ഒരു സീസണിലും സഞ്ചാരികളെ നിരാശരാക്കാത്ത അത്ഭുത പറുദീസയാണ് കശ്മീര്‍. ഏത് സമയങ്ങളിലുമെത്തുന്ന സഞ്ചാരികളുടെ ഹൃദയം കുളിര്‍ക്കുന്ന കാഴ്ചകള്‍ കശ്മീര്‍ കാത്തുവെക്കും. അതിമനോഹരമായ ഒരു മഞ്ഞുകാലത്തിന് ശേഷം വസന്തകാലത്ത് സഞ്ചാരികളെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് താഴ്‌വാരം.
വസന്തത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 3 മുതല്‍ 24 വരെ ശ്രീനഗറില്‍ വാര്‍ഷിക ട്യൂലിപ്പ് ഉത്സവം നടക്കും. ഇന്ദിര ഗാന്ധി മെമോറിയല്‍ ട്യൂലിപ്പ് ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന പരിപാടിയുടെ ഭാഗമായി ശ്രീനഗറിലെ ട്യൂലിപ്പ് ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. മാര്‍ച്ച് 24 മുതലാണ് ട്യൂലിപ്പ് ഗാര്‍ഡനില്‍ പ്രവേശനം അനുവദിക്കുക.
വസന്തകാലത്ത് സാധാരണഗതിയില്‍ മാർച്ച് അവസാനം മുതല്‍ ഏപ്രില്‍ ആദ്യം വരെയാണ് ട്യൂലിപ്പ് പൂക്കുക. 30 ഹെക്ടറില്‍ സ്ഥിതിചെയ്യുന്ന ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ്പ് ഗാര്‍ഡനാണ്. പ്രശസ്തമായ ദാല്‍ തടാകക്കരയിലെ ഗാര്‍ഡന്‍, ശ്രീനഗറിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. വിവിധ നിറത്തിലും തരത്തിലുമുള്ള 15 ലക്ഷത്തോളം ട്യൂലിപ്പ് പൂക്കളാണ് ഇവിടെയുള്ളത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ട്യൂലിപ്പ് ഫെസ്റ്റിവല്‍ കാണാനായി എത്തുക. കശ്മീരിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. കശ്മീരിന്റെ രുചിവൈവിധ്യങ്ങള്‍ അറിയാനുള്ള ഭക്ഷണശാലകളും ഇവിടെ ഒരുക്കും.
ട്യൂലിപ്പ് പൂക്കള്‍ അധികകാലം വാടാതെ നില്‍ക്കാറില്ല. പൂക്കളുള്ള സമയത്ത് മാത്രമേ ഗാര്‍ഡനിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളു. അതിനാല്‍ ഏപ്രില്‍ അവസാനത്തോടെ ഗാര്‍ഡന്‍ അടയ്ക്കും. തുറക്കുന്ന സമയത്ത് രാവിലെ 8 മണി മുതല്‍ വൈകിട്ട് ഏഴുമണി വരെയാണ് പ്രവേശനം അനുവദിക്കുക. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ടിക്കറ്റ് ഫീസ്.
Content Highlights: Srinagar’s Tulip Garden to open in March for public
Published: 12 Mar 2023, 07:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented