ബാലി: ബാലി സന്ദർശനത്തിനിടെ ഹിന്ദുക്കളുടെ വിശുദ്ധചടങ്ങായ 'ന്യെപി'യെ അധിക്ഷേപിക്കുന്ന തരത്തിൽ പെരുമാറിയതിന് സ്വിസ് പൗരനെ അറസ്റ്റ് ചെയ്ത തടവിലാക്കി. ഒരു വർഷത്തേക്കാണ് ശിക്ഷ. ലൂസിയാൻ ആൻഡ്രിൻ ഗ്രാഗ്ഗെൻ എന്ന 26 വയസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 19നായിരുന്നു ന്യെപി ചടങ്ങ്. അതിനെ പരിഹസിച്ചും അധിക്ഷേപിച്ചും സഞ്ചാരി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചുവെന്നാണ് പോലീസ് പറയുന്നത്.

To advertise here,

ഹിന്ദുവിഭാഗത്തിന് മതപരമായി പ്രധാനപ്പെട്ട ദിവസമാണ് സംഭവമുണ്ടായത്. അന്ന് ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും ജോലികളിൽ നിന്നോ വിനോദങ്ങളിൽ നിന്നോ വിട്ടുനിൽക്കണമെന്നുമാണ് നിയമം. ഈ വിലക്കുകൾ ലംഘിച്ച് വിജനമായ ബീച്ചിലൂടെ നടക്കുകയും അവിടുത്തെ അവസ്ഥയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. വീഡിയോ പ്രചരിച്ചതോടെ ലൂസിയാനെതിരേ വ്യാപക വിമർശനങ്ങളുയർന്നു. നിരവധി പരാതികളാണ് പോലീസിലെത്തിയത്. ഇതേ തുടർന്ന് മാർച്ചിൽ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു.

അതേസമയം വിശുദ്ധമായ ആചരിക്കുന്ന ദിവസം തനിക്ക് ഭക്ഷണം പോലും കിട്ടിയില്ലെന്നും വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി അലഞ്ഞുനടന്നതിൽ വലിയ നിരാശയും ദേഷ്യവും തോന്നിയാണ് വീഡിയോ ചെയ്തതെന്നുമാണ് ലുസിയൻ കോടതിയിൽ വിശദീകരിച്ചത്. താൻ ചെയ്ത പ്രവർത്തിയിൽ ഖേദമുണ്ടെന്നും ബാലിയിലെ ജനങ്ങളോട് മാപ്പ് പറയുന്നുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. നിയന്ത്രണങ്ങളെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു.

എന്നാൽ പ്രതിയുടെ പ്രവൃത്തി ബാലിയിലെ ജനങ്ങളുടെ വിശ്വാസത്തെ മുറിപ്പെടുത്തുകയും വലിയ തോതിലുള്ള പൊതുജനരോഷത്തിന് കാരണമാവുകയും ചെയ്തതായി ജഡ്ജി വ്യക്തമാക്കി. ജനവികാരം കണക്കിലെടുത്ത് കോടതി അദ്ദേഹത്തെ ഒരു വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

ബാലിയിലെ ഹിന്ദുക്കൾ 24 മണിക്കൂർ നേരത്തേക്ക് പൂർണ്ണമായി നിശബ്ദത പാലിക്കുന്ന ദിവസമാണ് ന്യെപി ചടങ്ങ് ദിവസം.

ഈ ദിവസം വിമാനത്താവളം അടച്ചിടുകയും ഇന്റർനെറ്റ്, വൈദ്യുതി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യും. മതമോ ദേശമോ നോക്കാതെ ഈ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ഇതിനുമുമ്പും നിയമങ്ങൾ ലംഘിച്ച വിനോദസഞ്ചാരികളെ ഇവിടെ നിന്ന് നാടുകടത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ മോശം പെരുമാറ്റവും പ്രാദേശിക ആചാരങ്ങളോടുള്ള അനാദരവും ബാലിയിൽ വലിയ തോതിൽ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ കടുത്ത നടപടി.