മുഗൾ ഗാർഡൻ ആയിരുന്നു ശരിക്കും കാശ്മീർ സുന്ദരി. നിറങ്ങളും വർണങ്ങളും നിറഞ്ഞ വിവിധയിനം പൂക്കൾ, ഇലകൾ , മരങ്ങൾ, അതിരു കാത്തുകൊണ്ട് മലകൾ , മേഘക്കൂട്ടങ്ങൾ!

ഗോൾഡൻ ലീഫിലെ (താമസിക്കുന്ന ഹോട്ടൽ) നമ്മുടെ ഒന്നാം ദിവസത്തിലേക്ക് പടി കയറിച്ചെന്ന് ലഗേജുകൾ ഒക്കെ ഒന്നൊതുക്കി വെച്ച് സ്വസ്ഥമായി ഇരുന്നപ്പോഴാണ് കൂടെ വന്ന മറ്റുപലരെയും ശ്രദ്ധിക്കാൻ തുടങ്ങിയത്. ആദ്യം വേണ്ടിയിരുന്ന പരിചയപ്പെടുത്തൽ അവസാനം വരെ നടന്നില്ല എന്നത് ദൗർഭാഗ്യകരമായിപ്പോയി.
മുറിയിലേക്ക് പോകും മുമ്പ് മെലിഞ്ഞു നീണ്ട സുന്ദരനായ കശ്മീരി പയ്യൻ ഞങ്ങളെയൊക്കെ വിളിച്ചുകൂട്ടി ഹോട്ടൽ ലോബിയിൽ ഇനിയുള്ള യാത്രകളെക്കുറിച്ച് വിവരിച്ചു തന്നു. അവൻ ഹോട്ടൽ മാനേജർ ആണെന്നാണ് വിചാരിച്ചത്. ഓഹ് ഞങ്ങൾ ടൂറിസ്റ്റുകളെ ഇവർ എത്രമാത്രം വില കൽപ്പിക്കുന്നു! ലവൻ ഗൈഡ് ആണെന്ന് പിന്നീടാണ് മനസ്സിലായത് . സാക്കീർ, സാക്കിർ ഹുസൈൻ.
ലഗേജ് റൂമിൽ കൊണ്ടുവെച്ചു. മുകളിലെ നിലയിലാണ് റൂം 110. നല്ല സൗകര്യമുള്ള മുറി. ഗ്ലാസ് ചുമരിന്റെ കർട്ടൻ മാറ്റി നോക്കുമ്പോൾ കാണുന്ന പുറംകാഴ്ചകൾ മനോഹരം. ഞാനും സഹമുറിയത്തി ഡോക്ടറും ഒന്ന് ഫ്രഷ് ആയി .കുറച്ചു സമയം കിടന്നു .
ഉച്ചതിരിഞ്ഞ് നേരെ ശങ്കരാചാര്യ ടെമ്പിളിലേക്ക് . ട്രാവലർ മുകളിലേക്ക് പോകില്ല. ഓട്ടോയില് മുകളിലേക്ക് പോയി. അവിടെനിന്ന് 250 ഓളം പടികൾ കയറിവേണം ക്ഷേത്രത്തിന്റെ മുൻവശത്ത് എത്താൻ .
കൂട്ടത്തിലെ വയ്യാത്ത കുട്ടികൾ ഞാനും മോളിയും ആണ്. (പണ്ടത്തെ പുലികളായിരുന്നേ!??) വയ്യാന്നൊക്കെ ഡോക്ടറും പറയുന്നുണ്ട്. എന്തരോ എന്തോ. പറ്റുന്നിടം വരെ കയറാം. എന്റെ കാലിന് കയറ്റം വലിയ പ്രശ്‌നമല്ല. ഈ ശങ്കരാചാര്യർ എന്തിനാ ഇങ്ങ് വന്നതെന്ന് ഡോക്ടർ ആത്മഗതം ചെയ്തു. കരിങ്കല്ല് കൊണ്ട് പണിത ക്ഷേത്രമാണ്. അവിടെ നിന്ന് വീണ്ടും പടികൾ കയറി വേണം ക്ഷേത്രത്തിനകത്ത് എത്താൻ. ആൾക്കാർ തിങ്ങിക്കൂടുമ്പോൾ ആരാധനാലയങ്ങളുടെ വിശുദ്ധി നഷ്ടപ്പെടുന്നതുപോലെ.
മുകളിൽനിന്ന് നോക്കുമ്പോൾ നല്ല കാഴ്ച. രാമക്കൽമേട്ടിൽ നിന്ന് ചുറ്റും കാണുന്ന ഫീൽ! . ഇറങ്ങുമ്പോഴും വലിയ പ്രയാസമൊന്നും തോന്നിയില്ല .ആരോ ചോദിച്ചപ്പോൾ , ഓ ഇതൊക്കെ എന്ത് എന്ന മട്ടിലായി ഞാൻ . വെയിറ്റ് സാവിത്രീ, നിനക്കുള്ളത് അടുത്ത ദിവസത്തേക്ക് കരുതിയിട്ടുണ്ടെന്ന് 'കാശ്മീർ ' പറഞ്ഞത് പക്ഷേ ഞാൻ കേട്ടില്ല!
നെഹ്രു ബൊട്ടാണിക്കൽ ഗാർഡനിൽ ആണ് അടുത്തതായി പോയത്. ദാൽ തടാകം കണ്ടുകൊണ്ടുള്ള യാത്ര. അതിരിടുന്ന മലനിരകൾ. കാശ്മീരിൽ എങ്ങോട്ട് തിരിഞ്ഞാലും മലകളും താഴ്വാരങ്ങളുമാണ്. ഗാർഡനിൽ നമുക്ക് കുറെ സമയം ചെലവഴിക്കാനില്ല. കാണാനും കൂടുതലുണ്ടെന്ന് തോന്നിയില്ല. പക്ഷേ മലകളും മരങ്ങളും നീല വെള്ള മേഘങ്ങൾ അതിരിട്ട ആകാശവും ഗാർഡന് പ്രത്യേക ഭംഗി നൽകുന്നുണ്ട്. നിറയെ സ്തൂപികാഗ്ര ചെടികളും വൃക്ഷങ്ങളും.
ഗാർഡനിൽ കയറുന്നതിനു മുൻപ് ഞാനും ഡോക്ടറും ചായ കുടിച്ചു .( നമ്മുടെ കണ്ണൂർ ചായയുടെ അടുത്തെങ്ങും എത്തുന്ന ചായ കാശ്മീരിൽ കുടിച്ചിട്ടില്ല . കാവ കീവാന്നു പറഞ്ഞാല് അത് എന്തോന്ന് ചായ? അതിന് നമ്മുടെ വയനാടൻ തേയില വേണ്ടേ? ??)
അങ്ങ് ദൂരെയായി കാണുന്ന സ്ഥലത്താണ് എഷ്യയിലെ ലാർജസ്റ്റ് ടുലിപ് ഗാർഡനായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഗാർഡൻ സ്ഥിതി ചെയ്യുന്നതെന്ന് സുബീഷ് ചൂണ്ടിക്കാട്ടി. പൂക്കളുടെ ആ വർണ വിസ്മയത്തിലേക്ക് ഗാർഡൻ പൊതുജനത്തിനായി തുറന്നുകൊടുക്കുന്ന ഏപ്രിലിൽ വരാൻ പറ്റിയില്ലല്ലോ എന്ന് നിരാശ തോന്നി.
കാശ്മീരി വസ്ത്രവും ആഭരണങ്ങളും ധരിച്ച് ഫോട്ടോ എടുക്കാനായി മനോരമ കുറെനേരമായ് കൂട്ടിനായി മുരളിയെ വിളിക്കുന്നു. ഒടുവിൽ ചുവന്ന കുപ്പായവും തട്ടവും കയ്യിൽ പൂക്കൂടയുമായി, സാക്ഷാൽ കശ്മീരി പെൺകുട്ടിയുടെ ലുക്കിൽ മുന്നിൽ വന്നു നിന്നപ്പോൾ മുരളി ഒരു നിമിഷം ഇതെന്റെ മനോരമ തന്നെയോ എന്ന് സംശയിച്ചു കാണും ?? എനിക്കും തോന്നി, കൊള്ളാമല്ലോ.,എന്നെയുമൊന്ന് ഒരുക്കിത്തായോ?? കച്ചവടക്കാരൻ ഒരു നിമിഷം കൊണ്ട് ഒരുക്കി തന്നു. നമ്മൾ രണ്ട് കാശ്മീരി സുന്ദരികളെ സുബീഷ് ഫോട്ടോയിൽ പകർത്തി. മനോരമയുടെ ആ മനോഭാവത്തിന് സല്യട്ട്. ഇനി നമ്മൾ ഒരിക്കൽ കൂടി കാശ്മീരിൽ വരണമെന്നില്ല. വന്നാൽ തന്നെ ഇങ്ങനെ ഒരുങ്ങാൻ തോന്നണമെന്നില്ല.
അവിടെനിന്ന് നേരെ മുഗൾ ഗാർഡനിലേക്കാണ് പോയത് . മുഗൾ ഗാർഡൻ ആയിരുന്നു ശരിക്കും കാശ്മീർ സുന്ദരി. നിറങ്ങളും വർണങ്ങളും നിറഞ്ഞ വിവിധയിനം പൂക്കൾ, ഇലകൾ , മരങ്ങൾ, അതിരു കാത്തുകൊണ്ട് മലകൾ , മേഘക്കൂട്ടങ്ങൾ! ഞാൻ നടന്ന വഴികളിലൂടെ കാലങ്ങൾക്ക് മുമ്പ് മുംതാസ് മഹൽ ഏതോ പ്രണയഗാനവും മൂളി നടന്നിട്ടുണ്ടാവും, എന്നോർത്തപ്പോൾ ജന്മാന്തരങ്ങൾ പിറകോട്ട് പോയി. ഈ ജന്മം അവർ ഞാനായിരിക്കുമോ? എനിക്ക് കുളിരുകോരി. 'കുങ്കുമപ്പൂവുകൾ പൂത്തു, എന്റെ തങ്കക്കിനാവിൻ താഴ് വരയിൽ......
ഷാജഹാൻ ആണോ കാശ്മീർ ഗവർണറായ മുംതാസ് മഹലിന്റെ പിതാവാണോ ഗാർഡൻ നിർമ്മിച്ചത് ? കൃത്യമായറിയില്ല. കുറച്ചുപേർക്ക് ആനന്ദിക്കുവാൻ കുറെയേറെ പേരുടെ മോഹങ്ങൾ ബലികഴിച്ച് നിർമിക്കപ്പെടുന്ന സ്മാരകങ്ങൾ. അറിയപ്പെടാത്ത ബലികൾ ആരോർക്കാൻ? അവരുടെ കൂടി സ്വപ്നങ്ങൾ വിരിച്ചിട്ട വഴികളിലൂടെയാണ് ഞങ്ങൾ നടക്കുന്നത്!?
ഒരു ഗ്രൂപ്പ് ഫോട്ടോ, ചായ പിന്നെ ചേരിതിരിഞ്ഞ് ട്രാവലറിൽ ഗോൾഡൻ ലീഫിലേക്ക്. ഞങ്ങളുടെ ട്രാവലറിൽ ഒറ്റക്കും ഇരട്ടക്കും വന്നവരായിരുന്നു കൂടുതൽ, കാഴ്ചകളെക്കാൾ രസമായിരുന്നു പലപ്പോഴും യാത്ര. മുന്നിൽ സൈഡ് സീറ്റിൽ മുരളി ,മനോരമ, പിറകിൽ ഉണ്ണികൃഷ്ണൻ, ലീന ടീച്ചർ, ,അതിനു പിറകിൽ മോഹനൻ സുധടീച്ചർ, അതിനും പിറകിൽ സുരേന്ദ്രൻ മോളി, പിറകിലത്തെ ലോങ്ങ് സീറ്റിൽ അറുമുഖൻ, അനിയൻ ബാലു ., ചിലപ്പോൾ സുബീഷ്. ഒറ്റക്ക് വന്ന പെണ്ണുങ്ങൾ സിംഗിൾ സീറ്റിൽ; ഡോക്ടർ, പ്രീത, മുബീന ടീച്ചർ സുധർമ,നിഷ ടീച്ചർ .. നോക്കൂ, നിറയെ ടീച്ചർമാർ, പാട്ടും അന്താക്ഷരിയും ക്വിസും തീറ്റയും ഒക്കെയായി പൊടിപൂരമാണ് വണ്ടിയിൽ.
രാത്രി എട്ടരയോടെ ഹോട്ടലിൽ. ഉടനെ ഭക്ഷണം. ഭക്ഷണമൊക്കെ കൊള്ളാമായിരുന്നു. 300 രൂപയ്ക്കു ചെറിയ പ്ലേറ്റിൽ കിട്ടുന്ന പനീറും മഷ്‌റൂമു മൊക്കെ ഇഷ്ടംപോലെ. ചോറും മീനും കിട്ടാത്ത പ്രയാസം മാത്രം ബാക്കി.
ഒരു കാക്കക്കുളി, വീട്ടുകാരെ വിളി ,.....പാവം വത്സല ഡോക്ടർ. ഇരുപത്തേഴാം ഡിവിഷനിലെ നാട്ടുകാരുടെ, വാട്‌സാപ്പിൽ കിടക്കുന്ന നീറുന്ന പ്രശ്‌നങ്ങൾക്ക് കൂടി മറുപടി നൽകി വേണം ഉറങ്ങാൻ. ദൈവമേ നിനക്ക് സ്തുതി! എന്നെ നീ സ്വാതന്ത്ര്യത്തിന്റെ മേച്ചിൽ പുറങ്ങളിലേക്ക് തുറന്നു വിട്ടല്ലോ!
( തുടരും)
Content Highlights: Detailed travel account of the first day in Kashmir staying at Golden Leaf hotel., Climbing the 250 steps of the historic Shankaracharya Temple with scenic views., Visiting Nehru Botanical Garden and experiencing local Kashmiri culture and attire., Exploring the picturesque Mughal Garden and evening group travel moments.
Published: 25 Sept 2026, 10:39 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented