അഗസ്ത്യാര്‍കൂടം ഉള്‍ക്കൊള്ളുന്ന അഗസ്ത്യമല ഇന്ന് തെക്കന്‍കേരളത്തിലെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന എല്ലാ വനവിഭാഗങ്ങളുടേയും ഒരു സമ്മിശ്രണം നമുക്കിവിടെ കാണാനാകും. സമുദ്രനിരപ്പില്‍ നിന്നും1870 മീറ്ററോളം ഉയരമുള്ള അഗസ്ത്യ പര്‍വ്വത നെറുകയില്‍ ആയുര്‍വ്വേദാചാര്യനായ അഗസ്ത്യന്‍ അധിവസിച്ചിരുന്നതായി ഐതിഹ്യം പറയുന്നു. സിദ്ധൗഷധമെന്ന് പുകള്‍പെറ്റ 'ആരോഗ്യപ്പച്ച' (Trichopus zeylanicus) ഈ പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒന്നാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ജൈവവൈവിധ്യ പ്രാധാന്യമുള്ള മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്ന അഗസ്ത്യമലയിലേയ്ക്കുള്ള സഞ്ചാരികളുടെ തള്ളിക്കയറ്റവും നിയന്ത്രണങ്ങള്‍ക്കായുള്ള കോടതി വിധികളും നിലനില്‍ക്കുമ്പോള്‍ത്തന്നെ വിനോദസഞ്ചാരം അവിടത്തെ ജൈവവൈവിധ്യത്തിന് പരിഹരിക്കാനാവാത്ത കോട്ടങ്ങള്‍ വരുത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. അതേസമയം അഗസ്ത്യാര്‍കൂടത്തിലേയ്ക്കുള്ള യാത്ര പേപ്പാറ-നെയ്യാര്‍ വന്യജീവിസങ്കേതങ്ങളിലേയും കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേയും നിരവധി വാച്ചര്‍മാർക്കും ബോണക്കാട്, ചാത്തന്‍കോട് ആദിവാസി സെറ്റില്‍മെന്റിലെ നിരവധിപേര്‍ക്കും ജീവനോപാധിയായി മാറുന്നത് കാണാതെ പോകരുതല്ലോ. സഹവനപാലകരോടൊപ്പം അഗസ്ത്യാര്‍കൂടത്തിലേക്ക് അടുത്തുനടത്തിയ യാത്രയുടെ വിവരണമാണിത്.

വഴി വളഞ്ഞുപുളഞ്ഞ് നീണ്ടുകിടക്കുന്നു. വീതി കുറഞ്ഞും കൂടിയും കല്ലിടുക്കുകളിലൂടെ നൂണ്ടും വളര്‍ന്നുമുറ്റിയ വന്‍മരങ്ങളുടെ വികസിച്ച വേരുകളെച്ചുറ്റിയും കുത്തൊലിപ്പെടുത്ത മണ്‍തിട്ടകളായും അങ്ങനെ. വാഴപ്പൈന്തിയാറ് ആയാസരഹിതമായാണ് കടന്നത്. ഇടവപ്പാതിയെന്നോ തുലാവര്‍ഷമെന്നോ വ്യത്യാസമില്ലാതെ ഏതാണ്ട് പത്ത് മാസത്തോളം നീണ്ടുനിന്ന ഇടതോരാതെ പെയ്ത മഴ ശമിച്ചിരുന്നു. അതുകൊണ്ടുതന്നെ കരമനയാറുകടന്നപ്പോഴും കുറുകെ കെട്ടിയിരുന്ന കയറിനെ ആശ്രയിക്കേണ്ടി വന്നില്ല. ഇനി വേണം വലിയ പുല്‍മേടുകള്‍ താണ്ടാനുള്ളത്. ഏഴുമടക്കന്‍തേരിയെന്നും മുട്ടിടിച്ചാന്‍തേരിയെന്നുമൊക്കെ കാണിക്കാര്‍ ഓമനപ്പേരിട്ടുവിളിക്കുന്ന നെടുങ്കന്‍ കയറ്റങ്ങള്‍. ചെറുമരത്തിന്റെ പോലും നിഴലടിക്കാതെ ഉച്ചവെയിലില്‍ കാതങ്ങള്‍ താണ്ടേണ്ടിയിരിക്കുന്നു.
ഉദ്ദേശം നാലുകിലോമീറ്റര്‍ കഴിഞ്ഞിരിക്കണം. വഴി രണ്ടായിപ്പിരിയുന്നു. ''സര്‍... ഇവിടെ വച്ചാണ് ആന...'' അതെ, അതൊരു ഓര്‍മ്മപ്പെടുത്തലാണ്. പത്ത് കൊല്ലങ്ങള്‍ക്കുമുമ്പ് രണ്ടുപേര്‍ ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരണമടഞ്ഞത് ഇവിടെ വച്ചാണ്. ഒന്ന് വനംവകുപ്പിലെ തന്നെ വാച്ചറായിരുന്നു. കൂട്ടത്തിലുള്ളവര്‍ മുമ്പേ പോയിക്കഴിഞ്ഞിരുന്നു. ആനക്കൂട്ടം ട്രെക്ക് പാത്ത് (trek path) മുറിച്ചുപോകുന്നത് കണ്ട് മാറി നില്‍ക്കുകയായിരുന്നു ഇരുവരും. അവസാന ആനയും കടന്നുപോയെന്നുറപ്പാക്കിയാണ് അവര്‍ മുന്നോട്ട് നടന്നതും. എന്നാല്‍ ഞൊടിയിടക്കുള്ളില്‍ അത് സംഭവിച്ചു. സ്വായത്തമാക്കിയ കാടറിവുകളും പിഴച്ചു. ആനക്കൂട്ടം (herd) മുഴുവനായും കടന്നുപോയിട്ടുണ്ടായിരുന്നില്ല. കൂട്ടത്തിന്റെ സുരക്ഷിതത്വത്തില്‍ അവധാനതയില്‍ നടന്നിരുന്ന ഒരു 'ഇളം പ്രായക്കാരി' മനുഷ്യരെക്കണ്ടു ഭയന്ന് ഉച്ചത്തില്‍ ഒച്ചയുണ്ടാക്കി. മുന്നേ പോയ കൂട്ടമൊന്നാകെ വാലറ്റത്തേയും കാത്ത് ഇലപ്പടര്‍പ്പുകള്‍ക്കുള്ളില്‍ നില്‍പ്പുണ്ടായിരുന്നു എന്നതായിരുന്നു വാസ്തവം. മുന്നില്‍നിന്നും പിന്നില്‍നിന്നും കുട്ടിയാനയെ രക്ഷിക്കാന്‍ ചിന്നം വിളിച്ചെത്തിയ ആനക്കൂട്ടത്തിനു നടുവില്‍ പെട്ടുപോയ ഹതഭാഗ്യരായ രണ്ട് മനുഷ്യാത്മാക്കള്‍. അവര്‍ക്കുമുന്നില്‍ അപ്പോള്‍ രക്ഷാമാര്‍ഗ്ഗമേതുമില്ലായിരുന്നു
.

'ബോണാഫാള്‍സ്' (Bonafalls) എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം കാണണമെങ്കില്‍ ദിശമാറി വീണ്ടും നാലുകിലോമീറ്റര്‍ നടക്കണം. തുനിഞ്ഞിറങ്ങിയ നിലക്ക് പോവുക തന്നെ. എല്ലാപേരും തയ്യാറാകാത്ത സ്ഥിതിക്ക് സംഘം രണ്ടായിത്തിരിഞ്ഞു. തങ്ങാനുള്ള സാന്നാഹങ്ങളും ആഹാരവുമായി വലിയ സംഘം നേരെ അട്ടയാറിലേക്ക്. ബാക്കിയുള്ളര്‍ വെള്ളച്ചാട്ടത്തിലേക്ക്. ഇനി ഒത്തുചേരുക അട്ടയാറിലെ ക്യാമ്പ് ഷെഡ്ഡിലാണ്. ഇറക്കമിറങ്ങിച്ചെല്ലുമ്പോള്‍ ഉയരത്തില്‍ നിന്നുവീണുചിതറുന്ന വെള്ളത്തിന്റെ ഒച്ച. ചീവീടുകളുടെ സിംഫണിയില്‍ അതിമനോഹരമായ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം. സത്യത്തില്‍ അത്രമേല്‍ ഉയരത്തില്‍ നിന്നുള്ള ജലപാതം അപൂര്‍വ്വമായ ഒരു കാഴ്ചയാണ്. വനാന്തര്‍ഭാഗത്ത് (core area) ആയിപ്പോയതുകൊണ്ട് വിനോദ സഞ്ചാരഭൂപടത്തില്‍ സ്ഥാനം പിടിക്കാതെ പോയതാണിത്. ഒപ്പം സഹ്യന്റെ മക്കളുടെ വിഹാരരംഗവും. അതിനാല്‍ത്തന്നെ അവിടേയ്ക്കുള്ള പ്രവേശനം കര്‍ശനമായി തടഞ്ഞിരിക്കുകയാണിപ്പോള്‍. പെട്ടെന്ന് തിരികെപ്പോന്നു. ഇനിയും ദൂരം ഏറെയുണ്ട്.
അട്ടയാറെത്തി. പാറക്കെട്ടുകളിലൂടെ ബദ്ധപ്പെട്ട് വടിയൂന്നിച്ചാടിക്കടന്ന് വസ്ത്രം നനക്കാതെ മറുകരയിലേക്ക്. മുന്‍പേ നടന്നെത്തിയ ടീമംഗങ്ങളെല്ലാം 'എപിസി'യിലാണ്. എപിസിയെന്നാല്‍ ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡ്. കാടിനുള്ളില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്മാര്‍ക്കും വാച്ചർന്മാര്‍ക്കുമൊക്കെ താമസിക്കുവാനായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍. വിതുര നിന്നും വാങ്ങിയ പൊതികളിലെ ലഘുഭക്ഷണവുമായി പിന്നെ അര മണിക്കൂര്‍ വിശ്രമം. കല്ലുകള്‍ നിറഞ്ഞ നടത്താരയും അതിനെ മൊത്തത്തില്‍ വലയം ചെയ്ത് ദുര്‍ഘടങ്ങളായ കയറ്റങ്ങള്‍ മാറിലൊളിപ്പിച്ച് അനന്തമായ പുല്‍മേട് മുന്നില്‍. വീണ്ടും നടത്തം. വൈകുന്നേരത്തോടെ അതിരുമല ക്യാമ്പില്‍ എത്തണം. ഭാഗ്യം എന്തായാലും മഴയില്ല. മഴ പെയ്താല്‍ യാത്ര അതീവ ദുഷ്‌കരമാകും. പുല്‍നാമ്പുകളിലൂയലാടി ചോരയൂറ്റിക്കുടിക്കുന്ന 'അട്ടകള്‍'(leeches) കാത്തിരിക്കും. ശരീരോഷ്മാവ് വച്ചാണ് അവ താന്താങ്ങളുടെ ഇരയെ കണ്ടെത്തുന്നത്. ഉഷ്ണരക്തമുള്ള മനുഷ്യരായാലും മൃഗങ്ങളായാലും കടന്നുപോകുമ്പോള്‍ തണുത്ത ചുറ്റുപാടുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതുകൊണ്ട് അവയ്ക്ക് കണ്ടെത്താനെളുപ്പം. അതിനാല്‍ത്തന്നെ അട്ടകളുടെ സാന്നിധ്യമുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ വരിയുടെ മുന്നിലായിരിക്കുന്നതാണ് നന്നെന്നാണ് കാട്ടില്‍ പറയാറ്. മൃഗങ്ങള്‍ സ്ഥിരം കടന്നുപോകുന്ന വഴികളിലാണെങ്കില്‍ 'മാന്‍ചെള്ള്' (ticks) കൂടി കാണാനുള്ള സാധ്യതയേറും. രോമകൂപങ്ങളുടെ അഗ്രങ്ങളില്‍ കടിച്ചുപിടിച്ചിരിക്കുന്നവയെ കണ്ടെത്താനും വിടുവിക്കാനും തുലോം വിഷമവും.
ഏഴുമടക്കന്‍ തേരി തുടങ്ങുന്നു. സമീപത്തെവിടെയോ ഈച്ചയാര്‍ക്കുന്ന ഹുങ്കാരം. കൂടെയുണ്ടായിരുന്ന കമലാസനന്‍ എന്ന വാച്ചര്‍ ചുമന്നുകൊണ്ടുവന്ന ഭാണ്ഡക്കെട്ട് നിലത്തുവച്ച് താഴേയ്‌ക്കോടി. എന്താണെന്ന് അറിയാനുള്ള ആകാംക്ഷ സഹിക്കാനാവാതെ ഞാനും പേപ്പാറ റെയിഞ്ചോഫീസറും കൂടെ. അവിടെക്കണ്ട കാഴ്ച അതിദാരുണമായിരുന്നു. നാലഞ്ച് വയസ്സുമതിക്കുന്ന ഒരു കാട്ടുപോത്തിന്‍ കിടാവിനെ കാട്ടുനായ്ക്കള്‍ (dholes) നായാടിയിട്ടിരിക്കുന്നു. കണ്ണുകളും ചെവിയും വൃഷണങ്ങളും ഒക്കെ തിന്നുതീര്‍ത്തിരിക്കുന്നു. വയറുപൊട്ടിച്ച് കുടല്‍മാലയും. കാട്ടുപട്ടികളുടെ തനതുവേട്ടയാടല്‍ ശൈലിയാണത്. കൂട്ടമായാണ് (pack) അവര്‍ വേട്ടയാടാറുപതിവ്. നേതാവായ ഒരാള്‍ ഇരയെ ഓടിച്ചുകൊണ്ടിരിക്കും. അപ്പോള്‍ സംഘാംഗങ്ങള്‍ തൊട്ടുപുറകിലായി ഇരയെ അനുധാവനം ചെയ്തുകൊണ്ടിരിക്കും. നേതാവ് തളരുമ്പോള്‍ ആ സ്ഥാനം കൂട്ടത്തില്‍ മറ്റൊരാള്‍ ഏറ്റെടുക്കുന്നു. അപ്പോള്‍ മുന്നിലുണ്ടായിരുന്ന അംഗം പിന്നിലേക്ക് മാറി ബാക്കി കൂട്ടത്തോടൊപ്പം ചേരും. തങ്ങള്‍ ശാരീരികമായി പിന്നോക്കമാണെന്ന തിരിച്ചറിവാണോ ഇത്തരം കൂട്ടത്തോടെയുളള നായാടലിനുപിന്നിലെന്ന് തോന്നും. വലിയ മൃഗങ്ങളെ വരെ ധൈര്യസമേതം നായാടുന്ന ഇവര്‍ പലപ്പോഴും ജീവനോടെ തന്നെ ഇരകളെ ഭക്ഷിക്കുകയാണ് പതിവ്. പിന്‍ഭാഗത്തായിരിക്കും അവയുടെ ആക്രമണം. വയറുപൊട്ടി കുടല്‍മാല പുറത്തുചാടുമ്പോള്‍ത്തന്നെ അവറ്റകള്‍ ആഹരിച്ചുതുടങ്ങും. ഓടിത്തളര്‍ന്ന് നിവൃത്തിയില്ലാതെ വെള്ളക്കെട്ടുകളിലോ വെള്ളം വറ്റാത്ത ചതിപ്പുകളിലോ ഇറങ്ങി നില്‍ക്കുന്ന മ്‌ളാവിനെ (sambar deer) വളഞ്ഞ് കാട്ടുനായ്ക്കളുടെ കൂട്ടം അക്ഷമരായി തുള്ളിക്കളിക്കുന്നത് പറമ്പിക്കുളത്ത് ടോപ് സ്‌ളിപ്പില്‍ ഞാന്‍ കണ്ടിട്ടുണ്ട്. വളരെ വേദനാജനകമായ ഒരന്ത്യമാണ് കാട്ടുപട്ടികള്‍ വേട്ടയാടുന്ന മൃഗങ്ങള്‍ക്ക് വിധിച്ചിട്ടുള്ളത്. സിംഹം, കടുവ, പുലി എന്നിവയൊക്കെ ഇരകളെ ഓടിച്ച് അടിച്ചുവീഴ്ത്തി കഴുത്തിലെ ഞരമ്പില്‍ (Jugular glands) കടിച്ചാണല്ലോ കൊല്ലുന്നത്.

''ഇന്നലെ രാത്രിയിലത്തേതാണ്'', ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിട്ട് കമലാസനന്റെ ശബ്ദം. വീണ്ടും യാത്ര തുടരുമ്പോഴും കുറച്ചുനേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല. പിന്നീടാണ് അയാള്‍തന്നെ ആ കഥ പറഞ്ഞത്. പാണ്ടിപ്പത്തെന്നറിയപ്പെടുന്ന മറ്റൊരു വിനോദ സഞ്ചാരകേന്ദ്രം പേപ്പാറ വന്യജീവി സങ്കേതത്തില്‍ത്തന്നെയുണ്ട്. ബോണക്കാട് നിന്നുതന്നെയാണ് അങ്ങോട്ടും തിരിഞ്ഞ് പോകേണ്ടത്. അവിടെയുള്ള ആന്റീ പോച്ചിംഗ് ക്യാമ്പ് ഷെഡ്ഡിലെ വാച്ചറാണയാള്‍. കഴിഞ്ഞ മാസം അവിടത്തെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരികെയായിരുന്നു. പുല്‍മേടുകള്‍ അവസാനിക്കാറായപ്പോള്‍, വലിയ ഈറക്കാടുകള്‍ തുടങ്ങുന്നതിനുമുന്‍പാണത് സംഭവിച്ചത്. അലസനായി നടന്നുകൊണ്ടിരുന്ന അയാളുടെ ശ്രവണപുടങ്ങളില്‍ അസ്വാഭാവികമായ ഒരു ശബ്ദത്തിന്റ മാറ്റൊലികള്‍. കാടകത്തെ ഓരോ സ്വരങ്ങളും കേട്ടുപരിചയിച്ച കമലാസനത്തിന്റെ കാതുകള്‍ അപകടം മണത്തു. ഇലച്ചാര്‍ത്തുകള്‍ക്കിയില്‍ പലയിടത്തുനിന്നുമായി വികൃതമായ ചിലയ്ക്കുന്ന ഒച്ചകളുണ്ടാക്കി തുള്ളിച്ചാടിയെത്തുന്ന ഏഴ് കാട്ടുനായ്ക്കള്‍ മരണച്ചുവടുകളുമായി ചുറ്റിനും! തികച്ചും സ്‌തോഭജനകമായ കാഴ്ച. പല്ലിളിച്ചുകാട്ടി അവറ്റകള്‍ തനിക്കുചുറ്റും നൃത്തം വയ്ക്കുകയായിരുന്നുവെന്ന് പറയുമ്പോള്‍ കാടുപരിചയിച്ച കണ്ണുകളിലപ്പോഴും നിറയുന്ന വിഹ്വലത! ജീവിക്കാനുള്ള വാഞ്ച ഏതു ജീവിയിലും ഉണ്ടായയിരിക്കുമല്ലോ. വിപദിധൈര്യം എന്നുപറയുന്നതുപോലെ എന്തോ ഒന്ന് സിരകളില്‍ പടര്‍ന്നു. കാട്ടില്‍ സഞ്ചരിക്കുമ്പോഴെപ്പോഴും കൈയ്യില്‍ കരുതുന്ന വാക്കത്തി കടന്നെടുത്ത് ഞൊടിയിടയില്‍ അടുത്തുകണ്ട കാട്ടുതൈയ്യുടെ കമ്പൊന്നുവെട്ടി. പിന്നെ അത് തലക്കുമീതെ അഭ്യാസിയെപ്പോലെ ചുഴറ്റി. തൊട്ടടുത്തെത്തിയ കാട്ടുനായ്ക്കളൊന്നിന്റെ മുഖമടച്ച് ആദ്യത്തെ അടി. ഓര്‍ക്കാപ്പുറത്തേറ്റ താഡനത്തില്‍ മോങ്ങിക്കൊണ്ട് അവന്‍ പിന്തിരിഞ്ഞോടി. പിന്നെ ജീവന്മരണ പോരാട്ടമായിരുന്നു. കടിക്കാനടുത്ത നായ്ക്കള്‍ക്കുനേരെയെല്ലാം വടി വീശിക്കൊണ്ടേയിരുന്നു. കുറെയെണ്ണത്തിന് അടി കിട്ടി. നിവൃത്തിയില്ലാതെ അവ പിന്തിരിഞ്ഞപ്പോഴേക്കും കമലാസനന്‍ തീര്‍ത്തും പരിക്ഷീണനായിരുന്നു. എന്നിട്ടും നിന്നില്ല. തോറ്റോടുന്നുവെന്ന പ്രതീതി ജനിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു കൊണ്ട് ഇടക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ട് ധൃതിയില്‍ നടന്നു. പിന്തിരിഞ്ഞോടുന്നത് തോല്‍വിയായിക്കാണുന്ന മൃഗചേതനകള്‍ വര്‍ദ്ധിതവീര്യമാകും. അയാള്‍ക്കതറിയാം. കാട് എന്നും അതിജീവനത്തിന്റെ കഥ മാത്രമേ പറയു. വിജയിക്കുന്നവന്റേയും നിലനില്‍ക്കുന്നവന്റെയും ചരിതമാണതിന് പഥ്യം. പരാജിതനും നായാടപ്പെടുന്നവനും അവിടെ ഇടമില്ല.
മുട്ടിടിച്ചാന്‍ തേരിയും കടന്ന് ഇടതൂര്‍ന്ന നിത്യഹരിതവനങ്ങളിലൂടെയുള്ള യാത്ര. ''എത്താറായി... രണ്ട് വളവുതിരിഞ്ഞാല്‍ അതിരുമലക്കെട്ടിടമായി... വേഗമാകട്ടെ''. മുന്നില്‍ നടക്കുന്നവര്‍ പിന്നിലുള്ളവരെ പ്രചോദിപ്പിക്കാനെന്നോണം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ അവരോട് നിശ്ശബ്ദരാകാന്‍ ആംഗ്യം കാട്ടി. കാട്ടിനുള്ളിലൂടെയുള്ള സഞ്ചാരത്തില്‍ ശബ്ദം ഉണ്ടാക്കുവാനേ പാടില്ല. പ്രത്യേകിച്ച് ആനകളുടെ സാന്നിധ്യമുള്ള കാടുകളില്‍. ആനകള്‍ നില്‍ക്കുന്ന ഇടങ്ങള്‍ തിരിച്ചറിയാന്‍ ശ്രദ്ധാലുക്കളായ യാത്രികര്‍ക്ക് എളുപ്പമാണ്. എപ്പോഴും എന്തെങ്കിലും ഒടിച്ചുതിന്നും മരങ്ങളുടെ തോലുരിച്ചുമൊക്കെ ഒച്ചയുണ്ടാക്കിക്കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ആനച്ചൂരില്ലെങ്കില്‍പ്പോലും ആനയിടങ്ങള്‍ തിരിച്ചറിയാന്‍ കാടറിയുന്നവര്‍ക്ക് സാധിക്കും. എന്നാല്‍ മനുഷ്യന്റെ ഒച്ചയും ശബ്ദവും കേട്ടാലവ പെട്ടെന്ന് നിശ്ശബ്ദരാകും. അതുകൊണ്ടുതന്നെ നമ്മള്‍ അവറ്റകളുടെ മുന്നിലകപ്പെട്ടുപോകാനും മതി. തന്നെയുമല്ല വന്യജീവി നിരക്ഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കും നിശ്ശബ്ദരായി സഞ്ചരിച്ചാല്‍ മാത്രമേ വന്യജീവികളറിയാതെ സുരക്ഷിതമായി സമീപത്തുനിന്നുള്ള വീക്ഷണം സാധ്യമാകുകയുള്ളൂ.

അതിരുമല ക്യാമ്പിലെത്തിയപ്പോള്‍ ചൂടുകട്ടന്‍ ചായയാണ് എതിരേറ്റത്. ചായയും മൊത്തി മുറ്റത്തിട്ട കസേരകളൊന്നിലിരിക്കുമ്പോള്‍ കാണുന്ന തെളിഞ്ഞ ആകാശം പിളര്‍ന്നുനിൽക്കുന്ന അഗസ്ത്യന്റെ തലയെടുപ്പ്. ചരിഞ്ഞുവീഴുന്ന സൂര്യകിരണങ്ങളില്‍ സുഭഗനായ അഗസ്ത്യന്‍ സ്വാഗതമരുളുമ്പോലെ. ശേഷം ആനക്കിടങ്ങുകളുടെ മുകളിലിട്ടിരിക്കുന്ന കാട്ടുമരക്കമ്പുകളിലൂടെ ബാലന്‍സൊപ്പിച്ചുകടന്ന് തൊട്ടുതാഴെയുള്ള നീര്‍ച്ചാലിലെ സ്ഫടികസമാനമായ വെള്ളത്തില്‍ മുങ്ങിനിവരുമ്പോള്‍ അസ്ഥികള്‍ തുളയുന്ന ശീതം. പിറ്റേന്ന് യാത്രയില്‍ നേരിടാന്‍ പോകുന്ന ദുര്‍ഘടങ്ങളെക്കുറിച്ച് അപ്പോള്‍ ഞങ്ങള്‍ ഓര്‍ത്തതേയില്ല. എന്നാല്‍ കാലത്ത് കാലാവസ്ഥയാകെ തകിടം മറിഞ്ഞിരിക്കുന്നതാണ് കണ്ടത്. അതാണ് ഈ യാത്രയുടെ പ്രത്യേകതയും. അനുനിമിഷം മാറുന്ന പ്രകൃതി. മനുഷ്യപ്രവചനങ്ങളുടെ വരുതിയില്‍പ്പെടുന്നതല്ല അത്. മൂടല്‍മഞ്ഞിലും കൊടിയ ശീതക്കാറ്റിലും പരിസരമൊന്നും തന്നെ വ്യക്തമല്ല. താടിയെല്ലുകള്‍ കൂട്ടിയിടിക്കുമെന്ന പ്രയോഗം അന്വര്‍ത്ഥമാകുന്നപോലെ. പ്രഭാത കൃത്യങ്ങള്‍ക്കും കട്ടന്‍ചായക്കുശേഷം ഏഴുമണിയോടെ യാത്രതുടങ്ങി. ഉപ്പുമാവും പഞ്ചസാരയും പ്രാതലായി പൊതിഞ്ഞെടുത്തു. കൂടെയുള്ളവരുടെ പരിചയസമ്പത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഓരോ ഇഞ്ചുസ്ഥലവും വ്യക്തമായറിയാവുന്ന സ്റ്റാഫുകളും വാച്ചർമാരുമാണ്. യാത്രയിലെ സന്തതസഹചാരികളായ വടികളൂന്നി പതിയെ അടിവച്ചടിവച്ച് മുന്നോട്ട്. നാടുകാണിയും താണ്ടി പൊങ്കാലപ്പാറയിലെത്തുമ്പോള്‍ ശീതക്കാറ്റ് അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു. സൂക്ഷിച്ചില്ലെങ്കില്‍ കാറ്റ് മറിച്ചിടുമെന്ന പ്രതീതി. വീതികുറഞ്ഞ നീര്‍ച്ചാലിന്റെ മറുകരയിലേക്ക് ചാടിക്കടക്കുമ്പോള്‍ ഇടതുവശത്ത് താഴെ പാറക്കൂട്ടങ്ങളില്‍ വീണുചിതറുന്ന നീര്‍ച്ചാല്‍. മുന്നിലെത്തിയവര്‍ ആഹാരം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. പണ്ട് യാത്രികര്‍ ഇവിടെ പൊങ്കാല നൈവേദ്യം നടത്തിയിരുന്നു. കാട്ടുകമ്പുകള്‍ ശേഖരിച്ച് അടുപ്പുകൂട്ടിയിരുന്നു. ഇന്ന് കാട്ടില്‍ നിന്നും കമ്പുകളൊന്നും വെട്ടിയടുക്കാനോ തീ കൂട്ടാനോ അനുവാദമില്ല. പ്രത്യേകിച്ച് പേപ്പാറ പോലൊരു വന്യജീവി സങ്കേതത്തില്‍. അഗസ്ത്യാര്‍കൂടത്തിന്റെ നെറുക കാണാനേ വയ്യ. എന്റെ മുന്‍ യാത്രകളില്‍ ഒന്നും ഇങ്ങനെയായിരുന്നില്ല. പര്‍വ്വതശിഖരങ്ങള്‍ വ്യക്തമായിക്കണ്ടുകൊണ്ടാണ് പൊങ്കാലപ്പാറ നിന്നും കയറിയിരുന്നത്.
ഇനിയാണ് ഏറ്റവും ദുര്‍ഘടമായ പാത. നിറയെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വഴികളിലൂടെ അള്ളിപ്പിടിച്ച് കയറ്റം. ഉയരം കൂടുന്തോറും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റംപോലെ തന്നെ വൃക്ഷങ്ങളുടെ ഘടനയിലും ഇനങ്ങളിലും ഒക്കെ വ്യക്തമായ വ്യത്യാസങ്ങള്‍. പച്ചക്കാടെന്നും 'ഏസി'ക്കാടെന്നുമൊക്കെ പേരിട്ടുവിളിക്കുന്ന ഉയരം നന്നെകുറഞ്ഞ നിത്യഹരിത വനങ്ങളാണ് ഇനിയങ്ങോട്ട്. ഇരുവശവും ഇടതിങ്ങിയ കാടുകള്‍ക്കിടയിലൂടെ കയറുമ്പോള്‍ കൂട്ടത്തിലൊരാള്‍ പറഞ്ഞു. ''ഇവിടെയാണ് മൂന്നുവര്‍ഷം മുമ്പ് ഒരാള്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചത്''. വനം വകുപ്പിലെ വാച്ചര്‍ തന്നെ. ഇത്തിരിയില്ലാത്ത പാറകള്‍ നിറഞ്ഞ വഴിയില്‍ മുകളില്‍നിന്നും ബുള്‍ഡോസര്‍ പോലെ 'കാട്ടി' പാഞ്ഞെത്തിയപ്പോള്‍ ഒന്നൊഴിഞ്ഞുമാറാന്‍ പോലും അവസരം കിട്ടിയില്ല എന്നതാണ് സത്യം. കൊമ്പുകളില്‍ക്കൊരുത്ത് രണ്ടുപ്രാവശ്യം മുകളിലേയ്‌ക്കെറിഞ്ഞു. കൂര്‍ത്ത പാറക്കല്ലുകളിലേക്കാണ് വീണത്. കേട്ടപ്പോള്‍ ഭയം തോന്നാതെയിരുന്നില്ല. കാരണം നന്നെ ഇടുങ്ങിയ ആ വഴിയില്‍ അപ്പോള്‍ മുന്നില്‍ നിന്നും ഏതെങ്കിലും മൃഗം വന്നാല്‍ ഒഴിഞ്ഞുമാറാനേ കഴിയുമായിരുന്നില്ല. അടിച്ചുറപ്പിച്ച ഇരുമ്പുകുറ്റികളില്‍ ഘടിപ്പിച്ച കയറുകളില്‍ത്തൂങ്ങി പാറക്കൂട്ടങ്ങള്‍ക്കുനെറുകയിലേക്ക് കയറുമ്പോള്‍ താഴേക്ക് നോക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തിരികെയിറങ്ങുമ്പോള്‍ കാലുവഴുക്കി വീണ് വെട്ടിനിറുത്തിയിരുന്ന ഈറമുളന്തണ്ട് കണ്ണിലൂടെ തുളഞ്ഞുകയറി 'ഭൂപതി' എന്നുപേരുള്ള ശാസ്ത്രജ്ഞന്‍ മരിച്ചത് ഇന്നും നടുക്കുന്ന ഓര്‍മ്മയാണ്.
അവസാനം... മഹാപ്രസ്ഥാനയാത്രയുടെ പരിണാമഗുപ്തിയില്‍ അഗസ്ത്യന്റ നെറുകയില്‍! കൊടിയ ശീതക്കാറ്റില്‍ പരസ്പരം കാണാന്‍ തന്നെ വിഷമിച്ച് ആയത്തില്‍ നടന്ന് ദിവ്യസന്നിധിയിലേക്ക്! അവിടെ നില്ക്കുമ്പോള്‍ അങ്ങുതാഴെ വീശിയടിക്കുന്ന മഞ്ഞുകാറ്റിലുലഞ്ഞ് വെണ്മേഘങ്ങളുടെ വെളിയാടകള്‍ ഞങ്ങളെത്തഴുകി കടന്നുപോയ്‌ക്കൊണ്ടിരുന്നു. വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത അനിര്‍വചനീയത! എല്ലുതുളക്കുന്ന തണുപ്പിലും മനസ്സുനിറയുന്നു.

അരമണിക്കൂറിനുശേഷം വീണ്ടും അതിരുമല ബേസ്‌ക്യാമ്പിലേക്ക്... പിറ്റേന്ന് കാലത്ത് ഒന്‍പതുമണിയോടടുപ്പിച്ചാണ് ഭാണ്ഡം മുറുക്കുന്നത്. സാധാരണ തിരികെ ബോണക്കാടിലേയ്ക്കുതന്നെയാണ് മടക്കം. എന്നാലിപ്പോള്‍ വഴിമാറിയൊരു യാത്ര (detour). സാധാരണ യാത്രികര്‍ക്ക് അനുമതിയില്ലാത്തതാണ്. വനം വകുപ്പുദ്യോഗസ്ഥരുടെ വിശേഷാധികാരം. മഞ്ഞുമൂടിക്കിടക്കുന്ന നിത്യഹരിതവനാന്തരങ്ങളിലൂടെ നാച്ചിയാര്‍ മൊട്ടയിലേക്കുള്ള നടപ്പാതയാണ്. ഇടക്ക് ആനച്ചുവടുകളും കാട്ടുപോത്തിന്റെ കുളമ്പടികളും കുഴച്ചുമറിച്ച നടപ്പാത. കുത്തനെയുള്ള ഇറക്കം. കാലില്‍ എന്തോ നനവുപടരുന്നതുപോലെ. നോക്കുമ്പോള്‍ ഷൂസിനുള്ളിലേക്കു വഴി തേടുന്ന അട്ടകളുടെ സഞ്ചയം! ജൂറാസിക് യുഗത്തിലെ കാട്ടുവഴികളാണെന്നുതോന്നും. വലതുവശത്ത് കൊക്കയും താണ്ടി ദൃഷ്ടിപഥത്തില്‍ നിറയുന്ന പേരറിയാത്ത പാറക്കെട്ടുകളുടെ വന്‍കോട്ട. അതിന്റെ താഴ്വാരങ്ങളില്‍ അപൂര്‍വ്വങ്ങളായ 'കാന്തക്കമുകുകള്‍' (Bentinckia condapana) (കൊണ്ടപ്പനകള്‍) കാവല്‍ നില്‍ക്കുന്ന കാഴ്ച. നാട്ടിലെ നമ്മുടെ കമുകുമായി ഏറെ സാമ്യം തോന്നുന്ന ഒന്നാണിത്. വഴിയുടെ ഇടതുവശം അധികം ഉയരമില്ലാത്ത വിശാലമായ പുല്‍പ്പരപ്പുകളാണ്. അവിടവിടെ എഴുന്നുനില്‍ക്കുന്ന ശിലാവശിഷ്ടങ്ങള്‍ പോലെ വിവിധ ജ്യാമിതികളിലെ പാറത്തഴപ്പുകള്‍. പിന്നെ ഇണപിരിയാതെ നില്‍ക്കുന്ന 'കുതിരക്കട്ടി'യും 'ആനക്കട്ടി'യും എന്ന രണ്ട് ശിലകളുടെ ആകര്‍ഷണം. പുല്‍മേടുകള്‍ വിട്ട് വനാന്തരങ്ങളിലൂടെ നീളുന്ന അവസാനമില്ലാത്ത ചെങ്കുത്തായ ഇറക്കം. അതിനനുസരിച്ച് അന്തരീക്ഷോഷ്മാവ് ഏറിക്കൊണ്ടിരിക്കുന്നു.

അപ്പോഴാണ് മുമ്പ് നടന്ന ഒരു സംഭവം ഓര്‍ത്തത്. ഉദ്ദേശം രണ്ടുവര്‍ഷം മുമ്പ് കാട്ടുതീ പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു കോമ്പിംഗ് ഓപ്പറേഷനിലായിരുന്നു (combing operation) അത്. നാച്ചിയാര്‍ മൊട്ടയിലെത്തുമ്പോള്‍ ഇരുട്ടിത്തുടങ്ങിയിരുന്നു. ഉണങ്ങിത്തുടങ്ങിയ പുല്ലാണ് ചുറ്റിനും. മുന്നില്‍ നടന്നിരുന്ന ആദിവാസി വാച്ചര്‍ പെട്ടെന്ന് നിന്നു. ''കരിച്ചാത്തി..!'' പിന്നില്‍ എല്ലാവരും സഡന്‍ ബ്രേക്കിട്ടമാതിരി നിന്നു. മുന്നില്‍ പുല്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ മങ്ങിവരുന്ന വെളിച്ചത്തിലും വെള്ളവരകളുള്ള തിളങ്ങുന്ന പതിനഞ്ചടിയോളം നീളം വരുന്ന ഒരു വലിയ കറുത്ത വടം നിലത്ത് ഇഴപിരിയുന്നതുപോലെ! പതുക്കെ ചുറ്റുകള്‍ ഒന്നൊന്നായി നിവര്‍ത്തി തികഞ്ഞ അവധാനതയില്‍ ആ പെരും നാഗം താഴത്തെ പുല്‍പ്പടര്‍പ്പുകള്‍ക്കുള്ളിലേക്കൂളിയിട്ടു. രാജവെമ്പാല! ഭയം തോന്നിയില്ല. കാരണം നിരുപദ്രവകാരിയാണത്. പ്രതിരോധൗഷധമൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഇത്രനാളായിട്ടും കേരളത്തിലെ വനങ്ങളില്‍ രാജവെമ്പാലയുടെ ദംശനമേറ്റ് ആരും മരിച്ചതായി കേട്ടറിവില്ല. 'മൂട്ടിപ്പഴ'ത്തിന്റെ വൃക്ഷങ്ങള്‍ (Baccaurea courtallensis) ഇടയ്ക്ക് കണ്ടു. പക്ഷേ ഒന്നിലും പഴങ്ങളില്ല. പുളിപ്പുരസമുള്ള കായകള്‍ കഴിക്കാന്‍ നല്ല രസമാണ്. ചുവപ്പും മഞ്ഞയും നിറത്തിലാണ് സാധാരണ കാണപ്പെടുന്നത്. കാട്ടിലെ ആമകള്‍ക്കും പക്ഷികള്‍ക്കും മറ്റ് ജീവികള്‍ക്കും ഇതേറെ പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ മുന്നിലെവിടെയോ സംഘാംഗങ്ങളുടെ വര്‍ത്തമാനം കേള്‍ക്കാം. മൂന്നുദിവസത്തെ നെടുങ്കന്‍ യാത്രയുടെ അവസാനം പ്രത്യാശയുടെ കൈത്തിരിവെട്ടം! താഴെ 'പാറ്റാമ്പാറ' ആദിവാസി കോളനിയും താണ്ടി വനം വകുപ്പ് ജീപ്പുകള്‍ എത്തിയിരിക്കുന്നു. ഏകദേശം നാല്‍പ്പത് കിലോമീറ്റര്‍ നീണ്ട മഹായാത്രയുടെ പര്യവസാനം. ആ കാഴ്ച തന്നെ അപ്പോള്‍ വലിയ ഒരാശ്വാസമായിരുന്നു.
അവിടെ നിന്നും പേപ്പാറ വന്യജീവി സങ്കേതത്തിലെ വിശ്രമകേന്ദ്രത്തിലേക്ക് ഒരു മണിക്കൂറോളം നീണ്ട ജീപ്പുയാത്ര. ചെന്നിറങ്ങുമ്പോള്‍ മുന്നിലെ റിസര്‍വ്വോയറിന്റെ സ്വച്ഛതയ്ക്ക് അതിരിടുന്ന ഹരിതാഭയ്ക്കുമപ്പുറം ദൂരക്കാഴ്ചയില്‍ അഗസ്ത്യന്റെ കരുതല്‍. കാതങ്ങള്‍ക്കുമകലെ ഉച്ചച്ചൂടിലുരുകുമ്പോള്‍ അങ്ങുമുകളില്‍ അഗസ്ത്യന്റെ നെറുകയില്‍ മങ്ങൂഴം തുടരുകയായിരുന്നു.
(ശെന്തുരുണി വന്യജീവി സങ്കേതത്തിലെ വൈല്‍ഡ്‌ലൈഫ് വാര്‍ഡനാണ് ലേഖകന്‍)





+25
Content Highlights: Agasthyarkoodam Trekking travel forest officer Agasthyamalai Western Ghats
Published: 14 Mar 2023, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented