ഈ ടൂറിസം സീസണില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സംസ്ഥാനമായി ഹിമാചല്‍ പ്രദേശ്. ഈ വര്‍ഷം മെയ് മാസം വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 74 ലക്ഷം സഞ്ചാരികളാണ് ഇന്ത്യയുടെ ടൂറിസം ഹബ്ബായ ഹിമാചലിലെത്തിയത്. ഇതില്‍ 32,415 പേര്‍ വിദേശികളാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 3.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പുണ്ടായ വന്‍പ്രളയത്തില്‍ നിന്ന് കരകയറി വന്ന സംസ്ഥാനത്തിന് ഇതൊരു വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കസൗളി, ചൈല്‍, സോളാന്‍ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള സോളാന്‍ ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയത്.
ഹിമാചലില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിച്ച സ്ഥലങ്ങളിലൊന്ന് കസൗളിയാണ്. മനോഹരമായഭൂപ്രകൃതിയും അതിശയിപ്പിക്കുന്ന വ്യൂ പോയന്റുകളും കൊളോണിയല്‍ കാലത്തെ കെട്ടിടങ്ങളും നഗരവീഥികളുമൊക്കെയായി സഞ്ചാരികളെ മോഹിപ്പിക്കുന്ന സ്ഥലമാണ്. കസൗളി. ഷിംലയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. ടോയ് ട്രെയിന്‍ റൈഡാണ് കസൗളിയിലെ ഏറ്റവും വലിയ ആകര്‍ഷണം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ടോയ് ട്രെയിന്‍ കസൗളില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ധരംപൂരില്‍ നിന്ന് ആരംഭിച്ച് ബറോഗിലാണ് അവസാനിക്കുന്നത്. നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ റൈഡില്‍ ഉടനീളം മഞ്ഞുമൂടിയ മലനിരകളും പച്ചനിറഞ്ഞ താഴ്‌വാരങ്ങളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
യാത്ര സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ഹിമാചലിന്റെ തലസ്ഥാന നഗരിയായ ഷിംലയിലും ഇത്തവണ നിരവധി സഞ്ചാരികളെത്തി. വര്‍ഷം മുഴുവന്‍ സീസണാണെന്നതാണ് ഷിംലയിലേക്ക് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലം മുതലേ പ്രശസ്തമായിരുന്ന ഹില്‍സ്റ്റേഷനാണ് ഷിംല. ബ്രിട്ടീഷ് നിര്‍മ്മിതികള്‍, ക്ഷേത്രങ്ങള്‍, ദേവാലയങ്ങള്‍, പര്‍വതപാതകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ഷിംല ഒരു തരത്തിലുള്ള സഞ്ചാരികളെയും നിരാശരാക്കാറില്ല. മലമുകളിലൂടെയുള്ള കര്‍ക്ക-ഷിംല റെയില്‍വേ പാതയാണ് ഷിംലയിലെ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളിലൊന്ന്. ഷിംലയ്ക്ക് പുറമെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മണാലിയിലും നിരവധി സഞ്ചാരികളെത്തി.

കൂടാതെ സ്പിതി, ധര്‍മ്മശാല, കുളു, സോളങ് വാലി, കുഫ്രി, ഗ്രഹണ്‍ തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികളെ ആകര്‍ഷിച്ചു. ഹിമാചലില്‍ ഏറെയൊന്നും അറിയപ്പെടാത്ത ചില കേന്ദ്രങ്ങളാണ് സഞ്ചാരികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡായി മാറിയിരിക്കുന്നത്. സഞ്ചാരികള്‍ തിങ്ങിനിറഞ്ഞ കേന്ദ്രങ്ങളെ ഒഴിവാക്കി ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഒരു വിഭാഗം താല്‍പര്യം കാണിച്ചത്. ഇത്തരത്തില്‍ ഇത്തവണ നിരവധി സഞ്ചാരികള്‍ എത്തിയ സ്ഥലമാണ് ടിക്കറിലെ റിവ വെള്ളച്ചാട്ടം. ഈ പ്രവണതകള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിന് പുറമേ ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും. നിരവധി ഹെലിപ്പാടുകളും സംസ്ഥാനത്തുടനീളം നിര്‍മ്മിക്കാന്‍ ധാരണയായിട്ടുണ്ട്. എ.ഡി.ബി ധനസഹായത്തോടെ കൂടുതല്‍ സാഹസിക, ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഹിമാചലില്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
Content Highlights: himachal pradesh records 7.4 million tourists by may
Published: 22 Jun 2024, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented