ഫരീദാബാദ്: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഫരീദാബാദിലെ സെക്ടർ 21 സിയിലാണ് സംഭവം. പരംജീത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്. ദീപാവലിക്ക് രണ്ട് ദിവസം മുൻപുള്ള ധൻതേരസ് ദിനമായ വെള്ളിയാഴ്ചയാണ് സംഭവം. അയൽവാസിയായ മോഹൻ എന്ന മോനു ശർമയാണ് പ്രതി.

To advertise here,

ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് പ്രതി വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. പതിനഞ്ചോ പതിനാറോ തവണയാണ് മോഹൻ വെടിയുതിർത്തത് എന്നാണ് വിവരം. ഇതിൽ മൂന്നോ നാലോ വെടിയുണ്ടകൾ പരംജീതിന്റെ ശരീരത്തിൽ കൊണ്ടു. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇതിനുശേഷം പ്രതി മോഹൻ കുടുംബത്തോടൊപ്പം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ടെക് മഹീന്ദ്രയുടെ ഏഷ്യാ പസഫിക് മേഖലയിലെ മുൻ റീജിയണൽ ബിസിനസ് ഹെഡാണ് പരംജീത് എന്നാണ് വിവരം. ഹിസാർ സ്വദേശിയായ പരംജീത് നിലവിൽ സിംഗപ്പുർ ആസ്ഥാനമായ എഫ്പിടി സോഫ്റ്റ്‌വെയർ കമ്പനി ലിമിറ്റഡിൽ സീനിയർ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയായിരുന്നു. സിംഗപ്പൂരിൽ താമസിക്കുകയായിരുന്ന പരംജീത് മരുമകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്.

അപ്പാർട്ട്‌മെന്റിന്റെ ഒന്നാം നിലയിൽ ഭാര്യയ്ക്കും മകനുമൊപ്പമാണ് പരംജീത് താമസിച്ചിരുന്നത്. സംഭവദിവസം രാത്രി എട്ടോടെ ജിമ്മിൽനിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അയൽവാസിയുമായി തർക്കമുണ്ടായത്. അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ താമസിക്കുന്ന മോഹനുമായി വാഹന പാർക്കിങ്ങിനെച്ചൊല്ലി പരംജീത് വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കം പിന്നീട് രൂക്ഷമായി. തുടർന്നാണ് പ്രതി വെടിയുതിർത്തതെന്നാണ് പോലീസ് പറയുന്നത്. വളർത്തുനായയുമായി ബന്ധപ്പെട്ട തർക്കവും കൊലപാതകത്തിന് കാരണമായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന് അഞ്ച് ദിവസം മുൻപ് പ്രതി പരംജീതിന്റെ മകനെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. ഈ സംഭവവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചതോടെ പോലീസും ക്രൈംബ്രാഞ്ച് സംഘവും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവസ്ഥലത്തുനിന്ന് വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്സുകൾ കണ്ടെത്തി.

പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കേസിൽ വിവിധ പോലീസ് സംഘങ്ങൾ അന്വേഷണം നടത്തുകയാണെന്ന് സൂരജ്കുണ്ഡ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രഹ്ലാദ് കുമാർ അറിയിച്ചു.