ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമാണ് സിക്കിം. ജനസംഖ്യയിലും ഏറ്റവും പിന്നിലാണ്. എന്നാല്‍ പ്രകൃതിഭംഗികൊണ്ട് മുന്നില്‍ തന്നെയാണ് സിക്കിം. സെവന്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഏഴ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണിത്. നോര്‍ത്ത് സിക്കിം, സൗത്ത് സിക്കിം, വെസ്റ്റ് സിക്കിം എന്നിങ്ങനെ ടൂറിസ്റ്റ് മാപ്പില്‍ സിക്കിമിനെ വേര്‍തിരിച്ചുതന്നെ കാണാം. ഓരോ ഇടത്തും വ്യത്യസ്തമായ സഞ്ചാരാനുഭവങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. തലസ്ഥാനമായ ഗാങ്‌ടോക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വേറെ. ബുദ്ധാശ്രമങ്ങളും പര്‍വതങ്ങളും താഴ്‌വരകളും തടാകങ്ങളും തുടങ്ങി സിക്കിമില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഇടങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും ശുചിത്വപൂര്‍ണമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് സിക്കിമിന്റെ സ്ഥാനം. പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യത്തെ ഓര്‍ഗാനിക് സംസ്ഥാനമായി സിക്കിം മാറിയത് സമീപകാലത്താണ്. വലിയൊരു ശതമാനം ജൈവകൃഷിരീതികളും സുസ്ഥിരമായ ജീവിതരീതികളും സ്വീകരിച്ചുകൊണ്ടാണ് ഈ കുഞ്ഞന്‍ സംസ്ഥാനം രാജ്യത്തിന് അത്ഭുതമായി മാറിയത്. ഹിമാലയത്തിന്റെ പ്രത്യേകമായ ഭൂപ്രകൃതിയിലും കാലവസ്ഥയിലുമായതിനാല്‍ സിക്കിം യാത്ര മറക്കാനാകാത്ത അനൂഭൂതിയായിരിക്കും ഓരോ സഞ്ചാരിക്കും സമ്മാനിക്കുക. ഈ വടക്കുകിഴക്കന്‍ മാണിക്യം കാണാന്‍ പോകാന്‍ ഏറ്റവും മികച്ചത് ഏപ്രില്‍ മാസമാണ്. ഈ സമയത്താണ് സിക്കിമിന്റെ സൗന്ദര്യം അതിന്റെ മൂര്‍ധന്യത്തിലെത്തുക.
റോഡോഡെന്‍ഡ്രോണ്‍ പൂക്കളുടെ വസന്തം

ഹിമാലയന്‍ പര്‍വതങ്ങളില്‍ കാണുന്ന റോഡോഡെന്‍ഡ്രോണ്‍ (Rhododendron Arboreum) എന്ന പൂവിന്റെ പൂക്കാലമാണ് ഏപ്രില്‍ മാസം. പിങ്കും ചുവപ്പും വെള്ളയും നിറത്തിലുള്ള ഈ പൂക്കള്‍ ബുരാന്‍ഷ് എന്നും അറിയപ്പെടുന്നു. ഹിമാലയന്‍ മലനിരകളില്‍ ഈ പൂക്കള്‍ നിറഞ്ഞിരിക്കുന്ന കാഴ്ച അതിമനോഹരമാണ്. ഈ സമയങ്ങളില്‍ നിറങ്ങളുടെ കാലിഡോസ്‌കോപ് കണക്കെ താഴ്‌വാരങ്ങള്‍ മാറും. മലയോരങ്ങളില്‍ ട്രക്കിങ് നടത്തി റോഡോഡെന്‍ഡ്രോണ്‍ പൂത്തിരിക്കുന്ന താഴ്‌വാരങ്ങളിലെത്തുമ്പോഴുള്ള കാഴ്ച സഞ്ചാരികളുടെ ഹൃദയം കീഴടക്കും. വിവിധ അസുഖങ്ങള്‍ക്ക് പ്രതിവിധിയായി ഹിമാലയന്‍ മേഖലയിലെ ജനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നതാണ് ബുരാന്‍ഷ് പൂവ്. ഈ പൂവിന്റെ ഇതളുകളിട്ട് തിളപ്പിക്കുന്ന വെള്ളത്തില്‍ ക്വിനിക് ആസിഡ് സാന്നിധ്യം വലിയ തോതില്‍ കണ്ടെത്തിയിട്ടുണ്ട്. യംതാങ് വാലിയാണ് റോഡോഡെന്‍ഡ്രോണ്‍ വസന്തം കാണാന്‍ ഏറ്റവും മികച്ച സമയം. പൂക്കളുടെ താഴ്വര എന്നാണ് യംതാങ് അറിയപ്പെടുന്നത്. വസന്തകാലത്ത് ഇവിടം പൂക്കളാല്‍ നിറഞ്ഞ് മനോഹരമായി കാണപ്പെടും. പ്രിമുല, റോഡോഡെന്‍ഡാന്‍സ് പുഷ്പങ്ങ ളാണ് ഏറിയ പങ്കും. ഷിങ്ബ് റോഡോഡെന്‍ഡാണ്‍ വന്യജീ വിസങ്കേതം ഇരുപത്തിനാലിനം റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍ വിരിയുന്ന സ്ഥലമാണ്. ഗാങ്‌ടോക്കില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ, വടക്കന്‍ സിക്കിം ജില്ലയിലാണ് യംതാങ് താഴ് വര സ്ഥിതിചെയ്യുന്നത്.
നിറം മാറുന്ന കാഞ്ചന്‍ജംഗ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചന്‍ജംഗ. വടക്കന്‍ സിക്കിമിലാണ് കാഞ്ചന്‍ജംഗ നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയ പ്രദേശമാണിത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പര്‍വതങ്ങളിലൊന്ന് കൂടിയായ കാഞ്ചന്‍ജംഗയുടെ ഏറ്റവും മനോഹരമായ വ്യൂ ലഭിക്കുന്ന സമയമാണ് ഏപ്രില്‍. മഞ്ഞ് വാരിപ്പുതച്ചുനില്‍ക്കുന്ന കാഞ്ചന്‍ജംഗ പര്‍വതനിരകള്‍, സൂര്യനുദിച്ചു വരുമ്പോള്‍ അതിന്റെ മുകള്‍ഭാഗത്ത് വെട്ടിത്തിളങ്ങുന്ന പിങ്ക് നിറമായിരിക്കും. പിന്നെയത് മഞ്ഞനിറവും സ്വര്‍ണനിറവുമാകും. കൊടുമുടിയുടെ നിറങ്ങള്‍ മാറുന്നത് കാണാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഫോട്ടോഗ്രാഫര്‍മാരും ഈ സമയത്ത് സിക്കിമിലെത്താറുണ്ട്. കാഞ്ചന്‍ജംഗ ഏറ്റവും മനോഹരമായ വ്യു ലഭിക്കുന്ന ബേസ് ക്യാമ്പിലേക്ക് പോകാനും ഏറ്റവും മികച്ച സമയം ഏപ്രില്‍ തന്നെ.
സിക്കിം ഉത്സവങ്ങള്‍
വൈവിധ്യങ്ങള്‍ നിറഞ്ഞ നിരവധി സാംസ്‌കാരിക ധാരകളാല്‍ സമ്പന്നമാണ് സിക്കിം. ജനസംഖ്യ കുറവാണെങ്കിലും വൈവിധ്യങ്ങള്‍ നിറഞ്ഞ സാംസ്‌കാരിക ഉത്സവങ്ങളാണ് ഇവിടെ നടക്കാറുള്ളത്. സിക്കിം ജനതയുടെ മഹത്തായ പൈതൃകങ്ങളെ അടുത്തറിയാനുള്ള മികച്ച അവസരമാണ് ഇത്തരം ഉത്സവങ്ങളും ആഘോഷങ്ങളും. മതപരവും സാസ്‌കാരികപരവുമായ ആഘോഷങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സമയമാണ് ഏപ്രില്‍. ബൈശാഖി, ലോസാര്‍ ഉള്‍പ്പടെയുള്ള ഉത്സവങ്ങളില്‍ പങ്കെടുത്ത് വടക്കുകിഴക്കന്‍ ജീവിതങ്ങളെയും സംസ്‌കാരങ്ങളെയും അടുത്തറിയാന്‍ നിരവധി സഞ്ചാരികള്‍ ഈ സമയത്ത് സിക്കിമിലെത്തുന്നു. '
ഹിമാലയന്‍ വന്യത

സിക്കിമിലെ വന- വന്യജീവി സമ്പത്തിനെ അറിയാനും മികച്ച സമയമാണിത്. വടക്കുകിഴക്കന്‍ ഭൂപ്രകൃതിയിലെ അപൂര്‍വമായ പക്ഷികളെയും, സസ്തനികളെയുമെല്ലാം അടുത്തറിയാന്‍ നിരവധി പരിസ്ഥിതി സ്‌നേഹികളെത്തുന്നു. സിക്കിമിലെ ഹിമാലയന്‍ പാര്‍ക്ക് പോലുള്ള നാഷണല്‍ പാര്‍ക്കുകളില്‍ വൈല്‍ഡ്‌ലൈഫ് സഫാരികളിലേര്‍പ്പെടുകയോ കാടുകളില്‍ ട്രെക്കിങ് ചെയ്യുകയോ പക്ഷിനിരീക്ഷണത്തിന് പോകുകയോ ചെയ്യാം. ഈ സമയത്തെ മികച്ച കാലാവസ്ഥയും സഫാരികളെ മികച്ചതാക്കി മാറ്റുന്നു. ഹിമാലയന്‍ മലനിരകളുടെ സൗന്ദര്യത്തെ അടുത്തറിയാനും നിരവധി സഞ്ചാരികളെത്തുന്നു. ലാചെനിലെ ഗുരുടോങ്മര്‍ തടാകവും ചോപ് താഴ്വരയും, യംതാങ് വാലിയും സമുദ്രനിരപ്പില്‍നിന്ന് 18000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചൊലാമു ലേക്കുമെല്ലാം അത്യപൂര്‍വമായ യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന സിക്കിം ഡെസ്റ്റിനേഷനുകളാണ്.
ബുദ്ധന്റെ ശാന്തത

സിക്കിമിന്റെ മഹത്തായ ബുദ്ധ പാരമ്പര്യത്തെ അടുത്തറിയാം. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കാണ് പ്രധാന ബുദ്ധമത ഡെസ്റ്റിനേഷനുകളിലൊന്ന്.
കിഴക്കന്‍ ഹിമാലയനിരയില്‍ ശിവാലിക് പര്‍വതത്തിന് മുകളില്‍ സമുദ്രനിരപ്പില്‍നിന്ന് 1676 മീറ്റര്‍ ഉയരത്തിലായാണ് ഗാങ്‌ടോക്കിന്റെ സ്ഥാനം. 1840-ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എന്‍ചെ മൊണാസ്ടി, നാംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിബറ്റോളജി, ദോ ദുല്‍ ചോര്‍ട്ടെന്റൂംതെക് മൊണാസ്ട്രി തുടങ്ങി നിരവധി ബുദ്ധമത കേന്ദ്രങ്ങളാണ് സിക്കിമിലുള്ളത്. അതോടൊപ്പം ബുദ്ധമത ഗ്രാമമായ പെല്ലിങും ഇന്ത്യയിലെ തന്നെ മികച്ച ബുദ്ധമത ഡെസ്റ്റിനേഷനുകളിലൊന്നാണ്.
Content Highlights: reasons to visit Sikkim in April
Published: 09 Apr 2024, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented