ഫോട്ടോ പി. ജയേഷ്
വിവിധ പ്രദേശങ്ങളുടെ സാംസ്‌കാരിക വിനിമയത്തിനുള്ള പ്രധാനോപാധി എന്ന നിലയിലും, ഏതൊരു ഗവണ്‍മെന്റിന്റെയും പൊതു വരുമാനത്തിലേക്ക് ഗണ്യമായ സംഭാവന നല്‍കുന്ന സാമ്പത്തിക സ്രോതസ്സ് എന്ന നിലയിലും കാലദേശഭേദമന്യേ പ്രസക്തമാകുന്ന മേഖലയാണ് വിനോദ സഞ്ചാരം (ടൂറിസം). ഈ ദ്വിമുഖ സവിശേഷത തന്നെയാണ് പ്രസ്തുത മേഖലയിലെ നൂതനവും മൗലികവുമായ സാധ്യതകള്‍ കണ്ടെത്തുവാന്‍ വ്യക്തികളേയും ഭരണകൂടങ്ങളേയും പ്രേരിപ്പിക്കുന്നത്. അത്തരത്തില്‍ വികേന്ദ്രീകരണ (De-cetnralised planing) പദ്ധതികളിലൂടെ പ്രാദേശിക ടൂറിസത്തിന്റെ സാധ്യതകളെ എങ്ങനെ ഉപയോഗിക്കാം എന്ന ആലോചനയാണിത്.
ലോകത്തിലെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളിലും സാമ്യപ്രകൃതത്തോടെ (Analogical nature) നടന്നുവരുന്ന പ്രാദേശികവും, ദേശീയവും, അന്തര്‍ദേശീയവുമായ ഒരേയൊരു പ്രവൃത്തിയാണ് ടൂറിസം. സാംസ്‌കാരിക വിനിമയത്തിലൂന്നിയുള്ള സാമ്പത്തിക - സാമൂഹിക ക്രയവിക്രിയങ്ങള്‍ക്കുള്ള മാര്‍ഗ്ഗം എന്ന വ്യവസായിക തലത്തില്‍ ദേശീയവും, അന്തര്‍ദേശീയവുമായ ടൂറിസത്തെ പൊതുവായി വിലയിരുത്തുമ്പോള്‍; തേടാനും, കണ്ടെത്താനും, അറിയാനും, അനുഭവിക്കാനുമുള്ള മനുഷ്യരുടെ സ്വാഭാവികമായ അഭിവാഞ്ജകളെ തൃപ്തിപ്പെടുത്തുന്ന പ്രധാന മാര്‍ഗ്ഗമെന്ന നിലയിലാണ് പ്രാദേശിക ടൂറിസത്തെ നാം പ്രാഥമികമായി വിലയിരുത്തേണ്ടത്. ടൂറിസത്തില്‍ വികേന്ദ്രീകരണ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ത്രിതലങ്ങള്‍ (International – National - Regional) തമ്മിലുള്ള അകലം ഇല്ലാതാവുകയും അത് മേല്‍ സൂചിപ്പിച്ച ആവശ്യങ്ങൾ (Cultural economical and social needs) നിറവേറ്റുന്നതിന് സമൂഹത്തെ കൂടുതല്‍ കാര്യക്ഷമമായി സഹായിക്കുകയും ചെയ്യുന്നു.
വിനോദ സഞ്ചാരികളുടെ ഇഷ്ട രാജ്യമായ ഇന്ത്യയുടെ രണ്ട് ദിശകള്‍ അക്ഷരാര്‍ത്ഥത്തില്‍, വിനോദ സഞ്ചാരത്തിന്റെ പറുദീസകളാണ്. വടക്ക് കാശ്മീര്‍ 'ഭൂമിയിലെ സ്വര്‍ഗ്ഗമായും' തെക്ക് കേരളം 'ദൈവത്തിന്റെ സ്വന്തം നാടായും' ലോകടൂറിസം ഭൂപടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ഇതില്‍ നമ്മുടെ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളില്‍ തദ്ദേശീയമായ പദ്ധതികള്‍ക്ക് വഹിക്കാനുള്ള സുപ്രധാനമായ ഇടപെടലിനെയാണ് 'ടൂറിസത്തിന്റെ വികേന്ദ്രീകരണത്തിലൂടെ' നാം ആവിഷ്‌ക്കരിക്കേണ്ടത്. അതിനുള്ള പദ്ധതികളെ പറ്റി ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വന്നത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ചില മുന്‍ മാതൃകകളാണ്.
%20(3).jpg?$p=0163ef1&&q=0.8)
അതിലൊന്നാണ് 'കൗച്ച് സര്‍ഫിംഗ്'. ഒരു പ്രദേശത്തെ കൂടുതലറിയാനുള്ള ഉപാധി എന്ന നിലയിലാണ് കൗച്ച് സര്‍ഫിംഗ് കമ്മ്യൂണിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. സഞ്ചാരികള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ കൂടുതല്‍ ദിവസങ്ങള്‍ താമസിച്ച് അവിടങ്ങളിലെ വ്യത്യസ്തങ്ങളായ പ്രത്യേകതകളും സാമൂഹിക വിഭവങ്ങളും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുക എന്നതാണ് 'കൗച്ച് സര്‍ഫിംഗ്'. 2003ല്‍ യു.എസ്സിലെ ന്യൂഹാപ്‌ഷെയറില്‍ ആരംഭിച്ച ഈ പദ്ധതി ഇന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഒരു കോടി ഇരുപത് ലക്ഷം അംഗങ്ങളുള്ള ടൂറിസ്റ്റ് കമ്മ്യൂണിറ്റിയായി പര്‍ന്ന് പന്തലിച്ചിരിക്കുന്നു. ഇതിനോട് ചേര്‍ത്ത് പറയാന്‍ കഴിയുന്ന മറ്റൊരു ഇടപെടലാണ് ' ടെന്റ് ഗ്രാം' എന്ന സ്വകാര്യ കമ്പനി ആവിഷ്‌കരിച്ച ടൂറിസം പദ്ധതി. കേരളത്തില്‍ വയനാട് ജില്ലയിലെ 900 കണ്ടി ടെന്റ്ഗ്രാം ഏറ്റെടുത്ത് ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത് നവീനമായ ടൂറിസം പദ്ധതിക്ക് മികച്ച ഉദാഹരണമാണ്.
അതോടൊപ്പം തന്നെ ലോകമാകെ അംഗീകരിച്ച മറ്റൊരു ആശയമാണ് 'റെസ്‌പോണ്‍സിബിള്‍ ടൂറിസം' - അതിഥിയെ ആതിഥേയന്റെ തലത്തിലേക്ക് കൊണ്ട് വരികയാണ് ഈ ആശയത്തിലൂടെ. സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ വൈവിധ്യ പൂര്‍ണ്ണമായ ടൂറിസം അനുഭവങ്ങള്‍ ലഭിക്കുവാന്‍ സഹായിക്കുന്ന ഈ കാഴ്ചപ്പാടിലൂടെ സാംസ്‌കാരികവും, സാമൂഹികവുമായ ഘടകങ്ങളുടെ ആസ്വാദനത്തില്‍ വ്യത്യസ്തമായ അവസരങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭിക്കുന്നു. അല്ലാത്തപക്ഷം വൈവിധ്യങ്ങള്‍ അകന്ന് സ്വദേശങ്ങളുടെ സവിശേഷതകള്‍ തന്നെ (ഉദാ: താമസസ്ഥലം, കാലാവസ്ഥ, ഭക്ഷണം ) ലഭിക്കുവാന്‍ സാഹചര്യമൊരുങ്ങുകയും അത് വിനോദ സഞ്ചാരത്തെ പിറകോട്ട് വലിക്കുകയും ചെയ്യുന്നു. ഇത്തരം മുന്‍ മാതൃകകളുടെ വെളിച്ചത്തിലാണ് ടൂറിസത്തിന്റെ വികേന്ദ്രീകരണം എന്ന ആശയത്തെ നാം വിലയിരുത്തേണ്ടത്. തീര്‍ത്തും പ്രാദേശീയമായ ഇടപെടലാണ് ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്ന പ്രധാന പ്രത്യേകത. കേരളത്തില്‍ ഇത്തരം പ്രാദേശികമായ പര്യവേഷണം (Exploration) നടന്നിട്ടുള്ളത് അടുത്ത കാലത്ത് കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിച്ച 'ബജറ്റ് ടൂര്‍' പദ്ധതിയിലൂടെയാണ്. എന്നാല്‍ കേവല സ്ഥല സൗന്ദര്യാസ്വാദനം എന്നതിനപ്പുറത്തേക്ക് ആഴത്തിലുള്ള അനുഭവങ്ങളോ, സാമ്പത്തിക പ്രവര്‍ത്തനങ്ങളോ ഇവിടെ ഉണ്ടാകുന്നില്ല.

ടൂറിസത്തിന്റെ വികേന്ദ്രീകരണം പ്രാദേശിക തലത്തില്‍ ആവിഷ്‌കരിക്കുന്നതിന് ലേഖകന്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ഘടകം പൊതുഗതാഗത സംവിധാനം തന്നെയാണ്. എന്നാലത് ബജറ്റ് ടൂര്‍ പദ്ധതിയുടെ അനുകരണമല്ല. ടൂറിസത്തിന്റെ വികേന്ദ്രീകരണത്തിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും, തദ്ദേശീയരായ വ്യക്തികള്‍ക്കും, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനും, കെ.എസ്.ആര്‍.ടി.സി യ്ക്കും കാര്യമായ സാമ്പത്തിക നേട്ടം ഉറപ്പു വരുത്തുന്നതിനൊപ്പം സഞ്ചാരികള്‍ക്ക് കൗച്ച് സര്‍ഫിംഗ് പോലെയുള്ള മാതൃകകളിലെന്ന പോലെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിനോദസഞ്ചാരാനുഭവം ലഭിക്കുകയും ചെയ്യുന്നു.
വിനോദ വ്യവസായ വ്യവസ്ഥകളില്‍ നിലവിലുണ്ടായിരുന്ന ഇടങ്ങളില്‍ കൃത്യമായ മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെ സ്ഥാനമുറപ്പിച്ച യൂബര്‍ ടാക്‌സി, ഓയോ റൂമുകള്‍ പോലെയുള്ള സംരംഭങ്ങള്‍ ചെയ്തതുപോലെ, മുഖ്യധാരാ വിനോദസഞ്ചാര മേഖലയുടെ ഓരം ചേര്‍ന്ന് നില്‍ക്കുന്ന പ്രാദേശിക സാമൂഹിക വ്യവസ്ഥകളില്‍ (ഭക്ഷണം മുതല്‍ കലകള്‍ വരെ) എങ്ങനെ ടൂറിസത്തെ ഒരു ബിസിനസ്സ് സ്ട്രാറ്റജി എന്ന നിലയില്‍ പ്രയോഗിക്കാം എന്ന ചോദ്യത്തിനുത്തരമാണ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റേയും കെ.എസ്.ആര്‍.ടി.സിയുടേയും കൈകോര്‍ക്കല്‍. ലോകത്തിന്റെ ഏതു കോണിലുമുള്ള സഞ്ചാരികള്‍ക്കും കേരളത്തിലെ ഏത് പ്രാദേശിക സംസ്‌കാരത്തിലേക്ക് എത്തിപ്പെടാനും ആവശ്യമുള്ള ദിവസങ്ങള്‍ അവര്‍ തിരഞ്ഞെടുത്ത ദേശങ്ങളില്‍ തങ്ങുവാനും സൗകര്യമൊരുക്കുവാന്‍ ഇടപെടേണ്ടത് 3 വിഭാഗമാണ്.
1. കേരള സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്
2. കെ.എസ്.ആര്‍.ടി.സി
3. പ്രാദേശിക പ്രതിനിധി (വ്യക്തി/ കൂട്ടായ്മ)
ഇവിടെ ആദ്യം പ്രവര്‍ത്തിക്കേണ്ടത് പ്രാദേശിക പ്രതിനിധകളാണ്. തങ്ങളുടെ പ്രദേശത്തുള്ള ആകര്‍ഷകമായ സ്ഥല/സൗന്ദര്യ/ ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍, കാലാവസ്ഥകള്‍, തനതു രുചികള്‍, ആചാരനുഷ്ഠാനങ്ങള്‍ തുടങ്ങിയ എല്ലാ പ്രത്യേകതകളും; സഞ്ചാരികളെ സ്വീകരിക്കാനുള്ള സുരക്ഷിതമായ താമസ - ഭക്ഷണ സൗകര്യമടക്കം തയ്യാറാക്കിയ ശേഷമുള്ള സന്നദ്ധതയും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ച് കൊണ്ട് ഒരു ഗൈഡ് ആയി മാറുക എന്നതാണ് അവരുടെ ചുമതല. (അധികൃതര്‍ക്ക് ഇത്തരം പ്രാദേശിക പ്രതിനിധികളെ കണ്ടെത്തി വേണ്ടവിധം സജ്ജീകരിക്കാവുന്നതുമാണ്). ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഇതിന്റെ നിജസ്ഥിതികള്‍ പരിശോധിച്ചുറപ്പിച്ചതിനു ശേഷം തങ്ങളുടേയും, കെ.എസ്.ആര്‍.ടി.സിയുടേയും നിര്‍ദ്ദിഷ്ട സൈറ്റുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും പാക്കേജുകള്‍ സഞ്ചാരികളിലെത്തിക്കുന്നു. പാക്കേജിന്റെ തുകയടക്കമുള്ള അനുബന്ധകാര്യങ്ങളെല്ലാം ഇതോടൊപ്പം ആവശ്യക്കാരിലെത്തിക്കേണ്ടതുണ്ട്. അതിഥികള്‍ തയ്യാറായി കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. അവരുടെ സ്ഥിതിഗതികളും വ്യക്തിവിവരങ്ങളും സൂക്ഷമമായി വിലയിരുത്തിയ ശേഷം കെ.എസ്.ആര്‍.ടി.സി ഏര്‍പ്പാടാക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് അവരാവശ്യപ്പെടുന്ന ഇടങ്ങളില്‍ ഏത്തിച്ച് പ്രാദേശിക പ്രതിനിധികളെ ഏല്‍പ്പിക്കുന്നു. നിര്‍ദ്ദിഷ്ട സമയത്തിന് (ദിവസങ്ങള്‍/ ആഴ്ചകള്‍/ മാസങ്ങള്‍) ശേഷം പിന്നീടവരെ തിരികെ ഏറ്റുവാങ്ങി സുരക്ഷിതരായി മടക്കി അയക്കുന്നു. ഇതിനിടയില്‍ ആദ്യാവസാനം നടക്കുന്ന എല്ലാ കാര്യങ്ങളും പ്രായോഗികമാവുന്നതിന് കൃത്യവും സൂക്ഷ്മമവുമായ പഠന പരിശോധനകളും, പിഴവറ്റ ആസൂത്രണവും ആവശ്യമാണ്.
.jpg?$p=0c5aaef&&q=0.8)
ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിന്റെ സാമ്പത്തിക ലാഭം പ്രാദേശിക പ്രതിനിധി/ കെ.എസ്.ആര്‍.ടി.സി/ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ക്കായി വിഭജിക്കപ്പെടുന്നു. അങ്ങനെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും ഗുണകരമായ ഒന്നായി ടൂറിസം മാറുന്നു. അത് തന്നെയാണീ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയും പ്രാധാന്യവും.
ഇതോടൊപ്പം അതിഥികള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. പ്രാദേശികമായ കാലാവസ്ഥകള്‍, പാരിസ്ഥിതിക വിഭവങ്ങള്‍ എന്നിവ സഞ്ചാരികള്‍ക്ക് മതിയാവോളം ആസ്വദിക്കാന്‍ കഴിയുന്നു. കലകള്‍, ഭാഷ/ പദങ്ങള്‍ കൈത്തൊഴിലുകള്‍ തുടങ്ങിയവ പരിശീലിക്കാന്‍ കഴിയുന്നു. ആചാരാനുഷ്ഠാനങ്ങള്‍ മറ്റ് സാംസ്കാരിക സന്ദര്‍ഭങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ കഴിയുന്നു. വിഭവങ്ങളും തനതു രുചികളും ആസ്വദിക്കുന്നതിനോടൊപ്പം വിവിധ രുചിക്കൂട്ടുകളും പാചകവും പഠിക്കാന്‍ സാധിക്കുന്നു. ഇവയൊക്കെ വളരെ വിശാലമായ തലത്തില്‍ ആവിഷ്‌ക്കരിക്കാന്‍ കഴിയുന്ന സാധ്യതകളാണ്. ഇതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രാധാന്യം. ഇങ്ങനെ പലവിധമായ തലങ്ങളാണ് വികേന്ദ്രീകരണത്തിലൂടെ വിനോദ സഞ്ചാര മേഖലയ്ക്ക് തുറന്നുകിട്ടുന്നത്.
ടൂറിസം മേഖലയുടെ അതിരുകളില്ലാത്ത വികാസത്തിന്റെ സുപ്രധാന ഘടകങ്ങളാണ് വൈവിധ്യങ്ങളും സാമൂഹിക സുരക്ഷിതത്വവും. ഇവ ഉറപ്പിച്ചുകൊണ്ടുള്ള തദ്ദേശീയമായ വികേന്ദ്രീകരണ പദ്ധതികളിലൂടെ പ്രസ്തുക മേഖലയില്‍ ഏറെ മുന്നോട്ട് പോകുവാന്‍ നമുക്ക് സാധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടലാണ് അതിന് പ്രാഥമികമായി വേണ്ട ഘടകം. ഈ വിഷയത്തില്‍ അതുണ്ടാകുമെന്ന് തന്നെ കരുതാം. കാരണം മാതൃകാപരമായ ഇടപെടലുകളാണ് സമീപകാലത്ത് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉണ്ടാവുന്നത്. ലോകം നമ്മുടെ സങ്കല്പങ്ങളേക്കാലും വലുതാണ്. അതാസ്വദിക്കാനുള്ള കാലമോ ജീവിതത്തോളം ചെറുതും. സഞ്ചാരങ്ങളിലൂടെ വ്യക്തിളിടെ ലോകം കൂടുതല്‍ വിശാലമാകുന്നു അതിരുകളില്ലാത്ത ആകാശം പോലെ!
Content Highlights: ksrtc tour package local tourism kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..