ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പുഷ്പോത്സവത്തിന് ജമ്മു-കശ്മീരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് പൂന്തോട്ടത്തിൽ തുടക്കം. നീണ്ട ഇടവേളയ്ക്കുശേഷമാണ് ദാൽ തടാകതീരത്തുള്ള പൂന്തോട്ടം സന്ദർശകർക്കായി തുറന്നുകൊടുത്തത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സുരക്ഷാകാരണങ്ങളാൽ അടച്ചിട്ട 44 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണിത്.

To advertise here,

സാധാരണ മാർച്ച് അവസാനവാരത്തിൽ തുറക്കാറുള്ള പൂന്തോട്ടം ചൂടുകാരണം പൂക്കൾവിരിഞ്ഞതോടെ നേരത്തേ തുറന്നു. 70-ലധികം വൈവിധ്യമാർന്ന ടുലിപ്പുകളാണ് ഇത്തവണ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഏകദേശം 1.8 ദശലക്ഷത്തിലധികം ബൾബുകളാണ് (മണ്ണിനടിയിലെ കാണ്ഡത്തിന്റെ ഭാഗം) നട്ടുപിടിപ്പിച്ചത്.

ടുലിപ് ബൾബുകൾ നെതർലൻഡ്‌സിൽനിന്ന് ഇറക്കുമതിചെയ്യുന്നത് ഒഴിവാക്കി പ്രാദേശികമായി വികസിപ്പിക്കാനും അതുവഴി വിദേശനാണ്യം ലാഭിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. പുഷ്പോത്സവം മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉദ്ഘാടനംചെയ്തു.

ടൂറിസം മേഖലയിൽ സംസ്ഥാനം ശക്തമായി തിരിച്ചുവരുമെന്നും വിനോദസഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാൻ കർശന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.