
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കൊരു കപ്പല്‍ സര്‍വീസ്. മലയാളികളുടെ ഏറെ നാളുകളായുള്ള ഈ ആവശ്യത്തിന്റെ സാധ്യതകള്‍ തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. കപ്പല്‍ സര്‍വീസുകള്‍ നടത്താന്‍ താല്‍പര്യമുള്ള കമ്പനികളില്‍ നിന്ന് മാരിടൈം ബോര്‍ഡ് താല്‍പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഈ സര്‍വീസിന്റെ സാധ്യതകളെ കുറിച്ചും അതിന്റെ തുടര്‍നടപടികളെ കുറിച്ചും കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള സംസാരിക്കുന്നു.
ഇത്തരമൊരു കപ്പല്‍ സര്‍വീസിന്റെ സാധ്യത എത്രത്തോളമാണ്?
25 മുതല്‍ 35 ലക്ഷം വരെ മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ഇതില്‍ വലിയൊരു വിഭാഗവും ബ്ലൂ കോളര്‍ ജോലികള്‍ ചെയ്യുന്നവരാണ്. ഒറ്റയ്ക്കും കുടുംബമായിട്ടും താമസിക്കുന്നവരുണ്ട്. വലിയൊരു വിഭാഗം പ്രവാസികളും ഒറ്റയ്ക്ക് താമസിക്കുന്നവാരാവാം. ഇവര്‍ക്ക് പലപ്പോഴും സ്ഥിരമായി നാട്ടില്‍ വരാന്‍ സാധിക്കാറില്ല. വര്‍ഷത്തിലൊരിക്കലോ രണ്ട് വര്‍ഷം കൂടുമ്പോഴോ ഒക്കെയാണ് ഇവര്‍ നാട്ടിലെത്താറുള്ളത്. സീസണ്‍ സമയങ്ങളിലാവും അവര്‍ നാട്ടിലെത്താന്‍ ശ്രമിക്കുക. ഈ സമയങ്ങളില്‍ വിമാനക്കമ്പനികള്‍ ഒരു ദയയുമില്ലാതെ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് കൊണ്ട് ഇവരില്‍ പലര്‍ക്കും വീടുകളിലെത്തി പ്രിയപ്പെട്ടവരെ കാണാന്‍ സാധിക്കാത്ത സാഹചര്യമാണിപ്പോള്‍.
അമ്പതിനായിരവും അറുപതിനായിരവുമൊന്നും ടിക്കറ്റിനായി ചെലവഴിക്കാന്‍ അവര്‍ക്ക് കഴിയാറില്ല. ഈ കാരണം കൊണ്ട് വര്‍ഷങ്ങളായി നാട്ടില്‍ വരാന്‍ സാധിക്കാത്തവര്‍ പോലുമുണ്ട്. കോവിഡ് കാലത്തെയും മറ്റും നഷ്ടങ്ങളുടെ ന്യായം പറഞ്ഞ് ഒരു കണക്കുമില്ലാതെയാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തുന്ന പാതകളിലൊന്നായതിനാല്‍ തന്നെ കേരളം-ഗള്‍ഫ് റൂട്ടിലാണ് ഏറ്റവും വലിയ കൊള്ള നടക്കുന്നത്. വിമാനങ്ങളുടെ എണ്ണം കുറവായതുകൊണ്ട് ഈ നിരക്ക് കൊടുക്കാന്‍ തയ്യാറായാലും ടിക്കറ്റ് കിട്ടാത്ത സാഹചര്യവും ഉണ്ടാവാറുണ്ട്. ഈ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നൂറുകണക്കിന് നിവേദനങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാരിടൈം ബോര്‍ഡിനുമെല്ലാം ലഭിക്കാറുള്ളത്. ഈ പ്രതിസന്ധിക്കുള്ള പരിഹാരമായി നേരത്തെ തന്നെ ഉയര്‍ന്നുവന്നിട്ടുള്ള സാധ്യതയാണ് കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കപ്പല്‍ സര്‍വീസ്.

2001 ല്‍ ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു യാത്രാക്കപ്പല്‍ സര്‍വീസ് നടത്തിയിരുന്നതായി കേട്ടിരുന്നു. ഈ സര്‍വീസിന് പിന്നീട് എന്താണ് സംഭവിച്ചത്?
അതിന്റെ കൃത്യമായ വിവരങ്ങള്‍ അറിയില്ല. മനസ്സിലാക്കിയെടുത്തോളം ഒരു മലയാളി നടത്തിയ സ്വകാര്യ കപ്പല്‍ സര്‍വീസായിരുന്നു അത്. സലീം പടിക്കല്‍ എന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്റെ പേര്. ദുബായ് കേന്ദ്രീകരിച്ചായിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ അദ്ദേഹത്തിന് വേണ്ട പിന്തുണ ലഭിച്ചിരുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. തുറമുഖ അതോറിറ്റിയില്‍ നിന്നെല്ലാം ചില തിക്താനുഭവങ്ങളും ഉണ്ടായി. വിമാനക്കമ്പനികളും ഈ കപ്പല്‍ സര്‍വീസിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു എന്നാണ് പറയുന്നത്. പിന്നെ യാത്രക്കാരും കുറഞ്ഞതോടെ രണ്ട് ട്രിപ്പിനുശേഷം ആ സര്‍വീസ് നിന്നുപോവുകയായിരുന്നു. എന്നാല്‍ ഇന്ന് ഈ സാഹചര്യമല്ലാം മാറിയിട്ടുണ്ട്. യാത്രാക്കാരുടെ എണ്ണം എത്രയോ ഇരട്ടിയായാണ് വര്‍ധിച്ചത്.
പുതിയ കപ്പല്‍ സര്‍വീസിനായുള്ള എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്?
ഏറെ നാളുകളായി ഇത് പരിഗണനയിലുണ്ടെങ്കിലും കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ഒന്നാമതായി കേരള സര്‍ക്കാര്‍ കപ്പല്‍ സര്‍വീസ് നടത്തി മുന്‍പരിചയമുള്ളവരല്ല. മറ്റൊരു രാജ്യത്തേക്കുള്ള സര്‍വീസ് ആയതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരും ഇതിന്റെ ഭാഗമാണ്. ഇന്റര്‍നാഷണല്‍ മാരിടൈം സമ്മിറ്റ് മുംബൈയില്‍ നടന്നപ്പോള്‍ സംസ്ഥാനത്ത് നിന്നുള്ള അന്നത്തെ തുറമുഖ, ഗതാഗത മന്ത്രിമാര്‍ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രിക്ക് ഈ കപ്പല്‍ സര്‍വീസിന് വേണ്ടിയുള്ള നിവേദനം കൈമാറിയിരുന്നു. എം.പിമാരും ഇതിനായുള്ള ഇടപെടലുകള്‍ നടത്തുകയുണ്ടായി. മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് കേന്ദ്ര തുറമുഖ വകുപ്പ് സെക്രട്ടറി സംസ്ഥാന പ്രതിനിധികളുമായി ഒരു യോഗം നടത്തി. ഈ യോഗത്തില്‍ ഷിപ്പിങ് കോര്‍പ്പറേഷനും മാരിടൈം ബോര്‍ഡും ചേര്‍ന്ന് ഈ കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ധാരണയായി. ഇതില്‍ ഒരുപാട് സങ്കീര്‍ണതകളുണ്ട്. ഒന്നാമത്, ഇത് സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ഏറ്റെടുത്ത് ചെയ്യാന്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍ സ്വകാര്യ കമ്പനികളോ ഷിപ്പിങ് കമ്പനികളോ ചാര്‍ട്ടര്‍ ചെയ്ത് ഓടിക്കാന്‍ സാധിക്കുമോ എന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇതിനായി നോര്‍ക്ക റൂട്‌സും മാരിടൈം ബോര്‍ഡും തമ്മിലുള്ള ഒരു യോഗം വിളിക്കുകയുണ്ടായി. ഇതിലെ തീരുമാനം അനുസരിച്ച് മാരിടൈം ബോര്‍ഡ് കപ്പല്‍ സര്‍വീസിനായി EOI (താല്‍പര്യ പത്രം) വിളിച്ചു.

ഈ കപ്പല്‍ സര്‍വീസ് വെറും യാത്രാകപ്പലായി മാത്രം ഓടിച്ചാല്‍ അത് വിജയിക്കാന്‍ സാധ്യതയില്ല. നിരവധി ഡെക്കുകളുള്ള ഒരുപാട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന കപ്പലുകള്‍ വേണം. സാധാരണ യാത്രക്കാര്‍ക്കൊപ്പം ആഢംബര- ക്രൂസിങ് ആവശ്യങ്ങളും പരിഗണിക്കണം. ഓരോ യാത്രികനും അമ്പത് കിലോ-നൂറ് കിലോ ലഗേജ് കൊണ്ടുവരാന്‍ സാധിക്കണം. ലഗേജുകള്‍ മാത്രം അയക്കാനുള്ള സംവിധാനങ്ങളും വേണം. ഇത്തരത്തില്‍ ഹൈബ്രിഡ് മോഡലിലുള്ള ചെറുതോ വലുതോ ആയ കപ്പലുകൾ ഓടിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍ മുന്നോട്ടുവരണം എന്ന് അഭ്യർഥിക്കുന്നതാണ് ഈ താല്‍പര്യപത്രം.
മുന്നോട്ട് വരുന്ന കമ്പനികളുമായി ബോര്‍ഡ് വിശദമായ ചര്‍ച്ചകള്‍ നടത്തും. കേരളത്തിലെ തുറമുഖങ്ങളില്‍ അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കും. ഓഫ് സീസണ്‍ സമയങ്ങളില്‍ യാത്രക്കാര്‍ കുറഞ്ഞാല്‍ ഇവര്‍ സര്‍വീസ് നിര്‍ത്താനുള്ള സാധ്യതയുണ്ട്. ഈ സാധ്യതകള്‍ ഉള്‍പ്പടെ പരിഗണിച്ച് അതിനുള്ള പരിഹാരങ്ങള്‍ കാണണം. താല്‍പര്യ പത്രത്തോട് പ്രതികരിച്ച് മുന്നോട്ടുവരുന്ന കമ്പനികളോട് നിരന്തരം ചര്‍ച്ചകള്‍ നടത്തി മാത്രമേ ഇതില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളു. തീര്‍ത്തും പ്രായോഗികമായ രീതിയിലുള്ള ധാരണകള്‍ ഉണ്ടായശേഷമായിരിക്കും പദ്ധതിയുമായി മുന്നോട്ട് പോകുക.

എത്ര കപ്പലുകളായിരിക്കും സര്‍വീസ് നടത്തുക?
അതൊക്കെ വരുന്ന കമ്പനികള്‍ക്കനുസരിച്ചാണ് തീരുമാനിക്കുക. ഓപ്പറേഷന്‍സ് പൂര്‍ണമായും കമ്പനികളുടെ സ്വാതന്ത്ര്യമായിരിക്കും. നിരവധി ക്രൂയിസ് കമ്പനികള്‍ ഇന്ത്യയിലും പുറത്തുമെല്ലാമായുണ്ട്. പക്ഷേ, ക്രൂയിസ് കമ്പനികൾ ലഗേജ് കൊണ്ടുവരുമോ എന്ന പ്രശ്‌നമുണ്ട്. ലഗേജുകളും ക്രൂയിസും ചേര്‍ത്തുള്ള സര്‍വീസുള്ളവരുമുണ്ട്. നിലവില്‍ കപ്പലുള്ള കമ്പനികള്‍ ചിലപ്പോള്‍ ഈ ആവശ്യത്തിനായി മൂലധനം മുടക്കി മോഡിഫൈ ചെയ്യേണ്ടിവരും. യാത്രയ്ക്ക് എത്ര ദിവസം എടുക്കും എന്നത് മറ്റൊരു ഘടകമാണ്. പ്രവാസികള്‍ക്കായി ഒരു സര്‍വേ നടത്താനൊരുങ്ങുകയാണ് ഞങ്ങളിപ്പോള്‍. ബോര്‍ഡിന്റെയും നോര്‍ക്ക റൂട്‌സിന്റെയും വെബ്സൈറ്റുകളിൽ ഇത് പ്രസിദ്ധീകരിക്കും. കപ്പലില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമുണ്ടോ, എത്ര ഇടവേളയിലാണ് കേരളത്തില്‍ വരുക, വരുന്ന സീസണുകള്‍ ഏതൊക്കെയാണ്, പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക് എത്രയാണ്, എത്ര ലഗേജ് കൊണ്ടുവരണം തുടങ്ങി പത്തോളം ചോദ്യങ്ങളാണ് ഈ സര്‍വേയിലുണ്ടാവുക. ഇതെല്ലാം പരിഗണിച്ച് നിരന്തരമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമേ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു.
ഈ സര്‍വീസ് ആരംഭിച്ചാല്‍ ഏതൊക്കെ തുറമുഖങ്ങളാവും പരിഗണിക്കുക?
അതൊക്കെ വരുന്ന കപ്പലുകള്‍ക്ക് അനുസരിച്ചായിരിക്കും തീരുമാനിക്കുക. രണ്ടായിരത്തിലധികം ആളുകളെ കയറ്റാന്‍ സാധിക്കുന്ന കപ്പലാണെങ്കില്‍ കൊച്ചിയിലേ അത് അടുക്കുകയുള്ളു. വേണമെങ്കില്‍ ഡക്ക് സര്‍വീസുകള്‍ ഉള്‍പ്പെടുത്തി അഴീക്കലോ ബേപ്പൂരോ ആളുകളെ ഇറക്കുകയും ചെയ്യാം. ഇതൊക്കെ സര്‍വീസിന്റെ സ്വഭാവമനുസരിച്ച് ചെയ്യാവുന്ന കാര്യങ്ങളാണ്. മറ്റ് കേരള തുറമുഖങ്ങളിലേക്കുമുള്ള സാധ്യതകള്‍ പരിഗണിക്കുക തന്നെ ചെയ്യും. നിലവില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും കപ്പല്‍ സര്‍വീസ് ആരംഭിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
Content Highlights: kerala gulf ship service kerala maritime board chairman ns pillai interview
Published: 13 Mar 2024, 05:12 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented