ന്ത്യൻ യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. നഗരജീവിതത്തിലെ തിരക്കുകളിൽനിന്ന് മാറി ലോകത്തെ മനോഹരമായ രാജ്യങ്ങളിലൊന്നായ ഫിലിപ്പീൻസിലേക്ക് ഇനി നേരിട്ട് പറക്കാം. ന്യൂഡൽഹിയിൽനിന്ന് മനിലയിലേക്ക് എയർ ഇന്ത്യയാണ് ഡയറക്ട് ഫ്ലൈറ്റ് സർവീസ് ആരംഭിച്ചിരിക്കുന്നത്.

To advertise here,

ലേഓവറുകളിൽനിന്നും മടുപ്പിക്കുന്ന പേപ്പർവർക്കുകളിൽനിന്നുമുള്ള മോചനമാണിത്. ഇവിടം സന്ദർശിക്കാൻ വിസ വേണ്ട എന്നതും പ്രധാന സവിശേഷതയാണ്.

ഇന്ത്യയ്ക്കും ഫിലിപ്പീൻസിനും ഇടയിൽ ഡയറക്ട് ഫ്ലൈറ്റ് സർവീസ് നടത്തുന്ന ആദ്യത്തെ എയർലൈനായാണ് എയർ ഇന്ത്യ മാറിയിരിക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസം (തിങ്കൾ, ബുധൻ, വ്യാഴം, ശനി, ഞായർ) എയർബസ് A321neo വിമാനത്തിലാണ് ഈ സർവീസ്.

യാത്രക്കാരുടെ വ്യത്യസ്ത താൽപ്പര്യങ്ങൾക്കനുസരിച്ച് ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നിങ്ങനെ മൂന്ന് ക്യാബിൻ ക്ലാസുകൾ വിമാനത്തിലുണ്ട്.

2025 ഒക്ടോബർ ഒന്നിന് സർവീസ് ആരംഭിച്ചെന്നാണ് ഔദ്യോഗിക വെബ്സൈറ്റിലുള്ളത്. AI2362 വിമാനം ന്യൂഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് 1:20-ന് പുറപ്പെട്ട് രാത്രി 10:40-ന് മനിലയിൽ എത്തും. മടക്കയാത്രയ്ക്കുള്ള AI2361 വിമാനം മനിലയിൽ നിന്ന് രാത്രി 11:40-ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3:50-ന് ഡൽഹിയിൽ എത്തും.

യാത്രാസമയം വെറും ആറ് മണിക്കൂറും 50 മിനിറ്റും മാത്രമായതിനാൽ, വാരാന്ത്യ യാത്രകൾക്കോ പെട്ടെന്നുള്ള ബിസിനസ്സ് യാത്രകൾക്കോ ഇത് വളരെ സൗകര്യപ്രദമാണ്. എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴിയും മറ്റ് മാർഗങ്ങളിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

വർണക്കാഴ്ചകളുടെ നാട്, അനുഭവങ്ങളുടേയും

വൈവിധ്യമാർന്ന അനുഭവങ്ങളുടെ നഗരമാണ് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനില. ചരിത്രപ്രാധാന്യമുള്ള കോട്ടകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലുകൾ, മ്യൂസിയങ്ങൾ എന്നിവയാൽ സമ്പന്നമാണിവിടം. ഏഴായിരത്തിലധികം ദ്വീപുകളുണ്ടിവിടെ.

ഒരു ചെറിയ വിമാനയാത്രയ്ക്കപ്പുറം അതിമനോഹരമായ ബീച്ചുകൾ, ടർക്കോയിസ് നിറമുള്ള ജലാശയങ്ങൾ, സ്നോർക്കെല്ലിങ് മുതൽ ദ്വീപുകൾ ചുറ്റിക്കറങ്ങുന്നത് വരെയുള്ള സാഹസിക വിനോദങ്ങൾ എന്നിവയുമായി ഈ രാജ്യം നിങ്ങൾക്കായി കാത്തിരിക്കുന്നു.

ഫിലിപ്പീൻസ് യാത്ര പരമാവധി പ്രയോജനപ്പെടുത്താൻ ചെയ്തിരിക്കേണ്ട കാര്യങ്ങൾ

മനിലയുടെ ചരിത്രഹൃദയം കണ്ടെത്തുക: നൂറ്റാണ്ടുകളുടെ ചരിത്രവും മനോഹരമായ തെരുവുകളും കൊളോണിയൽ വാസ്തുവിദ്യയും സംഗമിക്കുന്ന ഇൻട്രാമുറോസിലൂടെയും ഫോർട്ട് സാന്റിയാഗോയിലൂടെയും നടക്കുക.

പലവാനിൽ ദ്വീപുകൾ ചുറ്റിക്കാണുക: കായലുകളിലൂടെ കയാക്കിങ് നടത്തുക, പവിഴപ്പുറ്റുകൾക്ക് മുകളിലൂടെ സ്നോർക്കെല്ലിങ് ചെയ്യുക, മനോഹരമായ കാഴ്ചകൾ ആസ്വദിക്കുക.

സെബുവിലെ വെള്ളച്ചാട്ടങ്ങൾ: കവാസൻ വെള്ളച്ചാട്ടം പോലുള്ള ടർക്കോയിസ് നിറമുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് എടുത്തുചാടാം. അല്ലെങ്കിൽ സാഹസികതയും പ്രകൃതിയും ഒത്തുചേരുന്ന മലയിടുക്കുകളിലൂടെയുള്ള യാത്ര പരീക്ഷിക്കാം.

ഫിലിപ്പിനോ രുചികൾ ആസ്വദിക്കുക: വൈവിധ്യമാർന്ന ഭക്ഷണങ്ങൾ തീർച്ചയായും പരീക്ഷിക്കേണ്ട ഒരു സാംസ്കാരിക അനുഭവം തന്നെയാണ്.