ഴിഞ്ഞ വര്‍ഷം റെഡിയാക്കിയ ബാഗാണ്. പക്ഷേ അഗസ്ത്യാര്‍കൂടം വിളിച്ചത് ഈ വര്‍ഷം. സമാധാനമായി പോയിവരാനാണ് ഓഫ് സീസണ്‍ തിരഞ്ഞെടുത്തത്. മാര്‍ച്ചിലും സ്ലോട്ട് കിട്ടാതായപ്പോള്‍ ഈ വര്‍ഷവും നടക്കില്ലെന്നാണ് കരുതിയത്. പക്ഷേ 'Determination Opens the Path to Success' എന്നാണല്ലോ! ഓഫ്‌ലൈനായി പെട്ടെന്ന്‌ ടിക്കറ്റ് കിട്ടി. മുന്നിലുള്ളത് രണ്ടാഴ്ച. അഗസ്ത്യാര്‍കൂടം കയറിയവര്‍ പറഞ്ഞതെല്ലാം ഒരേ കാര്യങ്ങള്‍. 'കഠിനമായ കയറ്റം, ഫിറ്റ്‌നസ് മസ്റ്റ്, ഷൂസ്, ട്രാക്ക് സ്യൂട്ട്, തൊപ്പി, സണ്‍സ്‌ക്രീന്‍, വാട്ടര്‍ ബോട്ടില്‍...' എന്റെ കൈവശം ഇതൊന്നുമില്ല. അതിനിടയില്‍ ആറ്റുകാല്‍ പൊങ്കാലയും! ശേഷം മുന്നിലുള്ളത് ഒറ്റ ആഴ്ച!

To advertise here,

മാര്‍ച്ച് 17 2025

സ്വപ്‌നയാത്രയ്ക്കുള്ള കാത്തിരിപ്പിന് വിരാമം. രാവിലെ അഞ്ചുമണിക്ക് തമ്പാനൂരില്‍നിന്നുള്ള ആദ്യ ബസ് കയറി. വലിയ ബാക്ക്പാക്കുമായി ബോണക്കാട് ബസ് കാത്ത് കുറേപ്പേര്‍ ഉണ്ടായിരുന്നു. ഉന്തുംതള്ളിനുമിടയില്‍ നിര്‍ജീവികളായ ഞങ്ങള്‍ മൂന്നുപേരോടും ദയ തോന്നിയ ഡ്രൈവര്‍ സീറ്റ് പിടിച്ചുതന്നു. സൈഡ് സീറ്റ് യാത്ര ആസ്വദിച്ച് ഇടയ്‌ക്കെപ്പോഴോ ഉറങ്ങിപ്പോയി. ഭക്ഷണം കഴിക്കാന്‍ വിതുരയില്‍ വണ്ടി നിര്‍ത്തി. പ്രഭാതഭക്ഷണം കഴിച്ച് ഉച്ചയ്ക്കുള്ളത് പാഴ്‌സല്‍ വാങ്ങാമെന്നായിരുന്നു കരുതിയത്. പക്ഷേ അതൊരു കുഞ്ഞ് കട. ഞങ്ങള്‍ക്കൊപ്പം രണ്ട് തൃശ്ശൂരുകാരും ഭക്ഷണം കഴിക്കാനിറങ്ങി. എന്റെ കൂടെയുള്ള തൃശ്ശൂരുകാരന്‍ അവരെ പരിചയപ്പെട്ടു. 'അപ്പനും ഉണ്ണിക്കുട്ടനും' ഏജന്റ് വഴിയാണ് അവര്‍ ബുക്ക് ചെയ്തത്. ബുക്കിങ് ചാര്‍ജ് 6,500 രൂപ. ഈ യാത്രയ്ക്ക് ഞങ്ങള്‍ക്ക് ഒരാള്‍ക്ക് ആകെ ചെലവായ തുക.

ഡ്രൈവര്‍ 'പോകാം' എന്ന ഹോണ്‍ മുഴക്കി. പാതി കുടിച്ച ഗ്ലാസ് തിരികെവെച്ച് ഓടി ബസില്‍ ഓടിക്കയറി. വിതുരയില്‍നിന്ന് ബോണക്കാട്ടേക്ക് വളവുകള്‍ നിറഞ്ഞ കയറ്റമാണ്. കാട്ടില്‍ കയറിയപ്പോള്‍ ആദ്യം വരവേറ്റത് മലയണ്ണാനും മൂങ്ങയും പിന്നെ കാട്ടുകോഴികളും. എട്ടുമണിയോടെ ബസ് ബോണക്കാടെത്തി. മൂന്നുപെട്ടിക്കടകളും കുരിശുപള്ളിയുമുള്ള ഒരു കവല. ഒരു സൈഡില്‍ നീണ്ടുകിടക്കുന്ന വഴി, അതിനരികില്‍ ഒരു ബോര്‍ഡ് 'അഗസ്ത്യാര്‍കൂടം 22 കി.മീ'. ഫോറസ്റ്റ് ഓഫീസില്‍ (ക്യാമ്പ് -ഒന്ന്) എത്താന്‍ അവിടെനിന്ന് ഏകദേശം മൂന്നു കിലോ മീറ്റര്‍ നടക്കണം. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് ഓഫീസിന് താഴെവരെ വണ്ടിയെടുക്കാം. വെള്ളച്ചാട്ടത്തിനരികിലെ കുഞ്ഞ് ചായക്കടയും കടന്ന് ഞങ്ങള്‍ നടന്നു. എട്ടുമിനിറ്റ് നടന്നാല്‍ പൊളിഞ്ഞ എസ്റ്റേറ്റ് കാണാം. പഴയ പ്രതാപത്തോടെ ഓര്‍മ്മകള്‍ അയവിറക്കി നില്‍ക്കുന്ന തുരുമ്പെടുത്ത ബോണക്കാട് എസ്റ്റേറ്റ്.

തമിഴ് ഗ്രാമങ്ങളെ ഓര്‍മപ്പെടുത്തും വിധം റോഡിന് ഇരുവശവും വീടുകള്‍. എസ്റ്റേറ്റില്‍ പണിക്ക് വന്നരുടെ ലയങ്ങളാണ്. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ വിതുര വരെ എത്തണം. ഞങ്ങള്‍ക്കൊപ്പം നടക്കാന്‍ ഒരു നായയും കൂടി. കഴിക്കാന്‍ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ വന്നതാവും. തമിഴ്‌നാട് നമ്പര്‍ പ്ലേറ്റുള്ള കുറേ വാഹനങ്ങള്‍  കടന്നുപോയി. അവിടെയെത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നുള്ള കുറേ ആണുങ്ങള്‍. അവര്‍ 67 പേരുണ്ട്. ഉച്ചത്തിലുള്ള സംസാരത്തിനും പൊട്ടിച്ചിരികള്‍ക്കും ഇടയില്‍ അസ്വസ്ഥരായി ഞങ്ങള്‍ മൂന്നുപേര്‍. അഗസ്ത്യാര്‍കൂടം കയറാനുള്ളവരെല്ലാം എത്തി. കൂട്ടത്തിലെ സ്ത്രീജനങ്ങള്‍ ഞങ്ങള്‍ രണ്ട് പേര്‍ മാത്രം.

തമിഴന്മാരുടെ കൈയില്‍ ഒരേ തരത്തിലുള്ള സഞ്ചികള്‍. മലമുകളിലുള്ള അഗസ്ത്യമുനിക്ക് പൂജ ചെയ്യാനുള്ള സാമഗ്രികളാകുമെന്നാണ് കരുതിയത്. അല്ല, അതില്‍ മധുര പലഹാരങ്ങളാണെന്ന് പിന്നീട് ഞങ്ങള്‍ മനസിലാക്കി. മുകളിലേക്ക് പ്ലാസ്റ്റിക്ക് കയറ്റാന്‍ പറ്റില്ല. ആധാര്‍ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷനൊപ്പം ബാഗില്‍ പ്ലാസ്റ്റിക്കുണ്ടോയെന്ന് പരിശോധിക്കും. അത്യാവശ്യമുള്ള പ്ലാസ്റ്റിക്ക് കൂടുകള്‍ നിശ്ചിത തുക കെട്ടിവെച്ച് കൊണ്ടുപോകാന്‍ സാധിക്കും. തിരിച്ചിറങ്ങുമ്പോള്‍ കവര്‍ കാണിച്ച് പണം തിരികെ വാങ്ങാം. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി കാട് കയറാന്‍ കാത്തിരിക്കുന്നതിനിടയില്‍ ഒരു ചെറിയ ബാക്ക് പാക്കുമായി ഒറ്റയ്ക്ക് ഇരിക്കുന്ന മനുഷ്യനെ പരിചയപ്പെട്ടു. 'ടോണി'- 'ഹൈലി എനര്‍ജറ്റിക്'.

വെരിഫിക്കേഷന്‍ ക്ലിയര്‍ ചെയ്ത് മലകയറാന്‍ തയ്യാറായി. കൂടെയൊരു വടിയും കിട്ടി. ഒരു 'പെര്‍ഫെക്ട്' വടി ഞാന്‍ തിരഞ്ഞെടുത്തു. ഫോറസ്റ്റ് ഓഫീസിന് അടുത്തുള്ള വാഷ്‌റൂമില്‍ പോയ ശേഷം മല കയറിത്തുടങ്ങി. മരങ്ങള്‍ക്ക് ഇടയിലൂടെ ഒരാള്‍ക്ക് നടക്കാനാവുന്ന കാട്ടുപാത. എന്റെ കയ്യില്‍ അത്യവശ്യം കനമുള്ള ബാക്ക്പാക്കും പിന്നെ രണ്ടുചെറിയ ബാഗും. വലിയ കനമുള്ള ബാഗുകള്‍ വാച്ചര്‍മാര്‍ പിടിക്കും. അവര്‍ക്ക് പ്രത്യേകം പണം നല്‍കണം. ഓരോ ടീമിനൊപ്പവും ഒരു വാച്ചറുണ്ടാകും. ഞങ്ങളുടെ കൂടെ വന്നത് ബാബു ചേട്ടനാണ്.

നടന്നുതുടങ്ങി, ഉഷാറ് നടത്തം. ഞങ്ങള്‍ കയറുമ്പോള്‍ കുറച്ചുപേര്‍ ഇറങ്ങുകയായിരുന്നു. അവരുടെ മുഖത്ത് അവശതയ്ക്ക് മുകളില്‍ നിര്‍വൃതിയുടെ പുഞ്ചിരി. കാട്ടരുവികളില്‍നിന്ന് ഒഴിഞ്ഞ കുപ്പികള്‍ നിറച്ചു. കൂടെ കയറുന്നവര്‍ ഞങ്ങളെയും കടന്നുപോയി. വളരെ സമാധാനത്തോടെ കൈയിലുള്ള ഈന്തപ്പഴവും അണ്ടിപ്പരിപ്പും വെള്ളവും കുടിച്ച്, ഇടയ്ക്ക് പാറയില്‍ ഇരുന്ന് ക്ഷീണം മാറ്റിയാണ് ഞങ്ങള്‍ കയറിയത്.

'ലാത്തിമൊട്ട'- രണ്ടാമത്തെ ക്യാമ്പിലേക്ക് 16.5 കിലോ മീറ്റര്‍ ദൂരം. ഇത്തരത്തിലുള്ള ആറു ക്യാമ്പുകള്‍ കടക്കണം. ബേസ് ക്യാമ്പ് ഏഴാമതാണ്. ഇന്നവിടെ താമസിച്ച ശേഷം നാളെ അഗസ്ത്യാര്‍ മലമുകളിലേക്ക് കയറും. ഏകദേശം ഒരു മണിയോടെ അട്ടയാര്‍ (ക്യാമ്പ്-4) എത്തി. പുല്‍മേടിന്റെ അടിവാരം. ക്യാമ്പ് അഞ്ചിലേക്ക് അവിടെ നിന്നും 10.5 കിലോ മീറ്ററുണ്ട്. അതായത്, ഞങ്ങള്‍ ബേസ് ക്യാമ്പിലേക്ക് ഏകദേശം പകുതി ദൂരം താണ്ടി. ചിലര്‍ അവിടെയുള്ള തോട്ടിലെ പാറപ്പുറത്ത് വിശ്രമിച്ചു. മറ്റു ചിലര്‍ ഉച്ചഭക്ഷണ പൊതി തുറന്നു. തണുത്ത വെള്ളത്തില്‍ ഒന്ന് മുങ്ങിയിട്ടാണ് ഞാന്‍ വീണ്ടും നടത്തം ആരംഭിച്ചത്. ഇതിനിടയില്‍ ചാരിവെച്ച എന്റെ 'പെര്‍ഫെക്ട്' വടി ആരോ എടുത്തു. പകരം തന്ന മറ്റൊരു വടിയും കുത്തിയാണ് പിന്നീട് കയറിയത്.

ഏറ്റവും പ്രയാസം പുല്‍മേടാണ്. മരങ്ങളില്ലാത്ത മൊട്ടക്കുന്ന്, തലയ്ക്ക് മുകളിലേക്ക് നേരിട്ട് വെയിലടിക്കും, കുത്തനെയുള്ള കയറ്റം എന്നൊക്കെയാണ് നേരത്തെ കിട്ടിയ നിര്‍ദേശം. പറഞ്ഞത് പോലെ പുല്‍മേട് കഠിനം തന്നെ. ഭാഗ്യത്തിന് അന്ന് വെയില്‍ ഇല്ലായിരുന്നു. പക്ഷേ, അന്തരീക്ഷത്തിന് നല്ല ചൂടുണ്ടായിരുന്നു. പുല്‍മേട്ടില്‍നിന്നു നോക്കിയാല്‍ പൊന്‍മുടിയുടെ ഒരു ഭാഗം കാണാമെന്ന് ബാബു ചേട്ടന്‍ പറഞ്ഞു.

മുകളിലേക്കും താഴേയ്ക്കും നോക്കിയാല്‍ കാണുന്ന കാഴ്ചകള്‍ അതിമനോഹരമാണ്. മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് ആനകള്‍ എത്താറുണ്ട്. വലിയ കയറ്റങ്ങള്‍ നിറഞ്ഞ പുല്‍മേട്! മുന്നോട്ട് നീങ്ങി. പോകുംതോറും എന്റെ യാത്ര ഒറ്റയ്ക്കായി. സ്പീഡല്ല, ആവേശം കൂടിയതാണ്. പുല്‍മേട് അവസാനിക്കുന്നത് ഒരു കാടിന്റെ തുടക്കത്തില്‍, 'ബോണക്കാട്'. സമയം വൈകീട്ട് ഏകദേശം 3.15. കാട് കയറിത്തുടങ്ങി. കയറിയിട്ടും കയറിയിട്ടും അവസാനിക്കാത്തത് പോലൊരു 'കുന്നന്‍ കാട്'. ഏകദേശം 10 കിലോ മീറ്റര്‍ നടന്ന ക്ഷീണവും പ്രയാസവും ഒപ്പമുണ്ടായതിനാലാവാം കയറിയതില്‍വെച്ച് ഏറ്റവും ദുഷ്‌കരമായി തോന്നിയത് ആ കയറ്റമായിരുന്നു.

നിബിഢമായ മരങ്ങള്‍ക്ക് ഇടയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്ന മനോഹരദൃശ്യം. പക്ഷേ, ബാഗില്‍നിന്നു ഫോണ്‍ എടുക്കാനുള്ള ആരോഗ്യം പോലുമില്ലാത്തത്ര തളര്‍ച്ച. വേഗത കുറച്ച് ഏറ്റവും കംഫര്‍ട്ടബിളാകുന്ന രീതിയില്‍ നിര്‍ത്താതെ കയറി. എന്നിട്ടും മുകളിലെത്തിയെപ്പോള്‍ തളര്‍ന്ന്, വീണുകിടന്ന മരത്തടിയില്‍ ഇരുന്നു. വാച്ചര്‍ ചേട്ടന്‍ മുകളില്‍ കാത്തിരിപ്പുണ്ടായിരുന്നു. 'ഇത് ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ എങ്ങനെ മുകളിലേക്ക് കയറും?', ഒരു ചോദ്യം.

സൈഡില്‍ ഒരു ബോര്‍ഡ്: അതിരുമല- ബേസ് ക്യാമ്പ് ഏഴ്
Take Away Memmories
Leave only Foot Prints

ബേസ് ക്യാമ്പിലേക്ക് ഇനിയും നടക്കണം. നിരപ്പായ, ഒറ്റയടി പാത. ചുറ്റിലും മരങ്ങള്‍. ഒരു കൂട്ടം തമിഴ് ചേട്ടന്മാരോടൊപ്പം ഞാനും നടന്നു. ഒരു 20 മിനിറ്റ്. ബേസ് ക്യാമ്പിന്റെ നീല ഷെഡ് ദൂരെ നിന്നും കണ്ടു, മനസ്സ് തെളിഞ്ഞു. സ്ത്രീകളുടെ ഷെഡ്ഡില്‍ ബാഗും സാധനങ്ങളും ഇറക്കി വെച്ചു. വാച്ചറോട് കുറച്ച് ചൂട് വെള്ളം ചോദിച്ചു. അവര്‍ ഒരു ഗ്ലാസ് കട്ടന്‍ തന്നു. ഉയരും കൂടുന്തോറും ചായയുടെ സ്വാദ് കൂടുമെന്ന് ലാലേട്ടന്‍ പറഞ്ഞതിനെ അന്വര്‍ഥമാക്കും വിധം!

ബേസ് ക്യാമ്പ്- അതിരുമല

അഗസ്ത്യാര്‍മലയുടെ അടിവാരത്തായാണ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. വന്യജീവികള്‍ കയറാതിരിക്കാന്‍ ചുറ്റിലും കിടങ്ങ് സ്ഥാപിച്ചിട്ടുണ്ട്. ആകെ നാലു ഷെല്‍ട്ടറുകളില്‍ ഒന്ന് സ്ത്രീകള്‍ക്ക്. പിന്നിലെ ശൗചാലയങ്ങളില്‍ രണ്ടെണ്ണം സ്ത്രീകള്‍ക്ക് റിസര്‍വ് ചെയ്തിട്ടുണ്ട്. കിടക്കാന്‍ ബെഡ് ഉണ്ട്. പ്ലഗ് പോയിന്റുണ്ട്. പക്ഷേ റേഞ്ച് ഇല്ല. ടോയിലറ്റില്‍ കുളിക്കാന്‍ സൗകര്യമുണ്ട്, പക്ഷേ ഞങ്ങള്‍ പോയത് അടുത്തുള്ള അരുവിയിലേക്കാണ്. സമയം വൈകീട്ട് 4.30. നേര്‍ത്ത തടികള്‍ കൂട്ടിയിട്ട് നിര്‍മിച്ച പാലം കടന്ന് തോട്ടിലേക്ക് നടന്നു. കോടയിറങ്ങി തുടങ്ങി. പോകുംവഴിയില്‍ ഒരു പാറയുണ്ട്. വന്നവരെല്ലാം അതിന് മുകളില്‍ കയറി ഫോണില്‍ റേഞ്ച് പിടിക്കാനായുള്ള തത്രപ്പാടിലായിരുന്നു.

ദീര്‍ഘ നിശബ്ദത, പക്ഷികളുടേയും ചീവീടുകളുടേയും ശബ്ദം മാത്രം. വെളളത്തിന് ഐസിന്റെ തണുപ്പ്. ഒറ്റ മുങ്ങിപ്പൊങ്ങല്‍. പിന്നെ കിടുകിടാ വിറയായിരുന്നു. ആദ്യമായാണ് അത്രയും തണുത്ത വെള്ളത്തില്‍ കുളിക്കുന്നത്. തിരിച്ച് ബേസ് ക്യാമ്പില്‍ എത്തിയപ്പോള്‍ ചൂട് കട്ടനും കായ ബജിയും കിട്ടി. പുറത്തുനിന്ന് ബജി കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ഞങ്ങള്‍ക്ക് ഒന്നുകൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നി. കുറച്ചുനേരം കിടന്നു. ഏഴുമണിക്ക് കതകിലെ മുട്ടല്‍ കേട്ടാണ് ഉണര്‍ന്നത്. കഞ്ഞികുടിക്കാനുള്ള വിളി.

മഞ്ഞനിറത്തിലുള്ള നാരങ്ങ അച്ചാര്‍, ഒരു വറ്റല്‍ മുളക്, ചെറുപയര്‍ തോരന്‍, കഞ്ഞി, പപ്പടം. ഇത്രയും രുചിയോടെ കഞ്ഞി കുടിച്ചത് ഓര്‍മയിലില്ല. വിശപ്പിന്റെ കാഠിന്യത്തിനൊപ്പം ഉയരുന്ന ഭക്ഷണത്തിന്റെ സ്വാദ്! പുറത്ത് നല്ല തണുപ്പുണ്ട്, അധികനേരം ഇരുന്നില്ല. നാളെ വീണ്ടും മല കയറാനുള്ളതിനാല്‍ ചുമയ്ക്കുള്ള മരുന്നും കഴിച്ച് കിടന്നു. ഒന്‍പതുമണി വരെ റൂമില്‍ ലൈറ്റ് ഉണ്ടാവും. അസഹനീയമായ തണുപ്പ്, അതിനെ മറികടന്ന് ഉറക്കം എത്തുന്നില്ല. ഞാനൊരു പുതപ്പ് കരുതിയിരുന്നു. ബെഡില്‍ ഷാള്‍ വിരിച്ച് പുതച്ച് കിടന്നു. തലയില്‍ തൊപ്പിയും കാലില്‍ സോക്‌സും ഇട്ടു. അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാല്‍ തണുപ്പ് ഊഴ്ന്ന് കയറും. അനങ്ങാതെ ഒറ്റ കിടപ്പ്. അതേ ഓര്‍മ്മയുള്ളൂ...

രണ്ടാം ദിനം

കൂര്‍ക്കംവലികളുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ആറു മണി, തണുപ്പ്. പ്രഭാതഭക്ഷണം പൂരിയും ബാജിയും കഴിച്ച് മല കയറാന്‍ റെഡിയായി. ചിലര്‍ ഭക്ഷണം പൊതിഞ്ഞെടുത്തു. ഭാരം ചുമക്കാന്‍ വയ്യാത്തതിനാല്‍ ഞങ്ങള്‍ കഴിച്ചിട്ട് കയറി. എല്ലാവരും പോയ ശേഷമാണ് ഞങ്ങള്‍ ക്യാമ്പില്‍നിന്ന് ഇറങ്ങിയത്. ബേസ് ക്യാമ്പില്‍നിന്ന് അഗസ്ത്യാര്‍കൂടം മലമുകളിലേക്ക് ആറു കിലോ മീറ്റര്‍ ദൂരമുണ്ട് ഒരാള്‍ക്ക് നടക്കാന്‍ സാധിക്കുന്ന ഒറ്റയടിപ്പാത, ചുറ്റും ഇടതൂര്‍ന്ന മരങ്ങള്‍, കൂറ്റന്‍ പാറക്കല്ലുകള്‍, കരിയിലയാല്‍ മൂടിയ വഴി, നീണ്ട നിശബ്ദത, ഇരുട്ട്... സമയം രാവിലെ എട്ടു മണി. പക്ഷേ മരങ്ങള്‍ക്കിടയിലൂടെ വെളിച്ചം ഇനിയും ഇറങ്ങിയിട്ടില്ല. മുമ്പേനടന്നവരുടെ കൂടെയെത്തി. ആരോ ഉപദ്രവിച്ചതിനെത്തുടര്‍ന്ന് ഇഴയാന്‍ സാധിക്കാതെ കിടന്നിരുന്ന പച്ചില പാമ്പിനെ രക്ഷിച്ച ആത്മസംതൃപ്തിയില്‍ മുന്നോട്ട് നടന്നു. കുത്തനെയുള്ള കയറ്റം. പുറത്ത് ഭാരമില്ലാത്തതിനാല്‍ പ്രയാസമുണ്ടായില്ല.

കണ്ണെത്താദൂരം പരന്ന് കിടക്കുന്ന മലനിരകള്‍. ഒരു സൈഡിലൂടെ കോട കയറുന്നു. മുകളിലേക്ക് നോക്കിയാല്‍ അഗസ്ത്യമലയുടെ പീക്ക് പോയിന്റ് ഞങ്ങളെയും പ്രതീക്ഷിച്ച് നില്‍ക്കുന്നു. ഇനി മുകളിലേക്ക് വലിയ പാറകള്‍ കയറിയുള്ള യാത്രയാണ്. മഴക്കാലത്ത് മലവെള്ളം ഒലിച്ചിറങ്ങി ഉണ്ടായ വഴിയെന്ന് ഊഹിച്ചു. കയറ്റം കയറിയെത്തുന്നത് സൈഡില്‍ നിറയെ മുളങ്കാടുള്ള വഴിയിലേക്കാണ്. കാറ്റടിക്കുമ്പോള്‍ ആരോ മൂളും പോലൊരു ശബ്ദം ചെവിയിലേക്ക് അടിച്ചുകയറും. മുളകള്‍ തമ്മില്‍ ഉരയുന്നതാണ്. ആന മെതിയുന്ന സ്ഥലമാണെന്ന് വാച്ചര്‍ പറഞ്ഞു. അടയാളങ്ങളും ഉണ്ടായിരുന്നു. കുത്തനെയുള്ള കയറ്റത്തില്‍ ഇത്രയും വലിയ ശരീരവുമായി ആ ജീവികളെങ്ങനെ നടക്കുന്നു എന്നതാണ് അതിശയം!

നിറയെ പൂക്കുന്ന ഉയരമില്ലാത്ത പൂമരങ്ങള്‍ക്ക് ഇടയിലൂടെ മല കയറി അഗസ്ത്യാര്‍ മലയുടെ അടിവാരത്ത് എത്തി. 'പൊങ്കാലപ്പാറ' പ്രാതല്‍ പൊതിഞ്ഞു കൊണ്ടുവന്നവര്‍ അവിടെനിന്ന് കഴിച്ചു. വെള്ളം ശേഖരിച്ചു. തുടര്‍ച്ചയായ ഒന്നര മണിക്കൂര്‍ യാത്രയ്ക്ക് ശേഷം പൊങ്കാലപ്പാറയില്‍ വിശ്രമിച്ചു. അവിടെ നിന്നാല്‍ അഗസ്ത്യാര്‍മല 180 ഡിഗ്രിയില്‍ കാണാം, അതിന് ചുവട്ടില്‍ ഒരു കുഞ്ഞായി നമ്മളും! ആ കാഴ്ചയ്ക്ക് പ്രത്യേക ഭംഗിയാണ്. മലമുകള്‍ കോട അടിച്ച് മൂടുന്നുണ്ട്, കൂടാതെ മൂടിയ അന്തരീക്ഷവും. പൊങ്കലപ്പാറ കയറി എത്തുന്നത് നിരപ്പായ പ്രദേശത്തേക്കാണ്. മുന്‍പ് ആളുകള്‍ ഇവിടെ താമസിച്ചിട്ടുണ്ടാകുമെന്ന് തോന്നും വിധം, പാറയില്‍ കൊത്തിയ അമ്മിക്കല്ല് കണ്ടു.

മുകളിലേക്ക് ഇനി വെള്ളം കിട്ടുന്ന സ്ഥലമില്ലെന്ന് ബാബു ചേട്ടന്‍ പറഞ്ഞതനുസരിച്ച് അടുത്തുള്ള ചാലില്‍നിന്ന് കുപ്പി നിറച്ചു. മുഖം കഴുകി, വീണ്ടും കയറിത്തുടങ്ങി. കൂടെയുള്ളവര്‍ പതിയെ നടക്കാന്‍ തീരുമാനിച്ചതിനാല്‍ എന്റെ നടത്തം ഒറ്റയ്ക്കാണ്. പലരും മറികടന്ന് പോയി, ചിലര്‍ പിന്നാലെയുണ്ട്. മറ്റുചിലര്‍ കൂടെയും! ഇനി അങ്ങോട്ടുള്ള കയറ്റം ദുര്‍ഘടമാണ്. അടിച്ചുകയറുന്ന കോടയെ മറികടന്ന് പാറകള്‍ക്ക് ഇടയിലൂടെ കൂറ്റന്‍ കല്ലുകള്‍ പിടിച്ച് കയറണം. കയര്‍ ഇട്ടിരിക്കുന്നത് ഒരാശ്വാസമാണ്. ആ സമയം കമ്പ് ഒരു അധികപ്പറ്റാകും.

'നീങ്ക കേറിങ്കേ.. സ്റ്റിക്ക് നാന്‍ പിടിക്കിറേന്‍', തൊട്ട് പിറകേ കയറുന്ന അണ്ണനായിരുന്നു. ഓറഞ്ച് കളര്‍ ബനിയനും ഷോട്‌സും ഇട്ട് പതിയെ കയറുന്ന ചങ്ങായി. മുന്‍പ് വന്നിട്ടുണ്ടെന്നും ഇത് മൂന്നാംതവണയാണ് കയറുന്നതെന്നും ശിവകാശിയാണ് സ്ഥലമെന്നും പരസ്പരമുള്ള സംസാരത്തിനിടെ മനസിലാക്കി.

തൊണ്ട നനയാനുള്ള വെള്ളം മാത്രമാണ് കുടിച്ചത്. ഒരു വലിയ പാറയുടെ അടിവാരത്താണ് ആ കയറ്റവും ചെന്നെത്തുന്നത്. വടത്തില്‍ പിടിച്ചു കയറി പാറയുടെ പകുതി എത്തി. 'എനര്‍ജെറ്റിക് ടോണി' അഗസ്ത്യാര്‍കൂടം കീഴടക്കി താഴേയ്ക്ക് ഇറങ്ങുന്നു. മുകളിലെത്തിയപ്പോള്‍ സ്വീകരിച്ചത് തണുത്ത കാറ്റാണ്. കാഴ്ചകളൊന്നും കാണിക്കില്ലെന്ന വാശിയോടെ ഒരു ദയയുമില്ലാതെയാണ് കോട അടിച്ചുകയറുന്നത്. വീണ്ടും രണ്ട് പാറകള്‍ കൂടി വടത്തില്‍ തൂങ്ങി കയറാനുണ്ട്. മലകയറാന്‍ കമ്പ് ശല്യമായതിനാല്‍ പൊന്തക്കാട്ടില്‍ ഒളിപ്പിച്ചു.

'വാഴാത വാഴ്‌വെ വാഴണം...', അണ്ണനാണ്. മലമുകളില്‍നിന്ന് ഞങ്ങള്‍ ഒന്നിച്ചുപാടി.

നിറയെ വെളുത്ത നിറത്തിലുള്ള പൂക്കള്‍. നാട്ടിലെ ബോള്‍സത്തിന് സമാനമായവ. ചിത്രശലഭങ്ങള്‍ പറന്നുനടക്കുന്നുണ്ട്. ഈ മലമുകളിലും ഇവര്‍ എങ്ങനെ വരുന്നു? ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. വീണ്ടും ഇടതൂര്‍ന്ന് പൊക്കം കുറഞ്ഞ പൂമരങ്ങള്‍ക്ക് ഇടയിലൂടെ നടന്നു. കയറി വരൂ എന്ന് സ്വാഗതം ആശംസിച്ച് ഒരു വടം നീണ്ടുകിടക്കുന്നു. മുകളിലെത്തിയപ്പോള്‍ ഹൃദയമിടിപ്പിന്റെ വേഗം എന്നോളമായിരുന്നു. സമയം രാവിലെ 10.13. ചുറ്റിലും വെള്ള പുതച്ച് കോട. താഴെയുള്ള കാഴ്ചകള്‍ കാണാന്‍ സാധിച്ചില്ല. വെയില്‍ ആഗ്രഹിച്ച് ഞങ്ങള്‍ 12 മണി വരെ മലമുകളില്‍നിന്നു. ഒരു സൈഡില്‍ അഗസ്ത്യമുനിയുടെ പ്രതിമയുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് വന്നവര്‍ സ്വാമിയെ കുമ്പിട്ട് നെറ്റിയില്‍ നീളത്തില്‍ ഭസ്മം ചാര്‍ത്തി.

അണ്ണന്‍ മുന്‍പ് വന്നപ്പോള്‍ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. അന്ന് പിടിച്ച പടം കാണിച്ച് തന്നു; അഞ്ച് തലയുള്ള നാഗങ്ങളെ പോലുള്ള മലനിരകള്‍, പൊട്ട് വലുപ്പത്തില്‍ കാണുന്ന ബേസ് ക്യാമ്പ്, രണ്ട് ഡാമുകള്‍. ശിവന്റെ വിവാഹത്തിന് ദേവഗണങ്ങള്‍ കൈലാസത്തിലേക്ക് പോയി. ഭാരം താങ്ങാനാവാതെ തെക്ക് ഭാഗം താഴ്ന്നു. അതിനെ തുലനപ്പെടുത്താന്‍ പൊക്കം കുറഞ്ഞ, ബലവാനായ അഗസ്ത്യമുനിയെ ഇങ്ങോട്ട് അയച്ചതെന്നാണ് ഐതിഹ്യം. പരമശിവന്റെ പ്രിയപ്പെട്ടവനായ അഗസ്ത്യമുനിക്ക് ഭഗവാന്റെ വിവാഹം വാനില്‍ ദര്‍ശിക്കാനുള്ള അവസരമൊരുക്കി. അതിന്റെ പ്രതീകമായി അഗസ്ത്യമുനിയെ അനുസ്മരിപ്പിക്കും വിധം ഒരു മല ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്- അണ്ണന്‍ പറഞ്ഞ കഥയാണ്.

ഒരു പിറന്നാള്‍ കേക്കിന്റെ കഷണത്തിനായുള്ള കാത്തിരിപ്പിലായിരുന്നു കൂടെ കയറിയ മലയാളികള്‍. തൃശ്ശൂരില്‍നിന്ന് വന്ന 'അപ്പന്റെ' പിറന്നാള്‍! അദ്ദേഹത്തിന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് അഗസ്ത്യാര്‍കൂടം മലമുകളില്‍ പിറന്നാള്‍ ആഘോഷിക്കണമെന്നുള്ളത്. ഞങ്ങള്‍ അപരിചിതരായ പരിചിതര്‍ കൂടിനിന്ന് കേക്ക് മുറിച്ച് ആശംസകള്‍ നേര്‍ന്നു.

ഉച്ചയ്ക്ക് 12 വരെയാണ് മുകളില്‍ ചെലവഴിക്കാന്‍ അനുമതിയുള്ളത്. ചിലര്‍ ഇറങ്ങിത്തുടങ്ങിയിരുന്നു ഒപ്പം ഞങ്ങളും. വടി ഒളിപ്പിച്ച് വെച്ച സ്ഥലം മറന്നു. അത് വീണ്ടും നഷ്ടമായി. മരച്ചില്ലകളുടെ സഹായത്തോടെയാണ് ഇറങ്ങിയത്. കൂടെ കയറിയ മനുഷ്യര്‍ ഇടയ്ക്ക് വടി തന്ന് സഹായിച്ചു. വൈകീട്ട് 3.30- ന് ക്യാമ്പില്‍ തിരിച്ചെത്തി. ചോറ് കഴിച്ച ശേഷം വിശ്രമിച്ചു. തലേന്ന് പോയ ഇടത്തേക്ക് കുളിക്കാനായി പോയി. അപ്പുറം നില്‍ക്കുന്നയാളെ കാണാന്‍ സാധിക്കാത്ത വിധം കോടയാല്‍ മൂടിയിരുന്നു. ഇത്തവണ മുങ്ങിപൊങ്ങലില്‍ ഒതുക്കിയില്ല, ഊളിയിട്ട് നീന്തി. കുളയട്ടയില്‍നിന്ന് രക്ഷപെടാന്‍ എല്ലാവിധ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ച് വിജയിച്ച എന്റെ കാലില്‍ ഒരു അട്ട. കുളി കഴിഞ്ഞ് ക്യാമ്പിലെത്തിയപ്പോഴാണ് കണ്ടത്. ചോര കുടിച്ച് വീര്‍ത്ത അവനെ സാനിറ്റെസര്‍ അടിച്ച് ഞാന്‍ കൊന്നു.

അമ്മവീട് കുന്നിന്‍ മുകളിലാണ്. ഒറ്റപ്പെടല്‍ അനുഭവിക്കാത്ത ഒറ്റയ്ക്ക് ജീവിച്ച ബാല്യം! അഗസ്ത്യാര്‍കൂടം അമ്മ വീടിനെ ഓര്‍മപ്പെടുത്തി. അതേ തണുപ്പ്. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം ബാല്യത്തിലെ മറക്കാത്ത ഓര്‍മയാണ്. അതിനുശേഷം ഇത്രയധികം നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം കാണുന്നത് ഇവിടെവെച്ചാണ്. സന്ധ്യയ്ക്കുള്ള ചീവിടിന്റെ കരച്ചിലും അരണ്ടവെളിച്ചം മാത്രമുള്ള മുറികളും കോടയുടെ തണുപ്പും എന്നെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മേലും കാലും നല്ല വേദനയുണ്ട്. അന്ന് രാത്രി നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ല. പോകുന്ന എല്ലാ യാത്രയിലും തിരികെ റൂമിലെത്തി കുളിച്ച് കിടന്നുറങ്ങുകയെന്ന് മാത്രം വിചാരമുള്ള എനിക്ക് പക്ഷേ ഇവിടെ എന്തോ അങ്ങനെ തോന്നിയില്ല. സംതൃപ്തിപ്പെടുത്തും വിധമെന്തോ അവിടെയുണ്ട്.

മടക്കം

വാച്ചര്‍ ചേട്ടന്‍ വീണ്ടും ഒരു വടി തന്നു. ആളുകള്‍ സെല്‍ഫി എടുക്കുന്നതിന്റെയും യാത്ര പറയുന്നതിന്റെയും തിരക്കിലാണ്. വൈകാരിക നിമിഷങ്ങള്‍. ആദ്യദിനം കണ്ട അപരിചിതരായ മനുഷ്യര്‍ ഒന്നിച്ചിരിക്കുന്നു, ഫോട്ടോയെടുക്കുന്നു, ചിരിക്കുന്നു, യാത്ര പറയുന്നു. ഞാന്‍ പുതിയ വടിയുമായി കിടങ്ങ് കടന്ന് യാത്ര തുടര്‍ന്നു. തിരിഞ്ഞ് നോക്കി. ഏഴുവയസ്സുകാരി പെണ്‍കുട്ടിയെന്നെ യാത്രയാക്കി. ഇനിയും വരുമോയെന്ന് അറിയില്ല. പക്ഷേ, അവിടെയെന്തോ ഉപേക്ഷിച്ചാണ് ഞാന്‍ മലയിറങ്ങിയത്.

വടി തിരികെ നല്‍കണം. കൂടെ ഉള്ളവരുടേത് കയറിയപ്പോള്‍ മുതല്‍ കൈയില്‍ കരുതിയതാണ്. കമ്പ് തിരികെ ഏല്‍പ്പിക്കാന്‍ നേരം വൈകാരികമായി ഒന്ന് നോക്കിയിട്ടാണ് റിന്‍സ് ചേട്ടന്‍ അത് അവിടെ ഏല്‍പ്പിച്ചത്. അത്രയും സ്‌നേഹം തോന്നിയത് വാച്ചര്‍മാരോടാണ്. സുരക്ഷിതമായി മല കയറ്റിയിറക്കിയവര്‍. ഫോറസ്റ്റ് ഓഫീസ് ഇറങ്ങി നടന്നു. റോഡിലേക്ക് കയറാന്‍ നേരം പിന്നില്‍ നിന്നൊരു വിളി; ബൈ അല്‍ക്കാ.. പാക്കലാം, അണ്ണനാണ്. വീണ്ടും കാണില്ലെന്ന് ഉറപ്പുള്ള കുഞ്ഞിന്റെ നെഞ്ചൊന്ന് പിടഞ്ഞു.