മെയ് മാസം മധ്യത്തിലെത്തിയപ്പോഴും വന്നെത്തിയ ഗ്രീഷ്മകാലം ലഡാക്കിനെ അല്‍പ്പം ഊഷ്മളമാക്കി. ശരത്കാലം നിവര്‍ത്തിവിരിച്ചിട്ടുപോയ വെണ്‍കച്ചക്കടിയില്‍ നിദ്രപൂണ്ടിരുന്ന സാനുക്കള്‍ മുഖപടം തെല്ലകറ്റാന്‍ തുടങ്ങി. ചിലയിടങ്ങളിലെ ഗിരിശൃംഗങ്ങള്‍ വെണ്‍കച്ചയെ പാടെ മാറ്റിക്കളഞ്ഞിരുന്നുവെങ്കിലും അവയെ തൊട്ടുരുമ്മി നീണ്ട്കിടന്നിരുന്ന അസംഖ്യം പര്‍വ്വതക്കൂട്ടങ്ങള്‍ മഞ്ഞിന്‍പുതപ്പിനടിയില്‍ പൂര്‍ണ്ണ നിദ്രയിലായിരുന്നു. ആകാശം മുട്ടിനില്‍ക്കുന്ന ദുര്‍ബ്ബലമായ മണ്‍കുന്നുകളില്‍ പൊട്ടിപ്പിളര്‍ന്നതും ചിതറിക്കിടക്കുന്നതുമായ പാറകളുടെയും, ഉരുളന്‍ കല്ലുകളുടെയും കൂമ്പാരം; ഹിമാലയന്‍ പ്രകൃതിയുടെ അതിദുര്‍ബലമായ അവസ്ഥ ആ പ്രദേശത്തെ കുന്നിന്‍പുറങ്ങളിലെല്ലാം കാണാന്‍കഴിയും. ഏതുനിമിഷവും താഴ്‌വരയിലേക്ക് അതിശീഘ്രം പതിക്കാനായി മണ്ണുമായുള്ള ബന്ധം വേര്‍പെട്ട് തയ്യാറായി നില്‍ക്കുന്ന പാറകള്‍, മണല്‍ക്കൂനപോലെ അങ്ങേയറ്റം ദുര്‍ബ്ബലമായതും അതിഭീമാകാരമായതുമായ മണ്‍പര്‍വ്വതങ്ങള്‍. ഇത്തരത്തിലുള്ള പര്‍വ്വത പ്രദേശത്തുകൂടി ഒറ്റയടിപ്പാതപോലെ വെട്ടിയുണ്ടാക്കിയ ഖാര്‍ഡുങ് ലാ ചുരത്തിലൂടെയുള്ള യാത്ര ഭയാനകമായ ഒരനുഭവമാണ്.
ലഡാക്കിന്റെ തലസ്ഥാന നഗരമായ ലേ-യില്‍ നിന്നും ഏതാണ്ട് മുപ്പത്തെട്ട് കിലോമീറ്റററുകള്‍ സര്‍പ്പംപോലെ നീണ്ട് വളഞ്ഞു കിടക്കുന്ന വളവുകളും, കിഴുക്കാം തൂക്കായ കയറ്റവും താണ്ടി ലഡാക്ക് മലനിരകളിലെ ഉച്ചസ്ഥായിയായ ഖാര്‍ഡുങ് ലാ-യിലെത്തുമ്പോള്‍ പേടിയാല്‍ ദീര്‍ഘനിശ്വാസം വിടാത്തവര്‍ ചുരുക്കം. പാകിസ്ഥാന്‍ പ്രവിശ്യയായ ബാള്‍ട്ടിസ്റ്റാന്‍ മുതല്‍ ലേ നഗരത്തിന്റെ തെക്കായി കടന്നു പോകുന്ന സിന്ധുനദീതടംവരെ നീണ്ടുനിവര്‍ന്ന് നില്‍ക്കുന്ന ലഡാക്കിലെ പര്‍വ്വതനിരയുടെ നെറുകയിലാണ് ഖാര്‍ഡുങ് ലാ ചുരം. ഭൂമിശാസ്ത്രപരമായും പ്രതിരോധതന്ത്രപരമായും ഒട്ടേറെ പ്രാധാന്യമുള്ള ഈ ചുരം, സാഹസിക സഞ്ചാരികളുടെ ഒരു പ്രധാനകേന്ദ്രമാണ്. പുല്‍മേടുകളോ വൃക്ഷത്തലപ്പുകളോ ഒന്നുംതന്നെ കാണാന്‍ കഴിയാത്തവരണ്ട ശീത മരുഭൂമി. അതിനാല്‍തന്നെ മറ്റ് ജീവജാലങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ഇവിടെ കാണപ്പെടുന്നുള്ളു. മണ്ണുകൊണ്ടും പാറകള്‍കൊണ്ടും വാനംമുട്ടെ കെട്ടിയുണ്ടാക്കിയ ചുരത്തിന്റെ ഉയരം 17582 അടിയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാഹന ഗതാഗതമുള്ള പര്‍വ്വതപ്പാത എന്ന വിശേഷണത്താല്‍ വിശ്വഖ്യാദി നേടിയ ഈ ചുരത്തിലെ അന്തരീക്ഷത്തില്‍ പ്രാണവായുവിന്റെ സാന്നിധ്യം നന്നേക്കുറവാണ്. ആയതിനാല്‍തന്നെ മതിയായ ആരോഗ്യ മുന്‍കരുതലില്ലാതെ ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് അക്യൂട്ട് മൗണ്ടൈന്‍ സിന്‍ഡ്രോം എന്ന ശ്വാസോച്ഛ്വാസ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.
ലേ പട്ടണത്തില്‍നിന്നും ഏതാണ്ട് രണ്ടുമണിക്കൂര്‍ യാത്രകൊണ്ട് ഖാര്‍ഡുങ് ലാ ചുരത്തിന്റെ ഉന്നതിയിലെത്തി. മഞ്ഞിന്‍പാളികളാല്‍ മലകളെ മുഴുവനായി മൂടപ്പെട്ട ഇവിടത്തെ പ്രകൃതി ഭംഗി അത്യപൂര്‍വ്വകഴ്ചയായിരുന്നു. വീശിയടിച്ച കാറ്റിലെ അതിശൈത്യവും, മഞ്ഞിന്‍ പാളികളുടെ കൊടും തണുപ്പും അസ്ഥികളിലേക്കു തുളച്ചുകയറുന്നുണ്ടായിരുന്നു. അതൊടൊപ്പം അന്തരീക്ഷത്തിലെ പ്രാണവായുവിന്റെ കുറവ് ശാരീരികസ്ഥിതിയെ വഷളാക്കുമോയെന്നുള്ള ആശങ്കയും. കേവലം അരമണിക്കൂര്‍ മാത്രം ഇവിടെ ചിലവഴിച്ചിട്ട് ചുരം ഇറങ്ങാന്‍ തുടങ്ങി.
ഖാര്‍ഡുങ് ലാ ചുരമിറങ്ങി ലഡാക് പര്‍വ്വത നിരയുടെ മറുവശത്തെത്തുമ്പോഴേക്കും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഷായോക് നദീതട പ്രദേശങ്ങളാണ്. കാരക്കോറം മലനിരകളുടെ ഉപനിരകളായ സാല്‍റ്ററോവിനും ലഡാക് മലനിരകള്‍ക്കും ഇടയില്‍ നീണ്ടുകിടക്കുന്ന ഈ വിശാലമായ താഴ്‌വര, ഷായോക്കിന്റെയും ന്യൂബ്ര നദിയുടെയും വശ്യതയെ തുറന്ന് കാട്ടുന്നുണ്ടായിരുന്നു. ഈ പ്രദേശങ്ങള്‍ക്കെല്ലാം പച്ചപ്പില്ലാത്തതും വരണ്ടതുമായ ഭൂപ്രകൃതിയാണുള്ളതെങ്കിലും, ഇവിടുത്തെ താഴ്‌വരകളും, മണ്‍കുന്നുകളും നിറവൈവിധ്യത്താലും രൂപവ്യത്യാസത്താലും അത്യന്തം നയന മനോഹരമായ കാഴ്ച്ച വസ്തുക്കളായി സന്ദര്‍ശകരുടെ മനസില്‍ മായാത്ത ചിത്രങ്ങള്‍ സമ്മാനിക്കുന്നു. സൂര്യപ്രഭയാല്‍ പര്‍വ്വത ശിബിരങ്ങളിലെ ഹിമപാളികളില്‍നിന്നും ഉരുകിയൊലിച്ച ജലം ചെങ്കുത്തായ ചരിവുകളില്‍ വെള്ളിരേഖകള്‍പോലെ നീര്‍ച്ചാലുകള്‍ തീര്‍ത്തുകൊണ്ട് ഷായോക് നദിയിലേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു. പര്‍വ്വത നിരകളുടെ പാദങ്ങളെ പുല്‍കി ചിലയിടങ്ങയില്‍ പരന്നും നീര്‍ച്ചാലുകള്‍പോലെ നിരവധി കൈവഴികള്‍ തീര്‍ത്തുമൊഴുകിയ ഷായോക് നദി വര്‍ണ്ണങ്ങള്‍കൊണ്ട് മാന്ത്രികവിദ്യ കാട്ടുന്നുണ്ടായിരുന്നു. ഗ്രാമങ്ങളായ ഖാര്‍ഡുലയിലും, ഖല്‍സറിലുമെത്തുമ്പോള്‍ ഷായോകിന്റെ നീലിമക്ക് ആകാശ നീലിമയേക്കാള്‍ ഭംഗിയുണ്ടായിരുന്നു. അവക്ക് ആരുടേയും മനസ്സില്‍ കാല്പനിക ഭാവനകള്‍ ഉണര്‍ത്തുവാനുള്ള വശ്യതയുണ്ടായിരുന്നു.

നദിയുടെ ഓരത്തുകൂടി കടന്നുപോകുമ്പോള്‍ ഇടയ്ക്കിടെ കാണുന്ന ഗ്രാമങ്ങള്‍ക്ക് അതീവ ഭംഗിയുയുള്ളവയായിരുന്നു. യാക്കും ചെമ്മരിയാടും പശുക്കളുമൊക്കെയായുള്ള മൃഗപരിപാലനവും ഗോതമ്പും ശീതകാല വിളകളും ഈ പ്രദേശത്തിന്റെ ഗ്രാമീണ കാഴ്ചകള്‍ക്ക് മിഴിവേകി. ജനവിഭാഗത്തില്‍ നല്ലൊരു ഭാഗവും ബുദ്ധ മതക്കാരായതിനാല്‍ ബുദ്ധ ക്ഷേത്രങ്ങളും, മന്നയും (കവലകളില്‍ സ്ഥാപിച്ചിരിക്കുന്ന ചെറിയ ഗോമ്പകള്‍ ) ഓരോഗ്രാമങ്ങളിലും അവിടത്തെ പൈതൃകത്തിന്റേയും വിശ്വാസ പാരമ്പര്യത്തിന്റെയും ശേഷിപ്പുകളായി നിലകൊള്ളുന്നു. ഹിമാലയന്‍പര്‍വ്വത പ്രദേശത്തിന്റെ വന്യതയും വിജനതയും സമ്മാനിക്കുന്ന പ്രശാന്തത ഖാര്‍ഡുലഗ്രാമത്തിന്റെ കര്‍ഷക ജീവിതങ്ങളുടെ ജീവിതവൃത്തികളില്‍നിന്നും പ്രതിഫലിക്കുന്നുണ്ടായിരുന്നു. പ്രതികൂലമായ ഭൂപ്രകൃതിയില്‍ മനസ്സ് മടിക്കാതെ കൃഷി ചെയ്തും കാലികളെ മേയ്ച്ചും ഉപജീവനത്തിന്റെ വഴികള്‍ തേടുകയാണ് നിസ്വാര്‍ത്ഥരായ ഈ കര്‍ഷകര്‍.
ഖാര്‍ഡുലയില്‍നിന്നും ഏതാണ്ട് നാല്‍പ്പത്തഞ്ച് കിലോമീറ്ററുകള്‍ മുന്നോട്ടുപോകുമ്പോള്‍ എത്തിച്ചേരുന്നത് അതിസുന്ദരമായ ന്യൂബ്ര താഴ്‌വരയിലേക്കാണ് . ഈ പാതക്ക് സമാന്തരമായി ഷായോക് നദി താഴ്‌വാരത്തിലൂടെ പ്രശാന്തസുന്ദരമായി ഒഴുകുമ്പോള്‍ ഇടയ്ക്ക് ആപ്രിക്കോട്ട് മരത്തലപ്പുകളുടെ മനോഹാരിത വിടര്‍ത്തിയുലസുന്ന ഗ്രാമങ്ങളുടെ പച്ചപ്പ് അതിനെ കൂടുതല്‍ സുന്ദരിയാക്കുന്നു. ഖാര്‍ഡുല മുതല്‍ പാകിസ്താനുമായുള്ള അതിര്‍ത്തി പങ്കിടുന്ന താങ് ഗ്രാമം വരെ നീണ്ടുകിടക്കുന്ന അതിവിശാലമായ ന്യൂബ്രോതാഴവരയിലെ ഏറ്റവും മനോഹരമായ ഗ്രാമമാണ് ഡിസ്‌കിറ്റ്. ടിബറ്റില്‍ നിന്ന് കുടിയേറിയ പ്രാചീന ബുദ്ധമത ഗോത്ര വിഭാഗക്കാര്‍ ഏറ്റവും കൂടുതലുള്ള ഇവിടം ഹിന്ദു മുസ്ലിം മതവിഭാഗങ്ങളുടെയും സാന്നിധ്യത്താല്‍ സാമൂഹിക സാംസ്‌കാരിക വൈവിധ്യത്തിന്റെ ഈറ്റില്ലമാണ്.

ഡിസ്‌കിറ്റിലെ ഗോമ്പ എന്നുവിളിക്കുന്ന ക്ഷേത്രവും വിഹാരവും ബുദ്ധമതവിശ്വാസത്തിന്റെ പൈതൃക സ്മാരകങ്ങളായി ന്യൂബ്ര താഴ്‌വരയെ ഉറ്റുനോക്കിനില്‍ക്കുന്നു. സിയാചിന്‍ മലകളില്‍ നിന്ന് പിറവിയെടുത്ത ന്യൂബ്രനദി ഷായോക്കിനോട് സംഗമിക്കുന്നത് ഈ സ്ഥലത്തുവച്ചാണ്. വലിയ ആവേശമോ ആര്‍ത്തിയോ ഇല്ലാതെ വളരെ നിസ്സംഗതയോടെയാണ് ന്യുബ്രാ ഷയോക്കിനോട് ലയിക്കുന്നത്. താഴ്‌വരകളിലെ മണല്‍ തിട്ടകള്‍ക്കുള്ള തൂവെള്ളയും ചാരനിറവും ഒരുപക്ഷേ ഷായോക്കൊരുക്കിയ വര്‍ണ്ണ വൈവിധ്യമാകാം. നദീതടത്തിലെ പളുങ്ക് കല്ലുകള്‍ വെണ്‍മണല്‍ തിട്ടകളെ കൂടുതല്‍ വശ്യസുന്ദരമാക്കി. ഒരു ചിത്രകാരന്‍ ക്യാന്‍വാസില്‍ വരച്ച ചിത്രംപോലെ ന്യൂബ്ര താഴ്‌വര മനസ്സില്‍ പതിഞ്ഞുപോയി. അഭിനയ കലയിലെ നവരസങ്ങള്‍പോലെ താഴ്‌വരയിലെ ഓരോ പ്രദേശവും വ്യത്യസ്തമായ രൂപ ഭാവങ്ങള്‍ കാട്ടിയിരുന്നു. പ്രകൃതിയുടെ ആ രസങ്ങളിലും ഭാവങ്ങളിലും വിരിയുന്ന സൗന്ദര്യത്തെ വികാരനിര്‍ഭരതയോടെയും അത്ഭുതത്തോടെയും ആസ്വദിക്കുമ്പോഴും പ്രകൃതി സൗന്ദ്യര്യത്തെ കവച്ചുവയ്ക്കാന്‍ മനുഷ്യ കരസൃഷ്ടികള്‍ക്കാവില്ലായെന്നുള്ളത് ഒരു ആപ്തവാക്യം പോലെ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു.
ന്യൂബ്രാ താഴ്‌വരയിലെ പ്രഭാതകാഴ്ച്ചകള്‍ അതിമനോഹരമാണ്. ഗ്രാമീണജീവിതത്തിന്റെ ഉദാത്തമായ കാഴ്ചകള്‍ക്ക് കേദാരമായ ഭൂമികയാണ് ഡിസ്‌കിറ് ഗ്രാമം. നാലുമണിയാകുമ്പോഴേക്കും പ്രഭാത കിരണങ്ങള്‍ ന്യൂബ്രായിലെ കുന്നിന്‍ നെറുകയില്‍ പതിഞ്ഞുതുടങ്ങും. ഇരുട്ട്മാറുമ്പോള്‍ത്തന്നെ കാലികളും ചെമ്മരിയാട്ടിന്‍ പറ്റങ്ങളുമായി കര്‍ഷകര്‍ ന്യൂബ്രയുടെ തീരങ്ങളിലേക്ക് മേച്ചില്‍ സഥലങ്ങള്‍ അന്വേഷിച്ച് അവയെ തെളിച്ചുകൊണ്ടുപോകുന്നത് കാണാം. തെരുവുകളിലെ എല്ലാ മുക്കിലും മൂലയിലും സ്ഥാപിച്ചിട്ടുള്ള ചെറിയ ബുദ്ധസ്തൂപങ്ങളില്‍ വിശ്വാസികളായിട്ടുള്ള ഗ്രാമീണര്‍ മന്ത്ര ചക്രം (പ്രയര്‍ വീല്‍) തിരിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് കൃഷിപ്പണിക്ക് പോകുന്നത് കാണുമ്പോള്‍ ആ ഗ്രാമത്തിലെ ജനതയുടെ വിശ്വാസപാരമ്പര്യത്തിലേക്കും ഐതിഹ്യങ്ങളിലേക്കും എത്തിനോക്കുവാനായി ഏതൊരു സന്ദര്‍ശകന്റേയും മനസ്സിനെ പ്രേരിപ്പിക്കും.
സാമാന്യം നല്ല റിസോര്‍ട്ടുകളാലും അടിസ്ഥാന സൗകര്യങ്ങളാലും ഡിസ്‌കിറ്റ് ഗ്രാമം ലഡാക്കിലെ മറ്റ് ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്നു. താഴ്‌വരകളിലെ ആപ്രിക്കോട്ട് മരങ്ങളുടെയും പോപ്ലാര്‍ മരങ്ങളുടെയും പച്ചപ്പുകള്‍ പലയിടത്തും ജനവാസ കേന്ദ്രങ്ങളുടെ അടയാളമായി ഓരോ തുരുത്തുകള്‍പോലെ കാണപ്പെട്ടു. അവയുടെ ഇളം പച്ച നിറത്തിന്റെ തെളിമ വരണ്ടകുന്നുകളുടെ ഭംഗിക്ക് മാറ്റുകൂട്ടുന്നുണ്ടായിരുന്നു. ബദാമും ആപ്രിക്കോട്ടും താഴ്‌വരകളിലെ പ്രധാന വിളകളായി കൃഷിചെയ്യപ്പെടുമ്പോള്‍ ആപ്പിള്‍ മരങ്ങള്‍ തോട്ടങ്ങളില്‍ ഇടവിട്ട് കാണപ്പെടുന്നു. വീടുകളുടെമുന്നിലും, നദിക്കരകളിലും കാണപ്പെടുന്ന വില്ലോ മരങ്ങളുടെ ഭംഗി അതിമനോഹരമാണ്. ഇവയുടെ ശിഖരങ്ങള്‍ പരമ്പരാഗതശൈലിയില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ മേല്‍ഭാഗം നിര്‍മ്മിക്കുവാനായി ലഡാക്കില്‍ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം.

ന്യൂബ്‌റാ താഴ്‌വരയിലെ ഗ്രാമങ്ങള്‍ തമ്മിലുള്ള അകലങ്ങള്‍ക്ക് കിലോമീറ്ററുകളുടെ വ്യത്യാസമുണ്ടായിരുന്നു. ഡിസ്‌കിറ്റ് കഴിഞ്ഞാല്‍ ഇന്ത്യാ പാകിസ്ഥാന്‍ നിയന്ത്രണ രേഖയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന സാമാന്യം വലിയൊരു ഗ്രാമമാണ് തുര്‍ത്തുക്ക്. 1971- ലെ യുദ്ധത്തില്‍ പാകിസ്ഥാന്റെ പക്കല്‍നിന്നും പിടിച്ചെടുത്ത ഈ പ്രദേശം വൈവിധ്യമായ ഭൂപ്രകൃതിയാലും പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളാലും ആരുടെയും മനസ്സ് കവരുന്നൊരിടമാണ്. ബസുമതി നെല്‍ചെടികള്‍ കൃഷിചെയ്യുന്ന വയല്‍കണ്ടങ്ങള്‍ക്ക് ചുറ്റുമായി വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന പഴവര്‍ഗ്ഗവിളകളുടെ മരതകകാന്തി അവര്‍ണ്ണനീയം തന്നെ. തട്ട് തിരിച്ചുള്ള കൃഷി സ്ഥലത്തിന് തലങ്ങും വിലങ്ങുമായി ഒഴുകുന്ന നീര്‍ച്ചാലുകളുടെ കളകള ശബ്ദങ്ങള്‍ ഗ്രാമീണാന്തരീക്ഷത്തിന് താളം പകര്‍ന്നപോലെ തോന്നിപ്പിച്ചു. പഴവര്‍ഗ്ഗങ്ങളുടെ വിളവെടുപ്പ് കാലമല്ലാത്തതിനാല്‍ കായ്ച്ചുനില്‍ക്കുന്ന ഫലവൃക്ഷങ്ങളുടെ ഭംഗി ആസ്വദിക്കുവാനുള്ള ഭാഗ്യമുണ്ടായില്ല. തുര്‍ത്തുക്കിനും ഡിസ്‌കിറ്റിനും ഇടയിലായി കാണുന്ന തീരെ ചെറു ഗ്രാമങ്ങളാണ് ബോഗ്ദാങ്, ചാലുങ്ഹാം, സ്‌കുരു, ഹണ്ടര്‍, തോയ്സ്. ഈ ഗ്രാമങ്ങളെല്ലാം പറയത്തക്ക ജനസംഖ്യയോ, വിശാലമായ കൃഷിസ്ഥലങ്ങളോ ഒന്നുമില്ലാത്ത വരണ്ട കുന്നുകളും, താഴ്‌വരകളും മാത്രമാണ്. അവയുടെ അതിഭീകരമായ പര്‍വ്വതപ്രകൃതിയുടെ വന്യതയോട് ഷായോക്ക് നദിയൊരുക്കുന്ന താഴ്‌വരയും പ്രശാന്തതയും അപൂര്‍വ്വമായ കൂടിച്ചേരലായിമാറുമ്പോള്‍, ഇത്രയേറെ വ്യത്യസ്തമായ മനോഹാരിത ഒരുപക്ഷേ മറ്റൊരിടത്തൊന്നുംതന്നെ കാണാന്‍ കഴിയില്ല.
സാഹസികത നിറഞ്ഞ വഴിയിലൂടെയുള്ള യാത്രയും ഒപ്പം പ്രകൃതിയുടെ അസാധാരണഭംഗിയും ന്യൂബ്രാ താഴവരയിലെ യാത്രകള്‍ ഏവര്‍ക്കും സമ്മാനിക്കുന്നത് അവിസ്മരണീയമായ അനുഭവങ്ങള്‍ മാത്രമാണ്. ബുദ്ധമത സംസ്‌കാരത്തിന്റെ പേരും പെരുമയും പ്രദര്‍ശിപ്പിക്കുന്ന വിഹാരകേന്ദ്രങ്ങളും ഗോമ്പകളും ചരിത്രപരമായ പാരമ്പര്യത്തിന്റെ ചുരുളുകള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ അഴിക്കുന്നു. ഇവയോടൊപ്പം ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകളും കൂടിച്ചേരുമ്പോള്‍ ന്യൂബ്‌റാ താഴ്വര സന്ദര്‍ശകര്‍ക്കുമുന്നില്‍ ഒരു അത്ഭുത ലോകം തുറക്കുന്നു. ആ ദൃശ്യ മനോഹാരിതയുടെ ലഹരിയില്‍ ഓരോ സഞ്ചാരിയും ഉന്മത്തരായി അവിടെനിന്നും വിടപറയുമ്പോള്‍ താഴവരയുടെ ഭംഗിയെ വാഗ്മയ ചിത്രങ്ങളാല്‍ മറ്റൊരാള്‍ക്ക് വരച്ചുകാട്ടിക്കൊടുക്കാന്‍ ഭാഷ അപൂര്‍ണ്ണമാവുന്നുവെങ്കില്‍ അത് തികച്ചും യാഥാര്‍ഥ്യം മാത്രമെന്നേ പറയേണ്ടൂ.
Content Highlights: nubra valley ladakh travel destination
Published: 26 Jun 2023, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented