സർബൈജാനിലെ ആളിനിൽക്കുന്ന കാഴ്ച്ചയായ 'കത്തുന്ന പർവ്വത'ത്തിലേക്കായിരുന്നു അടുത്ത യാത്ര.മലയടിവാരത്ത് പ്രകൃതികൊളുത്തിയ തീ കാലങ്ങളായി അണയാതെ ആളിനിൽക്കുന്നു! പോകുംവഴി വഴിയോരത്തു നിന്ന് ചായകുടിച്ചു. കെറ്റിലിൽനിന്ന് പകർന്ന ചായയുടെ നിറം കണ്ടപ്പോൾ വലിയ കടുപ്പമെന്നു കരുതി. നിറം തെറ്റിദ്ധരിപ്പിച്ചതാണ്.

To advertise here,

നല്ല രസികൻ ചായ. ചായ് എന്നുതന്നെയാണ് അസർബൈജാനിലും പേര്. സിൽക്ക് റൂട്ടിലെ യാത്രകളിൽ ഇന്ത്യൻ വ്യാപാരികളുടെ കൂടെ പോന്നതായിരിക്കാം. ചൂടൻചായയുടെ ഉന്മേഷവുമായി ബസിന്റെ സൈഡ് സീറ്റിൽ കാഴ്ച്ചകൾ കണ്ടിരുന്നു നല്ല നഗരാസൂത്രണം. നന്നായി പരിപാലിച്ച പാർക്കുകളും മനോഹരമായ പാലങ്ങളും പിന്നിട്ടു ഊബർ ടാക്‌സികളുണ്ട്.

പുതുകാല ലക്ഷ്വറി വാഹനങ്ങളാണെല്ലാം. തലസ്ഥാനനഗരിയായ ബാക്കുവിൽ ക്രീംനിറമാർന്ന കെട്ടിടങ്ങളനവധി. സിംഹമുഖങ്ങൾ താങ്ങിനിർത്തിയ താലങ്ങളുമായി നിരവധി ജലധാരകൾ. മുന്നിൽ വിശാലമായ പുൽത്തകിടിയുള്ള മുസ്ലിംപള്ളി, വലിപ്പംകൊണ്ടല്ല ശിൽപ്പചാതുരികൊണ്ട് മനസ്സിൽ കയറി. മേപ്പിൾ, ചെറി, പിയർ മരങ്ങൾ ഓടിമറഞ്ഞു

ഹൈലാൻഡ് പാർക്കിലെ പൈൻമരങ്ങളെ പിന്നിട്ടു. പെട്ടെന്ന് ബസ് സൈഡ് ഒതുക്കി. ട്രാഫിക് നിശ്ചലമായി. പ്രസിഡന്റ് ഇൽഹാം അലീവിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിന്റെ സുരക്ഷാനടപടിയായിരുന്നു. 1993 മുതൽ അലീവ് കുടുംബത്തിന്റെ വാഴ്ച്ചയാണ്. പത്തുവർഷത്തെ ഹൈദർ അലീവിന്റെ ഭരണം, 2003 മുതൽ മകൻ ഇൽഹാം വാഴ്ച്ച തുടരുന്നു.

യെനാർദാഗ് എന്ന ഇടത്താണ് 'കത്തുന്ന പർവ്വതം' അഥവാ ബേണിഹ് മൗണ്ടൻ. ബാക്കുവിൽനിന്ന് ഇരുപത്തഞ്ച് കിലോമീറ്റർ ദൂരം. ഭൂമിയുടെ അടിത്തട്ടിൽ നിന്നുയരുന്ന പ്രകൃതിവാതകമാണ് തീകൂട്ടിനിൽക്കുന്നത്. മാനംമുട്ടെ സദാ തീയാളിനിൽക്കുന്ന പർവതമായിരിക്കാമെന്ന് മനസ്സിൽ ചിത്രം തെളിഞ്ഞു.

പേരിൽ തന്നെ തീബാധയേറ്റ രാജ്യമാണ് അസർബൈജാൻ. രാജ്യത്തിലെ പ്രധാന കെട്ടിടനിർമിതിയായ ഫ്‌ളെയിം ടവേഴ്‌സ് ഈ ചാർച്ച വ്യക്തമാക്കുന്നതും. പ്രോട്ടക്ടർ ഓഫ് ഫയർ , ലാൻഡ് ഓഫ് ഫയർ എന്നീ വിശേഷണങ്ങളും അസർബൈജാനുണ്ട്.അരമണിക്കൂറിനുള്ളിൽ യെനാർദാഗിലെത്തി. നേരിൽ കണ്ടപ്പോൾ മനസ്സിലെ ചിത്രം മാറ്റിവരയ്‌ക്കേണ്ടിവന്നു.

വരണ്ടുണങ്ങിയ മല. അടിവാരത്തിൽ കഷ്ടി മൂന്നുനാലടി ഉയരത്തിൽ തീയാളുന്നു. ദേ ഇവിടെനോക്കൂ, ഞാനിവിടെയുണ്ട് എന്ന മട്ടിൽ. ടൂറിസ്റ്റുകളിൽ പലരും തീനാളങ്ങളുടെ സമീപത്തേക്ക് നാണയങ്ങൾ എറിഞ്ഞു. മനുഷ്യനെ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകൾ ആരാധന പിടിച്ചുപറ്റുന്ന കാഴ്ച്ച. മുമ്പേ പോയ സന്ദർശകർ എറിഞ്ഞനാണയങ്ങൾ തീനാളങ്ങളിൽ പ്രതിഫലിച്ച് തിളങ്ങി കിടപ്പുണ്ട്. സമീപം കഫേയടക്കമുള്ള കോംപ്ലക്‌സ്. അതിൽ നിന്ന് മലമുകളിലേക്ക് പാലവുമുണ്ട്.

ചെറിയ ആംഫിതിയേറ്ററിലെ പടവുകളിലിരുന്ന് പ്രകൃതികൂട്ടിയ തീകാണാം, തീകായാം. ആളുന്ന തീയുടെ വലിപ്പത്തിലല്ല, കാലങ്ങളായി അണയാതെ കത്തിനിൽക്കുന്നു എന്നതിലാണ് പ്രത്യേകത. 2500 വർഷങ്ങൾക്ക് മുമ്പത്തെ റോമൻ രേഖകളിൽ ഈ അബ്‌ഷെറോൺ ഉപദ്വീപിൽ എണ്ണ ഖനനം നടന്നിരുന്നതിന്റെ തെളിവുകളുണ്ടെന്ന് ഗൈഡ് പറഞ്ഞു.

പതിമൂന്നാം നൂറ്റാണ്ടിൽ പ്രകൃതിയുടെ ഈ തീനാളങ്ങൾ കൊളുത്തിയുള്ള 'നിത്യാരാധന' മാർക്കോ പോളോ പരാമർശിച്ചിട്ടുമുണ്ട്. കാറ്റിൽ പ്രകൃതിവാതകത്തിന്റെ മണമടിച്ചു. ചെറിയ തണുപ്പ് കയറിവരാൻ തുടങ്ങി. പതിയെ ഇരുട്ടുപരന്നു, മലയടിവാരത്തിലെ തീപുഷ്പങ്ങൾ കൂടുതൽ വിരിഞ്ഞുവന്നു. ഇരുട്ടിലേക്ക് പടർന്നുകയറുന്ന തീപ്പടർപ്പുകൾ. ബസ് യാത്രതുടർന്നു. പിന്നിൽ ആ രക്തപുഷ്പങ്ങൾ കൈവീശി യാത്രപറയുന്നപോലെ.

അസർബൈജാനിൽ ഇന്ത്യൻ കണക്ഷനുമായി ഫയർ ടെമ്പിൾ

ചെന്നെത്തിയത് ഇന്ത്യയിലെ ഏതോ കോട്ടയിലോ ക്ഷേത്രത്തിലോ എന്ന് സന്ദർശകർ സംശയിച്ചുപോകാം. തലകുമ്പിട്ട് മാത്രം കയറാവുന്ന അഞ്ചുമുഖകോട്ട. കല്ലുകളാലുള്ള എടുപ്പുകളും നിർമിതികളും അതിനുള്ളിലെ ചെറുഗുഹയ്ക്കുള്ളിലെ അരണ്ടവെളിച്ചത്തിൽ ഗണപതിവിഗ്രഹം!

താഴ്ന്ന സ്ഥായിയിൽ ഓം ഗണപതയേ നമ: എന്ന ഗണപതിമന്ത്രത്തിന്റെ റെക്കോർഡ് മുഴങ്ങുന്നു. മറ്റൊരു ഗുഹയിൽ മാലചാർത്തിയ നടരാജവിഗ്രഹം. റോഡുമാർഗം ഏകദേശം 7920 കിലോമീറ്റർ ദൂരെയാണ് ഇന്ത്യ. എന്നിട്ടുമെങ്ങനെ ഈ ഇന്ത്യൻ കണക്ഷൻ എന്നാലോചിക്കുമ്പോൾ സിൽക്ക് റൂട്ട് തെളിഞ്ഞുവരും.

പുരാതനമായ വ്യാപാരപാത. അതിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വ്യാപാരികൾ കടന്നുവരുന്നു. 'ചെമന്ന ഇടം 'എന്നുപേരായ സുരാഖാനി പട്ടണത്തിലൂടെ കടന്നുപോയപ്പോൾ ഭൂതൽപ്പത്തിൽ സദാ ആളിനിൽക്കുന്ന തീയിതളുകളെ അവർ കണ്ടിരിക്കും. രാത്രി വിശ്രമിച്ചും അഗ്നിയെ ആരാധിച്ചും അവർ ഇവിടെ കൂടിയിരിക്കാം. അതാണ് ഇന്നുകാണുന്ന അടെഷ്‌ക ടെമ്പിൾ അഥവാ ഫയർടെമ്പിൾ.

ചാരനിറമാർന്ന കോട്ട അത്ര വലുതൊന്നുമല്ല. ഇന്ത്യയിലെ കോട്ടകളെ താരതമ്യം ചെയ്യുമ്പോൾ മിനിയേച്ചർ എന്നുവിളിക്കേണ്ടിവരും. അതിനുനടുവിൽ നാലുതൂണുകളിൽ അഗ്നിക്ഷേത്രം.അതിലെ കുടീരത്തിൽ തീകെടാതെ ആളിനിൽക്കുന്നു. 1969 ൽ പ്രകൃതിവാതകത്തിന്റെ അളവ് കുറഞ്ഞതോടെ കുടീരത്തിലെ തീകെട്ടു. പിന്നീട് അടുത്തുള്ള നഗരത്തിൽനിന്ന് വാതകപൈപ്പ് വഴിയാണ് കൃത്രിമമായി ജ്വലിപ്പിച്ചുനിർത്തിയിരിക്കുന്നത്.

കോട്ടഭിത്തിയുടെ ഉള്ളിൽ ചെറിയ ഗുഹകൾ പോലെയുള്ള 26 മുറികൾ. വായുസഞ്ചാരത്തിന് ഗുഹയ്ക്കുമുകളിൽനിന്ന് ചെറിയ ദ്വാരമിട്ടിരിക്കുന്നു. ഒരു ഗുഹയിൽ ഗണേശന്റെയും നടരാജന്റെയും വിഗ്രഹങ്ങളുമുണ്ട്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളും വസ്തുക്കളും ചില്ലുപേടകങ്ങളിൽ ബന്ദവസ്സായി പ്രദർശിപ്പിച്ചിരിക്കുന്നു.

മുൻകാല വ്യാപാരികളുടെയും സന്യസ്തരുടെയും രൂപങ്ങൾ, പഴയകാല ചിത്രങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിനുണ്ട്.അഗ്നിക്ഷേത്രത്തിനരികിൽ വിശാലമായ മുറ്റവും ആഴമേറിയ കിണറുമുണ്ട്.

ഏഷ്യയേയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്നു അസർബൈജാൻ.പതിനേഴാംനൂറ്റാണ്ടുമുതൽ ഇന്ത്യൻഉപഭൂഖണ്ഡത്തിലെ വ്യാപാരികൾ യാത്രാമധ്യേ ആരാധനയ്ക്കും രാത്രിപാർപ്പിനും ഫയർടെമ്പിൾ ഉപയോഗിച്ചിരുന്നു. സുരാഖാനിയിലെ അണയാത്ത തീയായിരുന്നു ആകർഷണം.

നിലവിലുണ്ടായിരുന്ന സൊരാഷ്ട്രിയൻ ആരാധാനാലയം ഫയർടെമ്പിളായി പുതുക്കുകയായിരുന്നെന്നും പറയപ്പെടുന്നു.കോട്ടഭിത്തിയിൽ സംസ്‌കൃതം, പഞ്ചാബി, പേർഷ്യൻ ലിഖിതങ്ങളുണ്ട്. ഇപ്പോഴിത് രാജ്യത്തിന്റെ

മ്യൂസിയവും ചരിത്ര- വാസ്തുവിദ്യ സംരക്ഷണകേന്ദവുമാണ്.

സന്ധ്യ മയങ്ങാൻ തുടങ്ങുംനേരമാണ് ഫയർ ടെമ്പിളിലെത്തിയത്. ഉയരംകുറഞ്ഞ പ്രവേശനകവാടം പണിതതിനുപിന്നിലെ കാരണം ഗൈഡ് പറഞ്ഞു. അകത്തുകടക്കുമ്പോൾ തന്നെ അഗ്‌നിയെ വണങ്ങുക! മടങ്ങുമ്പോൾ പകലന്തിയിലെ സ്വർണവെളിച്ചം അവശേഷിപ്പിച്ച് സൂര്യൻ ചാഞ്ഞിരിക്കുന്നു. സ്വർണമഞ്ഞയും കറുപ്പും നിറമാർന്ന മേഘങ്ങൾ ഗോപുരങ്ങളുടെ മുകളിൽ അലയുന്നു. കല്ലുകൊണ്ടുപണിത കോട്ടയ്ക്ക് അന്തിവെളിച്ചത്തിൽ സ്വർണനിറം..

നോഹൂർ തടാകം

ബാക്കുവിൽനിന്ന് ഖബാലയിലേക്ക് പോകുന്നതിനിടെ നോഹുർ തടാകത്തിലൊന്ന് മുഖംനോക്കി. ശാന്തി എന്നത് ആരും നമ്മിൽ നിക്ഷേപിക്കുന്നതല്ല, തനിയെ വന്നുനിറയുന്നതാണെന്ന് ബോധ്യപ്പെടുത്തുന്ന ഇടം. മരങ്ങളുടെ പച്ചപ്പ് നിറഞ്ഞ മലകൾ, കടുംനീലജലാശയത്തിൽ മേഞ്ഞുനടക്കുന്ന വെൺമേഘചെമ്മരിയാട്ടിൻക്കൂട്ടങ്ങൾ.

നോഹുർ തടാകക്കരയിൽ എത്രനേരമെങ്കിലും വെറുതെയിരിക്കാം. മടുക്കില്ല. ശുദ്ധവായു ശ്വസിച്ച് തടാകക്കരയിലൂടെ നടക്കാം. മലയുടെ പലയിടങ്ങളിൽ വെയിൽ മാറിപതിക്കുമ്പോഴുള്ള നിഴൽമാറ്റം കണ്ടിരിക്കാം. ഇടയ്ക്ക് നീർകുടിക്കാൻ മേൽത്തട്ടിലെത്തുന്ന മീനുകൾ, ഇടവിട്ടുയരുന്ന നീർവലയങ്ങൾ. കൂട്ടമായി തുഴയുന്ന താറാവുകൾ..

കരയിൽ കടുംചെമപ്പും നീലയുമടിച്ച ബോട്ടുകൾ ഇളകികളിക്കുന്നു. അതിനരികിൽ ഫോട്ടോപോയിന്റുകളുണ്ട്. ജലസംഭരണിയായതിനാൽ നീന്തുവാൻ അനുമതിയില്ല. തടാകത്തിനുനടുവിൽ ചെറിയ തുരുത്തുകൾ, പച്ചച്ച് തെഴുത്തുനിൽക്കുന്ന പുൽമൊന്തകൾ. വെള്ളത്തിലാണ് നിൽപ്പെങ്കിലും ഇലകൾ പൊഴിച്ച് ഉണങ്ങിയ ഒന്നുരണ്ടുമരങ്ങൾ.

പ്രകൃതിയിൽനിന്ന് സിപ് ചെയ്യാവുന്ന പ്രശാന്തി! മാമ്പഴം തുടങ്ങി പലതരം പഴങ്ങളുടെ പൾപ്പ് പപ്പട കനത്തിൽ പരത്തി പ്ലാസ്റ്റിക് ഷീറ്റിൽ ഒട്ടിച്ച് വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഒന്നിന് നാല് മനാത്ത് കൊടുത്തു. ഒരു മനാത്തിന് അമ്പത് രൂപയോളമായിരുന്നു വില. ചെറിയ തേൻഭരണികളും കണ്ടു. നല്ല തേൻ മലയോരത്തെ ചെറുകർഷകരിൽ നിന്ന് ലഭിക്കുമെന്ന് ഗൈഡ് പറഞ്ഞു.

(തുടരും)