താരകുടുംബത്തില്‍ പിറന്നിട്ടും സിനിമാ മേഖല തിരഞ്ഞെടുക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ക്കു പുറകെ പോയ പെണ്‍കുട്ടിയാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ. രാജ്യത്തെ ലിംഗവിവേചനം അവസാനിപ്പിക്കാനും സ്ത്രീശാക്തീകരണത്തിനുമായി താന്‍ നടപ്പാക്കാന്‍ പോകുന്ന പ്രൊജക്റ്റിനെ കുറിച്ച് നവ്യ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ബിസിനസിനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ ഒരു ലോകസഞ്ചാരി കൂടിയാണ് നവ്യ. ജപ്പാനില്‍ ചെറിവസന്തം കാണാന്‍ പോയതിന്റെ ചിത്രങ്ങള്‍ നവ്യ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജപ്പാനിലെ പ്രശസ്തമായ ക്യോട്ടോ നഗരത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് നവ്യ പോസ്റ്റ് ചോയ്തിരിക്കുന്നത്. 'പോസ്റ്റ്കാര്‍ഡ്‌സ് ഫ്രം ക്യോട്ടോ' എന്ന ക്യാപ്ഷനാണ് ചിത്രങ്ങള്‍ക്ക് കൊടുത്തിരിക്കുന്നത്. പ്രശസ്തമായ ബ്യോഡോ-ഇന്‍ ഹൂഡു ബുദ്ധ ക്ഷേത്രത്തില്‍ നിന്നാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ക്ഷേത്രം സന്ദര്‍ശിച്ചതിന് പുറമെ നവ്യ പരമ്പരാഗതമായ രീതിയില്‍ ജപ്പാനീസ് ചായ ഉണ്ടാക്കുന്നതിന്റെ വീഡിയോയും പോസ്റ്റിലുണ്ട്.
ജപ്പാന്റെ സൗന്ദര്യ തലസ്ഥാനം - ക്യോട്ടോ
ജപ്പാന്റെ സാംസ്‌കാരിക സൗന്ദര്യത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന ക്യോട്ടോ അതിമനോഹരമായ നിരവധി കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. സുന്ദരമായതെല്ലാം ക്യോട്ടോയിലാണ് ഉണ്ടായതെന്നൊരു ചൊല്ലുണ്ട് ജപ്പാനില്‍. മൂന്നു വശം മലകളും രണ്ടു മഹാനദികളും കാക്കുന്ന ഈ മനോഹരനഗരത്തിലാണ് ജാപ്പനീസ് ശില്‍പ്പകലയും നൃത്തകലയും സംഗീതവുമൊക്കെ തഴച്ചുവളര്‍ന്നത്. ആദ്യം ഇതായിരുന്നുവത്രേ ജപ്പാന്റെ തലസ്ഥാനം. പിന്നീട് പുതിയ തലസ്ഥാനനഗരം ഉണ്ടാക്കിയപ്പോള്‍ ക്യോട്ടോ എന്ന പേര് തിരിച്ചിട്ട് ടോക്യോ എന്നാക്കിയതാണ് എന്ന് പറയപ്പെടുന്നു.
1300 വര്‍ഷം പഴക്കമുള്ള കിയോമിസു ദേര ക്ഷേത്രവും 600 വര്‍ഷം പഴക്കമുള്ള കിന്‍കാ കൂജി സുവര്‍ണക്ഷേത്രവും ജപ്പാന്‍ ഇംപീരിയല്‍ പാലസും ഇവിടെയാണ്. ഗെയ്ഷകളെന്ന മനോരഞ്ജിനികളായ കലാദേവതകളുടെ സാന്നിധ്യം കൂടിയാണ് ക്യോട്ടോയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗെയ്ഷകളെ കാണാനായി ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ക്യോട്ടോയിലേക്കെത്തുന്നു.
ഏറെ തെറ്റിദ്ധരിക്കപ്പെട്ട വിഭാഗമാണ് ഗെയ്ഷകള്‍. അവര്‍ ദേവദാസികളോ കൊട്ടാരം നര്‍ത്തകിമാരോ ലൈംഗിക തൊഴിലാളികളോ അല്ല. ഒരു കലയുടെ പ്രതിനിധികളാണ്. ആതിഥ്യമാണ് ഗെയ്ഷകളുടെ കലാരൂപം. അവരില്ലാതെ കൊട്ടാരങ്ങളിലും മന്ത്രിമന്ദിരങ്ങളിലും അതിഥികളെ സല്‍ക്കരിക്കാന്‍ കഴിയില്ല. സംഭാഷണം, സംഗീതം, നൃത്തം, ആതിഥ്യം, ഉപചാരം തുടങ്ങി എല്ലാ വിഷയങ്ങളിലും കഴിവുതെളിയിച്ച സ്ത്രീക്ക് ഒരു നല്ല ഗെയ്ഷയാവാന്‍ സാധിക്കൂ. ലൈംഗികതയ്ക്ക് ഇവിടെ സ്ഥാനമേയില്ല. അതിഥികളെ ആനന്ദിപ്പിക്കുക എന്നതാണ് ഗെയ്ഷയുടെ കല. വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിലൂടെയാണ് ഒരു സ്ത്രീ ഗെയ്ഷയാകുന്നത്. അമിത ടൂറിസം മൂലമുള്ള പ്രതിസന്ധികളെ തുടര്‍ന്ന് ഇപ്പോള്‍ ക്യോട്ടോയുടെ പല ഭാഗങ്ങളിലും ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്.
Content Highlights: navya nanda kyoto trip japan
Published: 22 Apr 2024, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented