കൊച്ചി: അപ്രതീക്ഷിതമായി അവസാന നിമിഷം യാത്ര മുടക്കിയ ലക്ഷദ്വീപ് കപ്പൽ എംവി കവരത്തി ഞായറാഴ്ച 700 യാത്രക്കാരുമായി യാത്ര പുറപ്പെട്ടു. അപ്പോഴും ടിക്കറ്റ് കിട്ടാത്തവർ വെല്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് വാർഫിൽ നോക്കിനിന്നു. ആവശ്യത്തിന് കപ്പലുകളില്ലാത്തതിനാൽ ലക്ഷദ്വീപിലേക്കുള്ള രണ്ടായിരത്തിലേറെ യാത്രക്കാർ ഇപ്പോഴും കൊച്ചിയിൽ കുടുങ്ങിക്കിടക്കുകയാണ്.

To advertise here,

ലക്ഷദ്വീപിലെ മിനിക്കോയി, കവരത്തി, കൽപ്പേനി, ആന്ത്രോത്ത് എന്നീ ദ്വീപുകളിലേക്ക് ശനിയാഴ്ച പുറപ്പെടേണ്ടതായിരുന്നു എംവി കവരത്തി കപ്പൽ. വ്യാഴാഴ്ച പുറപ്പെടേണ്ടിയിരുന്ന കപ്പലിന്റെ യാത്ര ശനിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കപ്പലിൽ കയറാനുള്ള ബോർഡിങ് മെസേജ് യാത്രക്കാർക്ക് വെള്ളിയാഴ്ച രാത്രി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ 9.45-ഓടെ രണ്ട് ബസുകളിലായി ആദ്യഘട്ടത്തിലെ യാത്രക്കാരെ കപ്പലിനരികിൽ എത്തിച്ചപ്പോഴാണ് യാത്ര നടക്കില്ലെന്ന കാര്യം കപ്പലിന്റെ മാസ്റ്റർ (ക്യാപ്റ്റൻ) ലക്ഷദ്വീപ് പോർട്ട് അധികൃതരെ അറിയിച്ചത്.

തുടർന്ന് യാത്രക്കാർ ബാഗുകളുമായി താമസസ്ഥലങ്ങളിലേക്ക് മടങ്ങി. കപ്പൽ കാത്ത് ദിവസങ്ങളായി ഹോട്ടലിൽ താമസിച്ചിരുന്നവരിൽ പലർക്കും തിരികെ ചെന്നപ്പോൾ മുറി ലഭിക്കാതെ വേറെ ഹോട്ടലുകൾ തേടി പോകേണ്ടി വന്നു. ന്യൂഡൽഹി, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ലക്ഷദ്വീപിലെ അധ്യാപകരും വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ പോയി മടങ്ങുന്നവരും ചികിത്സയ്ക്കായി എത്തിയ ദ്വീപുകാരും കൂട്ടത്തിലുണ്ടായിരുന്നു.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കപ്പൽ ഞായറാഴ്ച പുറപ്പെടുമെന്ന് ടിക്കറ്റ് എടുത്തവർക്ക് മെസേജ് ലഭിച്ചത്. ഇതുപ്രകാരം ഞായറാഴ്ച രാവിലെ ഒൻപതുമണി മുതൽ ബോർഡിങ് തുടങ്ങി. ഉച്ചയോടെ ടിക്കറ്റ് കൺഫേം ആയ യാത്രക്കാരും അവരുടെ ലഗേജുകളും കപ്പലിനുള്ളിലെത്തി. എന്നാൽ, വെയ്റ്റിങ് ലിസ്റ്റിലുള്ളവർ അപ്പോഴും കാത്തുനിൽക്കുകയായിരുന്നു. ഒടുവിൽ വൈകീട്ട് 4.45-ന് അവരിൽ കുറച്ചുപേർക്ക് കപ്പലിൽ എത്താൻ പറ്റി.

മൂന്നുവർഷം മുൻപ്‌ ലക്ഷദ്വീപുകാർക്ക് യാത്ര ചെയ്യാൻ ഏഴ് കപ്പലുകളുണ്ടായിരുന്നു. ഇവയിൽ 2,400 പേർക്ക് സഞ്ചരിക്കാമായിരുന്നു. ഇപ്പോൾ രണ്ട് കപ്പലുകൾ മാത്രമായി ചുരുങ്ങിയതോടെ 1,152 പേർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. ഇക്കാരണത്താൽ ദ്വീപുകളിൽനിന്ന് ചികിത്സയ്ക്കായി കേരളത്തിലെത്തിയ കുടുംബങ്ങൾക്ക്‌ ഒരുമിച്ച് മടങ്ങാൻ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയുമുണ്ട്. ഹോട്ടൽ വാടക നൽകി നിൽക്കേണ്ടി വരുന്നതിനാൽ സാമ്പത്തിക നഷ്ടവും ഏറെ. കപ്പലുകൾ കുറഞ്ഞതോടെ ലക്ഷദ്വീപിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമവും വിലക്കയറ്റവും രൂക്ഷമാണ്. കപ്പലുകളുടെ ഷെഡ്യൂൾ തെറ്റിയതിനാൽ വേനലവധിക്ക് നാട്ടിൽ പോയ ലക്ഷദ്വീപ് വിദ്യാർഥികൾക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമ്പോൾ സമയത്ത് തിരികെ എത്താനാകാത്ത സാഹചര്യവുമുണ്ട്.