ഇരട്ടഗോപുര പാലത്തിന്റെ യഥാര്ത്ഥ പേര് ടവര് ബ്രിഡ്ജ്

ഹീത്രു എയർപോർട്ടിലിറങ്ങി രണ്ടാം ദിനമാണ് ലണ്ടൻ നഗരം ചുറ്റിക്കാണാനായി ടൂറിസ്റ്റ് ബസ്സിൽ ഞങ്ങൾ പുറപ്പെട്ടത്. ചരിത്രവും ആധുനികതയും തോളുരുമ്മി നിൽക്കുന്ന ആഗോള നഗരം!'London Bridge is falling down...' എന്ന ബാല്യകാലത്തെ നഴ്സറിപ്പാട്ട് മനസ്സിൽ മൂളി നടക്കുമ്പോഴാണ് ഗൈഡ് ആ സത്യം വെളിപ്പെടുത്തിയത്. ചിത്രങ്ങളിലും മനസ്സിലും ലണ്ടൻ ബ്രിഡ്ജ് എന്ന് പതിഞ്ഞുപോയ ആ ഇരട്ടഗോപുര പാലത്തിന്റെ യഥാർത്ഥ പേര് ടവർ ബ്രിഡ്ജ് (Tower Bridge) എന്നായിരുന്നു! തൊട്ടടുത്ത് ലണ്ടൻ ബ്രിഡ്ജ് എന്ന പേരിൽ മറ്റൊരു പാലവുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ (1886-ൽ നിർമ്മാണം തുടങ്ങി 1894-ൽ പൂർത്തിയായി) കിഴക്കൻ ലണ്ടനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് തേംസ് നദിക്കു കുറുകേ ഈ വിക്ടോറിയൻ ഗോഥിക് പാലം പണിതത്. വലിയ കപ്പലുകൾ വരുമ്പോൾ നടുഭാഗം ഉയർത്താൻ കഴിയുന്ന ഈ പാലത്തിന് തൊട്ടടുത്തായി കാൽനടക്കാർക്കും സൈക്കിളുകൾക്കും വാഹനങ്ങൾക്കുമായി പ്രത്യേകം വഴികളുമുണ്ട്.
അടുത്ത ലക്ഷ്യം ലണ്ടന്റെ അടയാളമായ ക്ലോക്ക് ടവറായിരുന്നു - ബിഗ് ബെൻ (Big Ben). 1843-ൽ തുടങ്ങി 1859-ൽ പൂർത്തിയായ ഈ നിർമ്മിതി വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിന്റെ (പാർലമെന്റ് മന്ദിരം) വടക്കുകിഴക്കൻ ഭാഗത്താണ് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നത്. യഥാർത്ഥത്തിൽ 'ബിഗ് ബെൻ' എന്നത് ഇതിനുള്ളിലെ 13.7 ടൺ തൂക്കമുള്ള കൂറ്റൻ മണിയുടേ മാത്രം വിളിപ്പേരാണ്. 2012-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ 60-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഈ ടവറിന് എലിസബത്ത് ടവർ എന്ന് പുനർനാമകരണം ചെയ്തു.
സെന്റ് ജെയിംസ് പാർക്കിലെ പച്ചപ്പിലൂടെ നടന്ന് ഞങ്ങൾ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആസ്ഥാനമായ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഗേറ്റിനു മുന്നിലെത്തി. സുരക്ഷാ കാരണങ്ങളാൽ കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശനമില്ലായിരുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നടക്കുന്ന പ്രസിദ്ധമായ 'ചേഞ്ചിംഗ് ഓഫ് ദി ഗാർഡ്' ചടങ്ങുംനേരിൽ കാണാൻ സാധിച്ചില്ല. ഉച്ചഭക്ഷണത്തിനു ശേഷം തേംസ് നദിയിലൂടെ മനോഹരമായ ബോട്ട് ക്രൂയിസ് നടത്തി. നദിയിലൂടെ ഒഴുകി നീങ്ങുമ്പോൾ ഇരുകരകളിലുമുള്ള ടവർ ബ്രിഡ്ജും ലണ്ടൻ ഐയുമെല്ലാം വേറിട്ട കോണുകളിൽ നിന്ന് കണ്ടു ആസ്വദിക്കാൻ കഴിഞ്ഞു.
ക്രൂയിസിനു ശേഷം നീണ്ട ക്യൂവിൽ നിന്ന് ലണ്ടൻ കാഴ്ചകളുടെ പ്രധാന ആകർഷണമായ ലണ്ടൻ ഐ (London Eye) യിലെത്തി. 135 മീറ്റർ ഉയരമുള്ള ഈ ഭീമൻ ഒബ്സർവേഷൻ വീലിലെ ഒരു ഗ്ലാസ് കാപ്സൂളിൽ ഞങ്ങളുടെ 28 പേരടങ്ങുന്ന ഗ്രൂപ്പ് മുഴുവൻ കയറി. പതുക്കെ ഉയർന്നു പൊങ്ങുമ്പോൾ ലണ്ടൻ നഗരം മുഴുവൻ ഞങ്ങളുടെ കാൽച്ചുവട്ടിൽ വിടർന്നു നിന്നു. രണ്ടു വർഷം മുമ്പ് ദുബായിലെ 'ഐൻ ദുബായ്' (Ain Dubai) കയറിയതിന്റെ ഓർമ്മകൾ ആ നിമിഷം മനസ്സിലേക്ക് മിന്നിമറഞ്ഞു! പിറ്റേദിവസം ഞങ്ങളുടെ ലക്ഷ്യം ലോകത്തിലെ തന്നെ ഏറ്റവും പഴയതും വലിപ്പമുള്ളതുമായ വിൻഡ്സർ കാസിൽ ( Windsor Castle) ആയിരുന്നു. സഹസ്രാബ്ദത്തോളം ചരിത്രമുള്ള ഈ കോട്ട എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയായിരുന്നു. രാജ്ഞിയുടെ വേർപാടിനുശേഷം ചാൾസ് മൂന്നാമൻ രാജാവ് (King Charles III) അധികാരം ഏറ്റെടുത്തതോടെ ഇവിടം രാജാവിന്റെ ഔദ്യോഗിക വസതിയായി മാറി.തൊട്ടടുത്തുള്ള സെന്റ് ജോർജ് ചാപ്പൽ (St. George's Chapel) കൂടി ഞങ്ങൾ സന്ദർശിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രമുഖരുടെ വിവാഹങ്ങൾക്കും സംസ്‌കാര ചടങ്ങുകൾക്കും സാക്ഷ്യം വഹിച്ച ചരിത്രഭൂമി. എലിസബത്ത് രണ്ടാമൻ രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്. ക്യാമറ നിരോധനമുള്ളതിനാൽ അവിടുത്തെ ചിത്രങ്ങളെടുക്കാനായില്ല.
അവിടെനിന്ന് നേരെ ലോകപ്രശസ്തമായ മെഴുകു മ്യൂസിയം മദാം ടുസ്സോയിലേക്ക് (Madame Tussauds). 1835-ൽ മാരി ടുസ്സോ സ്ഥാപിച്ച ഏറ്റവും ആദ്യത്തെയും പ്രധാനപ്പെട്ടതുമായ മദാം ടുസ്സോ മ്യൂസിയമാണിത്.
സിംഗപ്പൂർ, ടോക്കിയോ, ബാങ്കോക്ക്, ദുബായ്, ന്യൂയോർക്ക് എന്നിവയിലെ മ്യൂസിയങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തേത് സവിശേഷ അനുഭവമായി.
കൊച്ചുകുട്ടികളുടെ കൗതുകത്തോടെ ഇന്ത്യൻ ചലച്ചിത്ര താരങ്ങളുടെയും, എലിസബത്ത് രാജ്ഞിയുടെയും ലോക നേതാക്കളുടെയും ജീവൻ തുടിക്കുന്ന മെഴുക് പ്രതിമകൾക്കൊപ്പം ചിത്രങ്ങളെടുത്തു.
പാർലമെന്റ് ഹൗസ്, ഓക്സ്ഫോർഡ് സ്ട്രീറ്റ്, പിക്കാഡിലി സർക്കസ്, വെസ്റ്റ്മിൻസ്റ്റർ ആബി, 10 ഡൗണിംഗ് സ്ട്രീറ്റ്, നാഷണൽ ഗാലറി, ലോകപ്രശസ്ത ഷോപ്പിംഗ് കേന്ദ്രമായ ഹാരോഡ്സ്, ഷെർലക് ഹോംസിന്റെ ഓർമ്മകൾ ഉണർത്തുന്ന ബേക്കർ സ്ട്രീറ്റ് (Baker Street) എന്നിവയിലൂടെയുള്ള ചെറു യാത്രകൾക്ക് ശേഷം ഞങ്ങൾ വൈകിട്ട് നാലോടെ ഹാർവിച്ച് അന്താരാഷ്ട്ര തുറമുഖത്തേക്ക് (Harwich International Port) തിരിച്ചു. അവിടെനിന്ന് ഫിലിപ്പിനോ കപ്പലിൽ കേറി രാത്രി എട്ടോടെ ഞങ്ങൾ ആംസ്റ്റർഡാം ലക്ഷ്യമാക്കി യാത്ര തുടർന്നു.
Content Highlights: Comprehensive guide to London's iconic sites like Tower Bridge and Big Ben., Insights into Windsor Castle and St. George's Chapel history., Experience the Madame Tussauds museum and London Eye., Practical tips for group travel in London for 2026., Itinerary suggestions covering key cultural and historical landmarks.
Published: 01 Aug 2026, 12:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented