
കോഴിക്കോട്: ഗൾഫിലേക്കും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും കപ്പലോടിക്കാൻ കേരള സർക്കാർ സാധ്യതതേടുന്നു. താത്പര്യമുള്ള കമ്പനികളിൽനിന്ന് കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു. ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽനിന്ന് യാത്രക്കപ്പലുകൾ, ആഡംബര കപ്പലുകൾ എന്നിവ ഓടിക്കാനാണ് താത്പര്യപത്രം ക്ഷണിച്ചത്.
2001-ൽ കൊച്ചിയിലേക്ക് യാത്രക്കപ്പൽ സർവീസ് തുടങ്ങിയെങ്കിലും രണ്ടുതവണ ഓടിയശേഷം നിർത്തുകയായിരുന്നു. മൂന്നുദിവസമാണ് ഗൾഫിലേക്ക് വേണ്ടിവരിക. മലബാർ ഡിവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ 2009 മുതൽ കപ്പൽസർവീസ് പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഉയർന്ന വിമാനക്കൂലിയും കൂടുതൽ ചരക്ക് കൊണ്ടുപോവാനാവാത്തതും കപ്പലിലേക്ക് യാത്രക്കാരെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടൽ.
താത്പര്യമറിയിച്ചെത്തുന്ന കപ്പൽ കമ്പനികളുടെ ആവശ്യങ്ങൾക്കനുസരിച്ച്, സർക്കാർ അനുമതിയോടെ മാരിടൈം ബോർഡ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുമെന്ന് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഏതുതരം കപ്പലുകൾ ഓടിക്കാനാണ് കമ്പനികൾ സമീപിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും മറ്റ് കാര്യങ്ങൾ തീരുമാനിക്കുക. ഏപ്രിൽ 22 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
സർവീസ് ആരംഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി നേരത്തേ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചത്.
കപ്പലുകൾ അടുപ്പിക്കാനും എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്നതിനുമുള്ള ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡിൽ (ഐ.എസ്.പി.എസ്.) ബേപ്പൂർ തുറമുഖത്തിന് 2023-ൽ രാജ്യാന്തരപദവി ലഭിച്ചിരുന്നു.
മലബാർ ഡിവലപ്മെന്റ് കൗൺസിൽ അംഗങ്ങൾ ദുബായ് സന്ദർശിക്കുകയും പ്രമുഖ കപ്പൽക്കമ്പനി പ്രതിനിധികൾ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് പ്രമുഖർ എന്നിവരുമായി ചർച്ച നടത്തി തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. വിമാനങ്ങൾ വലിയനിരക്ക് ഈടാക്കുമ്പോൾ കപ്പൽ നിരക്കിൽ കുറവുണ്ടാകുമെന്നത് കൂടുതൽ യാത്രക്കാരെ ആകർഷിക്കുമെന്ന് മലബാർ ഡിവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി പറഞ്ഞു.
കുടുംബവുമായുള്ള യാത്രയ്ക്കും കൂടുതൽ പേരെ പ്രതീക്ഷിക്കുന്നുണ്ട്. യാത്രയ്ക്ക് താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ 12,000 പേർ വന്നതായും അദ്ദേഹം പറഞ്ഞു.
Content Highlights: passenger ship service from kerala to gulf countries
Published: 12 Mar 2024, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented