
മുൻപും രണ്ടുതവണ യുകെയിലെ തെരുവുകളിലൂടെ ഞാൻ നടന്നിട്ടുണ്ട്. എന്നാൽ, ലണ്ടന്റെ കോൺക്രീറ്റ് ശൈത്യങ്ങൾക്കും യന്ത്രസമാനമായ തിരക്കുകൾക്കുമപ്പുറം, ചരിത്രത്തിന്റെ ഹൃദയമിടിപ്പ് ഇത്രമേൽ തൊട്ടറിയാൻ കഴിയുന്ന 'ബാത്ത്' എന്ന ഈ അത്ഭുത നഗരത്തെക്കുറിച്ച് എനിക്കാരും പറഞ്ഞുതന്നിരുന്നില്ല. ഇത്തവണത്തെ അവധിക്കാല യാത്രയിൽ, കുന്നിൻചെരുവുകൾ അതിരിട്ട പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ മാറോടു ചേർന്നുനിൽക്കുന്ന ബാത്തിലേക്ക് വണ്ടി കയറുമ്പോൾ ഉള്ളിൽ ചെറിയൊരു കൗതുകം മാത്രമായിരുന്നു. എന്നാൽ, അവിടെ എന്നെ കാത്തിരുന്നത് മറ്റൊരു മായാലോകമായിരുന്നു.
തിങ്ങിനിറഞ്ഞ മരങ്ങളുടെയും വഴിയരികിൽ ഇടയ്ക്കിടെ പ്രത്യക്ഷമാവുന്ന ഗ്രാമങ്ങളുടെയും ഇടയിലൂടെയുള്ള ഡ്രൈവ് ലണ്ടന്റെ കോലാഹലങ്ങളിൽനിന്ന് മനസ്സിനെ മോചിപ്പിച്ചു. നഗരാതിർത്തി കടന്നപ്പോൾത്തന്നെ കാലം പിന്നോട്ട് സഞ്ചരിക്കുന്നതുപോലെ. 'ബാത്ത് സ്റ്റോൺ' (Bath Stone) എന്ന് വിളിക്കപ്പെടുന്ന, കല്ലുകളിൽ തീർത്ത മനോഹരമായ പൗരാണിക മന്ദിരങ്ങൾ. ഓരോ കെട്ടിടത്തിനും കാഴ്ചയിൽ ഒരേ രൂപഘടനയാണെങ്കിലും, സൂക്ഷ്മമായി നോക്കിയാൽ അവയിൽ ഓരോന്നിലും ശില്പികൾ കൊത്തിവെച്ച തനതായ വശ്യത കാണാം. പൗരാണികതയുടെ പ്രൗഢിയും ആധുനിക ജീവിതത്തിന്റെ പ്രസരിപ്പും ഇവിടെ ഒന്നിച്ചു ചേരുകയാണ്.
റോമൻ സ്നാനഘട്ടത്തിലെ സ്പന്ദനങ്ങൾ
ആദ്യലക്ഷ്യം നഗരമധ്യത്തിൽ, ഭൂമിയുടെ അടിത്തട്ടിൽനിന്ന് നിഗൂഢമായ ആവി ഉയർത്തുന്ന പ്രശസ്തമായ 'റോമൻ ബാത്ത്' ആയിരുന്നു. പ്രവേശന കവാടത്തിൽ 27 പൗണ്ട് (ഏകദേശം 3,500 രൂപ) നൽകി ടിക്കറ്റെടുത്ത് അകത്തുകടന്നപ്പോൾ, അത് വെറുമൊരു മ്യൂസിയം സന്ദർശനമായിരുന്നില്ല; മറിച്ച്, രണ്ടായിരം വർഷങ്ങൾക്കപ്പുറമുള്ള റോമൻ ലോകത്തേക്ക് നേരിട്ട് ചുവടുവെക്കുന്നതുപോലെയൊരു അനുഭൂതിയായിരുന്നു. ഓഡിയോ ഗൈഡിലൂടെ ഒഴുകിയെത്തിയ കഥകൾ അവിടുത്തെ ഓരോ കൽത്തൂണുകൾക്കും ജീവൻ നൽകി.
ഭൂമിയുടെ ആഴങ്ങളിൽനിന്ന്, പ്രകൃതിയുടെ അത്ഭുത ഉറവയായി രൂപപ്പെടുന്ന ചൂടുവെള്ളത്തിന് ചുറ്റുമാണ് ഈ റോമൻ സ്നാനസമുച്ചയം പടുത്തുയർത്തിയിരിക്കുന്നത്. പ്രകൃതിയുടെ അത്ഭുതം! ഇന്നും മുടങ്ങാതെ, ഓരോ ദിവസവും ഏകദേശം 11.7 ലക്ഷം ലിറ്റർ ജലമാണ് 46 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഇവിടെ ഉയർന്നുവരുന്നത്. വെള്ളത്തിൽ കൈപ്പത്തി ചെറുതായി തൊട്ടപ്പോൾ, നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ മുങ്ങിനിവർന്ന റോമൻ പൗരന്മാർ അനുഭവിച്ച അതേ ചൂട് എന്റെ വിരൽത്തുമ്പുകളിലേക്കും പടർന്നുകയറി.
വലിയ കൽക്കെട്ടുകൾക്ക് നടുവിൽ, പച്ചമരതക നിറത്തിൽ തെളിഞ്ഞുനിൽക്കുന്ന വലിയ കുളം (The Great Bath). ആ വശങ്ങളിൽ നോക്കിനിൽക്കെ, അക്കാലത്ത് ഇവിടെ ഒത്തുകൂടി വർത്തമാനം പറയുകയും വിശ്രമിക്കുകയും പ്രകൃതിയുടെ ചൂടറിഞ്ഞ് ആനന്ദിക്കുകയും ചെയ്തവരുടെ ശബ്ദങ്ങൾ എനിക്ക് ചുറ്റും മുഴങ്ങുന്നതുപോലെ തോന്നി. റോമാക്കാർക്ക് കുളി എന്നത് വെറുമൊരു ശുചിത്വക്രിയ മാത്രമായിരുന്നില്ല; സൗഹൃദങ്ങൾ പുതുക്കാനും വ്യായാമം ചെയ്യാനും ശരീരത്തിനും മനസ്സിനും രോഗശാന്തി തേടാനുമുള്ള പുണ്യസങ്കേതമായിരുന്നു അത്.
ദേവതമാരുടെ കാവലുള്ള പുണ്യതീർത്ഥം
റോമാക്കാരുടെ വരവിനും മുമ്പേ, ഈ പ്രകൃതിദത്ത ഉറവയെ പവിത്രസങ്കേതമായി പ്രാദേശിക നിവാസികൾ ആരാധിച്ചിരുന്നു. ഭൂഗർഭ ലോകത്തെ ദേവതമാരുമായി ഈ ഉറവയ്ക്ക് ഗാഢമായ ബന്ധമുണ്ടെന്ന് അവർ വിശ്വസിച്ചു. പിന്നീട് ഇവിടെയെത്തിയ റോമാക്കാർ ആ ഉറവയ്ക്ക് ചുറ്റും വിപുലമായ ഭവനങ്ങളും കൂറ്റൻ ക്ഷേത്രസമുച്ചയവും നിർമ്മിക്കുകയായിരുന്നു.
രോഗശാന്തിക്കും പ്രാർത്ഥനാ പൂർത്തീകരണത്തിനുമായി പുരാതന മനുഷ്യർ ഈ പവിത്ര ജലത്തിലേക്ക് എറിഞ്ഞ നാണയങ്ങളും വെങ്കലപ്പാത്രങ്ങളും പൂജാവസ്തുക്കളും ഇവിടുത്തെ മ്യൂസിയത്തിൽ കേടുപാടുകളില്ലാതെ സൂക്ഷിച്ചിട്ടുണ്ട്. റോമൻ ഭരണത്തിന്റെ അസ്തമയത്തോടെ ഈ സ്നാനഘട്ടങ്ങൾ ഉപേക്ഷിക്കപ്പെടുകയും കാലത്തിന്റെ കുത്തിയൊഴുക്കിൽ മണ്ണടിഞ്ഞു പോവുകയും ചെയ്തു. നൂറ്റാണ്ടുകളോളം നഗരത്തിന്റെ അടിത്തട്ടിൽ ഉറങ്ങിപ്പോയ ആ ചരിത്രശേഷിപ്പ് ഇന്ന് യൂറോപ്പിലെ ഏറ്റവും മനോഹരമായി സംരക്ഷിക്കപ്പെട്ട പൈതൃകങ്ങളിലൊന്നാണ്.
കാൽനടയായി ഒരു വാസ്തുവിദ്യാ യാത്ര
റോമൻ ബാത്തിന്റെ പ്രൗഢിയിൽനിന്ന് പുറത്തുകടന്ന് ബാത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങി. ഓരോ വഴിത്തിരിവിലും വാസ്തുവിദ്യയുടെ വിസ്മയങ്ങൾ കാത്തുവെച്ചിരിക്കുന്നതിനാൽ ബാത്ത് കാൽനടയായി കണ്ടുതീർക്കുക എന്നത് മനസ്സിന് വലിയൊരു ആനന്ദമാണ്.
അതിലൊന്നായിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട 'റോയൽ ക്രസന്റ്' (Royal Crescent). അർദ്ധചന്ദ്രാകൃതിയിൽ, അണിനിരന്നു നിൽക്കുന്ന കൂറ്റൻ മന്ദിരനിര! വലിയൊരു ശില്പി തന്റെ ഭാവനയിൽ ഒറ്റക്കല്ലിൽ തീർത്ത മാളിക പോലെ അവ ശോഭിച്ചുനിൽക്കുന്നു. അതിശയിപ്പിച്ചത് മറ്റൊന്നാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പൈതൃക മന്ദിരങ്ങളിൽ ഇന്നും മനുഷ്യർ ജീവിക്കുന്നു! പുറമേയുള്ള പൗരാണിക കാഴ്ച്ചയ്ക്ക് ഒരു മാറ്റവും വരുത്താതെ, ആധുനികരായി അവർ ജീവിക്കുന്നു. വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾക്കും നടക്കുന്ന സഞ്ചാരികൾക്കുമിടയിൽ ആ പഴമ മനോഹരമായി ലയിച്ചുചേരുന്നു!
യാത്രയിൽ കണ്ട തെരുവുകളുടെ പേരുകൾ പോലും കൗതുകമുള്ളതായിരുന്നു. ഗേ സ്ട്രീറ്റ്, ചീപ് സ്ട്രീറ്റ്, ക്വയറ്റ് സ്ട്രീറ്റ്, യോർക്ക് സ്ട്രീറ്റ്... ശാന്തമായ എന്നാൽ ജീവസ്സുറ്റ ഈ വഴികളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ നടന്നുനീങ്ങുന്നു. ബാത്ത് ആബിയുടെ (Bath Abbey) ചാരുതയും, അവോൺ (Avon) നദിക്ക് കുറുകെയുള്ള പ്രശസ്തമായ പുൾട്ടണി പാലവും (Pulteney Bridge).
ബാത്ത് നഗരത്തിന് മറ്റൊരു ഭാവം കൂടിയുണ്ട്. പ്രശസ്തമായ ബാത്ത് യൂണിവേഴ്സിറ്റി ഇവിടെ സ്ഥിതി ചെയ്യുന്നതിനാൽ, നഗരത്തിന്റെ പൗരാണികതയ്ക്ക് കൂട്ടായി വലിയൊരു വിദ്യാർത്ഥി സമൂഹവുമുണ്ട്. തെരുവുകളിലും കഫേകളിലും വർത്തമാനം പറഞ്ഞ് ചിരിച്ചിരിക്കുന്ന ആ ചെറുപ്പക്കാരുടെ സാന്നിധ്യം നഗരത്തിന് നവയൗവനം നൽകുന്നു.
ചരിത്രം ശ്വസിക്കുന്ന നഗരം
ബാത്ത് എന്നെ ഏറ്റവും കൂടുതൽ മോഹിപ്പിച്ചത്, ഇവിടുത്തെ ചരിത്രം മ്യൂസിയത്തിന്റെ കണ്ണാടിക്കൂട്ടിൽ പൂട്ടിയിട്ട ഒന്നല്ല എന്നതുകൊണ്ടാണ്. അത് തെരുവുകളിൽ, കെട്ടിടങ്ങളിൽ, പാലങ്ങളിൽ, ചിലന്തിവല പോലെ പടർന്നുകിടക്കുന്ന വഴികളുടെ നാമങ്ങളിൽ പോലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്!
Content Highlights: Bath, a city in western England, offers a unique blend of ancient history and modern life, with its stunning architecture and historical landmarks like the Roman Baths, which provide a glimpse into the Roman era with their natural hot springs. The city is characterized by its beautiful Georgian architecture, such as the Royal Crescent, and its vibrant streets filled with students from Bath University, adding a youthful energy to the historical ambiance. Bath's history is not confined to museums but is woven into the fabric of the city, evident in its streets, buildings, and bridges, making it a living testament to its rich past.
Published: 09 Oct 2026, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented