അവിവാഹിതനായ ഒരു യുവാവ് യാദൃച്ഛികമായി എട്ട് സ്ത്രീകൾക്കൊപ്പം ബാലിദ്വീപിൽ പെട്ടുപോയ അനുഭവത്തിന്റെ സരസമായ ഓർമ്മയാണിത്. ഇതിൽ യാത്രയും കാഴ്ചകളുമുണ്ട്, സ്ത്രീകൾക്കിടയിൽ തനിച്ചായിപ്പോയ പുരുഷന്റെ മനോവിചാരങ്ങളുണ്ട്, പുറമേക്ക്‌ ചിരിക്കുമ്പോഴും ഓരോ സ്ത്രീയും ഒറ്റയ്ക്ക് തുഴയുന്ന ദൂരത്തിന്റെ വേദനകളുണ്ട്, തിരിഞ്ഞുനോക്കി ഓർക്കുമ്പോൾ തെളിയുന്ന പതിഞ്ഞ ചമ്മലുമുണ്ട്...

To advertise here,

എനിക്കൊരു പ്രശ്നമുണ്ട്. ഒന്നല്ല, അതിൽക്കൂടുതൽ പ്രശ്നങ്ങളുണ്ട്. ഇത് ഞാൻ കഴിഞ്ഞ കുറച്ചുകാലമായി എറണാകുളത്ത് തനിച്ച് ജീവിച്ചുതുടങ്ങിയപ്പോൾ തിരിച്ചറിഞ്ഞ ഒരു കാര്യമാണ്.

വീടിന്റെ വാതിൽ തുറന്ന്‌ അകത്തുകയറിയ അടുത്ത നിമിഷം, തിരിഞ്ഞുപോലും നോക്കാതെ, ഒറ്റക്കൈകൊണ്ട് ഞാൻ വാതിൽ വലിച്ചടയ്ക്കും. കൊതുക് കടക്കാതിരിക്കാൻ ചെയ്യുന്നതാണ്. അന്തിക്കാട്ടെ വീട്ടിലെത്തിയാലും ഇങ്ങനെത്തന്നെ. അടുത്തിടെ, വീട് കാണാൻ എന്റെ കൂടെവന്ന ഒരു സുഹൃത്തിനെ ‘വരൂ വരൂ’ എന്നുപറഞ്ഞ്‌ അകത്തേക്ക് സ്വീകരിച്ച അടുത്ത സെക്കൻഡിൽ, മസിൽ മെമ്മറിയിൽ ഞാൻ വാതിൽ വലിച്ചടച്ചു. ‘ഡും’ എന്ന് അടയേണ്ട വാതിൽ അപ്പോൾ ‘ഡും...ഡും’ എന്നടഞ്ഞു. ആദ്യത്തെ ‘ഡും’ വാതിൽ അയാളുടെ മൂക്കിനിട്ട് കൊണ്ടതിന്റെ ശബ്ദമായിരുന്നു.

ഇതിവിടെ പറയാൻ കാരണം, ഈ സംഭവം നടന്നതിന്റെ അടുത്ത മാസം ഞാൻ ഇൻഡൊനീഷ്യയിലെ ബാലിദ്വീപിലേക്ക്‌ ഒരു യാത്ര ബുക്ക് ചെയ്തിരുന്നു. അപരിചിതരായ പത്തുപേരുടെകൂടെ ആറുദിവസം നീണ്ടുനിൽക്കുന്ന ഒരു യോഗ റിട്രീറ്റ് ടൂർ പാക്കേജ്. ഞാൻ ആയിരുന്നു അവസാനത്തെ എൻട്രി. യാത്രയ്ക്ക് രണ്ടുദിവസംമുൻപ് ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ എന്നെ ചേർത്തപ്പോഴാണ് ഞാൻ ആ നഗ്നമായ സത്യം തിരിച്ചറിഞ്ഞത്. ഗ്രൂപ്പിൽ ആകെ ഒൻപതുപേരേയുള്ളൂ. അതിൽ എട്ട് പെണ്ണുങ്ങളും പിന്നെ ഞാനും. വാതിൽ വലിച്ചടയ്ക്കുന്ന പ്രശ്നം ഇതോടെ അവസാനിച്ചു. ഇവിടന്നങ്ങോട്ടുള്ള ആറുദിവസങ്ങളിൽ, എട്ടുസ്ത്രീകൾ കടന്നുപോയിക്കഴിയുന്നതുവരെ ഞാൻ ബാലിയിലെ വാതിലുകൾ തുറന്നുതന്നെ പിടിച്ചിരുന്നു.

അച്ഛൻ സംവിധാനംചെയ്ത ഹൃദയപൂർവവും ഇരട്ടസഹോദരൻ അഖിൽ സത്യൻ സംവിധാനംചെയ്ത സർവ്വം മായയും കഴിഞ്ഞു. ഇനി അടുത്തത് നിന്റേതല്ലേ’ എന്ന ചോദ്യം ഞാൻ ഏറ്റവും അവസാനം കേട്ടത്, അന്തിക്കാട് കോൾപ്പാടത്ത് കൊയ്ത്തുനടക്കുമ്പോഴാണ്. വലിയ പാടശേഖരങ്ങളിൽ കൂട്ടുകൃഷിയാണ് അവിടെ. കൊയ്ത്തുമെഷീൻ ഇറങ്ങിക്കഴിഞ്ഞാൽ അത് ഓരോരുത്തരുടെ പാടങ്ങളിലായി കൊയ്തുതുടങ്ങും. തൊട്ടടുത്ത നിലത്തിന്റെ ആളുകൾ അപ്പോഴേക്കും ചാക്കുമായി റെഡിയായി നിൽക്കണം. ചില പാടങ്ങൾ കൊയ്യാൻ വിളഞ്ഞിട്ടുണ്ടാവില്ല. അതുവിട്ട് മെഷീൻ അടുത്ത സ്ഥലത്തേക്ക് പോകും. സിനിമയുടെ കാര്യവും ഇതുപോലെയാണെന്ന് എനിക്കയാളോട് പറയാൻ തോന്നി. കഴിഞ്ഞ കൊല്ലം അച്ഛന്റെ പാടത്ത് ജോലിചെയ്ത്, ഞാൻ ഇപ്പോ ഇങ്ങോട്ടുകേറി വിത്തിട്ടതേയുള്ളൂ എന്ന്. ഈ പുതിയ സിനിമയുടെ സ്ക്രിപ്റ്റ് വിളഞ്ഞുവരുന്ന സമയത്താണ് ഞാൻ ബാലി കേറാൻ തീരുമാനിച്ചത്, ഒരു ബ്രേക്കിന്.

ട്രിപ്പ് ബുക്ക് ചെയ്തിട്ടാണ് വീട്ടിലും പറഞ്ഞത്. ‘കല്യാണത്തെപ്പറ്റി കാര്യമായി ചിന്തിക്കണം, കൊള്ളാവുന്ന പെൺകുട്ടികൾ ആരെയെങ്കിലും കണ്ടാൽ എഫർട്ട് ഇടണം’ എന്ന് ഇടയ്ക്കിടെ പറയാറുള്ള അച്ഛനോട് ഞാൻ അങ്ങോട്ട് പറഞ്ഞു: ‘‘അടുത്തയാഴ്ച ഞാൻ ബാലിക്ക്‌ പോകുകയാണ്. ഞാൻ മാത്രമല്ല, ഒപ്പം എട്ട് പെണ്ണുങ്ങളും.’’ ഫോണിലായോണ്ട് അച്ഛൻ ഞെട്ടിയോ ഇല്ലയോ എന്ന് ഞാൻ കണ്ടില്ല. പക്ഷേ, ഇത് നേരിട്ട് പറഞ്ഞതുകേട്ട പലരും ഞെട്ടിയിരുന്നു. അതിൽ ഒരെണ്ണം ഫ്ളൈറ്റിൽവെച്ചുകണ്ട മലയാളി പയ്യൻ ആയിരുന്നു. ‘ചേട്ടൻ ഒറ്റയ്ക്കേയുള്ളൂ’ എന്നവൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: ‘‘ഇപ്പോ അതേ. പക്ഷേ, ബാലിയിലെത്തിയാൽ കുറച്ചു സ്ത്രീകൾകൂടെയുണ്ടാകും.’’ അവന്റെ ‘ഒരേയൊരു’ ഭാര്യ അതുകേട്ട്‌ ചിരിച്ചു.

ബാലി എയർപോർട്ടിൽനിന്ന്‌ പുറത്തുവന്നാൽ നെയിംബോർഡ് കാണാമെന്ന് പറഞ്ഞിരുന്നതുകൊണ്ട് സംഭവം സിംപിളായിരിക്കുമെന്ന് കരുതിയ ഞാൻ കണ്ടത്, ഒരു നിരയായി കൈയിൽ പേപ്പറുംപിടിച്ച്‌ നിൽക്കുന്ന നൂറോളം ബാലിക്കാരെയാണ്. ഗൈഡിന്റെ നമ്പറിൽ വിളിച്ചപ്പോൾ തൊട്ടടുത്തുനിന്നും ഒരുത്തൻ തിരിയുന്നു. അവനെന്നെ പുറത്തേക്കെത്തിച്ച്, ‘ഇവിടെ നിന്നാൽ മതി’ എന്നുപറഞ്ഞു. എന്റെ കഴുത്തിൽ ഒരു പൂമാലയിട്ടിട്ട് ഡ്രൈവർക്ക് കൊടുക്കാൻ വേണ്ടിയെന്നുപറഞ്ഞ്‌ ഒരു ഫോട്ടോയെടുത്തു. ആധാർകാർഡിന് പോസുചെയ്യുന്നപോലെ ഞാൻ നിന്നുകൊടുത്തു. തൊട്ടടുത്ത സെക്കൻഡിൽ മാല തിരിച്ചൂരിയെടുത്ത് അവൻ പോയി. പുറകെ വണ്ടിയെത്തി. കാറിൽവെച്ചു ഫോൺ നോക്കിയ അടുത്ത സെക്കൻഡിൽ ഞാൻ തകർന്നുപോയി. കത്തിക്കാൻ കൊണ്ടുവന്ന കോലം, തൂണിൽ ചാരിവെച്ചിരിക്കുന്നപോലെ, കഴുത്തിൽ മാലയിട്ട് ഒടിഞ്ഞുതൂങ്ങി നിൽക്കുന്ന എന്റെ ഫോട്ടോ ഞങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഷെയർ ആയിരിക്കുന്നു. എന്റെ ഫസ്റ്റ് ഇംപ്രഷൻ കാറ്റിൽപ്പറത്തി ബാലിയിലെ പ്രസിദ്ധമായ സീ ലിങ്ക് റോഡിന് മുകളിലേക്ക് കാർ ഓടിക്കയറി.

Ubud ലേ റിസോർട്ടിൽ രാവിലെ ഒൻപതുമണിക്കുള്ള യോഗ സെഷനിൽ ഞങ്ങൾ എല്ലാവരും പരിചയപ്പെട്ടു. ഇന്ത്യയിലെ പല ഭാഗത്തുനിന്നും ഓസ്‌ട്രേലിയയിൽനിന്നും തായ്‌വാനിൽനിന്നും വരെയുള്ള ഇരുപതുകളിലും മുപ്പതുകളിലുമുള്ള, വിവിധ ജോലികൾചെയ്യുന്ന എട്ടുസ്ത്രീകൾ. യോഗ ട്രെയ്‌നർ സൗമ്യ മധ്യപ്രദേശിലെ ഗ്വാളിയറിൽനിന്നാണ്. ഞാൻ ആദ്യം പരിചയപ്പെട്ട ജ്യോതിയും പ്രജക്തയും ബോംബെയിലെയും പുണെയിലെയും ഡോക്ടർമാരാണ്. ബെംഗളൂരുവിൽനിന്നുള്ള ഒരു മോഡലും കന്നഡനടിയുമാണ് രണ്ടാമത്തെ സൗമ്യ. കൂടെ ഐ.ടി.യിൽ ജോലിചെയ്യുന്ന സൗരഭ. കീർത്തിയും നികിതയും നാത്തൂൻമാരാണ്. രണ്ടുരാജ്യങ്ങളിൽ താമസിക്കുന്ന ഇവർ ഇങ്ങനെ ഓരോ യാത്രകൾ ഒരുമിച്ചു പ്ലാൻചെയ്താണ് ഇടയ്ക്ക് കണ്ടുമുട്ടുന്നത്. ഇവരുടെകൂടെ ‘ക്ലോയി’ എന്ന ചൈനീസ് കുട്ടിയും പിന്നെ മലയാളികളുടെ അഭിമാനം കൈയിൽപ്പിടിച്ച് ഞാനും.

രാവിലെ യോഗയും ബ്രേക്ക്ഫാസ്റ്റും കഴിച്ച് ഞങ്ങൾ വാനിൽക്കയറി യാത്ര തുടങ്ങും. ‘യാൻഡേ’ എന്ന സ്മാർട്ടായ ഞങ്ങളുടെ ഗൈഡ് ബാലി ലുങ്കിയും കോട്ടും തലയിൽക്കെട്ടും ധരിച്ച്‌ മുൻസീറ്റിൽ ഇരിക്കുന്നുണ്ടാകും. യാൻഡേക്ക് ഞങ്ങളെ പിടിച്ചിരുത്താനുള്ള ഒരു സൂത്രമുണ്ട്. തലേന്നുപറഞ്ഞ കാര്യങ്ങളിൽനിന്ന് അടുത്ത ദിവസം അവൻ ചോദ്യങ്ങൾ ചോദിക്കും. ശരിയുത്തരം പറയുന്നവർക്ക് സമ്മാനമുണ്ട്. ഈ ഒറ്റ ട്രിക്കുകൊണ്ട് ഇത്രയും മുതിർന്ന ഞങ്ങളെ ഇവൻ സ്കൂൾ പിക്‌നിക്കിനുപോകുന്ന കുട്ടികളാക്കി മാറ്റി. യാൻഡേ പറഞ്ഞുതന്ന ബാലി കഥകൾ ഞാൻ സഞ്ചാരം പരിപാടിയിലെ എപ്പിസോഡുപോലെ ചുരുക്കിപ്പറയാം.

17000-ൽപ്പരം ദ്വീപുകളടങ്ങിയ ഒരു രാജ്യമാണ് ഇൻഡൊനീഷ്യ. അതിലെ പകുതിയോളം ദ്വീപുകളിലേ മനുഷ്യവാസമുള്ളൂ. പല ദ്വീപുകളിലും പല ഭാഷകൾ സംസാരിക്കുന്നെങ്കിലും ഇവർ പൊതുവായിക്കണ്ടാൽ സംസാരിക്കുന്നത് ബഹാസ എന്ന ഔദ്യോഗികഭാഷയാണ്. നമ്മൾ ട്രെയിനുകൾ ഉപയോഗിക്കുന്നതുപോലെ ഇവർ ഒരറ്റത്തുനിന്ന്‌ മറ്റൊരിടത്തേക്ക് പോകുന്നത് വലിയ ഫെറികളിലാണ്. ഇൻഡൊനീഷ്യയിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് സ്പോട്ടാണ് ബാലി. മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും, ബാലിയിൽ 80 ശതമാനം ഹിന്ദുക്കളാണ്. എങ്കിലും ഇവർക്ക് വിഗ്രഹാരാധന ഇല്ല. പ്രകൃതിയിലും ആത്മാക്കളിലും ഇവർ വിശ്വസിക്കുന്നു. മരങ്ങൾ വെട്ടുന്നതിന് ഇവിടെ ഗവൺമെന്റിന്റെ അനുവാദം വേണം. ഓരോ തെരുവിലും ഇലയിൽ അരിയും പൂവും ചന്ദനത്തിരിയുംവെച്ച്‌ പൂജിച്ചിരിക്കുന്നത് കാണാം. നെഗറ്റീവ് എനർജിയിൽനിന്നും രക്ഷിക്കാൻ ഇത് തങ്ങളെ സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു.

‘നയെ-പി’ എന്ന പേരിൽ രസകരമായൊരു ആചാരമുണ്ട് ഇവിടെ. എല്ലാ വർഷവും മാർച്ച് 20-ന്‌ ബാലി മുഴുവൻ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു മൗനവ്രതമാണ്. ധ്യാനംപോലെ ഒന്ന്. അന്ന് സിറ്റി മുഴുവനും നിശ്ശബ്ദമായിരിക്കും. ട്രാഫിക്കും കടകളും എയർപോർട്ടും ഒന്നും പ്രവർത്തിക്കില്ല. രാത്രികളിൽ ലൈറ്റുകൾ അണഞ്ഞുകിടക്കും. എല്ലാം മാറ്റിവെച്ച്, ഉള്ളിലേക്കുനോക്കി ശുദ്ധിവരുത്താൻ വേണ്ടിമാത്രം ഒരു ദിവസം. ബാലിയിൽ, ഏറ്റവും നന്നായി നക്ഷത്രങ്ങളെ കാണാൻപറ്റുന്ന രാത്രിയാണത്. വെളിച്ചത്തിന് ഏറ്റവും ഭംഗി തോന്നുന്നത് ചുറ്റിലും ഇരുട്ടുള്ളപ്പോഴാണല്ലോ. ഗംഭീരമായ ആർക്കിടെക്ചറാണ് ബാലിയിൽ. മുളകൊണ്ട് ഒരു താജ്മഹൽ വേണമെങ്കിൽ അവർ പണിഞ്ഞുതരും. ഓരോ വീടും കണ്ടാൽ ഇത് അമ്പലമാണോ എന്ന് സംശയിച്ചുപോകും. ഒരു പരമ്പരാഗത ബാലി വീടിന്റെ പടിപ്പുര കടന്നാൽ പല മണ്ഡപങ്ങൾപോലെയാണ് മുറികൾ ഉണ്ടാക്കിയിരിക്കുന്നത്. യാൻഡേ പറയുന്നത് അടുക്കളയും ബാത്ത്‌റൂമും തനിച്ചുള്ള ഭാഗങ്ങളായേ പണിയൂ എന്നാണ്. ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം ഓരോ ബാലിക്കാരനിലും ഒരു കലാകാരൻ/കലാകാരി ഉണ്ടെന്നതാണ്. സീസണല്ലാത്ത സമയങ്ങളിൽ യാൻഡേ മരംകൊത്ത് പണിക്കാരനാണ്. ഞങ്ങളുടെ ഡ്രൈവർ നല്ലൊരു ഓടക്കുഴൽ വാദകനാണ്. ഗ്രാമങ്ങളിൽപ്പോയാൽ താമസിക്കാനുള്ള വീടുകൾ സ്വയം ഉണ്ടാക്കാൻ അറിയുന്നവരാണ് കൂടുതലും. പക്ഷികളെപ്പോലെ ജീവിക്കുന്ന മനുഷ്യർ.

സ്ഥിരം ടൂറിസ്റ്റ് പാക്കേജിലുള്ള എല്ലാം ഇവിടെയും ഉണ്ടായിരുന്നു. ‘ബാലി സ്വിങ്‌’ എന്ന് വിളിക്കുന്ന ഭീമൻ ഊഞ്ഞാലിൽ കാറ്റിനൊപ്പം പറക്കുന്ന നീണ്ട വസ്ത്രങ്ങൾ ധരിച്ച് ഈ സുന്ദരികൾ പറന്നുയർന്നു. താഴെ അവരുടെ ഫോണും പിടിച്ച് ഞാനും. വാനിൽ കയറിയാൽ പാട്ടും ഡാൻസും തിരിച്ചു റിസോർട്ടിലെത്തിയാൽ ഒരുമിച്ചുള്ള കത്തിയടിയും രാത്രി ബാലി സ്റ്റൈൽ ഡിന്നറും. ‘നമ്മൾ ഇന്ന് രാവിലെ പരിചയപ്പെട്ടതല്ലേ ഉള്ളൂ’ എന്ന് ഞങ്ങൾ അങ്ങോട്ടും എങ്ങോട്ടും ചോദിച്ചിട്ടുണ്ട്. അടുത്ത ദിവസം തീരുമ്പോഴേക്കും ജംഗിൾ ബുക്കിലെ മൗഗ്ലി കാട്ടിൽ ജീവിച്ചപോലെ ഞാൻ ഈ പെൺകൂട്ടത്തിൽ ബ്ലെൻഡ് ആയിക്കഴിഞ്ഞിരുന്നു.

അവിടന്നങ്ങോട്ടുള്ള ദിവസങ്ങളിൽ സ്കൂബ ഡൈവിങ്, ഓഫ് റോഡ് അഡ്വഞ്ചർ, കൾച്ചറൽ ആക്ടിവിറ്റീസ് എല്ലാമുണ്ടായിരുന്നു. പലയിടത്തും മലയാളികളെ കാണാമായിരുന്നു. ഒരു സ്ഥലത്തുമാത്രം തിരിച്ചറിയുന്ന മലയാളികളാരുമുണ്ടാകല്ലേ എന്ന് ഞാൻ പ്രാർഥിച്ചിരുന്നു. സ്കൂബ ഡൈവിങ് കഴിഞ്ഞ് ബീച്ചിൽ നിരനിരയായുള്ള ഓപ്പൺ ഷവറിൽ, അഞ്ചുസ്ത്രീകൾക്ക് നടുവിൽനിന്ന് കുളിക്കുമ്പോൾ, ‘‘നിങ്ങൾ സത്യൻ അന്തിക്കാടിന്റെ മോനല്ലേ’’ എന്ന് ആരേലും ചോദിച്ചിരുന്നെങ്കിൽ ഞാൻ തിരിച്ചോടി കടലിൽച്ചാടിയേനെ.

പ്രപഞ്ചത്തിന് ഒരു ‘ബാലൻസിങ്‌ ആക്ട്’ ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. തൃശ്ശൂർ സെയ്‌ന്റ് തോമസ് കോളേജ് 90 വർഷത്തോളം മെൻസ് കോളേജ് ആയി നിലനിന്നിരുന്ന ഒരു സ്ഥാപനമാണ്. ഞങ്ങളുടെ ബാച്ചിന്റെ തൊട്ടടുത്തവർഷം ആണ്, ‘‘മതി.. ഇനി മിക്സഡ് ആക്കാം.’’ എന്നവർ തീരുമാനിക്കുന്നത്. ദൈവത്തോട് ‘‘ഇതൊരു മാതിരി...’’ എന്ന് പറഞ്ഞതിന്റെ മൂന്നാംവർഷം, ഞാനും അഖിലും പോസ്റ്റ് ഗ്രാജ്വേറ്റ് ചെയ്യാൻ എത്തിയത് കൊച്ചിയിലെ അമൃത കാമ്പസിൽ. 600 പെൺകുട്ടികളും മുപ്പതിൽത്താഴെ ആൺകുട്ടികളും എന്നതായിരുന്നു അവിടത്തെ അവസ്ഥ. ‘‘ലേശം ഓവർ ആയി പോയോ’’ എന്ന് ദൈവം നമ്മളെക്കൊണ്ട് തിരിച്ചുപറയിപ്പിച്ചു. അതുപോലെ എന്തോ ഒന്നാണ് ഇവിടെയും നടന്നത്.

അടിസ്ഥാനപരമായുള്ള മടി എഴുത്തിനെ സാരമായി ബാധിക്കുന്നതുകൊണ്ട്, ഒരു മാസത്തോളം വീടിന് പുറത്തിറങ്ങാതെയാണ് ഞാൻ സിനിമയുടെ ഇന്റർവെൽവരെ എഴുതിത്തീർത്തത്. രാത്രി വീട്ടിലേക്ക് വിളിക്കുന്ന കോൾ ഒഴികെ, ആരെയും കാണാത്ത, മറ്റാരുമായും സംസാരിക്കാത്ത ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. അവിടെനിന്നാണ് ഞാൻ നേരേ ഈ പെൺകൂട്ടത്തിലേക്ക് ചാടുന്നത്. ഒരു ഷോർട്ട് ടേം ഋഷ്യശൃംഗൻ അവസ്ഥയായിരുന്നു അത്.

ഇവരെ ഇംപ്രെസ് ചെയ്യാൻ ശ്രമിക്കുന്നത്, ‘ഇതൊക്കെ സാധാരണമല്ലേ’ എന്ന മട്ടിൽ പെരുമാറുന്നത്, പുരുഷ ഹോർമോൺ ഒരളവിൽ കൂടുതൽ പുറത്തെടുക്കുന്നത്, ഇതെല്ലാം ‘സ്ട്രിക്ട്‌ നോ’ കാറ്റഗറിയിൽപ്പെടുത്തിയാണ് ഞാൻ പുറപ്പെടുന്നത്. എന്നെ അലട്ടിയിരുന്നത് ‘ഇവർക്കിടയിൽ ഇരിക്കുമ്പോൾ ഒരു സൈലൻസ് വന്നാൽ അത് എങ്ങനെ ഹാൻഡിൽ ചെയ്യും’ എന്നതായിരുന്നു. ‘മിണ്ടാതിരിക്കാം’ എന്ന് തീരുമാനിച്ച് ഞാൻ ബാഗ് പാക് ചെയ്തു. പക്ഷേ, ഈ വർഷം ഞാൻ ഏറ്റവും കൂടുതൽ നിർത്താതെ സംസാരിച്ചത് ഈ ആറ് ദിവസങ്ങളിലാണ്. കുടുംബശ്രീ യൂണിറ്റുകളിലും തൊഴിലുറപ്പുപദ്ധതികളിലും പങ്കെടുത്തിട്ടുള്ളവർക്ക് ഞാനീ പറഞ്ഞത് പെട്ടെന്ന് കണക്ട് ആകും. കുറച്ച് സ്ത്രീകൾക്കിടയിലാണെങ്കിൽ, നമ്മൾ സൈലൻസിനെപ്പറ്റി തീരേ ആശങ്കപ്പെടേണ്ടതില്ല. ആ ഒരുസംഭവം വളരെ അപൂർവമായേ സംഭവിക്കൂ...

മറ്റൊരു കാര്യം ആണുങ്ങളുടെ നോട്ടം ആണ്. അതിപ്പോ ബാലി അയാലും ചെർപ്ളശ്ശേരി അയാലും... സുന്ദരികൾ പാസ് ചെയ്താൽ ആണുങ്ങൾ നോക്കിയിരിക്കും. അത് പെണ്ണുങ്ങളുടെ ആംഗിളിൽനിന്ന് കാണുന്നത് ഒരു എക്സ്‌പീരിയൻസ് ആണ്. നമ്മൾ എങ്ങനെ തിരിഞ്ഞും മറിഞ്ഞും നോക്കിയാലും പെണ്ണുങ്ങൾ അത് കാണുന്നുണ്ട്. ആ നോട്ടത്തിന് ഒരു വൃത്തി ഉണ്ടെങ്കിൽ സന്തോഷവും തിരിച്ചാണേൽ അറപ്പും ആണ് അവർക്ക് അനുഭവപ്പെടുന്നത്.

ഇതിൽ ഏറ്റവും ഇന്ററസ്റ്റിങ്‌ നോട്ടം കിട്ടുന്നത് എനിക്കാണ്. ‘ഇവൻ എങ്ങനെ ഇവർക്കിടയിൽ...’ എന്ന സബ്‌ടൈറ്റിൽ ഞാൻ പലരുടെയും മുഖത്തുനിന്നും വായിച്ചെടുത്തിട്ടുണ്ട്. മൃതസഞ്ജീവനി ഏതാണെന്ന് കൺഫുഷ്യൻ ആയപ്പോൾ ഫുൾ മല പൊക്കിയെടുത്തുപോയ ഹനുമാനെപ്പോലെ ഇവർക്കെല്ലാം മുകളിലൂടെ എട്ടുസുന്ദരികളെയും കൊണ്ട്‌ ഞാൻ എയറിൽ പറന്നു.

‘നിന്റെ ടൈം നല്ല ബെസ്റ്റ് ടൈം’ എന്ന സുഹൃത്തുക്കളുടെ തമാശയ്ക്കപ്പുറത്ത്, എട്ടുസ്ത്രീകളുടെ ഏറ്റവും വ്യക്തിപരമായ ഒരു വേർഷന്റെ കൂടെ ആറുദിവസം ചെലവഴിക്കാൻ പറ്റിയത് എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. മുപ്പതിലേക്കെത്തുന്ന ഓരോ സ്ത്രീക്കും പറയാൻ ഒരു സ്പെഷ്യൽ കഥയുണ്ടാകും. ആ കഥകളും ഈ എട്ടുപേരിൽനിന്ന് ഞാൻ കേട്ടിരുന്നിട്ടുണ്ട്. ഒരാൾ ഒരു വയസ്സിൽ അനാഥയായവൾ, വേറൊരാൾ അമ്മയെ അഞ്ചുവർഷം കാൻസറിന് വിട്ടുകൊടുക്കാതെ പിടിച്ചുനിർത്തി തോറ്റുപോയവൾ, രണ്ടുകുട്ടികളുള്ള ഒരാളെ കല്യാണം കഴിച്ച് അവർക്ക് സ്വന്തം അമ്മയായവർ, ഒരു മാസം മുൻപ് വിവാഹം തകർന്നുപോയവൾ, ഇൻഡിപെൻഡന്റ് ആണെങ്കിലും ഒറ്റപ്പെടലിൽ ജീവിക്കുന്നവർ... അങ്ങനെ ഓരോരുത്തർക്കുമുണ്ട് ഓരോ കഥകൾ. ഇവരുടെ സങ്കടത്തിനും പെട്ടെന്നുതന്നെ ഒരു ഷിഫ്റ്റുവരും. സ്ത്രീകൾ നോൺ വെജ് ജോക്സ് പറയുന്നതിൽ ഒരുപടി മേലേയാണെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങുന്നതും ഇവിടന്നാണ്. ഒരു ബോയ്സ് ഓൺലി കോളേജിൽ പഠിച്ച ഞാൻ കേട്ടതിലും കൂടിയ ഇനം ഐറ്റം ഇവർ പറയുന്നതുകേട്ട്, ആദ്യം ഞാൻ ഒന്ന് ഞെട്ടിയിരുന്നു. പിന്നെ അത് ശീലമായി.

ഇടയ്ക്കൊരു ദിവസം നാട്ടിലേക്ക് വിളിച്ചപ്പോൾ അച്ഛൻ ശ്രീനിയങ്കിളിന്റെ (ശ്രീനിവാസൻ) വീട്ടിലാണ്.

അച്ഛൻ ഫോണെടുത്തു: ‘‘ഇവിടെ വിനീതും ധ്യാനുമൊക്കെയുണ്ട്. നിന്നെപ്പറ്റി അന്വേഷിച്ചപ്പോൾ, നിന്റെ വാട്സാപ്പ് സ്റ്റാറ്റസിലെ ഫോട്ടോകൾ ഞാൻ ഇവർക്ക് കാണിച്ചുകൊടുത്തു. എല്ലാം കണ്ടുകഴിഞ്ഞു, ഇതേത് ട്രാവൽ ഏജൻസിവഴിയാണ് പോയതെന്ന് ധ്യാൻ ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്.’’

‘മുജ്ജന്മസുകൃതം’ എന്നൊരു ഏജൻസിയാണെന്ന് പറഞ്ഞേക്കാൻ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ബാലിയെക്കുറിച്ച് ഓർക്കുമ്പോൾ ആ ചിരിയുടെ പകുതി ഇപ്പോഴും എന്റെ മുഖത്തുണ്ട്.