അതിമനോഹരമാണ് ടുലിപ് പൂക്കള്‍. പല വര്‍ണങ്ങളില്‍ ലക്ഷക്കണക്കിന് ടുലിപുകള്‍ പൂത്ത് നില്‍ക്കുന്ന പൂന്തോട്ടങ്ങള്‍ ഏത് സഞ്ചാരിയെയും മോഹിപ്പിക്കുന്നത്. സിനിമകളിലും ചിത്രങ്ങളിലും മാത്രം നാം കണ്ടിട്ടുള്ള ടുലിപ് പൂന്തോട്ടങ്ങള്‍ വിദേശരാജ്യങ്ങളില്‍ മാത്രമല്ല ഉള്ളത്. ലോകോത്തര നിലവാരമുള്ള ടുലിപ് ഗാര്‍ഡനുകള്‍ ഇന്ത്യയിലുമുണ്ട്. ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന ഇന്ത്യയിലെ അതിമനോഹരമായ ടുലിപ് ഗാര്‍ഡനുകളെ കുറിച്ച് അറിയാം.
ഇന്ദിരാ ഗാന്ധി ടുലിപ് ഗാര്‍ഡന്‍ ശ്രീനഗര്‍
Also Read
കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ വരവേല്‍ക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് തോട്ടമാണ്. ശ്രീനഗറിലെ, ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പൂന്തോട്ടമാണ് ഇത്. ദാല്‍ തടാകത്തിന് സമീപമാണ് ഈ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. പലനിറങ്ങളിലുള്ള 73 തരം ടുലിപ്പുകള്‍ ഇവിടെ കാണാം. 55 ഹെക്ടറിലായി 17 ലക്ഷം ചെടികളാണ് ഇത്തവണ നട്ടിട്ടുള്ളത്. 2007-ലാണ് ഇന്ദിരാ ഗാന്ധിയുടെ ഓര്‍മയ്ക്കായി ടുലിപ് തോട്ടം നിര്‍മിച്ചത്. തുടക്കത്തില്‍ 50,000 ടുലിപ് ചെടികളുണ്ടായിരുന്നു. സന്ദര്‍ശകര്‍ കൂടിയതോടെ തോട്ടം വിപുലമാക്കി. കഴിഞ്ഞവര്‍ഷം 3.65 ലക്ഷംപേരാണ് ടുലിപിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ടുലിപ് ഫെസ്റ്റിവല്‍ കാണാനായി എത്തുക. കശ്മീരിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. കശ്മീരിന്റെ രുചിവൈവിധ്യങ്ങള്‍ അറിയാനുള്ള ഭക്ഷണശാലകളും ഇവിടെ ഒരുക്കും.
ടുലിപ് പൂക്കള്‍ അധികകാലം വാടാതെ നില്‍ക്കാറില്ല. പൂക്കളുള്ള സമയത്ത് മാത്രമേ ഗാര്‍ഡനിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളു. അതിനാല്‍ ഏപ്രില്‍ അവസാനത്തോടെ ഗാര്‍ഡന്‍ അടയ്ക്കും. തുറക്കുന്ന സമയത്ത് രാവിലെ 8 മണി മുതല്‍ വൈകിട്ട് ഏഴുമണി വരെയാണ് പ്രവേശനം അനുവദിക്കുക. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ടിക്കറ്റ് ഫീസ്.
അമൃത് ഉദ്യാന്‍ ന്യൂഡല്‍ഹി
'മുഗള്‍ ഗാര്‍ഡന്‍' എന്ന പേരില്‍ പ്രശസ്തമായ രാഷ്ട്രപതിഭവനിലെ പൂന്തോട്ടങ്ങള്‍ ഇപ്പോള്‍ അമൃത് ഉദ്യാന്‍ എന്നാണ് അറിയപ്പെടുന്നത്. ഉദ്യാന്‍ ഉത്സവത്തിന്റെ ഭാഗമായി വര്‍ഷത്തിലൊരിക്കല്‍ വസന്തകാലത്താണ് രാഷ്ട്രപതിഭവനിലെ പൂന്തോട്ടങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. സന്ദര്‍ശിക്കാന്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യണം. പ്രത്യേകമായി നട്ടുവളര്‍ത്തിയ വ്യത്യസ്ത ഇനങ്ങളിലുള്ള ടുലിപ് പുഷ്പങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം. ഉദ്യാനത്തിലെ പൂക്കളുടെയും ചെടികളുടെയും മരങ്ങളുടെയും വിവരങ്ങള്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ ക്യു.ആര്‍. കോഡുകളുമുണ്ട്.
ജമ്മു കശ്മീരിലെ മുഗള്‍ ഗാര്‍ഡനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഗാര്‍ഡന്റെയും പിറവി. ഇംഗ്ലീഷുകാരനായ വിഖ്യാത വാസ്തുശില്പി എഡ്വിന്‍ ലുട്യന്‍സ് ആണ് ഉദ്യാനങ്ങളോടെ രാഷ്ട്രപതിഭവന്‍ രൂപകല്പനചെയ്തത്. രാഷ്ട്രപതി ഭവന്റെ ആത്മാവാണ് ഈ പൂന്തോട്ടം. മുന്നൂറ്റിയമ്പത് ഏക്കറുള്ള രാഷ്ട്രപതി ഭവനില്‍ പതിനഞ്ചേക്കര്‍ വിശാലതയിലാണ് അപൂര്‍വ പുഷ്പങ്ങളുടെ ഈ ഉദ്യാനം. ടുലിപ് പൂക്കളാണ് ഏറ്റവും ആകര്‍ഷണം. ചുവപ്പ്, വെള്ള, ചുവപ്പ് കലര്‍ന്ന മഞ്ഞ, പിങ്ക, പര്‍പ്പിള്‍ നിറത്തിലുള്ള ടുലിപ് പുഷ്പങ്ങളാണ് ഉദ്യാനത്തിലുള്ളത്.
യുംതാങ് വാലി സിക്കിം
കടുംനിറത്തിലുള്ള പൂക്കളുടെ താഴ്‌വരയാണ് സിക്കിമിലെ യുംതാങ് വാലി. എണ്ണിത്തീര്‍ക്കുവാന്‍ കഴിയാത്ത വിധത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഹിമാലയന്‍ പൂക്കളാണ് ഈ പ്രേദശത്തിന്റെ സൗന്ദര്യത്തിന് കാരണമായിട്ടുള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 3500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യംതാങ് വാലി വടക്കന്‍ സിക്കിമിന്റെ ഭാഗമാണ്. എല്ലാ വസന്തകാലത്തും വിരിയുന്ന ആയിരക്കണക്കിന് ടുലിപ് പൂക്കള്‍ ഈ താഴ്‌വാരത്തിന്റെ ഭംഗി കൂട്ടുന്നു. വിവിധ നിറത്തിലുള്ള ടുലിപ് പുഷ്പങ്ങള്‍ ഇവിടെ കാണാം. മലകള്‍ക്കിടയിലെ താഴ്‌വാരത്ത് ടുലിപ് പൂക്കള്‍ വിരിഞ്ഞിരിക്കുന്ന കാഴ്ച അതിമനോഹരമാണ്.
Content Highlights: most notable tulip gardens in India
Published: 14 Apr 2024, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented