിക്കുന്ന ഈ പാലം അതിൻറെ വലിയ കമാനങ്ങൾക്ക് പേരുകേട്ടതാണ്. ഏകദേശം 85 മീറ്റർ നീളമുണ്ട് ഇതിൻറെ മധ്യ കമാനത്തിന്, അക്കാലത്തെ ലോകത്തെ ഏറ്റവും വലിയ കമാന പാലങ്ങളിൽ ഒന്നായിരുന്നു ഇത്. ഗ്രാൻഡ് ഡ്യൂക്ക് അഡോൾഫിൻറെ പേരിലുള്ള ഈ പാലം ലക്‌സംബർഗ് നഗരത്തിൻറെ പുതിയ ഭാഗത്തെ പഴയ നഗരവുമായി ബന്ധിപ്പിക്കുന്നു. ഇന്ന് അഡോൾഫ് ബ്രിഡ്ജ് ലക്‌സംബർഗിൻറെ ഒരു അഭിമാന പ്രതീകമായി നിലകൊള്ളുന്നു. പാലത്തിലൂടെ തിരികെ നടന്ന് സമീപമായുള്ള കോൺസ്റ്റിറ്റ്യൂഷൻ സ്‌ക്വയറിലെത്തി. ഉയരമുള്ള ഒരു സ്തൂപത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്വർണ നൈക്കി (Nike) ദേവതയുടെ ശിൽപം കണ്ടു. gelle fra (Golden Lady) എന്നറിയപ്പെടുന്ന ഇത് ലക്‌സംബർഗിൻറെ സ്വാതന്ത്ര്യത്തിൻറെയും ആസൂത്രിതമായ വിപ്ലവങ്ങളുടെയും പ്രതീകമാണ്. 1923-ൽ സ്ഥാപിച്ച കനകവർണമുള്ള ഈ ശിൽപം ഗ്രീക്ക് ദേവതയായ നൈക്കി (Victory) ഒരു വിജയ കിരീടം അണിയുന്ന രീതിയിലാണ് നിൽക്കുന്നത്. ഒബലിസ്കിൻറെ ചുവട്ടിൽ ഫ്രാൻസിനായി സേവനമനുഷ്ഠിച്ച ലക്സംബർഗിലെ രണ്ട് സൈനികരുടെ പ്രതിമകളും ഉണ്ട്.
ആദ്യ ലോകമഹായുദ്ധത്തിൽ വീരമൃത്യുവരിച്ച ലക്‌സംബർഗ് സൈനികരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ഗല്ലേ ഫ്രാ,പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനിടെ നാസികൾ കൈയേറിയതോടെ തകർത്തു നീക്കി. 1980കളിൽ ശിൽപത്തിൻറെ ഭാഗങ്ങൾ കണ്ടെത്തി പുനസ്ഥാപിച്ചതാണ് ഇപ്പോൾ കാണുന്നത്. ആധുനിക ലക്‌സംബർഗിൻറെ സ്വാതന്ത്ര്യബോധത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്ന ഈ ശിൽപം സഞ്ചാരികൾക്ക് ആകർഷക കേന്ദ്രമാണ്. ഇവിടെവെച്ച് ഞാൻ സ്പെയിനിലെ ബാഴ്സലോണ സ്വദേശിയായ സെർജിയോയെ പരിചയപ്പെട്ടു.
എന്നെപ്പോലെ തന്നെ ഇവിടം മുഴുവൻ നടന്ന് കാണാൻ എത്തിയതാണ് അദ്ദേഹവും. പിന്നീടുള്ള നഗരക്കാഴ്ചകൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. അവിടെ നിന്ന് ലക്‌സംബർഗ് സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നോത്ര ദാം കത്തിഡ്രലിലേക്ക് ഞങ്ങൾ നടന്നു (Notre-Dame Cathedral). കത്തീഡ്രലിൻറെ മൂന്ന് ടവറുകൾ ഭംഗിയോടെ ആകാശത്തേക്ക് ഉയർന്നിരിക്കുന്നു. നഗരത്തിൻറെ സാംസ്‌കാരികവും മതപരവുമായ പ്രതീകമാണ് ഈ ദേവാലയം. 17-ആം നൂറ്റാണ്ടിൽ ജെസ്യൂട്ട് വിഭാഗക്കാർ നിർമിച്ച ഗോഥിക് ശൈലിയിലുള്ള ഈ ദേവാലയം, ഫ്രാൻസ്-ബെൽജിയം പ്രദേശങ്ങളിൽ കാണുന്ന പൈതൃക കത്തീഡ്രൽ ശൈലികളിലുള്ളതാണ്. ശാന്തമായ അന്തരീക്ഷം ഉള്ളിൽ. പ്രധാനമായും ഗോഥിക് ശൈലി, എന്നാൽ റിനൈസൻസ് ലാളിത്യവും ബറോക്ക് അലങ്കാരങ്ങളുമുണ്ട്. അതിൻറെ സ്റ്റെയിൻഡ് ഗ്ലാസ് ജനാലകൾ ശരിക്കും ഒരു കലാസൃഷ്ടിയാണ്. വിശുദ്ധ മാതാവിനായി സമർപ്പിച്ചിരിക്കുന്നതാണ് കത്തീഡ്രലിൻറെ പ്രധാന ആൾത്താര. ഔർ ലേഡി ഓഫ് ലക്‌സംബർഗ് (Our Lady of Luxembourg) എന്നാണ്കന്യാമറിയത്തെ വിശ്വാസികൾ ആദരവോടെ വിളിക്കുന്നത്,
പ്രത്യേകിച്ച് Comforter of the Afflicted എന്ന ശീർഷകത്തിൽ. 1624-ൽ ജസ്യൂട്ട് മതപണ്ഡിതന്മാർ കൊണ്ടുവന്ന പ്രതിമ, നോത്ര ദാം കത്തീഡ്രലിൽ സ്ഥാപിക്കപ്പെട്ടതോടെയാണ് ലക്‌സംബർഗിൻറെ സംരക്ഷികയായിത്തീർന്നത്. മഹാമാരികളും യുദ്ധങ്ങളുമായി ബന്ധപ്പെട്ടു വന്ന ദുരിതകാലങ്ങളിൽ ജനങ്ങൾ ഈ ദൈവമാതാവിൽ അഭയം തേടി പ്രാർഥിച്ചിരുന്നത് ആധ്യാത്മികമായ ഐക്യത്തിൻറെ അടയാളമായി മാറി. ലക്‌സംബർഗ് രാജകുടുംബ ഗ്രാൻഡ് ഡ്യൂക്കുമാരുടെയും ഡച്ചസ്മാരുടെയും ശവസംസ്കാര ചടങ്ങുകൾ നടന്നതും അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ്. സമീപമായുള്ള നാഷണൽ മോണുമെന്റ് ഓഫ് ദി സോളിഡാരിറ്റി (Monument National de la Solidarité Luxembourgeoise) എന്നത്, രണ്ടാം ലോകമഹായുദ്ധത്തിൽ നാസി അധിനിവേശകാലത്ത് ലക്‌സംബർഗ് ജനതയിലുണ്ടാക്കിയ ധൈര്യവും ഐക്യവും അനുസ്മരിക്കുന്നതിനായുള്ളതാണ്. 1971-ൽ അന്നത്തെ ഗ്രാൻഡ് ഡച്ചസ് ജോസഫൈൻ ഷാർലോട്ട് അനാവരണം ചെയ്തതാണ് ഈ സ്മാരകം.
നഗരത്തിൻറെ ഹൃദയഭാഗത്തുള്ള ഗ്രാൻഡ് ഡ്യൂക്കൽ പാലസ് ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. അതിമനോഹരമായ ഈ കെട്ടിടം ലക്സംബർഗിൻറെ രാജകീയ പ്രൗഢി വിളിച്ചോതുന്നു. പുറമെ നിന്നുള്ള കാഴ്ചയിൽ തന്നെ അതിൻറെ മനോഹരമായ വാസ്തുവിദ്യ ആരെയും ആകർഷിക്കുന്നതാണ്. അവിടെനിന്ന് പ്രശസ്തമായ ബോക്ക് കാസമറ്റുകളുടെ സമീപത്തേക്കാണ് ഞങ്ങൾ നടന്നത്. UNESCO സംരക്ഷിത പ്രദേശമായ ഇവിടങ്ങളിൽ വാക്കിങ് ടൂറുകൾ ചെയ്യുന്ന നിരവധി ഗ്രൂപ്പുകളെ കണ്ടു. ബോക്ക് കാസമറ്റുകൾ (Bock Casemates) എന്നത് യൂറോപ്പിൻറെ സൈനികചരിത്രത്തിൽ അത്യന്തം പ്രസിദ്ധമായ ഒരു ഭൂഗർഭ പ്രതിരോധ സംവിധാനം ആണ്. 17-ആം നൂറ്റാണ്ടിൽ പ്രകൃതിദത്തമായ ബോക്ക് പ്രോമനെഡിൻറെ അടിയിൽ കല്ലിൽ കൊത്തി നിർമിച്ച ഈ തുരങ്കങ്ങളും ഗുഹകളും, ആക്രമണങ്ങളിൽനിന്ന് പട്ടണത്തെ സംരക്ഷിക്കുന്നതിൽ നിർണായകമായിരുന്നു.
ഏകദേശം 18 കിലോമീറ്റർ നീളമുണ്ട് ഈ ഗുഹാസമൂഹത്തിന്. പലതവണ പുതുക്കിയും വിപുലീകരിച്ചും ഉപയോഗിക്കപ്പെട്ട ഈ കാസമറ്റുകൾ ലോക മഹായുദ്ധകാലങ്ങളിൽ സൈനിക സുരക്ഷാ കേന്ദ്രങ്ങളായി മാറി. രണ്ടാം ലോക മഹായുദ്ധകാലത്ത് 35,000-ഓളം ആളുകൾക്ക് അഭയം നൽകുന്ന ഒരു ബോംബ് ഷെൽട്ടറായി ഇത് വർത്തിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. തുരങ്കങ്ങളുടെ അടുത്തുനിന്നുള്ള നഗരത്തിൻറെ പനോരമിക് ദൃശ്യം ശരിക്കും മനോഹരമായിരുന്നു. അൽസെറ്റ് താഴ്‌വരയുടെ പച്ചപ്പും നഗരത്തിൻറെ മനോഹാരിതയും അവിടെ നിന്നാൽ കാണാം. ഞങ്ങൾ പിന്നെയും നടന്നു.
ചരിത്രപ്രസിദ്ധമായ സ്പാനിഷ് ടററ്റ് (Spanish Turret) ഇവിടുത്തെ ഒരു പ്രധാന കാഴ്ചയാണ്. പഫെന്താൽ (Pfaffenthal) പ്രദേശത്ത് നിന്ന് നോക്കുമ്പോൾ ചുവന്ന പാലം എന്ന് അറിയപ്പെടുന്ന ഗ്രാൻഡ് ഡച്ചസ് ഷാർലറ്റ് ബ്രിഡ്ജ് (Grand Duchess Charlotte Bridge) കാണാൻ സാധിക്കും. ഈ പ്രദേശത്ത് നിന്ന് കാണാവുന്ന മറ്റൊരു പ്രധാന ചരിത്ര സ്മാരകമാണ് ഫ്രഞ്ച് കാലത്ത് നിർമിച്ച വോബാൻ-സീഹെൻടോർ (Vauban-Siechentor). കൂടാതെ, ബെയ്ൻചെൻ (Béinchen) എന്നറിയപ്പെടുന്ന കല്ലുപാകിയ കാൽനടപ്പാലവും ഇവിടെ നിന്ന് ദൃശ്യമാണ്. പിന്നീട് ഷെമിൻ ഡെ ലാ കോർണിഷിലൂടെ ഞങ്ങൾ നടന്നു. യൂറോപ്പിലെ ഏറ്റവും മനോഹരമായ ബാൽക്കണി എന്ന് ഇതിനെ വിശേഷിപ്പിക്കുന്നത് എത്ര ശരിയാണെന്ന് മനസ്സിലായി. പഴയ കോട്ടമതിലുകളിലൂടെയുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ താഴെയുള്ള ഗ്രണ്ട് (Grund) പ്രദേശത്തിൻറെയും നദിയുടെയും കാഴ്ചകൾ ശരിക്കും മനംമയക്കുന്നതായിരുന്നു.
താഴ്‌വരയിൽ അൽസെറ്റ് നദി ശാന്തമായി ഒഴുകുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. വെൻസൽ സർക്കുലർ വാക്ക് എന്ന നഗരത്തിൻറെ ചരിത്രപരമായ ഭാഗങ്ങളിലൂടെ നടന്ന് താഴെ ഗ്രണ്ടിൽ എത്തി, മനോഹരമായ പഴയ കെട്ടിടങ്ങൾ, ചെറിയ കഫേകൾ, കല്ലുപാകിയ വഴികൾ - എല്ലാംകൂടി ഒരു പ്രത്യേക അനുഭവം. കുറച്ചു സമയം അവിടെ ചെലവഴിച്ചതിനുശേഷം തിരികെ ഒരു ബസിൽ കയറി ഞങ്ങൾ വീണ്ടും സിറ്റിയിൽ എത്തി. അവിടെ കണ്ട കോഫി ഷോപ്പിൽ കയറി ഒരു കാപുച്ചിനോ കോഫി കുടിച്ചശേഷം സെർജിയോയോട് യാത്ര പറഞ്ഞു. ലക്‌സംബർഗ് സിറ്റിയിലെ പഴയ നഗരപ്രദേശമായ വില്ലെ ഹൌട്ട്‌ന് (Ville Haute) തൊട്ടടുത്തായി നിലനിൽക്കുന്ന ആധുനിക നഗരകേന്ദ്രമായ കിർഷ്ബെർഗിലേക്കുള്ള (Kirchberg) ട്രാമിൽ ഞാൻ കയറി. ഇവിടെയാണ് ലക്‌സംബർഗ് നഗരത്തിൻറെ ‘പുതിയ മുഖം’. യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾ, ആധുനിക കെട്ടിടങ്ങൾ, സാമ്പത്തിക ആസ്ഥാനങ്ങൾ, ഗ്ലാസ് ടവറുകൾ, ബ്രോഡ് വേ ലൈനുകൾ തുടങ്ങിയവയൊക്കെ ചേർന്ന ഒരു സുന്ദരമായ നഗരദൃശ്യം.
ഇവിടെയാണ് യൂറോപ്യൻ പാർലമെന്റും യൂറോപ്യൻ കമ്മീഷന്റെയും മറ്റ് യൂറോപ്യൻ സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങളുള്ളത്. Court of Justice of the European Union (CJEU), European Investment Bank (EIB) European Court of Auditors എന്നിവയാണ് ഇവിടെയുള്ള മറ്റ് പ്രധാന സ്ഥാപനങ്ങൾ. കിർഷ്ബെർഗിനെ EU Capital of Justice എന്ന പേരിലറിയപ്പെടുന്നു. ലോകത്തിലെ വലിയ ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങൾ ഇവിടെയാണ്. KPMG, Deloitte, PwC, EY തുടങ്ങിയ ആഗോള Big 4 ബിസിനസ്സ് ഭീമന്മാർക്ക് കിർഷ്ബെർഗിൽ ആസ്ഥാനങ്ങളുണ്ട്. ട്രാമിൽ
ഫിൽഹാർമണി ലക്‌സംബർഗ് (Philharmonie Luxembourg) എന്ന ആധുനിക സംഗീതകച്ചേരികൾക്കായി നിർമ്മിച്ച ഒരു വലിയ നിർമ്മിതിയുടെ അടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി. അതിൻറെ വലിയ വെള്ള തൂണുകളും മേൽക്കൂരയും ഇതിനെ മനോഹരമായ ഒരു ആധുനിക നിർമ്മിതിയാക്കുന്നു.
യൂറോപ്പിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലക്സംബർഗിൽ 160-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്നു, ഇത് നഗരത്തിന് ഒരു കോസ്മോപൊളിറ്റൻ സ്വഭാവം നൽകുന്നു. ലക്സംബർഗ് സിറ്റിയിൽ ഏത് ദിശയിലേക്ക് നോക്കിയാലും സുന്ദരവും അതിശയകരവുമായ കാഴ്ചകളായിരുന്നു. ഇവിടുത്തെ നിരത്തുകളുടെ വൃത്തിയും പൊതുഗതാഗതത്തിന്റെ കാര്യക്ഷമതയും എടുത്ത്പറയേണ്ടത് തന്നെയാണ്. ലോകമെമ്പാടും മാതൃകയാക്കാവുന്ന ഇവിടുത്തെ പൊതുഗതാഗത സംവിധാനമായ ബസിലും ട്രാമിലുമായി നഗരം മുഴുവൻ സൗജന്യമായി സഞ്ചരിച്ചപ്പോൾ മനസ്സ് നിറഞ്ഞു. വൈകുന്നേരത്തോടെ തിരികെ ഹോട്ടലിലേക്ക്. നാളെ രാവിലെ ബെൽജിയം തലസ്ഥാനമായ ബ്രസ്സൽസിലേക്കാണ് യാത്ര. ലക്‌സംബർഗ് നഗരം പോലെ തന്നെ, ഇവിടുത്തെ ഗ്രാമപ്രദേശങ്ങളും അതിമനോഹരമാണ്. പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്ക്, ഇവിടത്തെ കോട്ടകളും കാടും കുന്നും മുന്തിരിത്തോട്ടങ്ങളും എല്ലാം വശ്യമായ അനുഭവങ്ങളാണ് എന്ന് കേട്ടിട്ടുണ്ട്. ഇനിയൊരു അവസരത്തിൽ അവിടങ്ങൾ കൂടി സന്ദർശിക്കണം എന്ന് മനസ്സിൽ കുറിച്ചിട്ടു.
ലക്സംബർഗ് സിറ്റി സന്ദർശിച്ചത് മറക്കാനാവാത്ത യാത്രാനുഭവങ്ങളിൽ ഒന്നായിരുന്നു. മലകളും താഴ്‌വരകളും കോട്ടകളും ആധുനികതയും ഒരുമിച്ച് ചേർന്ന ഈ നഗരം ശരിക്കും ഒരു അത്ഭുതമാണ്, നഗരത്തിൻറെ സൗന്ദര്യവും ശാന്തതയും ആരെയും ആകർഷിക്കുന്നതാണ്. ചരിത്രത്തെയും ആധുനികതയെയും ഇവിടം മനോഹരമായി കൂട്ടിയിണക്കുന്നു. ഓരോ കോണിനും ഓരോ കഥ പറയാനുണ്ട്, ഇവിടുത്തെ ഓരോ കാഴ്ചയും ഓരോ അനുഭവങ്ങളാണ്.
Content Highlights: Discover Luxembourg, the world`s highest per capita income nation. Experience free public transport and stunning sights in this European gem. Plan your trip today!
Published: 12 Dec 2025, 11:48 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented