ടെൽ അവീവ്: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് ( flydubai) വിമാനത്തിൽ വച്ച് സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഒമാൻ പൗരനായ പൈലറ്റാണ് വിമാനത്തിൽ ആക്രമണം നടത്തിയത്. സംഭവം ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട് ഇസ്രായേൽ അധികൃതർ അന്വേഷിച്ചുവരികയാണ്. അക്രമിയായ ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എട്ട് മാസം മുമ്പ് ഫ്‌ളൈ ദുബായിൽ ചേർന്ന ഇയാൾ കൂടുതൽ സമയവും പ്രാർഥനയിലാണുണ്ടാകാറെന്നും സ്ത്രീകളുമായി കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നുവെന്നുമാണ്‌ ടൈംസ് ഓഫ് ഇസ്രയേൽ ഇയാളുടെ സഹപ്രവർത്തകനെ ഉദ്ധരിച്ച്‌ റിപ്പോർട്ട് ചെയ്തത്.

To advertise here,

ഒരു വിമാന കമ്പനിയിലെ സാധാരണ അന്തരീക്ഷത്തിന് ചേരാത്ത വിധമായിരുന്നു ഇയാളുടെ പെരുമാറ്റങ്ങളെന്നും മത തീവ്രവാദിയെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും സഹപ്രവർത്തകൻ വിശേഷിപ്പിച്ചു. ഒമാനുമായി ഇസ്രായേലിന് നയതന്ത്ര ബന്ധമില്ലാതിരുന്നിട്ടും ഇയാളെ ഇസ്രായേലിലേക്കുള്ള വിമാനത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച എയർലൈനിന്റെ തീരുമാനത്തെ ഒരു സഹപ്രവർത്തകൻ ചോദ്യം ചെയ്യുകയും ചെയ്തു. ഈ തീരുമാനം വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും ജീവൻ അപകടത്തിലാക്കിയെന്നും ഇയാൾ ചൂണ്ടിക്കാട്ടി.

വിമാനം ഇസ്രായേലിലേക്ക് പറന്നുകൊണ്ടിരിക്കെയാണ് ഒമാൻ പൗരനായ സഹപൈലറ്റ് ക്യാപ്റ്റനായ മുംബൈ സ്വദേശി സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് കോക്ക്പിറ്റിലെ നിയന്ത്രണ സംവിധാനങ്ങൾ തടസ്സപ്പെടുത്താൻ അക്രമി ശ്രമിച്ചതോടെ വിമാനം പെട്ടെന്ന് ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചു. 29 സെക്കൻഡിനുള്ളിൽ വിമാനം 14,000 അടിയോളം താഴേക്ക് പതിച്ചതായും രണ്ടു മിനിറ്റിനുള്ളിൽ 17,000 അടി താഴ്ന്നതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ഛാർ കോക്ക്പിറ്റ് വാതിൽ തുറന്ന് അക്രമിയെ ചെറുത്തുതോൽപ്പിച്ചു. നിലവിളിയും വിമാനത്തിന്റെ പെട്ടെന്നുള്ള താഴ്ചയും ശ്രദ്ധയിൽപ്പെട്ട യാനിവ് ഹയൂൺ എന്ന യാത്രക്കാരനും മറ്റ് ജീവനക്കാരും കോക്ക്പിറ്റിലേക്ക് പ്രവേശിച്ച് അക്രമിയെ പിടിച്ചുമാറ്റുകയും കീഴടക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെയും ജീവൻ രക്ഷിച്ചതിന് ഇന്ത്യൻ ക്യാപ്റ്റനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പ്രതിയായ ഒമാൻ സ്വദേശിയെ സൗദി പോലീസിന് കൈമാറി.