ദീര്‍ഘകാലമായി മനസ്സില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു ജോര്‍ദാൻ സന്ദര്‍ശിക്കണമെന്നത്. ചരിത്രത്തിലും സംസ്‌കാരത്തിലും സമ്പന്നമാണ് ജോർദാന്‍ എന്ന രാജ്യം, നിരവധി  പ്രകൃതിദത്ത അത്ഭുതങ്ങളും പുരാതന നിര്‍മിതികളും മതപരമായ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. 'Valley of the Moon' എന്നറിയപ്പെടുന്ന ജോര്‍ദാനിലെ വാദി റം, പ്രകൃതിയുടെ അത്ഭുതക്കാഴ്ചകള്‍ നിറഞ്ഞ ഒരിടമാണ്. ഇവിടം യുനെസ്‌കോ ലോക പൈതൃക സൈറ്റായി അംഗീകരിച്ചിട്ടുണ്ട്. ജോര്‍ദാന്‍ യാത്രയില്‍, കുടുംബമായി വാദി റമ്മിലേക്ക് നടത്തിയ അവിസ്മരണീയമായ യാത്രയുടെ ഓര്‍മകളാണിത്. 

To advertise here,

അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായാണ് ജോർദാനില്‍ എത്തിയിരിക്കുന്നത്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ധാരാളം സവിശേഷതകള്‍ ഉള്ള ജോർദാന്‍ അറബ് ലീഗിലെ ഒരു പ്രധാന അംഗമാണ്. എണ്ണ നിക്ഷേപം ഇല്ലാത്ത ജോർദാന്റെ പ്രധാന വരുമാനം കൃഷിയും ടൂറിസവുമാണ്. തലസ്ഥാനമായ അമ്മാനില്‍ നിന്ന് ഞങ്ങളെ ഗൈഡ് ഇബ്രാഹിം ലോകാത്ഭുതമായ പെട്രയിലെ മായികക്കാഴ്ചയിലേക്കാണ് ആദ്യദിനം കൊണ്ടുപോയത്. പെട്രയിലെ സന്ദര്‍ശനത്തിന് ശേഷം രണ്ടാം ദിവസം വൈകുന്നേരത്തോടെ ഞങ്ങള്‍ വാദി റമ്മിലേക്ക് യാത്ര തിരിച്ചു. അവിടുത്തെ മരുഭൂമിയിലെ ക്യാമ്പില്‍ രാത്രി താമസിക്കാനാണ് ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഏകദേശം 120 കിലോമീറ്റര്‍ ദൂരമുണ്ട് അവിടേക്ക്. വാദി റം അടുക്കുംതോറും ഭൂപ്രകൃതിക്ക് മാറ്റം വരാന്‍ തുടങ്ങിയിരുന്നു, മലനിരകള്‍ മാറി വിശാലമായ മരുഭൂമി ദൃശ്യമായി.

തെക്കന്‍ ജോർദാനില്‍ സ്ഥിതിചെയ്യുന്ന ഒരു മരുഭൂ-താഴ്വരയാണ് വാദി റം. മണല്‍ക്കല്ലുകള്‍ക്കും ഗ്രാനൈറ്റ് കല്ലുകള്‍ക്കും ഇടയിലായി രൂപപെട്ടിരിക്കുന്ന ഈ താഴ്വരയുടെ ഭൂപ്രകൃതിയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. മരുഭൂമിയുടെ നിറഭേദങ്ങള്‍; സ്വര്‍ണ നിറത്തിലും ചുവന്ന നിറത്തിലും, അതിനിടയില്‍ തവിട്ടുനിറത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറ മലകള്‍. 'ഭൂമിയിലെ ചൊവ്വ' എന്നും വാദി റം അറിയപ്പെടുന്നു. വാദി റമ്മിലെ മണല്‍ക്കല്ല് പര്‍വതങ്ങള്‍ സഹസ്രാബ്ദങ്ങള്‍ കൊണ്ട് പ്രകൃതി കൊത്തിയെടുത്തതാണ്. കാറ്റും വെള്ളവും പാറയെ സാവധാനം ഈ രൂപത്തില്‍ ഒരുക്കിയെടുത്തു. ഇവിടെ മനുഷ്യവാസം നിയോലിത്തിക്ക് കാലഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് കണക്കാക്കുന്നു. എന്നാല്‍ ഇരുമ്പ് യുഗത്തില്‍ അറേബ്യന്‍ പെനിന്‍സുലയില്‍ നിന്നുള്ള തമുദിക്, നബാറ്റിയന്‍ ഗോത്രങ്ങള്‍ തങ്ങളുടെ വ്യാപാരപാതകളുടെ ഭാഗമായി ഈ പ്രദേശം ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍, വാദി റമ്മിന്റെ പ്രാധാന്യം വര്‍ധിച്ചു. വാദി റം എന്ന ജോർദാനിലെ ഈ മരുഭൂമിയെ കുറിച്ച് മലയാളികള്‍ കൂടുതലായി കേട്ടത് ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിലുള്ള 'ആടുജീവിതം' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. കോവിഡ് കാലത്ത് ആടുജീവിതത്തിന്റെ ലൊക്കേഷനുകളില്‍ ഒന്നായിരുന്നു ഈ സ്ഥലം.

ഗൈഡ് ഇബ്രാഹിം രാത്രിയോടെ ഞങ്ങളെ വാദി റമ്മിലെ വിസിറ്റര്‍ സെന്ററില്‍ എത്തിച്ചു. താമസം ബുക്ക് ചെയ്തിരുന്ന ജമാല്‍ റം ക്യാമ്പിലെ ഒരു ബദൂവിയന്‍ ഗൈഡ് ഞങ്ങളെ കാത്ത് അവിടെയുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം കുറച്ച് ദൂരം മരുഭൂമിയിലൂടെ യാത്ര ചെയ്ത് ടെന്റുകള്‍ ഉള്ള പ്രദേശത്ത് എത്തി. നല്ല തണുപ്പ്, ശക്തമായി കാറ്റും അടിക്കുന്നുണ്ടായിരുന്നു. പുറത്തെല്ലാം അരണ്ട വെളിച്ചം മാത്രം. ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നുന്നു. കാറ്റ് കാരണം ക്യാമ്പ് ഫയറും മറ്റു ആക്ടിവിറ്റികള്‍ അന്ന് ഇല്ലായിരുന്നുവെന്ന് അറിഞ്ഞു. ഞങ്ങള്‍ക്കായി അവര്‍ അവിടെ കരുതിയിരുന്ന ഭക്ഷണം കഴിച്ചശേഷം താമസിക്കുന്ന ടെന്റിലേക്ക് ഞങ്ങള്‍ ചെന്നു. തികച്ചും അപരിചിതമായ പ്രദേശത്ത്, മരുഭൂമിയില്‍, അടച്ചുറപ്പില്ലാത്ത ഒരു ടെന്‍ഡില്‍ അന്തിയുറങ്ങാന്‍ പോകുന്നു!. തെല്ലൊരു ഭീതി മനസ്സില്‍ ഇല്ലാതില്ല. എന്നിരുന്നാലും രണ്ടു ദിവസത്തെ യാത്രാക്ഷീണവും പെട്രയിലെ നടത്തത്തിന്റെ ക്ഷീണവും കാരണം ടെന്റില്‍ എത്തിയ ഉടനെ തന്നെ ഞങ്ങള്‍ എല്ലാവരും ഉറങ്ങിപ്പോയി.

പുലരിയിലെ കിരണങ്ങളേറ്റ് മരുഭൂമിയിലെ മലനിരകള്‍ വെട്ടിത്തിളങ്ങുന്നു. മണല്‍പ്പരപ്പില്‍ രാത്രിയിലെ തണുപ്പ് വിട്ടുമാറിയിട്ടില്ല. അലാറം വെച്ച് രാവിലെ ഉണര്‍ന്ന ഞാനും നീലും കുറച്ചുനേരം ആ തണുപ്പേറ്റ് നടന്നു. അറ്റമില്ലാത്ത മരുഭൂമി, അതിനിടയില്‍ മുളച്ചുപൊന്തിയ പോലത്തെ മലനിരകള്‍. അവയുടെ ചാരെ സഞ്ചാരികള്‍ക്കായുള്ള ഏകദേശം 20ഓളം ടെന്റുകളുണ്ട്. വലിയൊരു പാറമലയുടെ താഴെയാണ് ജമാല്‍ റം എന്ന ഈ ക്യാമ്പിംഗ് കേന്ദ്രം. ഇന്നലെ രാത്രി എത്തിയപ്പോള്‍ ഇതൊന്നും മനസ്സിലായിരുന്നില്ല, ഇപ്പോഴാണ് അതൊക്കെ കാണാന്‍ സാധിച്ചത്.

പരമ്പരാഗത ജോര്‍ദാനിയന്‍ ബ്രേക്ക്ഫാസ്റ്റ് ഞങ്ങള്‍ക്കായി അവിടെ തയ്യാറായിരുന്നു. ജോർദാനിലെ ഭക്ഷണ വിഭവങ്ങള്‍ രുചികരവും വൈവിധ്യമുള്ളതുമാണ്. ഞങ്ങളെപ്പോലെ മറ്റു ടെന്റുകളില്‍ രാത്രി താമസം ഉണ്ടായിരുന്ന വിദേശികള്‍ ബ്രേക്ക്ഫാസ്റ്റ്‌നായി അവിടെയുണ്ടായിരുന്നു. പല ജീപ്പുകളിലായി അവരെല്ലാം സഫാരി യാത്രയ്ക്ക് തയ്യാറാകുന്നു. സലാബിയ ഗ്രോതക്കാരായ ബദൂവിയന്‍ ആള്‍ക്കാരാണ് ഇവിടെയുള്ളത്. വാദി റമ്മിലെ സഫാരികളും താമസവും ഭക്ഷണവുമെല്ലാം ഒരുക്കുന്നത് ഇവര്‍ തന്നെ. മെലിഞ്ഞ് ബലിഷ്ഠരായ ബദൂവിയന്‍ യുവാക്കള്‍, കാഴ്ചയില്‍ എല്ലാവരും ഒരുപോലെ ഇരിക്കുന്നു. 9 മണിക്ക് ഞങ്ങള്‍ വാദി റം മരുഭൂമിയിലെ വ്യത്യസ്തമായ കാഴ്ചകളിലേക്ക് സഫാരി ആരംഭിച്ചു. കുറച്ച് ഇംഗ്ലീഷ് ഒക്കെ വശമുണ്ടെങ്കിലും ഒട്ടും ഫ്രണ്ട്‌ലി ആയിരുന്നില്ല ഞങ്ങളുടെ ഗൈഡായ മുഹമ്മദ് സമി. 

ഫോര്‍വീല്‍ SUV ട്രക്കിന്റെ പിറകില്‍ മേല്‍ക്കൂരയില്ലാത്ത ഭാഗത്താണ് ഞങ്ങള്‍ ഇരിക്കുന്നത്. നല്ല കുലുക്കമുണ്ടെങ്കിലും കാഴ്ചകളെല്ലാം ഞങ്ങള്‍ ആസ്വദിച്ചു. മരുഭൂമിയിലൂടെ ഞങ്ങളെയും കൊണ്ട് വാഹനം കുതിച്ചുപാഞ്ഞു. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വന്യവും നിഗൂഢവുമായ മരുഭൂമി, അങ്ങിങ് ഭീമാകാരമായ പാറക്കെട്ടുകള്‍. ബെദൂവിയിന്‍ ടെന്റുകളാല്‍ നിര്‍മ്മിച്ച നിരവധി  ക്യാമ്പുകള്‍ മരുഭൂമിയില്‍ പലയിടത്തും കണ്ടു. ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരം പോയി വണ്ടി ഒരു മണല്‍പരപ്പില്‍ നിര്‍ത്തി. അനുവും നീലും മണലിലൂടെ നടന്നപ്പോള്‍ വിഷപ്പാമ്പുകളെ സൂക്ഷിക്കണം എന്ന് സമി മുന്നറിയിപ്പ് നല്‍കി. അപ്പോഴാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. മണലിന് രണ്ട് നിറം, ഒരു ഭാഗത്ത് സാധാരണ നിറവും മറുഭാഗത്ത് ചുവന്നനിറവും. സമീപത്തെ പാറയിലെ ചുവന്ന പൊടി എടുത്ത് നീലിന്റെയും നേവയുടെയും കവിളില്‍ അദ്ദേഹം ചിത്രം വരച്ചു. പിന്നീടങ്ങോട്ട് റെഡ് സാന്‍ഡ് ഡൂണ്‍സിലൂടെ കുറച്ചുദൂരം സഞ്ചരിച്ച് അടുത്ത സ്റ്റോപ്പെത്തി, ഖസാലി മലയിടുക്കുകള്‍. ധാരാളം സഞ്ചാരികള്‍ അവിടെയുണ്ട്. സഫാരി നടത്താന്‍ ഒട്ടകങ്ങള്‍ ഒരുങ്ങിനില്‍പ്പുണ്ട്. 

വാദി റം മരുഭൂമിക്ക് ഒരു നീണ്ട ചരിത്രമുണ്ട്, ഒരുകാലത്ത് ഈ മേഖലയിലെ ഒരു പ്രധാന വ്യാപാര പാതയായിരുന്നു ഇത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യരുടെ സാന്നിധ്യം സൂചിപ്പിക്കുന്ന പെട്രോഗ്ലിഫുകളും ലിഖിതങ്ങളും ഉള്‍പ്പെടെയുള്ള പുരാവസ്തു കണ്ടെത്തലുകളാല്‍ സമ്പന്നമാണ് ഇവിടം. 'അന്‍ഫിഷിയെ ലിഖിതങ്ങള്‍' എന്ന സ്ഥലത്താണ് ഞങ്ങളിപ്പോള്‍. അറബ് നാടോടി ഗോത്രങ്ങളായിരുന്ന നബാത്തിയന്‍മാരുടെ ശിലാലിഖിതങ്ങളും ചിത്രങ്ങളുമെല്ലാം കണ്ടു. ചെറിയ നീരുറവയുള്ള (ഐന്‍ അബു ഐനെഹ്) പ്രദേശവും മഷ്റൂം റോക്ക്‌സും കണ്ടതിനു ശേഷം ജ്ഞാനത്തിന്റെ ഏഴ് തൂണുകള്‍ എന്ന കൂറ്റന്‍ മലയുടെ അടുത്തെത്തി. പിന്നീട് ലോറന്‍സ് ഹൗസ് (അല്‍-ഖുസൈര്‍) എന്നറിയപ്പെടുന്ന ഭാഗത്തേക്കാണ് പോയത്. അവിടെ മരുഭൂമിയിലെ പീഠഭൂമിക്ക് മുകളിലുള്ള കുന്നിന്‍ മുകളില്‍ നബാത്തിയന്‍ ജലസംഭരണിയുടെ അവശിഷ്ടങ്ങളാണ്. യാത്ര തുടര്‍ന്നു, മരുഭൂമിയുടെ പരുക്കന്‍ ഭാവങ്ങള്‍, വിചിത്രമായ പാറക്കൂട്ടങ്ങള്‍, സമതലങ്ങളില്‍ ഒട്ടകങ്ങളും ആട്ടിന്‍കൂട്ടവും മേയുന്ന കാഴ്ചകള്‍. അടുത്തതായി വാദി റം പ്രദേശത്തെ പ്രകൃതിദത്തമായ മൂന്ന് കമാനങ്ങളില്‍ ഒന്നായ ഉം ഫ്രൂത്ത് റോക്ക് ബ്രിഡ്ജിന്റെ സമീപം എത്തി. ഈ നാച്ചുറല്‍ ആര്‍ക്ക് രണ്ട് പാറക്കൂട്ടങ്ങളെ ബന്ധിപ്പിക്കുന്നു. കുറച്ച് ആള്‍ക്കാര്‍ മുകളിലേക്ക് കയറുന്നുണ്ടായിരുന്നു. കയറാന്‍ കുറച്ച് ബുദ്ധിമുട്ട് ആയതിനാല്‍ ഞങ്ങള്‍ താഴെ നിന്ന് ഫോട്ടോ എടുത്തു. 

ഉച്ചഭക്ഷണത്തിനുള്ള പാക്കേജ് ഞങ്ങളുടെ സഫാരിയില്‍ ഉള്‍പ്പെട്ടിരുന്നു. ഭക്ഷണത്തിനുശേഷം അബു ഖഷബ മലയിടുക്കിലൂടെയും ബാരാ കാന്യോണ്‍ എന്ന അഞ്ച് കിലോമീറ്റര്‍ നീളത്തിലുള്ള വിശാലമായ മലയിടുക്കിലെ മണ്‍കൂനകള്‍ക്കിടയിലൂടെയും മണല്‍ച്ചരിവുകളിലൂടെയും സഞ്ചരിച്ചു. വാഹനം വേഗത്തില്‍ ഓടിച്ച് മുഹമ്മദ് സമി ഞങ്ങള്‍ക്ക് മരുഭൂമി സഫാരിയുടെ യാത്രാനുഭവം അതിന്റെ പാരമ്യത്തില്‍ നല്‍കി. ബദൂവിയിന്‍ ടെന്റുകളില്‍ ഉള്ള കോഫി / സുവനീര്‍ ഷോപ്പുകള്‍ പ്രധാന വ്യൂ പോയിന്റുകളിലെല്ലാം ഉണ്ടായിരുന്നു. അസഹനീയമായ ചൂടും മണല്‍ക്കാറ്റും കാരണം ക്ഷീണിച്ചതിനാല്‍ അവിടങ്ങളില്‍ നിന്നെല്ലാം ഞങ്ങള്‍ സുലൈമാനി ചായ വാങ്ങി കുടിച്ചു. പ്രത്യേക മസാലക്കൂട്ടില്‍ നിര്‍മിച്ച ഇതിന്റെ രുചി ഇഷ്ട്ടപ്പെട്ട് അനു അവിടെനിന്ന് ആ ചായപ്പൊടി വാങ്ങി.

യാത്രയില്‍ ഇടക്കിടെ കുടിക്കാനായി വാട്ടര്‍ ബോട്ടിലുകള്‍ ഗൈഡ് നല്‍കിയിരുന്നു. വാദി റം മരുഭൂമി ജീപ്പ് ടൂറുകള്‍ കൂടാതെ ഒട്ടക സഫാരി, റോക്ക് ക്ലൈംബിംഗ്, ട്രക്കിംഗ് എന്നിവയുള്‍പ്പെടെ വിവിധ സാഹസിക അവസരങ്ങള്‍ ഇവിടെയുണ്ട്. ഇവിടുത്തെ സൂര്യാസ്തമയവും ഉദയവും മനോഹരമാണ്. മരുഭൂമി അടുത്ത് നിന്ന് അനുഭവിക്കാനും, പ്രകൃതിയുടെ വ്യത്യസ്തമായ ഒരു ഭാവം പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ സ്വപ്ന കേന്ദ്രമാണിത്. ജോർദാനിലെ വാദി റം മരുഭൂമിയുടെ മാന്ത്രികത അനുഭവിച്ചറിയുകയായിരുന്നു ഞങ്ങളും. എന്തെല്ലാം വൈവിധ്യങ്ങളാണ് ജോർദാന്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്നോര്‍ത്ത് ഞങ്ങള്‍ അത്ഭുതപ്പെട്ടു.

'ലോറന്‍സ് ഓഫ് അറേബ്യ' ഉള്‍പ്പെടെ നിരവധി പ്രശസ്ത ഹോളിവുഡ്, ഹിന്ദി സിനിമകളുടെ ചിത്രീകരണ സ്ഥലമായിരുന്നു ഇവിടം. ഓട്ടോമന്‍ കാലത്ത് ദമാസ്‌കസില്‍ നിന്നും മദീന വരെ നീണ്ടു കിടന്നിരുന്ന ഹിജാസ് റെയില്‍വേയുടെ അവശേഷിപ്പുകള്‍ യാത്രാമദ്ധ്യേ കണ്ടിരുന്നു. ഓട്ടോമന്‍ ഭരണത്തെ അനുസ്മരിപ്പിക്കുന്ന ഈ റെയില്‍വേക്ക് പക്ഷെ അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഒന്നാം ലോക മഹായുദ്ധത്തില്‍ ഹിജാസ് റെയില്‍വേ നശിപിക്കപ്പെട്ടു. വാദി റമ്മിലെ ഞങ്ങളുടെ സമയം തീരാറായി. തിരികെ ജമാല്‍ റം ക്യാമ്പില്‍ എത്തി. ഗൈഡ് സമിയോടും മറ്റ് ജീവനക്കാരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ മടങ്ങി. ഇബ്രാഹിം ഞങ്ങളെ കാത്ത് വിസിറ്റേഴ്‌സ് സെന്ററില്‍ ഉണ്ടായിരുന്നു, ഇനി അമ്മാനിലേക്കാണ് പോകുന്നത്.

മരുഭൂമിയിലെ ജീപ്പ് യാത്രാസമയത്ത് നീലിന്റെ തൊപ്പി കാറ്റില്‍ പറന്നു പോയതും, നേവയുടെ റേ ബാന്‍ കൂളിംഗ് ഗ്ലാസ് എവിടെയോ നഷ്ടപ്പെട്ടതും കുറച്ച് വിഷമം ഉണ്ടാക്കിയെങ്കിലും നീലും നേവയും വ്യത്യസ്തമായ യാത്രയുടെ ആവേശത്തിലായിരുന്നു. കുട്ടികളുമൊത്തുള്ള യാത്രകള്‍ അവരുടെ ഓര്‍മ്മകളിലേക്ക് നല്‍കാനുള്ള നല്ല സംഭാവനകളാണ്. ലോകത്തിന്റെ വൈവിധ്യം അവരും കാണട്ടെ, മനസ്സിലാക്കട്ടെ, അനുഭവിക്കട്ടെ. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വാക്കുകള്‍ അപ്പോള്‍ ഓര്‍മ്മ വന്നു, 'പച്ചപ്പിനേക്കാള്‍ ഭംഗി മരുഭൂമിയെ ക്യാമറയില്‍ പകര്‍ത്തുമ്പോഴാണ്'. ആ വാക്കുകള്‍ സത്യമാണെന്ന് ഈ യാത്രയില്‍ ബോധ്യമായി. കാഴ്ചകള്‍ നിറച്ച മനസ്സുമായി, കാണാന്‍ ഒരുപാട് ഇനിയും ബാക്കിവെച്ച്  ഞങ്ങള്‍ ജോർദാനോട് വിട പറഞ്ഞു.