ത്തരവാദിത്വ ടൂറിസം ഔദ്യോഗിക ടൂറിസം നയമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. വിനോദസഞ്ചാരത്തോടൊപ്പം നാടിനെയും ജനങ്ങളെയും പരിസ്ഥിതിയെയും ഉള്‍ക്കൊള്ളുന്ന ഈ ടൂറിസം മാതൃകയില്‍ കേരളത്തിന്റെ സാധ്യതകള്‍ എന്തൊക്കെയാണ്‌.? റെസ്‌പോണ്‍സബിള്‍ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ സംസാരിക്കുന്നു.

To advertise here,

ഉത്തരവാദിത്വ ടൂറിസം മറ്റ് വിനോദസഞ്ചാര മാതൃകകളില്‍നിന്ന് വ്യത്യാസപ്പെടുന്നതെങ്ങനെ?

ഉത്തരവാദിത്വ ടൂറിസമെന്നത് ഒരു ബദല്‍ വിനോദസഞ്ചാര മാതൃകയാണ്. വിനോദസഞ്ചാരത്തിന്റെ ഭാവി കൂടിയാണത്. ഒരു പ്രദേശത്തെ അവിടുത്തെ തദ്ദേശവാസികളായ ജനങ്ങള്‍ക്ക് നന്നായി ജീവിക്കാന്‍ സാധിക്കുന്ന സ്ഥലമായി നിലനിര്‍ത്തിക്കൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സ്ഥലമായി മാറ്റാന്‍ കഴിയണം. സംരംഭകര്‍ക്കും പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികളോളം തന്നെ പ്രാധാന്യമുണ്ടാവണം. നിലവിലുളള വിജയ മാതൃകകള്‍ അനുസരിച്ച് ഉത്തരവാദിത്വ ടൂറിസം കേന്ദ്രം രൂപപ്പെടുത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. തദ്ദേശീയര്‍ക്കും ടൂറിസം സംരഭകര്‍ക്കും ഇടയിലെ പ്രധാനകണ്ണിയായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ടൂറിസം പദ്ധതികളുടെ ഗുണം തദ്ദേശീയരായ പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഒരു പ്രദേശം മാറുമ്പോള്‍, അവിടുത്തെ പ്രാഥമിക സൗകര്യങ്ങളും പൊതുവികാസവും സംഭവിക്കുന്നു.

placeholder
കെ. രൂപേഷ് കുമാര്‍

2007-ല്‍ കനകക്കുന്ന് പാലസില്‍ നടന്ന ബെറ്റര്‍ ടുഗദര്‍ എന്ന വര്‍ക്ക്‌ഷോപ്പിലാണ് റെസ്‌പോണ്‍സിബിള്‍ ടൂറിസവുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുന്നത്. 2008-ല്‍ കുമരകം, തേക്കടി, കോവളം, വൈത്തിരി എന്നിങ്ങനെ നാല് സ്ഥലങ്ങളിലാണ് ഇത് നടപ്പിലാക്കി തുടങ്ങിയത്. 2017-ല്‍ മിഷന്‍ രൂപത്കരിച്ചതോടെ പ്രവര്‍ത്തന മേഖല സംസ്ഥാനം മുഴുവനുമായി. ഒന്നര ലക്ഷത്തോളം പേരുള്‍പ്പെടുന്ന ടൂറിസം കമ്മ്യൂണിറ്റിയാണ് ആര്‍.ടി. മിഷന് കീഴിലുള്ളത്. 22,000 പേര്‍ക്ക് മിഷന്‍ നേരിട്ട് പരിശീലനം കൊടുത്തിട്ടുണ്ട്. ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി നിരവധി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കുടുംബശ്രീയെയും ആദിവാസി വിഭാഗങ്ങളെയും പങ്കാളികളാക്കുന്ന പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ടൂറിസം ബിസിനസ് എന്നത് ഒരു വരേണ്യവര്‍ഗ താല്‍പര്യം സംരക്ഷിക്കുന്ന ഒന്നാണെന്ന പൊതുബോധം മാറ്റുന്നതാണ് റെസ്‌പോണ്‍സബിള്‍ ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍. 

ടൂറിസ്റ്റുകള്‍ക്ക് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ വന്ന് തനതായ ഭക്ഷണം കഴിക്കാം. ഈ ഭക്ഷണം പാചകം ചെയ്യുന്നതില്‍ ഉള്‍പ്പടെ അവരെ പങ്കാളികളാക്കുന്ന പദ്ധതിയാണ് എക്‌സ്പീരിയന്‍സ് എത്‌നിക് ക്യുസീന്‍. ഇതിന്റെ 2,800 യൂണിറ്റുകള്‍ നമുക്കുണ്ട്. ഓല മെടയല്‍, തലപ്പായ നെയ്ത്ത്, കള്ളുചെത്ത്, കയറ് നിര്‍മ്മാണം, കൃഷി തുടങ്ങി ഗ്രാമീണ ജനതയുടെ ഉപജീവന മാര്‍ഗങ്ങളെല്ലാം ടൂറിസം പ്രവര്‍ത്തനങ്ങളാക്കി മാറ്റി അവര്‍ക്ക് വരുമാനമുണ്ടാക്കും. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം ലിസ്റ്റ് ചെയ്തു വരികയാണ്. കേരളവുമായി സഹകരിച്ചുകൊണ്ട് മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ റെസ്‌പോണ്‍സബിള്‍ ടൂറിസം നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. ലോകത്ത് അറുപത്തെട്ടോളം രാജ്യങ്ങളില്‍ ഈ നയം പിന്തുടരുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കു ശേഷം റെസ്‌പോണ്‍സബിള്‍ ടൂറിസം നയമായി പ്രഖ്യാപിച്ചത് കേരളമാണ്. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ലിസ്റ്റിങ് ഉള്‍പ്പടെയുള്ള അംഗീകാരങ്ങള്‍ കേരളത്തിന് ലഭിച്ചത്.

പല അന്തര്‍ദേശീയ ടൂറിസം കേന്ദ്രങ്ങളും പാരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന കാലംകൂടിയാണിത്. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിലും ഉത്തരവാദിത്വ ടൂറിസം മാറ്റങ്ങളുണ്ടാക്കില്ലേ?

പരസ്ഥിതിയോട് ഇണങ്ങിയ വിനോദസഞ്ചാരമാണ് റെസ്‌പോണ്‍സബിള്‍ ടൂറിസത്തിന്റെ മുഖമുദ്രകളിലൊന്ന്. റെസ്‌പോണസബിള്‍ ടൂറിസത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ടൂറിസ്റ്റ് സംരംഭങ്ങള്‍ക്ക് ക്ലാസിഫിക്കേഷന്‍ നപ്പാക്കിയിട്ടുണ്ട്. റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍, ഹൗസ്‌ ബോട്ടുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍ തുടങ്ങിവയെല്ലാം ഇതില്‍ വരും. പരിസ്ഥിതി സൗഹൃദമായ പ്രവര്‍ത്തനം വിലയിരുത്തി കൂടിയാണ് ഇവ നല്‍കുന്നത്. ഇതില്‍ 80 ശതമാനം സ്‌കോര്‍ നേടുന്ന സംരംഭങ്ങള്‍ക്ക് ആര്‍.ടി. ഗ്രീന്‍ എന്ന ക്ലാസിഫിക്കേഷന്‍ നല്‍കും. അന്താരാഷ്ട്ര തലത്തില്‍ പോലും പരിഗണിക്കുന്ന അംഗീകാരമാണത്. പേപ്പര്‍ ബാഗുകളും സ്‌ട്രോയുമെല്ലാം ഉണ്ടാക്കാനുള്ള പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. ഹോട്ടലുകളും റെസ്‌റ്റോറന്റുകളുമായി പ്ലാസ്റ്റിക്​രഹിത പ്രവര്‍ത്തനങ്ങള്‍ക്കായി ഉടമ്പടികള്‍ ഒപ്പിട്ടിട്ടുണ്ട്. അതനുസരിച്ച് കുമരകത്തെ എല്ലാ റിസോര്‍ട്ടുകളും പ്ലാസ്റ്റിക്ക് കുപ്പികള്‍ ഒഴിവാക്കി ഗ്ലാസ് ബോട്ടിലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇപ്പോള്‍ കേരളത്തിലെ ഏതാണ്ട് പ്രധാന ഹോട്ടലുകളും റിസോര്‍ട്ടുകളെല്ലാം ഈ രീതിയേലേക്ക് മാറിയിട്ടുണ്ട്. മിഷന് കീഴിലുള്ള യൂണിറ്റുകളില്‍നിന്ന് തന്നെ പരിസ്ഥിതി സൗഹൃദ ഉല്‍പനങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ടൂറിസം കേന്ദ്രങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനായി ആര്‍.ടി. പ്രോട്ടോക്കോളുകള്‍ കൊണ്ടുവന്നു. വിനോദസഞ്ചാരികളെയും ഇത്തരത്തില്‍ ബോധവത്കരിക്കും. 

placeholder

കേരള ടൂറിസം സ്ത്രീ സൗഹൃദ മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന പ്രഖ്യാപനം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എങ്ങനെയാണ് ഈ ആശയത്തിലേക്ക് എത്തിയത്?

കഴിഞ്ഞ വര്‍ഷമാണ് കേരളത്തില്‍ സ്ത്രീ സൗഹൃദ വിനോദസഞ്ചാര പദ്ധതി പ്രഖ്യാപിക്കുന്നത്. ഒന്നര ലക്ഷം സ്ത്രീകളുടെ ടൂറിസം നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുകയും കേരളത്തിന് പുറത്ത് നിന്ന് പരമാവധി വനിതാ സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുകയുമാണ്‌ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. വനിതകള്‍ക്ക് വേണ്ടി വനിതകള്‍ തന്നെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സംരംഭങ്ങളാണ് ഈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാവുക. 30,000 സ്ത്രീകള്‍ക്കാണ് ഇതിലൂടെ വിനോദസഞ്ചാര മേഖലയില്‍ തൊഴില്‍ നല്‍കുക. യു.എന്‍. വിമന്‍ എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 1,800 പേരുടെ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു. കേരളത്തെ വനിതാ സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അമ്പത് കേന്ദ്രങ്ങളെ കുറിച്ചുള്ള വിശദമായ പഠനം പൂര്‍ത്തിയായി.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിച്ച് വനിതാ സഞ്ചാരികളിലേക്കും അന്താരാഷ്ട്ര വിനോദസഞ്ചാര സമൂഹത്തിലേക്കും ഇവയെ ബന്ധിപ്പിക്കാനാണ് ഈ സ്ത്രീ സൗഹൃദ മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നത്. ടൂറിസം വിവരങ്ങള്‍ നല്‍കുന്ന ഒരു സാധാരണ ആപ്പ് തയ്യാറാക്കലല്ല ലക്ഷ്യം. ഒരു വനിതാ സഞ്ചാരി കേരളത്തിലെത്തിയാല്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അവര്‍ക്ക് ഈ ആപ്പിലൂടെ ലഭ്യമാകണം. സ്ത്രീ സൗഹൃദ ശുചിമുറികള്‍, സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന താമസ സൗകര്യങ്ങള്‍, ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലഭ്യമായ സേവനങ്ങള്‍, വനിത ടൂര്‍ ഓപ്പറേറ്റര്‍മാര്‍, കമ്മ്യൂണിറ്റി ലീഡേഴ്‌സ്, സ്ത്രീകള്‍ ഓടിക്കുന്ന ഓട്ടോ- ടാക്‌സി, വീടുകളില്‍ ഭക്ഷണം കഴിക്കാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്പിലുണ്ടാകും. അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും ലിങ്കുകളും ഉണ്ടാവും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

placeholder

സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രങ്ങള്‍ എന്നതിലൂടെ ഉദ്ദേശിക്കുന്നതെന്താണ്?

ഒരു വിനോദസഞ്ചാര കേന്ദ്രത്തെ അല്ലെങ്കില്‍ ഒരു യൂണിറ്റിനെ സ്ത്രീ സൗഹൃദമാക്കുന്നതിന് കൃത്യമായ മാനദണ്ഡമുണ്ട്. സ്ത്രീകള്‍ക്ക് സ്വസ്ഥമായി കടന്നുചെല്ലാന്‍ സാധിക്കുന്ന സാഹചര്യങ്ങള്‍ ഇവിടങ്ങളിലുണ്ടാവണം. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മാനേജ്‌മെന്റ് സംവിധാനം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി നൂറോളം വിവരങ്ങളാണ് ഇതിനായി ശേഖരിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കേന്ദ്രങ്ങളും എത്രകണ്ട് സ്ത്രീസൗഹൃദമാണെന്ന് വിലയിരുത്തി കളര്‍ കോഡിങ് ഏര്‍പ്പെടുത്തും. ഈ വിഷയങ്ങളില്‍ യു.എന്‍. വിമന്‍ ഇന്ത്യ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആപ്പിനായി നടത്തുന്ന ഇത്തരത്തിലുള്ള വിവരശേഖരണങ്ങള്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് മൊത്തത്തില്‍ മുതല്‍ക്കൂട്ടാവും. ഓരോ കേന്ദ്രങ്ങളിലുമുള്ള പരിമിതികള്‍ മനസ്സിലാക്കി അവയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാകും.

ഇത്തരമൊരു ആപ്പിനായി വലിയ രീതിയിലുള്ള വിവരശേഖരണം ആവശ്യമായി വരില്ലേ?

വിവരശേഖരണം കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നു. ഒപ്പം സമീപകാലത്ത് റെസ്‌പോണ്‍സബിള്‍ ടൂറിസം മിഷന്‍ ആരംഭിച്ചതും ലിങ്ക് ചെയ്തതുമായ സംരംഭങ്ങളുണ്ട്. ടൂറിസം കേന്ദ്രങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ സൂക്ഷ്മമായ തലത്തിലാണ് നടത്തിയത്. ഒരു ഡെസ്റ്റിനേഷനില്‍ ഫീഡിങ് റൂം ഇല്ലെങ്കില്‍ അതിന് ഏറ്റവും അടുത്തായി ലഭ്യമായിട്ടുള്ള ഫീഡിങ് റൂമിന്റെ വിവരങ്ങള്‍ ആപ്പിലുണ്ടാവും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ബന്ധപ്പെടാനുള്ള സമ്പൂര്‍ണ വിവരങ്ങളുണ്ടാവും. സര്‍ക്കാര്‍ മേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയിലെ സംവിധാനങ്ങളുടെ വിവരങ്ങളും ഉള്‍പ്പെടുത്തും. ഉത്തരവാദിത്വ ടൂറിസം മിഷന്‍ പരിശീലിപ്പിച്ച വനിതകളാണ് ഈ വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുന്നത്. വലിയ തോതിലുള്ള ഒരു ടൂറിസം നെറ്റ്‌വര്‍ക്കാണ് വരാന്‍ പോകുന്നത്. വിവരശേഖരണവും തുടര്‍ പ്രവര്‍ത്തനങ്ങളും എല്ലാം പൂര്‍ത്തികരിച്ച് ആറ് മാസത്തിനുള്ളില്‍ ആപ്പ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉപയോഗിക്കാന്‍ പറ്റുന്ന സാങ്കേതികത്തികവോടെയായിരിക്കും ആപ്പ് തയ്യാറാക്കുക. പരമാവധി കുറ്റമറ്റ രീതിയില്‍ യൂസര്‍ഫ്രണ്ട്‌ലിയായി ആപ്പ് പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

placeholder

ഒരു സംരംഭകന് ഏത് തരത്തിലാണ് റെസ്‌പോണ്‍സബിള്‍ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ സാധിക്കുക?

രണ്ട് തരത്തിലാണിത്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സൗജന്യമായി പരിശീലനം കൊടുക്കും. പരിശീലനം കഴിഞ്ഞ് സംരംഭം തുടങ്ങാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കും. ഇവരെ മിഷന്റെ കീഴിലുള്ള നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ കൊണ്ടുവരും. നിലവില്‍ സംരംഭങ്ങളുള്ളവര്‍ക്ക് ആര്‍.ടി. മിഷന് കീഴിലുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആവശ്യമായി പരിശോധന നടത്തി യൂണിറ്റായി അപ്രൂവല്‍ നല്‍കും. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കൃത്യമായ പരിശോധനകള്‍ നടത്തിയാണ് അപ്രൂവല്‍ നല്‍കുക. ഇവയെ സംയോജിപ്പിച്ച് വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.