
ഫെബ്രുവരിയിലെ ഒരു തണുപ്പുള്ള പ്രഭാതത്തില്‍ രാവിലെ ഏഴുമണിക്കാണ് ഞങ്ങള്‍ ഗുവാഹാട്ടി വിമാനത്താവളത്തിലിറങ്ങിയത്. സുഖമുള്ള കാലാവസ്ഥയായിരുന്നു. രാജ്യത്തെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ അസം സന്ദര്‍ശിക്കാന്‍ നല്ല സമയം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണെന്ന് കേട്ടിട്ടുണ്ട്.
പാലക്കാട്ടുനിന്ന് യാത്രതിരിക്കും മുമ്പേ അസമിലെ ഒരു ടൂര്‍ ഓപ്പറേറ്ററുടെ നമ്പര്‍ ഒരു സുഹൃത്ത് തന്നിരുന്നു. വിമാനത്താവളത്തിലെത്തുമ്പോള്‍ ടാക്‌സി റെഡി. ഇവിടെ സന്ദര്‍ശകരെ സ്വാഗതംചെയ്യുന്ന ബോര്‍ഡുകളില്‍ തന്നെയുണ്ട് അസ്സമിന്റെ തനതുകലകളും കരകൗശലചാരുതയും.
മുളകൊണ്ടുള്ള അലങ്കാരവിളക്കുകളും ഫര്‍ണിച്ചറുകളും പെയിന്റിങ്ങുകളും കണ്ണിന് വിരുന്നാകും. ടാക്‌സി ഡ്രൈവര്‍ ഞങ്ങളെ നേരെ കൊണ്ടുപോയത് ഒരു ഹൈദരാബാദ് കിച്ചണിലേക്കാണ്. എട്ടരമണിയായിട്ടും ഹോട്ടലില്‍ ഭക്ഷണമുണ്ടാക്കാന്‍ തുടങ്ങിയിട്ടില്ല. പുറത്തെ വരാന്തയില്‍ ചായയുണ്ടാക്കുന്നയാള്‍ സമോവറില്‍ ചായയ്ക്ക് വെള്ളം തിളപ്പിക്കുന്നേയുള്ളൂ.
ഞങ്ങളെ കണ്ടപ്പോള്‍ ഹോട്ടലിലെ സ്ത്രീകള്‍ (വീട്ടുകാരും ഹോട്ടല്‍ ഉടമകളും അവര്‍ തന്നെയാണ്) അടുക്കളയില്‍ കയറി. കഴിക്കാന്‍ എന്തുണ്ടെന്നു ചോദിച്ചപ്പോള്‍ മലയാളികളാണെന്ന് കണ്ടിട്ടാവണം, ആതിഥേയ പറഞ്ഞു, ഇഡ്ഡലി, ദോശ, മസാലദോശ, പിന്നെ ചപ്പാത്തി, വെജിറ്റബിള്‍ കറി. ദോശ മതിയെന്നു പറഞ്ഞു. പത്തുപതിനഞ്ചു മിനിറ്റു കൊണ്ട് ദോശ, സാമ്പാര്‍, ചട്ണി ഒക്കെയെത്തി.
എപ്പോഴാണ് സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയതെന്നു ചോദിച്ചപ്പോള്‍ മറുപടി, ''ഞങ്ങളുടെ നാട്ടുകാര്‍ മുഴുവനിപ്പോള്‍ നിങ്ങളുടെ നാട്ടിലല്ലേ ജോലി ചെയ്യുന്നത്. അവരാണ് ഇതൊക്കെ ഇവിടെ പ്രചരിപ്പിച്ചത്''. ശരിയാണ്. ചുറ്റുമുള്ള തീന്‍മേശകളില്‍ ഇരിക്കുന്ന വിദ്യാര്‍ഥികളും തൊഴിലാളികളുമൊക്കെ കഴിക്കുന്നു, ദോശ, ഇഡ്ഡലി, സാമ്പാര്‍.
കേരളത്തിലെ 'ഭായിമാര്‍' കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ടീമുകളുടെ പണിയാണല്ലോ ചെയ്യുന്നതെന്ന് ഞങ്ങളും പറഞ്ഞു. പക്ഷേ, സാമ്പാറിനും ചട്ണിക്കുമൊക്കെ വേറൊരു സ്വാദാണ്, അല്‍പം മധുരമുണ്ട്. അത് അവിടെക്കിട്ടുന്ന കറിപ്പൊടികളുടെയും മറ്റു ചേരുവകളുടെയുമൊക്കെ വ്യത്യാസം കൊണ്ടാണെന്ന് ഹോട്ടലുടമ പറഞ്ഞു. ദോശമാവിനുമുണ്ട് ഏതാണ്ടൊരു മധുരം.
ഗുവാഹാട്ടിയില്‍ നിന്ന് 24 കിലോമീറ്ററുണ്ട്, ഞങ്ങള്‍ താമസിക്കുന്ന കാമാഖ്യയിലെത്താന്‍. മുക്കാല്‍ മണിക്കൂറോളമെടുത്തു അതുവരെയുള്ള ടാക്‌സി യാത്ര. താമസിക്കാനുള്ള ഹോട്ടല്‍ കണ്ടുപിടിക്കാന്‍ നന്നേ ബുദ്ധിമുട്ടി. ചെറിയൊരു പട്ടണമാണത്. ഓണ്‍ലൈനായി ബുക്ക് ചെയ്യതതു കാരണം ടാക്സിക്കാരനും എളുപ്പത്തില്‍ കണ്ടുപിടിക്കാനായില്ല. ഒടുവില്‍ ചെന്നെത്തിയപ്പോള്‍ മൂന്നു നിലകളുള്ള ഒരു വീടുപോലെയുണ്ട്. പുറത്തുനിന്നു കണ്ടാല്‍ ചെറുതെന്നു തോന്നും. അകത്തുകയറിയപ്പോള്‍ നല്ല വൃത്തിയും അടുക്കും ചിട്ടയുമുള്ള മുറികള്‍. ലളിതമായും ഭംഗിയിലും അലങ്കരിച്ച ഇടനാഴികള്‍. വെടിപ്പുള്ള മുറികള്‍. മൂന്നാം നിലയില്‍ ചെറുതെങ്കിലും ഭംഗിയുള്ള, റെസ്റ്റൊറന്റ്. എല്ലാ വിഭവങ്ങളും കിട്ടും. തണുപ്പും ചൂടുമല്ലാത്ത കാലാവസ്ഥ. കുളികഴിഞ്ഞ് ഞങ്ങള്‍ ആദ്യം പോയത് കാമാഖ്യ ക്ഷേത്രത്തിലേക്കാണ്.
ഏറെക്കാലമായി കേട്ടുവരുന്ന, ഒരുപാട് ആഗ്രഹത്തോടെ കാണാന്‍ കാത്തിരുന്ന കാമാഖ്യ. താമസസ്ഥലത്തുനിന്ന് കഷ്ടിച്ച് പതിനഞ്ചു മിനിറ്റേയെടുത്തുള്ളൂ. ക്ഷേത്രത്തിനടുത്ത് എത്തുമ്പോള്‍ത്തന്നെ തിരക്ക് കണ്ടുതുടങ്ങി. തിരക്കെന്നു പറഞ്ഞാല്‍ മുക്കാല്‍ പങ്കും ഉത്തരേന്ത്യക്കാര്‍. കടുംനിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞ്, മുഖം നിറയെ ദേവിയുടെ കുങ്കുമം വാരിയണിഞ്ഞവര്‍. കഴുത്തിലും കൈത്തണ്ടയിലുമൊക്കെ ചുവന്ന പൂക്കള്‍ കൊണ്ടുള്ള വലിയ മാലകള്‍ അണിഞ്ഞവര്‍. സന്യാസിമാര്‍. ദേവീ ഉപാസനയുടെ പ്രകടമായ അടയാളങ്ങള്‍ ശരീരത്തില്‍ പേറുന്നവര്‍.
ക്ഷേത്രത്തിനുചുറ്റും പൂജാവസ്തുക്കള്‍ വില്‍ക്കുന്ന കടകളും ഭക്ഷണശാലകളും. കാമാഖ്യ ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറുമ്പോള്‍ ഇരുവശത്തുമുള്ള കടകളുടെ മുന്നിലും മറ്റും കറുത്ത കുഞ്ഞാടുകളെ കുറിതൊടുവിച്ചും കഴുത്തില്‍ ചുവപ്പുനൂല്‍ കെട്ടിയും നിര്‍ത്തിയിരിക്കുന്നതു കാണാം. ക്ഷേത്രത്തിനകത്തും കുഞ്ഞാടുകളും കോഴികളും ധാരാളമായി കാണപ്പെടും. എല്ലാറ്റിനെയും കെട്ടിയിട്ടിരിക്കുന്നു. ക്ഷേത്രത്തിലുള്ളയാളോട് ചോദിച്ചപ്പോഴാണ് ഇവയെ ദേവിക്ക് ബലികൊടുക്കാന്‍ വേണ്ടി കൊണ്ടുവന്നതാണെന്നറിഞ്ഞത്.
കാമാഖ്യ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും
അസമിലെ ഏറ്റവും പ്രധാനപ്പെട്ട താന്ത്രികക്ഷേത്രവും ഹൈന്ദവ-ശാക്തേയ തീര്‍ഥാടന കേന്ദ്രവുമാണ് കാമാഖ്യ ദേവീക്ഷേത്രം. അസമിലെ പ്രധാന നഗരമായ ഗുവാഹാട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍ കുന്നിന്‍ മുകളിലാണ് ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജനതയുടെ രക്ഷാദൈവമായി കാമാഖ്യ ആരാധിക്കപ്പെടുന്നു.
പ്രാചീനമായ 51 ശക്തിപീഠങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്രസമുച്ചയത്തില്‍ പ്രധാനപ്രതിഷ്ഠ കൂടാതെ പത്ത് ശക്തിസ്ഥാനങ്ങള്‍ കൂടി സങ്കല്‍പ്പിക്കപ്പെടുന്നു. അവ ദശമഹാവിദ്യമാരായ കാളി, താര, ചിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, ത്രിപുരസുന്ദരി (ഷോഡശി, ശ്രീവിദ്യ, പാര്‍വതി), ഭൈരവി, ധൂമാവതി, മാതംഗി (മഹാസരസ്വതി), കമല (മഹാലക്ഷ്മി) എന്നിവരുടേതാണ്. ആദിപരാശക്തിയുടെ പത്ത് പ്രധാന താന്ത്രിക രൂപങ്ങളാണിവ.
ത്രിപുരസുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷേത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു. ക്ഷേത്രമന്ദിരത്തില്‍ ചെറിയ ഗുഹയ്ക്കുള്ളിലായി കല്‍ഫലകത്തില്‍ കൊത്തിവച്ചിരിക്കുന്ന സതീദേവിയുടെ യോനിപീഠത്തിലെ ശ്രീചക്രമാണ് പ്രതിഷ്ഠ.
ഒമ്പത് യോനീപീഠങ്ങളുടെ മധ്യത്തിലായി ഒരു യോനീപീഠത്തിലാണ് പ്രധാന പ്രതിഷ്ഠയായ ശ്രീചക്രം നിരൂപിക്കുന്നത്. ആദിപരാശക്തിയുടെ ചൈതന്യം നിറഞ്ഞ താന്ത്രിക അടയാളമാണ് ശ്രീചക്രം എന്ന് ഉപാസകര്‍ വിശ്വസിക്കുന്നു. മാതൃത്വത്തിന്റെ, സൃഷ്ടിയുടെ, ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കരുതുന്നു.
ആദിശക്തിയുടെ പ്രതാപരുദ്രമായ കാളി സങ്കല്‍പമാണ് കാമാഖ്യ. അതിനാല്‍ താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായും ഈ ഭഗവതി ക്ഷേത്രം പരിഗണിക്കപ്പെടുന്നു. സപ്തമാതാക്കള്‍ക്കും ഇവിടെ പ്രാധാന്യമുണ്ട്. ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരമെടുത്ത് മഹാദേവന്‍ താണ്ഡവമാടുമ്പോള്‍, ശിവന്റെ ഉഗ്രകോപം ശമിപ്പിക്കാന്‍ മഹാവിഷ്ണു തന്റെ സുദര്‍ശനചക്രപ്രയോഗം നടത്തി. അതേറ്റ് 108 കഷണങ്ങളായി ചിതറിയ സതീദേവിയുടെ ശരീരഭാഗങ്ങള്‍ പലയിടങ്ങളിലായി ചെന്നുവീണു.
ആ സ്ഥലങ്ങളിലാണ് ശക്തിപീഠങ്ങള്‍ സ്ഥിതി ചെയ്യുന്നത്. സതീദേവിയുടെ യോനീഭാഗം വീണ പ്രദേശമാണ് കാമാഖ്യ എന്നാണ് വിശ്വാസം. ശാക്തേയ കൗളാചാരപ്രകാരം ഭഗവതിയെ പ്രീതിപ്പെടുത്താനായി ആണ്‍മൃഗങ്ങളെ ഇവിടെ ബലി നല്‍കുന്നു. പെണ്‍മൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്.
പൂജയ്ക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കള്‍, ചുവന്ന തുണിക്കഷണങ്ങള്‍, ചുവന്ന ചാന്ത്, സിന്ദൂരം എന്നിവയാണ് അര്‍പ്പിക്കുന്നത്. കാളീസങ്കല്‍പം യോനീപൂജയായി, ശ്രീചക്രപൂജയായി രൂപാന്തരം സംഭവിച്ചതും ദേശവ്യാപകമായി പ്രചരിച്ചതും കാമാഖ്യ ക്ഷേത്രത്തില്‍ വെച്ചാണെന്നു വിശ്വാസമുണ്ട്.
ഊര്‍വരത, പ്രകൃതി, മാതൃദൈവം എന്നീ സങ്കല്‍പത്തില്‍ പ്രാചീനകാലം മുതല്‍ക്കേ ഇത്തരം ആരാധന ഉള്ളതായി പറയപ്പെടുന്നു. ആര്‍ത്തവം ഭഗവതിയുടെ ചൈതന്യം അതിന്റെ പൂര്‍ണതയില്‍ എത്തുന്ന പവിത്രമായ പ്രക്രിയയായി താന്ത്രികര്‍ കരുതുന്നു. ഇതിന്റെ പ്രതീകമായ ആരാധനാക്രമങ്ങളാണ് കാമാഖ്യാ ക്ഷേത്രത്തില്‍ കാണപ്പെടുന്നത്.
ആഗ്രഹസാഫല്യത്തിനും രോഗശമനത്തിനും പ്രത്യേകിച്ച് സ്ത്രീകളില്‍ ഉണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ, ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും അനപത്യദുഃഖത്തിനും പരിഹാരം തേടിയും മഹാമാരിയില്‍ നിന്ന് രക്ഷയ്ക്കായും ഭക്തര്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്.
നിലവിലുള്ള ക്ഷേത്രസമുച്ചയം എട്ടു മുതല്‍ 17ാം നൂറ്റാണ്ടു വരെ കാലയളവില്‍ നിര്‍മാണവും പുതുക്കലുകളും നടന്നിട്ടുള്ളതാണ് എന്നു പറയുന്നു. അമ്പുബാച്ചി മേളയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ വേളയില്‍ അസമില്‍ വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കുന്നു. ഈ സമയത്ത് കാമാഖ്യാദേവി രജസ്വലയാകുമെന്ന വിശ്വാസത്താല്‍ മൂന്നുദിവസം ക്ഷേത്രത്തിന്റെ വാതിലുകള്‍ അടയ്ക്കും. അപ്പോള്‍ ഭഗവതി അത്യുഗ്രഭാവത്തിലേക്ക് മാറുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് പൂജകളൊന്നും നടത്തില്ല. അതോടെ ക്ഷേത്രപരിസരത്ത് അസംഖ്യം ഭക്തജനങ്ങള്‍ കൂട്ടംചേര്‍ന്ന് വന്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും നാടിന്റെ നാനാദിക്കുകളില്‍ നിന്നും വിശ്വാസികള്‍ നീലാചലില്‍ എത്തിച്ചേരുകയും ചെയ്യുന്നു. നാലാം ദിവസമാണ് ക്ഷേത്രത്തിന്റെ വാതിലുകള്‍ തുറക്കുന്നത്. അന്നേ ദിവസം വിശേഷാല്‍ പൂജകള്‍ ആരംഭിക്കുന്നു. പിന്നീട് കാര്‍മികന്‍ നല്‍കുന്ന ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തര്‍ മടങ്ങുന്നത്. ആ തുണിക്കഷണം അഭിവൃദ്ധിയുടെ അടയാളമായി ഭക്തജനങ്ങള്‍ പൂജിക്കുന്നു.
ക്ഷേത്രത്തില്‍, പ്രത്യേകിച്ചും ഉത്സവവേളകളില്‍ രാജ്യത്തിനകത്തും പുറത്തുംനിന്ന് നിരവധി തന്ത്രവിദ്യോപാസകര്‍ കാമാഖ്യയിലെത്താറുണ്ട്. ക്ഷേത്ര സമുച്ചയത്തില്‍ പുരാതനമായ നിഗൂഢ ഗ്രന്ഥങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണ് പറയുന്നത്. ക്ഷേത്രത്തിന്റെ പേര് അത് നിലകൊള്ളുന്ന കാമരൂപ രാജ്യത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. സമ്പന്നമായ ചരിത്രമുള്ള കാമരൂപ രാജ്യം പുരാതന ഇന്ത്യയിലെ ഒരു പ്രധാന സാംസ്‌കാരിക കേന്ദ്രമായിരുന്നു.
സൃഷ്ടിയുടെ നിഗൂഢവും ആത്മീയവുമായ വശങ്ങള്‍ അന്വേഷിക്കാന്‍ താത്പര്യമുള്ളവരുടെ കേന്ദ്രമാണ് ഈ ക്ഷേത്രം. തദ്ദേശീയ അസമീസ്-വേദ ശൈലികളുടെ സമന്വയമാണ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യയുടെ സവിശേഷത.

ഭസ്മാചലത്തിലെ ഉമാനന്ദ ക്ഷേത്രം
കാമാഖ്യാ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഞങ്ങള്‍ സമീപത്തുള്ള ഭസ്മാചലത്തിലെ ഉമാനന്ദ ഗുഹാ ക്ഷേത്രദര്‍ശനത്തിനു പോയി. ലോകത്തില്‍ ഏറ്റവും കുറവ് ജനവാസമുള്ള, ഏറ്റവും ചെറിയ നദീതട ദ്വീപാണ് ബ്രഹ്‌മപുത്ര നദിയില്‍ സ്ഥിതിചെയ്യുന്ന ഭസ്മാചലം, പീകോക്ക് ഐലന്റ്, ഉമാനന്ദ പര്‍വതം എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഇവിടം.
1694-ല്‍ ആഹോം സാമ്രാജ്യത്തിലെ ഗദാധര്‍സിംഹ രാജാവിന്റെ ഉത്തരവുപ്രകാരം നിര്‍മിച്ച ശിവ ക്ഷേത്രത്തിലേക്ക് പടവുകളും പ്രവേശനകവാടവും കടന്നുചെല്ലുമ്പോള്‍ ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യങ്ങള്‍ ഭക്തജനങ്ങള്‍ പങ്കിടുന്നു. പരമശിവന്‍ പത്‌നി ഉമയുടെ സന്തോഷത്തിനായി സൃഷ്ടിച്ചതാണെന്ന വിശ്വാസത്തിലാണ് ഇവിടം ഉമയുടെ ആനന്ദഭൂമിക എന്നര്‍ഥം വരുന്ന ഉമാനന്ദക്ഷേത്രം എന്നു നാമകരണം ചെയ്യപ്പെട്ടത്.
സൃഷ്ടിയുടെ പ്രാരംഭഘട്ടത്തില്‍ ശിവന്‍ ഇവിടെ ഭസ്മം വിതറിയെന്നും ഇവിടെ വച്ച് പാര്‍വതീദേവിക്ക് ജ്ഞാനോപദേശം നല്‍കിയെന്നും വിശ്വസിക്കപ്പെടുന്നു. മറ്റൊരു സ്ഥലപുരാണം കാമദേവനുമായി ബന്ധപ്പെട്ടാണ്. ധ്യാനത്തിലിരുന്ന മഹാദേവന്റെ ഏകാഗ്രത നശിപ്പിക്കാനെത്തിയ കാമദേവനെ ഭഗവാന്‍ ചുട്ടെരിച്ചു ഭസ്മമാക്കിയെന്നും അതിനാല്‍ ഭസ്മാചലമെന്നു പേരുവന്നുവെന്നുമാണ് അതില്‍ പറയുന്നത്. ഉമാനന്ദ പര്‍വതത്തിന് ഉര്‍വശി കുണ്ഡമെന്നും ഉര്‍വശി ദ്വീപെന്നും പേരുണ്ട്. കാമാഖ്യ ദേവിയുടെ ആനന്ദത്തിനായി അമൃതും കൊണ്ടുവന്ന ഉര്‍വശി ഇവിടെ വിശ്രമിച്ചുവെന്നാണ് ഈ പേരിനു പിന്നിലെ കഥ. മയിലിന്റെ വിരിഞ്ഞ ചിറകുകള്‍ പോലെ മനോഹരമായി കാണപ്പെടുന്നതിനാല്‍ ഈ ദ്വീപിന് പീകോക്ക് ഐലന്റ് (മയൂര ദ്വീപ്) എന്നും പേരുണ്ട്. Temple of bliss എന്നും ഉമാനന്ദ ക്ഷേത്രം വിശേഷിപ്പിക്കപ്പെടുന്നു.
എന്തായാലും പ്രകൃതിസൗന്ദര്യം കൊണ്ടനുഗ്രഹിക്കപ്പെട്ട ഇവിടം വൈവിധ്യമാര്‍ന്ന ജൈവസമ്പത്തു കൊണ്ടും സമ്പന്നമാണ്. ഗോള്‍ഡന്‍ ലങ്കൂര്‍ എന്ന അപൂര്‍വയിനം കുരങ്ങുകളുടെ ആവാസസ്ഥലവുമായിരുന്നു ഉമാനന്ദ പര്‍വതം. ഏതാനും വര്‍ഷങ്ങളായി ഇവയുടെ എണ്ണം ചുരുങ്ങിച്ചുരുങ്ങി ഇപ്പോള്‍ ഏറെക്കുറെ ഇല്ലാതായിരിക്കുന്നുവെന്ന് ദ്വീപ് നിവാസികള്‍ പറഞ്ഞു. ക്ഷേത്രത്തിലെ പുരോഹിതന്മാരും ജീവനക്കാരുമാണ് പ്രധാനമായും ദ്വീപിലെ അന്തേവാസികള്‍.
കാമാഖ്യ ക്ഷേത്രത്തില്‍നിന്ന് പത്തോ പതിനഞ്ചോ മിനിറ്റേ ഉമാനന്ദ ക്ഷേത്രത്തിലേക്കുള്ളൂ. ബ്രഹ്‌മപുത്രയുടെ കരയിലുള്ള ബോട്ട് ഹൗസിലെത്തിയാല്‍ ക്ഷേത്രത്തിലെത്താന്‍ ചങ്ങാടവും ബോട്ട് സര്‍വീസും ലഭിക്കും. ദ്വീപിനു മുകളിലൂടെ റോപ് വേയിലും സഞ്ചരിക്കാം. ഞങ്ങള്‍ പോയപ്പോള്‍ റോപ് വേ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ബോട്ടിലാണ് പോയത്.
മലകയറ്റവഴിയില്‍ പൂജാവസ്തുക്കളും ശീതളപാനീയങ്ങളും വില്‍ക്കുന്നവര്‍ നിരന്നിരിക്കുന്നു. മിക്കപ്പോഴും നല്ല തിരക്കനുഭവപ്പെടുന്ന ക്ഷേത്രമാണിത്. ക്ഷേത്രം നടത്തിപ്പുകാര്‍ ചിട്ടയായും കണിശമായും ഭക്തജനങ്ങളെ വരിനിര്‍ത്തുകയും ഏറെ സമയമെടുത്ത് ഊഴംവെച്ച് അകത്തേക്കു പ്രവേശിപ്പിക്കുകയും ചെയ്യുന്നു. കുത്തനെയുള്ള പടികള്‍ കയറിയാല്‍ പ്രധാന ക്ഷേത്രത്തിലെത്താം. വരി ക്ഷേത്രത്തിനടുത്തെത്താന്‍ ഏറെനേരം കാത്തുനില്‍ക്കേണ്ടിവന്നു. അതിനാല്‍ എല്ലാവര്‍ക്കും മുഷിപ്പനുഭവപ്പെട്ടു.
അകത്തു കടന്നപ്പോഴാണ് ഈ അച്ചടക്കത്തിന്റെ ആവശ്യം മനസ്സിലായത്. ഒരുവീടിന്റെ മാതൃകയില്‍ പണിത ക്ഷേത്രത്തിനകത്തേക്കു കടക്കുന്നത് സാധാരണ പോലത്തെ വാതിലിലൂടെയാണ്. അകത്തളത്തില്‍ ദേവതകളുടെ പൂജാമണ്ഡപത്തില്‍ ഇരുവശത്തുനിന്ന് പൂജാരിമാര്‍ ഭക്തരെ കുടുംബസമേതം പൂജചെയ്യാന്‍ ക്ഷണിക്കുന്നു. മന്ത്രോച്ചാരണങ്ങളും സാധാരണ അര്‍ച്ചനയും കഴിഞ്ഞാല്‍ നിര്‍ബന്ധപൂര്‍വം ദക്ഷിണ ചോദിച്ചുവാങ്ങുന്നത് ചില ഭക്തരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
ആ വരി നീളുന്നത് താഴേയ്ക്ക് പടികളിറങ്ങിച്ചെല്ലേണ്ട മുഖ്യ പ്രതിഷ്ഠാസ്ഥാനത്തേക്കാണ്. ഗുഹ പോലത്തെ ഭൂഗര്‍ഭ അറയില്‍ പ്രതിഷ്ഠിച്ച ശിവലിംഗം ദര്‍ശിക്കാന്‍ ക്ഷമയോടെ കാത്തുനില്‍ക്കണം. താഴേക്കുള്ള വീതി കുറഞ്ഞ പടികളില്‍ ഇറങ്ങുമ്പോള്‍ തിക്കും തിരക്കുമുണ്ടായാല്‍ ആളപായം സംഭവിക്കാന്‍ സാധ്യതയുണ്ട്. തിരിവിളക്കുവെട്ടത്തില്‍ ശ്രീലകത്ത് നിറഞ്ഞുനില്‍ക്കുന്ന ശിവചൈതന്യം കണ്ട് മനസ്സുനിറഞ്ഞ് തൊഴുതി പുറത്തിറങ്ങി.
ഗുപ്താനന്തര കാലഘട്ടത്തിലെ ഒരു ശിലാക്ഷേത്രത്തിന്റെ തെളിവുകള്‍ ഈ സ്ഥലത്ത് കാണാം. മധ്യകാലഘട്ടത്തിലെ ആദ്യകാല ശിലാശില്‍പങ്ങളും കൊത്തുപണികളും ഇവിടെയുള്ളതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ശില്‍പങ്ങള്‍ കാണിക്കുന്നത് എല്ലാ പ്രധാന ഹിന്ദു ദൈവങ്ങളെയും ഇവിടെ ആരാധകര്‍ പിന്തുടര്‍ന്നിരുന്നു എന്നാണ്. വിഷ്ണുവിന്റെയും പത്ത് അവതാരങ്ങളുടെയും പ്രതിനിധാനങ്ങള്‍ക്ക് പുറമേ സൂര്യന്‍, വിഘ്‌നേശ്വരന്‍, ശിവന്‍, ദേവി എന്നിവരുടെ പാറയില്‍ കൊത്തിയ രൂപങ്ങളും ഇവിടെ കാണാം.
1897ല്‍ അസ്സമിലുണ്ടായ വിനാശകരമായ ഒരു ഭൂകമ്പത്തില്‍ ഉമാനന്ദ ക്ഷേത്രത്തിന് വലിയ നാശമുണ്ടായി. പിന്നീട്, ഒരു സമ്പന്നനായ പ്രാദേശിക വ്യാപാരി ഇത് പുനര്‍നിര്‍മിച്ചു. അദ്ദേഹമാണ് ശിവക്ഷേത്രത്തിന്റെ ഉള്‍ഭാഗത്ത് വൈഷ്ണവ മുദ്രാവാക്യങ്ങള്‍ കൊത്തിവച്ചതെന്നു പറയപ്പെടുന്നു.
ക്ഷേത്രദര്‍ശനത്തിനുശേഷം ഞങ്ങള്‍ ബ്രഹ്‌മപുത്ര നദിയില്‍ ബോട്ട് യാത്ര പോയി. ഒരാള്‍ക്ക് 600 രൂപയാണ് ചാര്‍ജ്. മനസ്സിന് ഏറെ ഉന്മേഷം പകരുന്നതായിരുന്നു ദ്വീപ് ചുറ്റിയുള്ള ബോട്ട് യാത്ര. അസ്തമയസൂര്യനെ കണ്ട്, പുഴയുടെ കുളിരുകൊണ്ട്, ബോട്ടിലെ ഗായകന്‍ പാടിയ പഴയ ഗൃഹാതുരത്വമുളവാക്കുന്ന ഹിന്ദി ഗാനങ്ങള്‍ ആസ്വദിച്ച് ഒരുമണിക്കൂറോളം നീണ്ടു ആ യാത്ര. ബോട്ടിലെ റസ്റ്ററന്റില്‍ വളരെ സ്വാദിഷ്ടമായ വൈവിധ്യമാര്‍ന്ന വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും സൂപ്പും ശീതളപാനീയങ്ങളുമൊക്കെ ലഭ്യമായിരുന്നു. രാത്രി ഞങ്ങള്‍ താമസസ്ഥലത്ത് മടങ്ങിയെത്തി.

കാസിരംഗയിലെ ഒറ്റക്കൊമ്പന്‍
പിറ്റേന്ന് രാവിലെ കാസിരംഗ ദേശീയോദ്യാനത്തിലേക്ക് തിരിച്ചു. നാലഞ്ചു മണിക്കൂറെടുത്താണ് കാമാഖ്യയില്‍നിന്ന് കാസിരംഗയിലെത്തിയത്. അസ്സമിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഗോലഘട്ട്, നാഗോന്‍ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന കാസിരംഗ ദേശീയോദ്യാനം ((Kaziranga National Park). വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ (one horned rhinoceros) വാസസ്ഥലമായ കാസിരംഗ ലോകപ്രശസ്തമാണ്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗവും ഇവിടെയാണെന്ന് പറയപ്പെടുന്നു.
കാസിരംഗ നില്‍ക്കുന്ന സ്ഥലം ചെറിയൊരു പട്ടണമാണെങ്കിലും വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ ധാരാളം ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്റ്റേ സൗകര്യങ്ങളുമുണ്ട്. ഓണ്‍ലൈനില്‍ താമസവും ദേശീയോദ്യാനത്തിനകത്തെ സവാരിയും ഞങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. താമസിക്കുന്ന സ്ഥലങ്ങളിലെത്തിയിട്ട് സവാരി ബുക്ക് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ബ്രിട്ടീഷ് അധിനിവേശകാലത്ത് വൈസ്‌റോയി ആയിരുന്ന കഴ്‌സണ്‍ പ്രഭുവിന്റെ ഭാര്യ ഒരിക്കല്‍ ഇന്ത്യയുടെ പ്രത്യേക ആകര്‍ഷണമായ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ കാണാന്‍ അവിടെ പോയപ്പോള്‍ ഒന്നിനെ പോലും കാണാനായില്ല. ഈ ജീവി വംശനാശ ഭീഷണി നേരിടുന്നുണ്ടാവാം എന്നതിനാല്‍ അതിനെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് അവര്‍ കഴ്‌സനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അതിനു വേണ്ട നടപടികള്‍ തുടങ്ങിയതെന്നു പറയുന്നു.
1905-ല്‍ ഇവിടം റിസര്‍വ് ഫോറസ്റ്റായും 1974-ല്‍ ദേശീയോദ്യാനമായും 2006-ല്‍ ടൈഗര്‍ റിസര്‍വായും പ്രഖ്യാപിക്കപ്പെട്ടു. 1985-ല്‍ കാസിരംഗ ലോക പൈതൃക പട്ടികയില്‍ ഇടം നേടി. 471 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. നിത്യഹരിത വനമേഖലയാണിത്. ചതുപ്പു നിലങ്ങളും പുല്‍മേടുകളും ഇവിടെ ധാരാളമായുണ്ട്. ഇവിടെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ കൂടാതെ കാട്ടുപോത്ത്, തൊപ്പിക്കാരന്‍ ലംഗൂര്‍, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബണ്‍ എന്ന കുരങ്ങ്, ആന, കടുവ, ഗംഗാ ഡോള്‍ഫിന്‍, വേഴാമ്പല്‍, ഗൗര്‍, സംഭാര്‍ തുടങ്ങിയ പക്ഷിമൃഗാദികളെ കാണാം. വനത്തിലൂടെയുള്ള ജീപ്പ് യാത്രയില്‍ ഇവയെ പുല്‍മേടുകളിലും ചതുപ്പുകളിലുമൊക്കെ കാണാന്‍ എളുപ്പമാണ്. ഇതിനുപുറമെ, വിവിധതരം ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമായതിനാല്‍ ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഈ പാര്‍ക്കിനെ ഒരു പ്രധാന പക്ഷി മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഞങ്ങളുടെ യാത്രാസംഘത്തില്‍ എന്നോടൊപ്പം ഭര്‍ത്താവ് ഗോവിന്ദും മകന്‍ യോഗിന്‍, ചെറിയമ്മ ചന്ദ്രിക, മകള്‍ അഥീന, അഥീനയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ് എന്നിവരുമുണ്ടായിരുന്നു. തുറന്ന രണ്ടു ജീപ്പുകളിലായാണ് ഞങ്ങള്‍ വനയാത്രയ്ക്കു പോയത്. മൃഗങ്ങളെ കണ്ടാല്‍ നിശ്ശബ്ദരായി കണ്ടുപോകണമെന്നും ഒരു കാരണവശാലും അവയെ അടുത്തുനിന്ന് നോക്കാനോ ഫോട്ടോ എടുക്കാനോ ജീപ്പ് വഴിയില്‍ നിര്‍ത്തിത്തരില്ലെന്നും ഡ്രൈവര്‍ ആദ്യമേ പറഞ്ഞിരുന്നു.
കാണ്ടാമൃഗങ്ങളുടേയും ആനകളുടേയും സാന്നിധ്യം ഡ്രൈവര്‍മാര്‍ക്ക് ദൂരക്കാഴ്ചയില്‍ത്തന്നെ അല്ലെങ്കില്‍ ശബ്ദംകൊണ്ടോ മറ്റോ അറിയാന്‍ കഴിയുന്നുണ്ട്. അരികിലെത്തുമ്പോള്‍ അവര്‍ ജീപ്പിന്റെ വേഗം കുറയ്ക്കും. ശബ്ദം വെക്കാതെ ഞങ്ങളോട് അവയെ കാണാന്‍ അവസരമൊരുക്കും. ചില മൃഗങ്ങള്‍ സഞ്ചാരികളെ അടുത്തെത്തുമ്പോള്‍ ശ്രദ്ധയോടെ നോക്കുന്നതുകാണാം.
ഒറ്റക്കൊമ്പുള്ള ചില കാട്ടാനകളെ അപ്രതീക്ഷിതമായി വളരെ അടുത്തെത്തിയപ്പോഴാണ് ഞങ്ങള്‍ കണ്ടത്. ജീപ്പിന്റെ മുന്നിലേക്ക് പെട്ടെന്ന് കയറിവന്ന് മണ്‍പാത മുറിച്ചുകടന്ന് അവ പോയത് ഞങ്ങള്‍ ചങ്കിടിപ്പോടെ നോക്കിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ പത്തുമുപ്പതെണ്ണമുള്ള ആനക്കൂട്ടം ഞങ്ങളുടെ ഒരുവശത്തെ കാട്ടുവഴിയിലൂടെ കടന്നുപോകുന്നതു കണ്ടു. ഇരട്ടക്കുഴല്‍ ദൂരദര്‍ശിനിയിലൂടെ ദൂരെ നടക്കുന്ന മൃഗങ്ങളെയും ജലാശയങ്ങളില്‍ ഡോള്‍ഫിനുകളെയും കാണാന്‍ കഴിഞ്ഞു.
മൃഗങ്ങള്‍ പൊതുവേ അക്രമകാരികളല്ല. മിണ്ടാതെ കണ്ടു പോയാല്‍ അവ അവയുടെ വഴിക്കു പോകും. രണ്ടായിരത്തിലധികം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ ഇവിടെയുണ്ടെന്നാണ് പറയുന്നത്. ഇവയെ വേട്ടയാടുന്നത് പണ്ട് വ്യാപകമായിരുന്നു. നിയമം കര്‍ശനമാക്കിയതോടെ അതിന് പരിഹാരമായി. ഇപ്പോള്‍ ഇവയെ ദേശീയോദ്യാനത്തിനുള്ളിലും ചിലപ്പോള്‍ ജനസാന്ദ്രമായ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലുമൊക്കെ കാണാന്‍ കഴിയും. വനത്തില്‍ ഇവയുടെ അസ്ഥികൂടങ്ങളും വഴിയില്‍ കിടക്കുന്നതുകാണാം. വിനോദസഞ്ചാരികള്‍ക്ക് ജീപ്പ് സഫാരിയും ആന സഫാരിയും ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.

മേഘങ്ങള്‍ ഇറങ്ങിവരുന്ന മേഘാലയ
അസമിലെ കാസിരംഗയും കാമാഖ്യയും ബ്രഹ്‌മപുത്ര നദിയില്‍ അസ്തമയ സൂര്യനെ കണ്ടുകൊണ്ടുള്ള ബോട്ട് യാത്രയും ഉമാനന്ദ ഐലന്‍ഡിലെ കുന്നിന്‍ മുകളിലെ ക്ഷേത്രവും കണ്ട് ഞങ്ങള്‍ പോയത് മേഘാലയയിലേക്കാണ്. ഗുവാഹാട്ടിയില്‍ നിന്ന് ആറേഴു മണിക്കൂറുണ്ട് മേഘാലയയിലെ ഷില്ലോങ്ങെത്താന്‍. പ്രകൃതിസൗന്ദര്യം കൊണ്ട് അടിമുടി അനുഗൃഹീതമാണ് 'കിഴക്കിന്റെ സ്‌കോട്‌ലന്‍ഡ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന മേഘാലയ. മേഘങ്ങളുടെ ആലയമായതു കൊണ്ടാണ് മേഘാലയ എന്ന പേരെന്നു പറയുന്നു.
മുടിപ്പിന്‍ വളവുകള്‍ കയറി മലമുകളിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയപ്പോള്‍ രാത്രി ഒമ്പതു കഴിഞ്ഞു. ഞങ്ങള്‍ താമസിച്ചത് നഗരമധ്യത്തിലുള്ള ഹോട്ടലിലാണ്. തണുപ്പ് ആറു ഡിഗ്രി വരെ താഴ്ന്നിരുന്നു. നല്ല വൃത്തിയും ഭംഗിയുമുള്ളതായിരുന്നു ഞങ്ങളുടെ താമസ സ്ഥലം.
ഒട്ടും ശുചിത്വമില്ലാത്ത നഗരമായാണ് ഷില്ലോങ്ങ് കാഴ്ചയില്‍ അനുഭവപ്പെട്ടത്. ഒരുപാടാളുകള്‍ പാന്‍ ചവച്ചുകൊണ്ടും മറ്റ് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ടും നഗരത്തില്‍ ചുറ്റിത്തിരിയുന്നതുകണ്ടു. റോഡില്‍ ചവച്ചുതുപ്പിയ പുകയില ഉത്പന്നങ്ങളും ചിതറിക്കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളും.
നഗരത്തില്‍ ഹോട്ടലുകളും അവ കൂടാതെ നിരത്തിലുടനീളം പ്രാദേശിക ഭക്ഷണങ്ങള്‍ വില്‍ക്കുന്ന ചെറിയ ചെറിയ കടകളും (കടകളെന്നുതന്നെ വിളിക്കാനാവില്ല. ഉന്തുവണ്ടികളിലും മേശകളുടെ പുറത്തും മറ്റുമായാണ് ഭക്ഷണസാധനങ്ങള്‍ നിരത്തിവെച്ചിരുന്നത്) ധാരാളമുണ്ട്. ഇവയെ തട്ടിയും വഴിവാണിഭക്കാരുടെ വസ്തുക്കളില്‍ മുട്ടിയുമല്ലാതെ നഗരത്തില്‍ നടക്കാനാവില്ല.
ഹോട്ടലുകളിലും വഴിയോരക്കടകളിലും ലഭിക്കുന്ന ഭക്ഷണത്തിനൊക്കെ വല്ലാത്തൊരു ചുവപ്പുനിറമാണ്. അവിടുത്തെ വിഭവങ്ങള്‍ കേരളത്തില്‍ നിന്നുപോകുന്നവര്‍ക്ക് അത്ര പിടിക്കുമെന്നു തോന്നുന്നില്ല. വന്‍കിട ഹോട്ടലുകളില്‍ മറ്റിടങ്ങളിലെ പോലത്തെ വിഭവങ്ങള്‍ ലഭിക്കും. വൈകീട്ട് ഏഴുമണി കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ നഗരത്തിന്റെ നിയന്ത്രണം കൈയിലെടുക്കുന്നത് അടുത്ത ദിവസങ്ങളില്‍ നഗരം ചുറ്റാനിറങ്ങിയപ്പോള്‍ കണ്ടു. ടൂറിസ്റ്റുകളെ പോലും ചുറ്റിത്തിരിയാന്‍ അനുവദിക്കാതെ നഗരത്തില്‍ നിന്നു പറഞ്ഞുവിടുന്നു. ലഹരി വില്‍പനമാഫിയയുടെ പിടിയിലാണ് സ്ഥലം എന്ന് പോലീസ് സൂചിപ്പിച്ചു.
രാത്രിയാകുന്തോറും അപകടകരമായ അന്തരീക്ഷം ഉള്ളില്‍ ഭീതിയേറ്റി. വൈകീട്ട് ആറുമുതല്‍ രാത്രിനീളും വരെ ചെറിയ സഞ്ചികള്‍ കൈയില്‍തൂക്കി റോഡരികില്‍ നില്‍ക്കുന്നവരെകണ്ടു. അതില്‍ പതിനഞ്ചു വയസ്സു തോന്നിക്കുന്ന പെണ്‍കുട്ടികളുമുണ്ട്. ലഹരി വില്‍പനയ്ക്ക് ഇടപാടുകാരെ കാത്തുനില്‍ക്കുന്നവരാണെന്ന് ഈ പെണ്‍കുട്ടികളടക്കം എന്ന് ചില വഴിവാണിഭക്കാര്‍ പറഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തിപ്രദേശമായതിനാല്‍ ലഹരിക്കടത്ത് നിയന്ത്രിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തി വേര്‍തിരിക്കുന്ന നെടുനീളത്തിലുള്ള ഇരുമ്പുവേലി കെട്ടിയ സ്ഥലം ഞങ്ങള്‍ യാത്രക്കിടെ കണ്ടിരുന്നു. ഷില്ലോങ്ങ് നഗരത്തിലെ ഗതാഗതക്കുരുക്ക് മനംമടുപ്പിക്കുന്നതാണ്. വാഹനത്തില്‍ കടന്നുകിട്ടാന്‍ ചിലപ്പോള്‍ മണിക്കൂറുതന്നെ കാത്തുകിടക്കേണ്ടതായി വന്നു.

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് മാവ്‌ലിനോങ് (Mawlynnong) സ്ഥിതി ചെയ്യുന്നത്. ഷില്ലോങ്ങില്‍ നിന്ന് മൂന്നു മണിക്കൂര്‍ സമയമെടുത്തു, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് പേരുകേട്ട മാവ്‌ലിനോങ്ങിലെത്താന്‍. ഏഷ്യയിലെ ഏറ്റവും തെളിമയും വൃത്തിയുമുള്ള ജലാശയം എന്നു പേരുകേട്ട ഡോക്കി (dawki)) തടാകവും ഈ പ്രദേശത്താണ്.
മാവ്‌ലിനോങ് വില്ലേജില്‍ ഭൂതക്കണ്ണാടി വെച്ചു നോക്കിയാല്‍ പോലും ഒരു മാലിന്യവും കണ്ടുപിടിക്കാനാവില്ല. ഒരു ഗ്രാമത്തിലെ വീടുകളും വഴിയോരങ്ങളുമൊക്കെ ഉദ്യാനമായി സംരക്ഷിച്ചിരിക്കുന്നു. അവിടെ ഗ്രാമം ശുചീകരിക്കല്‍ തദ്ദേശസ്ഥാപനത്തിന്റെ മാത്രം ജോലിയല്ല, ഓരോ പൗരനും അതിന് ചുമതലയേല്‍ക്കുന്നു. 80 വയസ്സുള്ള മുത്തശ്ശി തൊട്ട് ആറു വയസ്സുള്ള കുട്ടി വരെ ഇടവിട്ട് വീടും റോഡും അടിച്ചു വാരുന്നതു കണ്ടു. വഴിനീളെ മുളകെട്ടിത്തിരിച്ച പുഷ്പവാടികള്‍. ആരും അഴുക്കു വലിച്ചെറിയുന്നില്ല. റോഡരികിലുമൊക്കെ മുളകൊണ്ടുള്ള കുപ്പത്തൊട്ടികള്‍ വെച്ചിരിക്കുന്നു. അതില്‍ പോലും മാലിന്യം കൂടിക്കിടക്കുന്നില്ല. പുതുമയുള്ളതും പച്ചപ്പും ശാന്തവുമായ ഈ ഗ്രാമത്തില്‍ കുറച്ചുനേരം നിന്നാല്‍ നമ്മുടെ ശ്വാസകോശം ശുദ്ധീകരിക്കപ്പെടുന്ന അനുഭവമുണ്ടാകും.
മരത്തില്‍ നിന്ന് പൊഴിയുന്ന ഇലകള്‍ പോലും പ്രദേശവാസികള്‍ അപ്പപ്പോള്‍ മുളങ്കൊട്ടകളില്‍ കൊണ്ടിടും. ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ പല വീടുകളുടെയും മുറ്റത്ത് ചെറിയ ഭക്ഷണശാലകള്‍ ഒരുക്കിയിട്ടുണ്ട്. എല്ലായിടത്തും വൃത്തി. God's own garden എന്നാണിവിടം വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രാമത്തിന്റെ പ്രവേശന കവാടത്തില്‍, മൗലിനോങ്-ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം എന്ന് ബോര്‍ഡ് കാണാം. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ ബംഗ്ലാദേശുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ ഗ്രാമത്തെ 2003-ല്‍ 'ഡിസ്‌കവര്‍ ഇന്ത്യ' ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് കണ്ടെത്തി നാമകരണം ചെയ്തു. അതോടെ നിശബ്ദമായിരുന്ന ഈ ഗ്രാമം പെട്ടെന്ന് പ്രശസ്തിയിലേക്ക് കുതിച്ചുയരുകയായിരുന്നു.
ഖാസി ഗോത്രത്തില്‍പ്പെട്ട ആളുകള്‍ കൂടുതലും താമസിക്കുന്ന ഇവിടെ മുളകൊണ്ടുള്ള കരകൗശല വസ്തുക്കളും പ്രാദേശിക ഭക്ഷണവും വില്‍ക്കുന്ന കടകള്‍ കാണാം. ഗ്രാമത്തില്‍ വീടുകള്‍ക്കിടയില്‍ മുളകൊണ്ടുള്ള പാലങ്ങളും മരമുകളുകളില്‍ മുളകൊണ്ടുള്ള ഏറുമാടങ്ങളും നിര്‍മിച്ച് അതിമനോഹരമാക്കിയിട്ടുണ്ട്. മറ്റിടത്തൊന്നും കണ്ടിട്ടില്ലാത്ത ഒരു കാര്യം, ഗ്രാമവഴികളിലുടനീളം കാണാവുന്ന ചൂല്‍ കടകളാണ്. ചെറിയ പുരകളില്‍ അട്ടിയായി വെച്ചിരിക്കുന്ന ചൂലുകെട്ടുകള്‍ ഗ്രാമത്തിന്റെ ശുചിത്വബോധത്തിന്റെ നേര്‍ക്കാഴ്ചയാണ്.
ഈ ഗ്രാമത്തിന് ഏറ്റവും ആവശ്യവും ഒഴിവാക്കാനാവാത്തതുമായ വസ്തു ചൂലാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുകളില്‍ ഒന്നായ 95 ശതമാനം അവകാശപ്പെടുന്ന ഈ ചെറിയ ഗ്രാമത്തിലെ ജനസമൂഹം പ്രധാനമായും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. വെറ്റില പ്രധാന വിളയാണ്. ഗ്രാമത്തിലെ ഖാസി ജനത പ്രകൃതിയുമായുള്ള ഒരു സമന്വയ ബന്ധത്തിന്റെ പ്രതീകമാണ്, കൂടാതെ പ്രകൃതിദത്ത ഊര്‍ജവും വിഭവങ്ങളും ഉപയോഗപ്പെടുത്തുന്നതില്‍ മുമ്പേ നടന്നവരുമാണ്. അവര്‍ മഴവെള്ളം സംഭരിക്കുന്നു, കുഴികളില്‍ മാലിന്യം ശേഖരിച്ച് ജൈവവളം ഉത്പാദിപ്പിക്കുന്നു. അടിസ്ഥാനപരമായി ഒരു പ്രകൃതിവിഭവവും പാഴാക്കാന്‍ അനുവദിക്കുന്നില്ല. പുരാതനമൂല്യങ്ങള്‍ കൈയൊഴിയാതെ തന്നെ ഏറ്റവും പുരോഗമനപരമായ, പ്രകൃതിയുമായി ഏറ്റവും ഇണങ്ങിപ്പോകുന്ന ജീവിതരീതികളെ ഇവിടുത്തെ ജനത സ്വീകരിക്കുന്നത് ആശ്ചര്യത്തോടെ നമുക്കു കാണാം.
ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് മനോഹരമായ ഒരു പള്ളിയുണ്ട്. ഡോക്കിയിലേക്കുള്ള വഴിയില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയും കാണാം, ഒരു കമ്പിവേലിയുടെ വേര്‍തിരിവില്‍.

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ജലാശയം
ഡോക്കിയിലെ നദിക്കുമുണ്ട് ഖ്യാതി. മേഘാലയയിലെ കിഴക്കന്‍ ഖാസി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഡോക്കി നദി, ഉംഗോട്ട് നദി എന്നും അറിയപ്പെടുന്നു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്ന അത്ഭുത സൗന്ദര്യമാണീ ജലാശയം. തോണിയാത്രയ്ക്കും ജലകേളികള്‍ക്കും സൗകര്യമുണ്ടെങ്കിലും ഉംഗോട്ട് നദി മലിനമാകാതെ കണ്ണാടി പോലെ തിളങ്ങുന്നു. ബോട്ടിങ്ങ്, കയാക്കിങ്ങ്, സ്‌നോര്‍ക്കലിങ്ങ്, ക്ലിഫ് ഡൈവിങ് എന്നിവയ്‌ക്കൊക്കെ ഇവിടെ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
നിരവധി സഞ്ചാരികള്‍ വന്നുപോകുന്നുണ്ടെങ്കിലും ഒരു കഷ്ണം ചവറു പോലും പുഴയില്‍ എവിടെയും കെട്ടിക്കിടക്കുന്നില്ല, ഒഴുകി നടക്കുന്നില്ല. കര തൊട്ട് 54 അടി താഴ്ചവരെയുള്ള സ്ഥലങ്ങളില്‍ പോലും പുഴയാഴങ്ങളിലെ ഉരുളന്‍ കല്ലുകളും ജലജീവികളെയും ഒരു അക്വേറിയത്തിലെന്നപോലെ തെളിഞ്ഞു കാണാം. കണ്ണാടിമൊഞ്ചുള്ള പുഴയില്‍ തോണികളില്‍ സഞ്ചാരികളും മീന്‍പിടുത്ത വഞ്ചികളും ഒഴുകി നടക്കുന്നത് ഒരതിസുന്ദര കാഴ്ചയാണ്.
ചുറ്റും കനത്ത കാടിന്റെയും ആകാശംമുട്ടുന്ന മലനിരകളുടെയും വശ്യസൗന്ദര്യം. മലനിരകള്‍ക്കു നടുവിലെ മരതകം തന്നെയാണീ നദി. കണ്ണില്‍ കുളിരുകോരിയൊഴിക്കുന്ന സുതാര്യമായ പച്ചനിറമാണ് വെള്ളത്തിന്. ഇതിന്റെ തീരങ്ങളില്‍ താമസിക്കുന്ന കൊച്ചുകുട്ടികള്‍ പോലും പുഴയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ അവനവനാല്‍ കഴിയുന്ന പ്രയത്‌നം ചെയ്യുന്നു. Dawki crystal clear river എന്ന ബോര്‍ഡ് നദിയോരത്ത് സ്ഥാപിച്ചിട്ടുണ്ട്. സ്ഫടികം പോലെ തെളിഞ്ഞ വെള്ളം കാഴ്ചക്കാരിലുണ്ടാക്കുന്ന ആശ്ചര്യം കണ്ടറിയേണ്ടതാണ് പറഞ്ഞറിയിക്കാനാവില്ല.
തോണിയില്‍ നദിയിലൂടെ സഞ്ചരിക്കുമ്പോള്‍ അങ്ങേയറ്റം വരെ ആഴം കാണാം. കുളിര്‍ജലത്തില്‍ തൊട്ടുരസിക്കാം, കോരിക്കുടിക്കാം. ഇടയ്ക്ക് പൊങ്ങിക്കാണുന്ന പാറകളുടെ അരികില്‍ തോണി നിര്‍ത്തി വിശ്രമിക്കാം. മുന്‍കാലങ്ങളില്‍, ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള ഡോക്കി-തമാബില്‍ അതിര്‍ത്തി കടന്നുള്ള വഴിയിലൂടെയാണ് ഈ നദി പ്രധാനമായും അറിയപ്പെട്ടിരുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിനും ഗതാഗതത്തിനും സൗകര്യമൊരുക്കി. കൊളോണിയല്‍ കാലഘട്ടത്തിലെ ഡോക്കി തൂക്കുപാലത്തിന്റെ നിര്‍മാണം, ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു. 1932-ലാണ് ഉംഗോട്ട് നദിയുടെ മുകളിലൂടെ തൂക്കുപാലം നിര്‍മിച്ചത്.
പ്രകൃതിയുടെ മടിത്തട്ടില്‍ ഒളിഞ്ഞുകിടന്നിരുന്ന ഡോക്കി നദിയുടെ മാസ്മരിക സൗന്ദര്യം പതുക്കെപ്പതുക്കെ പുറംലോകമറിഞ്ഞു, വിനോദസഞ്ചാരികള്‍ ഇപ്പോള്‍ കൂട്ടത്തോടെ ഇവിടേക്കൊഴുകുന്നു. നവംബര്‍ മുതല്‍ മെയ് വരെയുള്ള വരള്‍ച്ചയുടെ സീസണില്‍, നദി വളരെ സുതാര്യമാകുന്നതിനാല്‍, നദിയുടെ ആഴങ്ങളുടെ ദൃശ്യപരത കാരണം ബോട്ടുകള്‍ വായുവില്‍ പൊങ്ങിക്കിടക്കുന്നതായി തോന്നും. ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.
നദീതീരങ്ങളില്‍ ക്യാമ്പ് സൈറ്റുകളും ഹോംസ്റ്റേകളും ഉയര്‍ന്നുവന്നിട്ടുണ്ട്. വസന്തകാലത്ത് നടക്കുന്ന വാര്‍ഷിക വള്ളംകളി സഞ്ചാരികളെ ആകര്‍ഷിക്കുന്നൊരു പ്രധാന ഘടകമായി വളര്‍ന്നിരിക്കുന്നു. ഡോക്കി നദിയുടെ ഇന്ദ്രജാലം കണ്ടുമതിവരാതെയാണെങ്കിലും ഞങ്ങള്‍ മടങ്ങി.

ലിവിങ് റൂട്ട് ബ്രിഡ്ജ് എന്ന കരവിരുത്
മേഘാലയയില്‍ അത്ഭുതം നിറച്ച് സന്ദര്‍ശകരെ കാത്തിരിക്കുന്ന മറ്റൊരു കാഴ്ച ലിവിങ് റൂട്ട് ബ്രിഡ്ജുകളാണ് (living root bridges) മേഘാലയയുടെ പല ഭാഗങ്ങളിലും ഈ പ്രകൃതിദത്ത വേരുപാലങ്ങള്‍ കാണാം. വന്‍മരങ്ങളുടെ വേരുകളെ പിണച്ച് തദ്ദേശീയരുടെ തനത് എന്‍ജിനിയറിങ് ബുദ്ധിയുപയോഗിച്ച് നിര്‍മിച്ചുള്ള ഈ പാലങ്ങള്‍ കാഴ്ചയ്ക്ക് അത്ഭുതം തന്നെയാണ്. പുഴയുടെയും അരുവികളുടെയും ഒരു കരയില്‍ നില്‍ക്കുന്ന മരത്തിന്റെ വേരുകള്‍ മറുകരയിലേക്ക് കൊണ്ടുപോയി കുറെ വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന പാലങ്ങളാണിവ.
ജലാശയത്തിന്റെ ഒരു ഭാഗത്ത് ചെരുവില്‍ Ficus Elastica എന്ന റബ്ബര്‍ മരം വളര്‍ത്തും. അതിന്റെ കുറച്ചു വേരുകളെ മറുകരയിലേക്ക് വളര്‍ത്തും. കുറെക്കാലം കൊണ്ട് ഇവ നല്ല ബലമുള്ള പാലമായി മാറും. ഇന്നു കാണുന്ന ചില വേരുപാലങ്ങള്‍ക്ക് നിരവധി വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 100 അടിയിലും കൂടുതല്‍ നീളമുള്ള പാലങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രസിദ്ധമായത് ചിറാപുഞ്ചിയിലെ നോണ്‍ഗ്രിയാറ്റ് (Nongriat) എന്നയിടത്തെ രണ്ടു നിലയിലുള്ള വേരുപാലമാണ് (Double decker root bridge). മേഘാലയയില്‍ പലയിടങ്ങളിലും ഇത്തരം പാലങ്ങള്‍ ഉണ്ടെങ്കിലും ഡബിള്‍ ഡെക്കറുള്ളത് നോണ്‍ഗ്രിയാറ്റിലാണ്.
പാലം നിര്‍മാണം വില്ലേജുകളിലെ ആദിമ വര്‍ഗക്കാര്‍ വര്‍ഷങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കുന്നതാണ്. ചിറാപുഞ്ചിയിലെ ഭൂപ്രകൃതി കാരണം അരുവികളും പുഴകളും കടക്കാന്‍ വഞ്ചികള്‍ പറ്റില്ല. ശക്തമായ ജലപ്രവാഹം കാരണം പാലങ്ങളും എളുപ്പമല്ല. വേരുപാലങ്ങള്‍ പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കും. വില്ലേജിലെ ജനങ്ങള്‍ അവരുടെ പോക്കുവരവിന് ആശ്രയിക്കുന്നത് ഇത്തരം പാലങ്ങളെയാണ്.
ഈസ്റ്റ് ഖാസി ഹില്‍സില്‍ നോവെറ്റ് ഗ്രാമത്തിലുള്ള വേരുപാലമാണ് ഞങ്ങള്‍ സന്ദര്‍ശിച്ചത്. മാവ്‌ലിന്നോങ്ങിനു സമീപത്താണിത്. നല്ല ഉറപ്പുള്ള പാലത്തിലൂടെ നടന്നാല്‍ താഴെയൊഴുകുന്ന തില്ലോങ്ങ് നദിയുടെ കൈവഴി കാണാം. ഈ നദി വിശുദ്ധനദിയെന്നും ദേവന്മാരുടെ നദിയെന്നും വിശേഷിപ്പിക്കപ്പെടുന്നു. പാലത്തിന്റെ അറ്റത്ത് താഴേക്ക് പുഴയിലിറങ്ങാന്‍ പടവുകള്‍ കെട്ടിയിട്ടുണ്ട്.
ഞങ്ങള്‍ പുഴയിലിറങ്ങി തണുത്ത വെള്ളത്തില്‍ കളിച്ചു. ഇതില്‍ കുളിക്കാന്‍ അനുവാദമില്ല. ഇറങ്ങിനിന്ന് ഫോട്ടോയെടുക്കാം. പാലത്തിലൂടെ നടക്കാനല്ലാതെ നില്‍ക്കാന്‍ പാടില്ല. മരങ്ങളില്‍ കയറരുത്. മദ്യപിച്ച് വരുന്നവര്‍ക്ക് പാലത്തിലും പുഴയിലും പ്രവേശനമില്ല. പുകവലിയും അനുവദനീയമല്ല. പാലത്തിലേക്കു പ്രവേശിക്കുന്നിടത്ത് ഇവയെല്ലാം കൃത്യമായി എഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിട്ടുണ്ട്. ലംഘിച്ചാല്‍ പിഴയീടാക്കും. ഏറെ കാലപ്പഴക്കമുള്ള റബര്‍മരങ്ങളുടെ വേരുകളെ കൂട്ടി നെയ്ത് ബലവത്തായ പാലം നിര്‍മിക്കാന്‍ പ്രയത്‌നിച്ച സമര്‍ഥരായ പ്രാദേശികജനതയെ അഭിനന്ദിച്ചുകാണ്ടുള്ള ബോര്‍ഡും കാണാം.
മുപ്പത് മീറ്ററോളം നീളമുള്ള ഈ വേരുപാലത്തിനുവേണ്ട മരങ്ങള്‍ വെച്ചുപിടിപ്പിച്ചത് 1840-ലാണ്. 2016-ല്‍ തായ്‌ലന്റിലെ രാജ്ഞി മഹാചക്രി സിരിന്തോണ്‍ ആണ് പാലത്തിന്റെ ശിലാഫലകം അനാച്ഛാദനംചെയ്തത്. വനത്തിന്റെ നിബിഡതയും പച്ചപ്പും ആസ്വദിച്ച് കുറെനേരം ഞങ്ങള്‍ അവിടെയിരുന്നു.
മഴയില്‍ മൂടി ചിറാപുഞ്ചി
മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ ഒരു പട്ടണമാണ് മൗസിന്റാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രണ്ടാമത്തെ സ്ഥലം ചിറാപുഞ്ചിയും. ഇടയില്‍ ചുരുങ്ങിയ ദൂരം മാത്രമേ ഉള്ളൂവെങ്കിലും, ഭൂമിയിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലമെന്ന മുന്‍ റെക്കോര്‍ഡ് ഉടമയായ ചിറാപുഞ്ചിയെ സമീപകാലത്ത് മൗസിന്റാം മറികടന്നു. വടക്കു കിഴക്കന്‍ ഇന്ത്യയിലെ മഴപ്രദേശം മഴയെയും യാത്രകളെയും സ്‌നേഹിക്കുന്നവര്‍ കണ്ടിരിക്കേണ്ട സ്ഥലമാണ്. ജീവനുള്ള വേരുകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന പാലങ്ങളും ചുണ്ണാമ്പുകല്ല് ഗുഹകളും ചിറാപുഞ്ചിയെ നിഗൂഢവും മനോഹരവുമാക്കുന്നു. ചിറാപുഞ്ചി സോഹ്‌റ എന്നാണിപ്പോള്‍ അറിയപ്പെടുന്നത്.
വര്‍ഷത്തില്‍ എല്ലായ്‌പോഴും മഴ ലഭിക്കുന്ന പ്രകൃതിരമണീയമായ ചിറാപുഞ്ചി സമുദ്രനിരപ്പില്‍നിന്ന് 1,300 മീറ്റര്‍ ഉയരത്തിലാണ്. മുകളിലേക്കു കയറുമ്പോള്‍ വാഹനത്തില്‍ ഇരുന്നുകൊണ്ടേ കാണാം വളരെ ഉയരത്തില്‍ നിന്നു കുത്തിയൊലിച്ചുവരുന്ന വെള്ളച്ചാട്ടങ്ങളും കനത്തുതൂങ്ങിനില്‍ക്കുന്ന മഴമേഘങ്ങളും. താഴ്‌വരയിലെ നദിയെ പരിപോഷിപ്പിക്കുന്നത് ഈ വെള്ളച്ചാട്ടങ്ങളാണ്. ഇവിടുത്തെ മഴയും മധുരമുള്ള ചായയും പ്രസിദ്ധമാണ്. പനോരമിക് വ്യൂവിന് ഏറെ പേരുകേട്ട സ്ഥലം കൂടിയാണ്. ഇവിടുത്തെ ഏറ്റവും ഉയരമുള്ള സ്ഥലത്ത് നിന്നാല്‍ തൊട്ടടുത്തുള്ള ബംഗ്ലാദേശിന്റെ സമതലങ്ങളുടെ കാഴ്ച കാണാം. ഞങ്ങള്‍ പോയ ദിവസം മഴ കാര്യമായി പെയ്തില്ല. മഴമേഘങ്ങളും തണുപ്പുമുണ്ടായിരുന്നു. തണുപ്പെന്നു പറഞ്ഞാല്‍ നല്ല തണുപ്പ്.
വ്യൂപോയിന്റുകളില്‍ നിന്നു നോക്കിയാല്‍ കൂറ്റന്‍ മലകളും പച്ചപ്പ് തിങ്ങിനില്‍ക്കുന്ന കാടുകളും ഘനഗംഭീരമായ വെള്ളച്ചാട്ടങ്ങളും അതിസുന്ദരങ്ങളായ പൂക്കള്‍ വിടര്‍ന്നു പരിലസിക്കുന്ന കുന്നിന്‍പ്രദേശങ്ങളും കാണാം. അവിടെ കണ്ട പൂക്കളുടെ വൈവിധ്യവും സൗന്ദര്യവും ഞങ്ങളെ വല്ലാതെ ആകര്‍ഷിച്ചു. വിവിധതരം ഓര്‍ക്കിഡുകളുടെ ഭംഗി കണ്ണിനു വിരുന്നാകും.
ചില ചെടികളുടെ തൈകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഗ്രാമവാസികള്‍ പറഞ്ഞു, ഞങ്ങളുടെ നാട്ടിലെ കാലാവസ്ഥയില്‍ മാത്രമേ ഇവ പുഷ്പിക്കുകയുള്ളൂ. മലകയറി മുകളിലെത്തിയാല്‍ ചെറിയൊരു അങ്ങാടിയുണ്ട്. വില്‍പനക്കാര്‍ കൂടുതലും സ്ത്രീകളാണ്. നിരന്തരം മഴ ചെയ്യുന്ന ഇവിടെ ജനജീവിതം അന്തരീക്ഷം പോലെത്തന്നെ മൂടിക്കെട്ടിയതായിരിക്കുമോ എന്നൊരു സംശയം തോന്നി. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്നൊരു സ്ത്രീ അതു ശരിവെച്ചു, 'ഞങ്ങള്‍ക്കോ ഞങ്ങളുടെ കുട്ടികള്‍ക്കോ മതിമറന്ന് പുറത്തിറങ്ങി നടക്കാനും കളിക്കാന്‍ പോലും കഴിയാത്ത കാലാവസ്ഥയാണിത്. ജീവിതത്തിന്റെ എല്ലാ ഘട്ടവും എല്ലാവരും വീടുകള്‍ക്കുള്ളില്‍ത്തന്നെ. പക്ഷേ ഞങ്ങളുടെ നാടും മഴയും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതുതന്നെ...എങ്കിലും പഴയതുപോലല്ല, മഴ കുറഞ്ഞിരിക്കുന്നു...'
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്ലഞ്ച് വെള്ളച്ചാട്ടമെന്നു പേരുകേട്ട നോഹ്കാലികായ് വെള്ളച്ചാട്ടത്തിനു സമീപമുള്ള വ്യൂപോയിന്റിലേക്ക് ഞങ്ങള്‍ നടന്നു. ഉയരങ്ങളില്‍നിന്ന് താഴേക്ക് കുതിക്കുന്ന വെള്ളച്ചാട്ടത്തിന് താഴെ അസാധാരണമായ പച്ച നിറത്തിലുള്ള വെള്ളമുള്ള ഒരു ചെറുകുളമുണ്ട്. സാഹസികരായ സഞ്ചാരികള്‍ക്ക് നിരവധി പടിക്കെട്ടുകളിറങ്ങി അവിടെയെത്താം. പക്ഷേ ഇറങ്ങിപ്പോകുന്നവരൊക്കെ ഭയന്ന് പാതിയെത്തുമ്പോള്‍ തിരിച്ചുകയറാറുണ്ട്. അങ്ങനെ പാതിവഴിയില്‍ തിരിച്ചെത്തുമ്പോഴേക്കും അവര്‍ വല്ലാത്തൊരു വിഭ്രമാവസ്ഥയിലായിട്ടുണ്ടാവും. ഞങ്ങളുടെ കൂട്ടത്തില്‍ സാഹസികനായ സിദ്ധാര്‍ഥ് ഞങ്ങളോടൊന്നും പറയാതെ താഴേക്കിറങ്ങാന്‍ ശ്രമം നടത്തി. കുറെനേരം കഴിഞ്ഞ് തിരിച്ചുവന്നു പറഞ്ഞു, 'കുറെ താഴേയ്ക്കു നടന്നുപോയി. പക്ഷേ, പറ്റുന്നില്ല, ഉയരവും ഇറക്കവുമൊന്നുമല്ല പ്രശ്‌നം, വല്ലാത്തൊരു ശ്വാസംമുട്ടലാണ്. ഭയം തോന്നും'.
നോഹ്കാലികായുടെ ഇതിഹാസം
നോഹ്കാലികായ് വെള്ളച്ചാട്ടത്തിനും ഒരു നാടോടിക്കഥ പറയാനുണ്ട്. വെള്ളച്ചാട്ടത്തിനു മുകളിലായി സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍, ലികായ് എന്നു പേരുള്ളൊരു സ്ത്രീ താമസിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം കുഞ്ഞുമകളെ വളര്‍ത്താന്‍ അവള്‍ ഒരു ചുമട്ടുതൊഴിലാളിയുടെ കഠിനമായ ജോലി ഏറ്റെടുത്തു. ജോലി കഴിഞ്ഞുള്ള സമയം അവള്‍ കുഞ്ഞിനെ അരുമയായി പരിപാലിച്ചുവെങ്കിലും കുടുംബത്തിന്റെ സുരക്ഷക്കായി രണ്ടാമതും വിവാഹം കഴിച്ചു. എന്നാല്‍, അവളുടെ രണ്ടാമത്തെ ഭര്‍ത്താവിന് അവളുടെ കുഞ്ഞിനോട് അസൂയ തോന്നിത്തുടങ്ങി. ഒരുദിവസം ലികായ് പണിക്കുപോയ നേരത്ത് അയാള്‍ കുഞ്ഞിനെ കൊന്ന് ആ മാംസം പാകം ചെയ്തുവെച്ചു. ലികായ് തിരിച്ചെത്തിയപ്പോള്‍ പകലത്തെ കഠിനാധ്വാനത്തിന്റെ ക്ഷീണംമൂലം കുഞ്ഞിനെ അന്വേഷിക്കാതെ അവള്‍ ആദ്യം ചെയ്തത് വേവിച്ചുവെച്ചിരിക്കുന്ന മാംസ വിഭവം ഭക്ഷിക്കലാണ്.
ലികായ് സാധാരണ ഭക്ഷണത്തിനുശേഷം ഒരു വെറ്റില ചവയ്ക്കാറുണ്ടായിരുന്നു. പക്ഷേ വീട്ടില്‍ വെറ്റിലച്ചുരുള്‍ തയ്യാറാക്കുന്ന സ്ഥലത്തിന് സമീപം ഒരു മുറിഞ്ഞ വിരല്‍ കണ്ടപ്പോള്‍ അവള്‍ പരിഭ്രാന്തയായി. തന്റെ അഭാവത്തില്‍ തന്റെ കുഞ്ഞിന് സംഭവിച്ച ദുരന്തം മനസ്സിലാക്കിയ അവള്‍ കോപവും സങ്കടവും കൊണ്ട് ഭ്രാന്തുപിടിച്ച്, കൈയില്‍ ഒരു കോടാലിയെടുത്തു വീശി ഓടാന്‍ തുടങ്ങി. കൊല്ലപ്പെട്ട തന്റെ മകളുടെ മാംസമായിരുന്നു താന്‍ അറിയാതെ ഭക്ഷിച്ചത് എന്ന സത്യം സഹിക്കാന്‍ കഴിയാതെ അവള്‍ വെള്ളച്ചാട്ടത്തിലേക്ക് കുതിച്ചു. നിര്‍ഭാഗ്യവതിയായ കാലികായ്ക്ക് സംഭവിച്ച ദുരന്തത്തിന്റെ സ്മരണക്കായി ആ വെള്ളച്ചാട്ടത്തിന് നോഹ്കാലികായ് വെള്ളച്ചാട്ടം എന്ന് പേരിട്ടുവെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. വെള്ളച്ചാട്ടത്തിനു മുകളിലുള്ള സ്ഥലത്തെ അങ്ങാടിയില്‍ ഈ കഥ ഗ്രാനൈറ്റില്‍ ആലേഖനം ചെയ്തുവെച്ചിരിക്കുന്നു.
വെള്ളച്ചാട്ടങ്ങളുടെ നാട്
ധാരാളം വെള്ളച്ചാട്ടങ്ങളുള്ള സംസ്ഥാനമാണ് മേഘാലയ. ഇന്ത്യയിലെ നാലാമത്തെ വലിയ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന 'ഏഴു സഹോദരിമാരുടെ വെള്ളച്ചാട്ടം' അഥവാ 'സെവന്‍ സിസ്റ്റേഴ്‌സ് വാട്ടര്‍ ഫാള്‍സ്' ഇവിടെയാണ്. ചിറാപുഞ്ചിയില്‍ നിന്ന് കുറച്ചുദൂരം പോകണം. മൗസ്മായ് ഫോള്‍സ് എന്നും ഇതിനു പേരുണ്ട്. 1033 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന് മഴക്കാലത്ത് പൂര്‍ണജീവന്‍വെക്കും. അത് അതിശയിപ്പിക്കുന്ന വലിയൊരു കാഴ്ചയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞങ്ങള്‍ക്കേതായാലും അതിന്റെ പൂര്‍ണഗാംഭീര്യത്തില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. ആ സമയത്ത് 'സെവന്‍ സിസ്റ്റേഴ്‌സ്' ശോഷിച്ചാണ് മലമുകളില്‍ നിന്ന് താഴേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നത്.
ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ സെവന്‍ 'സിസ്റ്റേഴ്‌സ്' പ്രകൃതിയിലെ ഒരു അത്ഭുതം മാത്രമല്ല, നാടോടിക്കഥകള്‍ പാടുന്ന ഒരു സ്ഥലം കൂടിയാണ്. അതിലൊന്ന്, ഏഴ് സഹോദരിമാരുടെ ഹൃദയം കീഴടക്കാന്‍ ശ്രമിച്ച ഒരൊറ്റ കാമുകനെക്കുറിച്ച് പറയുന്നു. അവര്‍ക്കിടയില്‍ അസൂയയും ദുഃഖവും ഉടലെടുത്തപ്പോള്‍, അവര്‍ വെള്ളച്ചാട്ടങ്ങളായി മാറാന്‍ തീരുമാനിച്ചു. അവ പാറക്കെട്ടുകളിലൂടെ കാലങ്ങളായി ഒഴുകുന്നുവെന്നും അവരുടെ ദുഃഖത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി ഈ വെള്ളച്ചാട്ടം ഓര്‍മിക്കപ്പെടുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.
മറ്റൊരു കഥ, സഹോദരിമാരെ പിന്തുടര്‍ന്ന ദുഷ്ടനായ ഒരാളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ വെള്ളച്ചാട്ടങ്ങളായി മാറിയെന്നാണ്. എന്തായാലും കുറച്ചകലെ കമ്പിവേലി കെട്ടിത്തിരിച്ച സ്ഥലത്തുനിന്ന് ദൂരക്കാഴ്ചയായേ സഞ്ചാരികള്‍ക്ക് 'ഏഴു സഹോദരിമാരെ' കാണാനാവുകയുള്ളൂ.
ഇവിടുത്തെ മറ്റൊരു മനോഹരമായ വെള്ളച്ചാട്ടമാണ് എലിഫന്റ് ഫോള്‍സ്. ഷില്ലോങ് നഗരത്തില്‍ നിന്ന് ഏകദേശം 12-15 കിലോമീറ്റര്‍ അകലെയാണ് എലിഫന്റ് ഫോള്‍സ് സ്ഥിതി ചെയ്യുന്നത്. ആനയോട് സാമ്യമുള്ള ഒരു പാറയുടെ സമീപത്താണ് ഈ വെള്ളച്ചാട്ടം. ഇതുകണ്ട് ഇംഗ്‌ളീഷുകാരാണ് ഇതിന് എലിഫന്റ് ഫോള്‍സ് എന്നു പേരിട്ടത്. 1897-ലെ ഭൂകമ്പത്തില്‍ ഈ പാറയും നശിച്ചിരുന്നു. മൂന്ന് തട്ടുകളായാണ് ഇതൊഴുകുന്നത്. വളരെ അടുത്തുനിന്നുതന്നെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം എന്നൊരു പ്രത്യേകത ഇതിനുണ്ട്.
വെള്ളച്ചാട്ടത്തിന്റെ ഓരോ പോയിന്റിലേക്കും കുത്തനെയുള്ള പടികള്‍ ഉണ്ട്. അവയിറങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടിവന്നു. എങ്കിലും ഓരോ പടിയുടെ പരിസരത്തും ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇരുന്നും വല്ലതുമൊക്കെ ഭക്ഷിച്ചും മെല്ലെ നടന്നുകണ്ടാല്‍ മതി. വെള്ളച്ചാട്ടത്തിന്റെ ചരിത്രം വായിക്കാന്‍ കഴിയുന്ന ബോര്‍ഡുകള്‍ ഓരോ നിരയിലും ഉണ്ട്.
ഇതിനുള്ളില്‍ത്തന്നെയുള്ള കടയില്‍ വാടകയ്ക്ക് ലഭിക്കുന്ന പ്രാദേശിക ഖാസി വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോ എടുക്കാന്‍ സൗകര്യമുണ്ട്. അവിടെ നല്ല തിരക്കായിരുന്നു. കുറച്ചുനേരം കാത്തുനിന്നിട്ടാണെങ്കിലും ഞങ്ങളും ഖാസി ജനതയുടെ വര്‍ണശബളമായ വസ്ത്രങ്ങളണിഞ്ഞ് ഫോട്ടോ എടുത്തു. ഫോട്ടോഗ്രാഫര്‍മാര്‍ പെട്ടെന്നു തന്നെ നമ്മളെ ഒരുക്കിനിര്‍ത്തി വൈകാതെ ഫോട്ടോയെടുത്തു നല്‍കും. രാജാക്കന്മാരെ പോലെ പുരുഷന്മാര്‍ക്കു നീളന്‍ കുപ്പായവും തലപ്പാവുമൊക്കെയുണ്ട്. സ്ത്രീകള്‍ക്കുമുണ്ട്, തലയില്‍ കിന്നരിത്തൊപ്പിയും പൂക്കൂടയുമൊക്കെ.

സാഹസികരെ മാടിവിളിച്ച് മൗസ്മായ്
ഷില്ലോങ്ങില്‍നിന്ന് ചിറാപുഞ്ചിയിലേക്കുള്ള വഴിയിലാണ് ലോക പ്രശസ്തമായ മൗസ്മായ് ഗുഹ. കാടിന്റെ നിശ്ശബ്ദതയും സംഗീതവുമറിഞ്ഞ് ഇത്തിരി നടന്നാല്‍ ഗുഹാമാര്‍ഗത്തിലേക്കെത്താം. മേഘാലയയിലെ ഏറ്റവും വലുതും എളുപ്പത്തില്‍ എത്തിച്ചേരാവുന്നതുമായ ഗുഹകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന മൗസ്മായ് ഗുഹയ്ക്ക് ഏകദേശം 150 മീറ്റര്‍ നീളമുണ്ട്. ഖാസി കുന്നിന്‍പ്രദേശത്തെ ശക്തമായ മഴയുടെ ഫലമായാണ് അനേകവര്‍ഷങ്ങള്‍കൊണ്ട് ഗുഹ വികസിച്ചത്. ഗുഹയ്ക്കകത്ത് ചുണ്ണാമ്പുകല്ലുപാറകള്‍ ഘനീഭവിച്ചുണ്ടായ, വിദഗ്ധനായ ഒരു കലാസംവിധായകന്‍ രൂപകല്‍പ്പന ചെയ്ത പോലത്തെ അന്തരാളങ്ങള്‍ കണ്ട് അതിശയിച്ചുപോയി.
രണ്ടു തരത്തിലുള്ള പാറകള്‍ ഇവിടെ കാണാം. ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്ന് താഴോട്ട് വളരുന്ന പാറകളും മുകളിലേക്ക് വളരുന്ന പാറകളും. ഈ രണ്ടു തരത്തിലുള്ള പാറകളും ചേര്‍ന്ന് വളരെ അതിശയിപ്പിക്കുന്ന ശിലാമാതൃകകള്‍ അകത്ത് രൂപപ്പെട്ടിരിക്കുന്നു.
ഗുഹയ്ക്ക് വിശാലമായ പ്രവേശന കവാടമാണുള്ളത്. പക്ഷേ അത് പെട്ടെന്ന് ഒരു ഇടുങ്ങിയ പാതയിലേക്ക് ചുരുങ്ങും. ഉള്‍ഭാഗം വളരെ വലുതാണ്. ഗുഹയുടെ ആദ്യത്തേതും ഏറ്റവും പഴയതുമായ ഭാഗം പ്രകാശപൂരിതമാണ്. ഗുഹയില്‍ കൃത്രിമ വിളക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വലിയ മുറികളും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയത് എന്ന് വിളിക്കപ്പെടുന്ന ഒരു ഭാഗമുണ്ട്, അതില്‍ വെളിച്ചമില്ല. ഗുഹയ്ക്കുള്ളില്‍ ഒരു ജാലകം ഉണ്ട്. അത് മുകളിലേക്ക് തുറക്കുന്നത് ഒരു കാട്ടിലേക്കുള്ള കാഴ്ചയോടെയാണ്. മേല്‍ക്കൂരയില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം താഴേക്ക് പതിക്കുന്നത് കാണാം.
ഗുഹയ്ക്കുള്ളില്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളെ കാണാന്‍ കഴിയും. പ്രാണികളും വവ്വാലുകളും ഇതിനെ ആവാസ കേന്ദ്രമായി കണക്കാക്കുന്ന നിരവധി സസ്യജന്തുജാലങ്ങളും അകത്തുണ്ട്. ആദ്യം കുറച്ചു ദൂരം നടന്നു പോകണം. പതുക്കെപ്പതുക്കെ ഗുഹയുടെ വീതി കുറയും. വശങ്ങള്‍ ഇടുങ്ങിത്തുടങ്ങും. തലയ്ക്കു മുകളില്‍ ശിലകളുടെ ഉയരം താണുതാണുവരും. പിന്നെ ഗുഹാന്തര്‍ഭാഗങ്ങളില്‍ ഇരിക്കണം, കിടക്കണം, ഇരുട്ടില്‍ തപ്പിത്തപ്പി ഇഴയണം, കിനിയുന്ന വെള്ളത്തില്‍ നനയണം.
ചിലയിടങ്ങളില്‍ ശിലാഭിത്തികളില്‍ സൂക്ഷിച്ചു പരതിയാല്‍ ഫോസിലുകളെ തൊട്ടറിയാം. ഗുഹാഭിത്തികള്‍ മൃഗങ്ങള്‍ മുതല്‍ ജ്യാമിതീയ രൂപകല്‍പ്പനകള്‍ വരെ വ്യത്യസ്ത ആകൃതികളില്‍ കാണപ്പെടുന്ന ചുണ്ണാമ്പുകല്ല് ആകൃതികളാല്‍ മൂടപ്പെട്ടിരിക്കുന്നു.
ഉള്ളിലോട്ടു നൂഴ്ന്നു കയറുന്തോറും ശ്വാസം കഴിക്കാന്‍ പാടുതോന്നും. ഒരു പോയിന്റെത്തിയാല്‍ പിന്നെ എളുപ്പത്തില്‍ മുന്നോട്ട് ഇഴഞ്ഞുനീങ്ങാനാവില്ല. മതിയായ സുരക്ഷാ സാമഗ്രികളില്ലാതെ പിന്നങ്ങോട്ടു പോകാനാവില്ല. അതിനു ധൈര്യമുള്ളവര്‍ക്ക് അധികൃതരുടെ നിര്‍ദേശാനുസരണം മാത്രം പ്രത്യേക മുന്‍കരുതലുകളോടെ ഗുഹ കടക്കാം. മൗസ്മായ് ഗുഹ വളരെ സുരക്ഷിതമാണെങ്കിലും അതു മുഴുവനും ഇഴഞ്ഞുകടന്ന് അറിഞ്ഞാസ്വദിക്കണമെങ്കില്‍ അപാരമായ സാഹസികത വേണം. ഞാനെന്തായാലും പകുതിയില്‍ പിന്‍വാങ്ങി. പാതിവഴി പോയി മടങ്ങുമ്പോള്‍ പ്രവേശനകവാടത്തില്‍ അകത്തേക്ക് സര്‍വസന്നാഹത്തോടെ കടക്കാന്‍ തയ്യാറായിവരുന്ന കുറച്ചു യുവാക്കളെ കണ്ടു. ഹെഡ് ടോര്‍ച്ച് ഘടിപ്പിച്ച ഹെല്‍മറ്റും പ്രത്യേകതരം ഇറുകിയ വസ്ത്രവും ധരിച്ച അവര്‍ അധികൃതരുടെ സമ്മതപത്രവുമായാണ് ഗുഹയുടെ ഉള്ളറകളറിയാന്‍ വന്നിരിക്കുന്നത്. അകത്തു കാത്തിരിക്കുന്ന അത്ഭുതങ്ങളെ കുറിച്ച് അവരോടു ചോദിച്ചറിയാന്‍ ആഗ്രഹിച്ചു. കാണാത്ത അത്ഭുതങ്ങള്‍ അങ്ങനെ അവശേഷിക്കട്ടെ. അതും യാത്രകളുടെ ഭാഗമാണ്.
രാജ്യത്തെ ഏറ്റവും നീളമേറിയ പത്ത് ഗുഹകള്‍ മേഘാലയയിലാണ്. പല പ്രദേശങ്ങളിലായി ഇരുപതിലധികം പ്രധാന ഗുഹകളിവിടെയുണ്ടെന്ന് ഗൈഡ് പറഞ്ഞു. ഇടതൂര്‍ന്ന സസ്യജാലങ്ങളുള്ള വിശാലമായ മലയിടുക്കുകളുടെ അരികിലൂടെ സഞ്ചരിച്ച് അവ കാണാം. ഗുഹകള്‍ പാതാളത്തിലേക്കുള്ള വഴിയായി കണക്കാക്കിയിരുന്ന ഖാസി ജനതയുടെ പുണ്യസ്ഥലങ്ങളാണ് എന്നു പറയപ്പെടുന്നു.

വടക്കുകിഴക്കന്‍ ഇന്ത്യയെ കുറിച്ചറിയാന്‍ ഡോണ്‍ ബോസ്‌കോ മ്യൂസിയം
വടക്കു-കിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളിലെ സംസ്‌കാരവും ജനജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ വിട്ടുപോകാതെ സന്ദര്‍ശിക്കേണ്ട ഒരിടമാണ് ഷില്ലോങ്ങിലെ ഡോണ്‍ ബോസ്‌കോ മ്യൂസിയം.
ഷില്ലോങ്ങിലെ സേക്രഡ് ഹാര്‍ട്ട് പള്ളിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യത്യസ്തമായ പ്രാചീന ഗോത്രങ്ങളുടെയും സമൂഹങ്ങളുടെയും പൈതൃകത്തെയും സംസ്‌കാരത്തെയും കാണിച്ചുതരും.
മ്യൂസിയം ഏഴ് നിലകളുള്ള കെട്ടിടമാണ്. 56,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മ്യൂസിയത്തില്‍ 17 ഗാലറികളിലായി പ്രദേശത്തെ ജനങ്ങളുടെ ചരിത്രം, തൊഴിലുകള്‍, കുടുംബഘടന, കല, സംഗീതം, മതം, ജീവിതശൈലി തുടങ്ങി സര്‍വതും മനസ്സിലാക്കിത്തരുന്ന 3,000-ത്തിലധികം ശില്‍പങ്ങളും ചിത്ര-ഫോട്ടോ ഇനങ്ങളും പുരാവസ്തുക്കളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഡോണ്‍ ബോസ്‌കോ സെന്റര്‍ ഫോര്‍ ഇന്‍ഡിജിനസ് കള്‍ച്ചേഴ്‌സ് എന്നും അറിയപ്പെടുന്ന മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വടക്കു-കിഴക്കന്‍ സമൂഹങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളിഞ്ഞ സ്ത്രീപുരുഷന്മാരുടെ ജീവസ്സുറ്റ പ്രതിമകളാണ് ആദ്യം നമ്മെ സ്വാഗതം ചെയ്യുക. അവരുടെ പാര്‍പ്പിട മാതൃകകളും ഒപ്പം കാണാം.
ഈ പ്രദേശത്തുനിന്നുള്ള ചരിത്രാതീത പുരാവസ്തു കണ്ടെത്തലുകള്‍, ശിലായുഗ ഉപകരണങ്ങള്‍, ഫോസിലുകള്‍, മണ്‍പാത്രങ്ങള്‍, നാണയങ്ങള്‍, ലിഖിതങ്ങള്‍ എന്നിവ ചരിത്ര ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്തെ ജനങ്ങളുടെ കുടിയേറ്റ രീതികളുടെ ഭൂപടങ്ങളും മാതൃകകളും കാണാം. ഭൂമിയുടെയും ജനങ്ങളുടെയും ചരിത്രം പറയുന്ന ഗാലറിയില്‍ പ്രദേശത്തെ നദികള്‍, പര്‍വതങ്ങള്‍, വനങ്ങള്‍, വന്യജീവികള്‍, കാലാവസ്ഥ, ജനസംഖ്യ തുടങ്ങി ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ സവിശേഷതകള്‍ ചിത്രീകരിച്ചിരിക്കുന്നു. മേഖലയിലെ എട്ട് സംസ്ഥാനങ്ങളുടെ പതാകകളും ചിഹ്നങ്ങളും, പ്രമുഖ വ്യക്തികളുടെയും നേതാക്കളുടെയും ചിത്രങ്ങളും പ്രൊഫൈലുകളും കണ്ടറിയാം.
മത്സ്യബന്ധന ഗാലറിയില്‍ പ്രദേശത്തെ മത്സ്യബന്ധന രീതികളും ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവിടെ കാണപ്പെടുന്ന വിവിധതരം മത്സ്യങ്ങളെയും ജലജീവികളെയും കൂടാതെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഉത്സവങ്ങളും ഇതിലൂടെയറിയാം. മറ്റൊരു ഗാലറിയില്‍ ഇവിടുത്തെ ജനങ്ങളുടെ വേട്ടയാടല്‍ രീതികളും ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
കൃഷിരീതികളെ കുറിച്ച് വിവരങ്ങള്‍ പകര്‍ന്നുതരുന്ന കാര്‍ഷിക ഗാലറിയും പ്രാദേശികമായി വികസിപ്പിച്ചെടുത്തതും ഉപയോഗിച്ചതുമായ വിവിധ തരം സാങ്കേതികവിദ്യകളും നൂതനാശയങ്ങളും വിശദീകരിക്കുന്ന സാങ്കേതിക ഗാലറിയും വിജ്ഞാനപ്രദമാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ തനതു കരകൗശലവസ്തുക്കളും ഇവിടെ കാണാം. പെയിന്റിംഗ്, ശില്‍പവേല, കൊത്തുപണി, എംബ്രോയിഡറി, ബീഡ്വര്‍ക്ക് തുടങ്ങിയവ പ്രദര്‍ശിപ്പിട്ടുള്ള ആര്‍ട്ട് ഗാലറി കൗതുകമുളവാക്കും. മുള, ചൂരല്‍, മരം, കളിമണ്ണ്, ലോഹം,പട്ട്,പരുത്തി, മുത്തുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന വിവിധതരം വസ്തുക്കളും മോട്ടിഫുകളും ആകര്‍ഷകങ്ങളാണ്.
പ്രാദേശിക സംഗീതോപകരണങ്ങളുള്ള മ്യൂസിക് ഗാലറി, ക്രിസ്തുമതം, ഹിന്ദുമതം, ബുദ്ധമതം, ഇസ്ലാം, അനിമിസം തുടങ്ങി പ്രദേശത്തെ ജനങ്ങള്‍ പിന്തുടരുന്ന വിവിധ വിശ്വാസങ്ങളും ആചാരങ്ങളും തിരുവെഴുത്തുകളും പ്രതിപാദിക്കുന്ന മത ഗാലറി, വാളുകള്‍, കഠാരകള്‍, കുന്തങ്ങള്‍, പരിചകള്‍, ഹെല്‍മെറ്റുകള്‍ തുടങ്ങി ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും യുദ്ധമുറകളും കാട്ടിത്തരുന്ന ആയുധ ഗാലറി, വസ്ത്രാലങ്കാര ഗാലറി, ഉത്സവ ഗാലറി, തദ്ദേശീയരുടെ വാസസ്ഥലങ്ങളുടെയും വാസ്തുവിദ്യകളുടെയും പ്രദര്‍ശനമായ ഹൗസിങ് ഗാലറി, ഫുഡ് ഗാലറി, ബാസ്‌കട്രി ഗാലറി, ആഭരണ ഗാലറി, പുസ്തകങ്ങള്‍, ജേണലുകള്‍, വാര്‍ത്താക്കുറിപ്പുകള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ തുടങ്ങി തദ്ദേശീയ സംസ്‌കാരങ്ങള്‍ രേഖപ്പെടുത്തിയ ഡോക്യുമെന്റേഷന്‍ ഗാലറി എന്നിവയൊക്കെ അത്യാകര്‍ഷകമായി മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പിന്നിലെ അധ്വാനത്തെ കുറിച്ചോര്‍ത്താല്‍ അതിശയിച്ചുപോകും.
ഡോണ്‍ ബോസ്‌കോ മ്യൂസിയം ഒരു മ്യൂസിയം മാത്രമല്ല, വടക്കു-കിഴക്കന്‍ ഇന്ത്യയിലെ സംസ്‌കാരങ്ങളെക്കുറിച്ചു ഗവേഷണം നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ഗവേഷണ-പ്രസിദ്ധീകരണ വിഭാഗം കൂടിയാണ്. ഷില്ലോങ് നഗരത്തില്‍ നിന്ന് ഏകദേശം ആറു കിലോമീറ്റര്‍ അകലെ മാവ്‌ലായിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
ടിക്കറ്റ് വെച്ചാണ് പ്രവേശനമെങ്കിലും വടക്കു-കിഴക്കന്‍ ഇന്ത്യയിലേക്കുള്ള സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒന്നാണ് ഈ മ്യൂസിയം. ഷില്ലോങ് നഗരത്തിന്റെയും ചുറ്റുമുള്ള കുന്നുകളുടെയും പ്രകൃതിയുടേയും വിശാലമായ കാഴ്ച പ്രദാനം ചെയ്യുന്ന ഒരു സ്‌കൈവാക്കും മ്യൂസിയത്തിലുണ്ട്. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ തുടങ്ങിയ അയല്‍രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ടുമതിവരാതെ...
ഞങ്ങളുടെ യാത്രയുടെ അവസാനപാദമായി. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ മനംമയക്കുന്ന കാഴ്ചകളാല്‍ സമൃദ്ധമാണ്. എത്ര കണ്ടാലും മതിവരാത്ത പ്രദേശങ്ങളില്‍ ഇനിയെത്ര യാത്രകള്‍ പോയാലാണ് പൂര്‍ണമായും കണ്ടു എന്നു പറയാനാവുക. ഷില്ലോങ് വ്യൂപോയിന്റില്‍ നിന്നു കാണുംപോലെ ഒരിക്കലും മതിയാകാത്ത, മറക്കാനാവാത്ത മനോഹരദൃശ്യങ്ങള്‍ നെഞ്ചിലേറ്റി ഞങ്ങള്‍ മനസ്സില്ലാമനസ്സോടെ മടക്കയാത്രയുടെ തിരക്കുകളിലേക്കു നടന്നു.
Content Highlights: Assam & Meghalaya Trip: Kamakhya Temple & More
Published: 16 Apr 2025, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented