
കാലം കരിങ്കല്ലില്‍ കൊത്തിയ കഥകളുണ്ട് ഇവിടെ പറയാന്‍. വയനാടിന്റെ ഗതകാലങ്ങളില്‍ കാടിനുള്ളില്‍ തീര്‍ത്ത ശിലാ സ്മാരകങ്ങള്‍ ഈ നൂറ്റാണ്ടിന്റെയും വിസ്മയമാണ്. വയനാടിന്റെ പൈതൃകഭൂമിയില്‍ ചരിത്ര സ്മാരകങ്ങളായി അനേകം ആരാധാനാലയങ്ങളുണ്ട്. കല്ലമ്പലങ്ങളും ജൈനബസ്തികളും പൗരാണികമായ അമ്പലങ്ങളും ചേര്‍ന്നതാണ് വയനാടിന്റെ ദൈവപ്പുരകൾ. സമ്പന്നമായ സാംസ്‌കാരികതയെ അടയാളപ്പെടുത്തുന്ന ജൈനക്ഷേത്രത്തിന്റെയും കാര്‍ഷിക മുന്നേറ്റത്തിന്റെയും പഴശ്ശിയുടെ പോരാട്ടത്തിന്റെയും ചരിത്രമുറങ്ങുന്ന നാടാണിത്. ഒരു കാലത്ത് മലബാറിന്റെ ആസ്ഥാനമാക്കാന്‍ ബ്രിട്ടീഷുകാര്‍ തിരഞ്ഞെടുത്ത സ്ഥലം. കബനീ നദിയുടെ പോഷക കൈവഴിയുടെ തീരത്ത് മാനവ ഐക്യത്തിന്റെ കഥ പറയുകയായിരുന്നു ഈ നാട്. ചരിത്രപഥത്തിലും സമകാലികതയിലും വേറിട്ടുനില്‍ക്കുന്ന സ്മാരകങ്ങള്‍ ഗ്രാമീണതയുടെ വയനാടന്‍ കാഴ്ചകളെ തിരികെയെത്തിക്കുന്നു. പൗരാണികമായ തിരുനെല്ലി അമ്പലത്തിന്റെ പഴക്കത്തില്‍ നിന്നും തുടങ്ങുന്ന ഈ നാടിന്റെ അറിയപ്പെടുന്ന ചരിത്ര വസ്തുതകള്‍. ചരിത്രാന്വേഷകര്‍ക്ക് പാഠപുസ്തകമാണ് വയനാട്ടിലെ കല്ലമ്പലങ്ങളും ജൈന ബസ്തികളും.
സുല്‍ത്താന്‍ബത്തേരി, വരദൂര്‍, പുളിയാര്‍മല എന്നിവിടങ്ങളിലാണ് പ്രധാന ജൈനക്ഷേത്രങ്ങള്‍ ഉള്ളത്. സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ അടയാളപ്പെടുത്തുകയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കല്ലമ്പലങ്ങള്‍. വാസ്തുശില്പികള്‍ അറക്കല്ലില്‍ തീര്‍ത്ത തൂണുകളും അവയില്‍ ഉയര്‍ത്തിവെച്ച ബീമുകളും ശിലാപാളികളും ചരിത്രശേഷിപ്പുകളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. വാസ്തുശില്പകലയില്‍ ഏറെ മികച്ചുനില്ക്കുന്ന ബത്തേരിയിലെ ജൈനക്ഷേത്രം മധ്യകാല ജൈനബസ്തികളില്‍ പ്രധാനപ്പെട്ടതാണ്. കിടങ്ങനാട് ബസ്തി എന്ന പേരിലും പുരാതനകാലത്ത് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. വിജയനഗര ശൈലിയിലാണ് ഇതിന്റെ നിര്‍മ്മാണം. സുല്‍ത്താന്‍ബത്തേരി എന്ന പേരില്‍പ്പോലും ഈ ക്ഷേത്രം നിറഞ്ഞുനില്‍ക്കുന്നു.

നൂറ്റാണ്ടുകളുടെ പഴക്കം
ടിപ്പുസുല്‍ത്താന്റെ വരവോടെയാണ് ഗണപതിവട്ടമെന്ന പേരിന് സുല്‍ത്തന്‍ബത്തേരി എന്ന നാമമാറ്റം ഉണ്ടായത്. ടിപ്പുസുല്‍ത്താന്‍ ഈ ക്ഷേത്രം പിടിച്ചെടുക്കുകയും ആയുധപ്പുരയായി ഉപയോഗിക്കുകയും ചെയ്തതായി ചരിത്രം പറയുന്നു. അങ്ങനെ 'സുല്‍ത്താന്‍സ് ബാറ്ററി' എന്ന് ഇംഗ്ലീഷുകാര്‍ ഈ സ്ഥലത്തെ വിശേഷിപ്പിച്ചു. ക്ഷേത്രം പുരാതനകാലത്ത് ഏതോ തകര്‍ച്ചയെ അഭിമുഖീകരിച്ചതായി ചരിത്രവിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ചിതറിതെറിച്ച ഭാഗങ്ങള്‍ ഇന്നും ഇവിടെയുണ്ട്.

ജൈനമത വിശ്വാസികള്‍ വയനാട്ടില്‍ കുടിയേറിയ കാലത്തോളം ജൈനബസ്തിക്കും പഴക്കമുണ്ട്. വിശ്വാസികള്‍ ഇവിടെ ആദ്യകാലത്ത് താവളമാക്കിയിരുന്നതായും ചരിത്രരേഖകള്‍ പറയുന്നു. ബത്തേരി അങ്ങാടിയുടെ പടിഞ്ഞാറെ അറ്റത്താണ് കൂറ്റന്‍ ശിലാപാളികള്‍ നിറഞ്ഞ ഈ അമ്പലം. ഒട്ടേറെ ജൈനമത ആരാധനാലയങ്ങള്‍ കാലക്രമത്തില്‍ വയനാട്ടില്‍ നശിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്ന ശേഷിപ്പുകള്‍ വരുംതലമുറയ്ക്കായി സൂക്ഷിക്കുന്നു. ബത്തേരിയിലെ ജൈനക്ഷേത്രം ഇന്ന് പുരാവസ്തുവകുപ്പിന്റെ കൈവശമാണ്. പന്ത്രണ്ടും പതിനാലും നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇവ നിര്‍മിച്ചതെന്ന് ഇതുസംബന്ധിച്ച രേഖപ്പെടുത്തലുകള്‍ വെളിപ്പെടുത്തുന്നു. ഒരുകാലത്ത് നിധിവേട്ടക്കാരും സാമൂഹികവിരുദ്ധരും കടന്നുകയറിയതിനാല്‍ മുഖമണ്ഡപവും കവാടവും നശിച്ചു. മദ്രാസ് സര്‍ക്കിള്‍ പുരാവസ്തുവകുപ്പ് ഇതിന്റെ സംരക്ഷണം ആദ്യമേ ഏറ്റെടുത്തെങ്കിലും വേണ്ടത്ര പരിചരണം ലഭിച്ചില്ല. തൊണ്ണൂറുകള്‍ പിന്നിട്ടതോടെയാണ് കാടുമൂടിക്കിടന്ന ഈ 'ചരിത്രപാഠപുസ്തക'ത്തിന് മോചനമായത്. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കി ക്ഷേത്രം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുകയാണുണ്ടായത്. പതിനാലാം നൂറ്റാണ്ടില്‍ ജൈനമതസ്ഥരാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഇവരുടെ വയനാട്ടിലേക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രം കൂടിയാണ് പുതിയ കാലത്തിനോട് ഈ സ്മാരകം പങ്കുവെച്ചത്. വിജയനഗര മാതൃകയിലുള്ള കൊത്തുപണികളും നിര്‍മിതിയുമെല്ലാം മുഖ്യ ആകര്‍ഷണമായിരുന്നു. മുഖമണ്ഡപം ഗര്‍ഭഗൃഹം, ആര്‍മമണ്ഡപം, മഹാമണ്ഡപം എന്നിവയാണ് ഈ അമ്പലത്തിന്റെ പ്രധാന ഭാഗങ്ങള്‍. കവാട ഗോപുരങ്ങളും മുഖമണ്ഡപവും നേരത്തെ തകര്‍ന്നിരുന്നു.

കാലത്തിന്റെ വിസ്മയ നിര്‍മിതികള്‍
പനമരത്തിന് ഒരു വിളിപ്പാടകലെ മാത്രമാണ് ജൈനസംസ്‌കൃതിയുടെ കഥപറഞ്ഞ് പുഞ്ചവയലിലെ ശിലാക്ഷേത്രങ്ങള്‍ നില്‍ക്കുന്നത്. വാസ്തുശില്‍പ്പികള്‍ അറക്കല്ലില്‍ തീര്‍ത്ത തൂണുകളും അവയില്‍ ഉയര്‍ത്തിവെച്ച കൂറ്റന്‍ ബീമുകളും ശിലാപാളികളും ചരിത്രശേഷിപ്പുകളായി. ജനാര്‍ദ്ധനഗുഡിയും വിഷ്ണുഗുഡിയും ആരെയും വിസ്മയിപ്പിക്കും. ദേശീയ സ്മാരകമായി ഇവ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ വളരെ കാലത്തിനും ശേഷമാണ് പുരോഗമിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിലാണ് ഇവയുടെ നിര്‍മാണ കാലഘട്ടമെന്ന് അനുമാനമുണ്ട്. കര്‍ണാടക ഭരിച്ചിരുന്ന ഹൊയ്‌സാല രാജാക്കന്‍മാരാണ് ഈ ശിലാക്ഷേത്രങ്ങള്‍ നിര്‍മാണം തുടങ്ങിയതെന്ന് ചരിത്രം പറയുന്നു. എന്നാല്‍ പോയകാലങ്ങളില്‍ മുത്തും പവിഴങ്ങളും കച്ചവടത്തിനുമായി വന്ന വ്യാപാരികളാണ് ഈ കരിങ്കല്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ചതെന്നും അഭിപ്രായമുണ്ട്. ഈ ശിലാക്ഷേത്രം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ മെല്ലെപ്പോക്കിലാണ്. ചരിത്ര പ്രാധാന്യമുള്ള ഈ ശിലാക്ഷേത്രത്തിന്റെ വീണ്ടെടുപ്പ് ഈ കാലത്തിന്റെയും അനിവാര്യതയാണ്. തിരുനെല്ലി ക്ഷേത്രത്തിന് സമീപമുള്ള കുതിരക്കോട് ശിലാക്ഷേത്രവും ആരാലും തിരിഞ്ഞുനോക്കാതെ കാടിനുള്ളില്‍ കഴിയുകയാണ്. ഇതിന്റെ കാലപ്പഴക്കം പോലും അജ്ഞാതമാണ്.

വരുമോ ജൈന്‍ സര്‍ക്യൂട്ട്?
വയനാടിന്റെ കാര്‍ഷിക ചരിത്രത്തില്‍ പുതിയ തുടക്കമുണ്ടാക്കാന്‍ ജൈന വിഭാഗത്തിന്റെ കുടിയേറ്റം നിദാനമായി. ജൈനമതക്കാര്‍ കബനി നദീയുടെ തീരത്തിലൂടെയാണ് വയനാടന്‍ ഭൂപ്രദേശങ്ങളിലെത്തിയത്. ഇവിടെ നിന്നാണ് ജൈനർ പല സംഘങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരിഞ്ഞത്. മാനന്തവാടി, പനമരം, കണിയാമ്പറ്റ, കല്‍പ്പറ്റ, വെണ്ണിയോട്, വരദൂര്‍, അഞ്ചുകുന്ന് എന്നിവടങ്ങളിലാണ് ജൈനമതസ്ഥരുടെ ആവാസ സ്ഥലങ്ങള്‍. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ദക്ഷിണേന്ത്യയിലെ ആദ്യത്തെ ജൈന്‍ സര്‍ക്യൂട്ടാണ് വയനാട്ടില്‍ തീരുമാനിച്ചത്. എന്നാല്‍ തുടങ്ങാനായില്ല. ജൈനസംസ്‌കൃതിയെ വരുംതലമുറയ്ക്കായി പരിചയപ്പെടുത്തുകയെന്നതാണ് ജൈന്‍ സര്‍ക്യൂട്ടിന്റെ ലക്ഷ്യം. കല്‍പ്പറ്റ മൈലാടിപ്പാറയിലെ ചന്ദ്രനാഥഗിരി, പുളിയാര്‍മലയിലെ അനന്തനാഥ് സ്വാമി ക്ഷേത്രം, വെണ്ണിയോട് ശാന്തിനാഥ ക്ഷേത്രം, പാലുകുന്ന് പരശനാഥ ക്ഷേത്രം, പാണ്ടിക്കടവിലെ ആദീശ്വര ജൈന ക്ഷേത്രം, കൊയിലേരിയിലെ ആദീശ്വര ക്ഷേത്രം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ജൈന്‍ സര്‍ക്യൂട്ട് രൂപപ്പെടുത്തിയത്. ജൈന്‍ റൈഡ് സീസണ്‍ 1 എന്ന പേരില്‍ 2016 ല്‍ കേരള കര്‍ണ്ണാടക അതിര്‍ത്തിയിലൂടെ ടൂറിസം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ റൈഡ് നടന്നിരുന്നു. ഇതിന്റെ രണ്ടാം സീസണ്‍ റൈഡ് വയനാട്ടില്‍ നടന്നു. കേരള ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ജൈന്‍ സര്‍ക്യൂട്ട് വയനാട്ടില്‍ തുടങ്ങാന്‍ തീരുമാനമായത്. 12 ജൈന സംസ്‌കൃതികളെ സഞ്ചാരികള്‍ക്ക് ഇതിലൂടെ തൊട്ടറിയാന്‍ കഴിയുമെങ്കിലും ഇനിയും കാത്തിരിക്കണം.

കാലം കൈയൊഴിയുന്ന ചരിത്രം
ചരിത്രം അവശേഷിപ്പിച്ചതിനെ കാലം കൈയൊഴിയുന്നു. പതിറ്റാണ്ടുകളായി മഴയും വെയിലും കൊണ്ടുനിന്ന ആയിരത്തിലേറെ വർഷം പഴക്കമുള്ള കല്ലമ്പലങ്ങള്‍ ഇപ്പോള്‍ തകര്‍ന്നുവീഴുന്നു. ചിലത് നവീകരണത്തിന്റെ പേരില്‍ തകര്‍ക്കപ്പെടുന്നു. ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ 1958 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടുകളാണ് ഇപ്പാള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ദേശീയ സ്മാരകങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാത്തുസൂക്ഷിക്കാന്‍ 2010 ല്‍ വീണ്ടും നിയമ ഭേദഗതിയുണ്ടായി. ചരിത്ര സ്മാരകങ്ങളുടെ നൂറുമീറ്റര്‍ പരിധിയില്‍ ഖനനങ്ങള്‍ നിരോധിച്ചുകൊണ്ടും 200 മീറ്റര്‍ ചുറ്റളവില്‍ കൈയ്യേറ്റങ്ങളും പരിസ്ഥിതിക ദുര്‍ബല പ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്. പത്തുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഈടാക്കാവുന്ന ശിക്ഷയാണിത്. ഇങ്ങനെയൊക്കെ നിയമം ഉണ്ടെങ്കിലും കല്ലമ്പലങ്ങള്‍ സംരക്ഷിക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നും അവഗണനകളുണ്ട്. നൂറ്റാണ്ടുകളെ അതിജീവിച്ച ശിലാക്ഷേത്രങ്ങള്‍ അനാസ്ഥകൊണ്ടാണ് അടിപതറുന്നത്.
Content Highlights: Jain Temples Bathery Wayanad
Published: 25 Oct 2024, 02:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented