
കസാഖ്‌സ്താനിലും ദക്ഷിണകൊറിയയിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഭയാനകമായ വിമാനാപകടങ്ങള്‍ക്ക് പിന്നാലെ വിചിത്രമായ ഒരന്വേഷണത്തിലാണ് നെറ്റിസണ്‍സ്. വിമാനത്തിന്റെ ഏത് ഭാഗത്തിരുന്നാലാണ് ഇത്തരം അപകടങ്ങളില്‍നിന്നും രക്ഷപ്പെടാനുള്ള നേരിയ സാധ്യതയെങ്കിലും ഉള്ളത്, എന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ എല്ലാവരും തിരയുന്നത്.
പണ്ട് നടന്നതും ഇപ്പോള്‍ നടന്നതുമായ സകല അപകടങ്ങളും തിരഞ്ഞുപിടിച്ച്, അപകടത്തില്‍നിന്നും രക്ഷപ്പെട്ടവരുടെ സീറ്റുംതിരഞ്ഞ് നടക്കുകയാണ് മിക്കവരും. ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ കസാഖ്‌സ്താനിലെ അക്തോയില്‍ യാത്രാവിമാനം തകര്‍ന്ന് 30 പേരാണ് മരിച്ചത്. 62 യാത്രക്കാരും അഞ്ചുജീവനക്കാരുമടക്കം 67 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കസാഖ്‌സ്താനിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നാലെ അടിയന്തര ലാന്‍ഡിങിനുള്ള അനുമതി തേടിയെങ്കിലും തൊട്ടുപിന്നാലെ തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു.
അപകടത്തില്‍നിന്ന് 29 പേരെ രക്ഷപ്പെടുത്തിയിരുന്നു. വിമാനത്തിന്റെ വാല്‍ഭാഗത്ത് ഇരുന്നവരാണ് രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും എന്നാണ് പുറത്തുവന്ന വീഡിയോകളില്‍നിന്നും വ്യക്തമാകുന്നത്.
ദക്ഷിണകൊറിയയില്‍ ഡിസംബര്‍ 29 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ഒമ്പതുമണിയോടെ, ലാന്‍ഡിങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി സുരക്ഷാവേലിയില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നത്. ബാങ്കോക്കില്‍നിന്ന് 181 പേരുമായി പുറപ്പെട്ട ജെജു എയര്‍ വിമാനമാണ് ദക്ഷിണകൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തിലെ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍ പെട്ടത്. രണ്ടുപേര്‍ മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട രണ്ടുപേരുടെയും സീറ്റ് വിമാനത്തിന്റെ പിന്നിലെ എമര്‍ജന്‍സി വാതിലിനടുത്തായിരുന്നു.
രണ്ട് അപകടങ്ങളിലും വിമാനത്തിന്റെ 'ടെയില്‍ എന്‍ഡ്' അതായത് വാല്‍ഭാഗത്ത് ഇരുന്നിരുന്നവരാണ് രക്ഷപ്പെട്ടത് എന്നാണ് നെറ്റിസണ്‍സിന്റെ കണ്ടെത്തല്‍. ഇത് യാദൃശ്ചികമായി സംഭവിച്ചതാണോ അതോ ശരിക്കും വിമാനത്തിന്റെ ടെയില്‍ എന്‍ഡ് സീറ്റുകളാണോ കൂടുതല്‍ സുരക്ഷിതം എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്നാല്‍ ഇതില്‍ കാര്യമില്ലാതില്ല എന്നാണ് മുന്‍പ് ഈ വിഷയത്തില്‍ നടന്നിട്ടുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയുടെ ഏവിയേഷന്‍ ഡിസാസ്റ്റര്‍ ലോയിലെ റിപ്പോര്‍ട്ട് പ്രകാരം, വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇരിക്കുന്നത് അപകടങ്ങളില്‍നിന്നും രക്ഷപ്പെടാനുള്ള നേരിയ അവസരം നല്‍കുന്നു.
പോപ്പുലര്‍ മെക്കാനിക്സ് എന്ന മാഗസിന്‍ 1971 മുതല്‍ 2005 വരെ നടന്നിട്ടുള്ള വിമാനാപകടങ്ങളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ ഏവിയേഷന്‍ ഡിസാസ്റ്റര്‍ ലോ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. പോപ്പുലര്‍ മെക്കാനിക്‌സിന്റെ പഠനത്തില്‍ പറയുന്നത് പ്രകാരം വിമാനത്തിലെ മറ്റ് സീറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പിന്‍ഭാഗത്തെ സീറ്റില്‍ ഇരിക്കുന്നവര്‍ രക്ഷപ്പെടാനുള്ള സാധ്യത 40% വരെ കൂടുതലാണ്. പിന്‍സീറ്റിലുള്ളവര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത 32% ആണ്. അതേസമയം, നടുഭാഗത്തെ സീറ്റികളില്‍ ഇരിക്കുന്നവര്‍ക്ക് 39%, മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് 38 ശതമാനവുമാണ് പരിക്കേല്‍ക്കാനുള്ള സാധ്യത. നേരിയതെങ്കിലും ഈ കണക്ക് തള്ളിക്കളയാനാവില്ലെന്ന് പഠനം പറയുന്നു.
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ മാക്‌സ് ഫോസ്റ്ററും ഇത് ശരിവയ്ക്കുന്നു. അദ്ദേഹത്തിന്റെ പഠനപ്രകാരം വിമാനത്തിന്റെ മുന്‍ഭാഗത്തിരിക്കുന്നവര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത 49% മാത്രമാണ്, മധ്യഭാഗത്തിരിക്കുന്നവര്‍ക്ക് 59% സാധ്യതയും പിന്‍ഭാഗത്ത് ഇരിക്കുന്നവര്‍ക്ക് 69% സാധ്യതയുമാണ് ഉള്ളത്. അതായത്, വിമാനത്തില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നവരാണ് ഏറ്റവും സുരക്ഷിതരായി യാത്രചെയ്യുന്നത്, മാക്‌സ് പറയുന്നു. ഇതിന് അപവാദമായുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് 1989-ലെ യുണൈറ്റഡ് എയര്‍ലൈന്‍സ് ക്രാഷ്, വിമാനത്തില്‍ ഉണ്ടായിരുന്ന 269 പേരില്‍ 184 പേരാണ് ആ അപകടത്തില്‍ രക്ഷപ്പെട്ടത്. അതില്‍ ഭൂരിഭാഗംപേരും വിമാനത്തിന്റെ മുന്‍ഭാഗത്തെ സീറ്റുകളില്‍ ഇരുന്നവരായിരുന്നു.
വിമാനം ഏതുസാഹചര്യത്തില്‍ അപകടത്തില്‍പെട്ടാലും അതിന്റെ ചിറകുകള്‍ തകരും. ഇതാണ് മധ്യഭാഗത്തെ സീറ്റില്‍ ഇരിക്കുന്നവരെ കൂടുതല്‍ അപകടത്തില്‍ ആക്കുന്നത്. എന്നാല്‍, ഇതൊക്കെ ആപേക്ഷികമാണെന്നും ഏതുരീതിയിലാണ് വിമാനം അപകടത്തില്‍ പെടുന്നത് എന്നതിനെ ആശ്രയിച്ചാണ് ഈ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം, ലോകത്ത് ഏറ്റവും സുരക്ഷിതമായ യാത്രാമാര്‍ഗമാണ് വിമാനം എന്നും ഈ പഠങ്ങള്‍ പറയുന്നു. റോഡിനെയും കടലിനെയും അപേക്ഷിച്ച് ആകാശത്തിലെ യാത്ര ഏറെ സുരക്ഷിതമാണ്. റോഡ്-കപ്പല്‍-ആകാശയാത്രാ അപകടങ്ങളുടെ കണക്കുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത് എന്ന് യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) പറയുന്നു.
Content Highlights: front middle or back seat which is safer in an aircraft
Published: 30 Dec 2024, 07:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented