സിനിമാ ഷൂട്ടിങ്ങുകളുടേയും മോഡലിങ്ങിന്റേയും തിരക്കുകള്‍ക്കിടയില്‍നിന്ന് ഇടവേളയെടുത്ത് ബോളിവുഡ് താരങ്ങള്‍ യാത്ര പോവുന്നത് പതിവാണ്. നടി അനന്യ പാണ്ഡെയും അല്‍പം 'റിലാക്‌സ്​ഡ്' ആകാന്‍ ഒരു യാത്ര പോയി. സുഹൃത്തും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ 'ഒറി' ക്കൊപ്പം ഗ്രീസിലേക്കായിരുന്നു യാത്ര. മിക്കനോസ് ദ്വീപില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ അനന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഈ ചിത്രങ്ങളില്‍ അധികവും പകര്‍ത്തിയത് ഒറിയാണ്.

To advertise here,

കടല്‍ത്തീരത്തിന്റെ സൗന്ദര്യവും കടല്‍ക്കാഴ്ച്ചകളും വ്യത്യസ്തമായ രുചികളും മനോഹരമായ റിസോര്‍ട്ടുകളും അനന്യയുടെ ചിത്രങ്ങളിലുണ്ട്. ബിക്കിനി ധരിച്ച് ഒരു സ്വിമ്മിങ് പൂളിന്റെ കരയില്‍ നിന്നെടുത്ത റീലും അനന്യ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു ചിത്രത്തില്‍ മിനി ഗൗണ്‍ ധരിച്ച് അതിസുന്ദരിയായ അനന്യയെ കാണാം. സ്‌കേര്‍ട്ടും ക്രോപ് ടോപ്പും ധരിച്ച് കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

മിക്കനോസ് ദ്വീപെന്ന അദ്ഭുതം

ആറായിരത്തിലധികം ദ്വീപുകളുള്ള രാജ്യമായ ഗ്രീസിലെ ഏറ്റവും തിരക്കേറിയ ഒരിടമാണ് മിക്കനോസ് ദ്വീപ്. സമ്മര്‍ വെക്കേഷന്റെ തലസ്ഥാനമായ ഇവിടേക്ക് സഞ്ചാരികള്‍ ഒഴുകിയെത്താറുണ്ട്. പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗമായ ഇവിടെ നീലക്കടലും വെളുത്ത പെയ്ന്റ് ചെയ്ത വീടുകളും കടലാസ് പൂക്കളുള്ള വഴിയോരങ്ങളും കാണാം. 2018-ലെ വേനല്‍ക്കാലത്ത് ഇരുപത്തെട്ട് ദശലക്ഷം വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടെന്നതാണ് ഔദ്യോഗിക കണക്ക്. അന്താരാഷ്ട്ര ടൂറിസ്റ്റ് സന്ദര്‍ശനസ്ഥലങ്ങളില്‍ ഈ ദ്വീപിന് പ്രത്യേകമായൊരു സ്ഥാനമുണ്ട്. ജലസ്രോതസ്സുകള്‍ കുറവുള്ള ദ്വീപുകളിലൊന്നായതിനാല്‍ കൃഷിയിടങ്ങള്‍ കുറവാണ്. ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും പുറമേ നിന്നാണ് എത്തുന്നത്.

ഇവിടെയുള്ള പ്രധാന ആകര്‍ഷണം കടലിനോട് ചേര്‍ന്നു പരമ്പരാഗത ശൈലിയില്‍ നിര്‍മിച്ച ഹോട്ടലുകളും റെസ്റ്റോറന്റുകളും ബാറുകളും തെളിമയാര്‍ന്നതും വശ്യവുമായ ഇളംനീലനിറമുള്ള കടലുമാണ്. വേനല്‍ക്കാലത്ത് ഒരുക്കുന്ന രാത്രി പാര്‍ട്ടികള്‍ ആകര്‍ഷണീയമാണ്. പരമ്പരാഗതശൈലി നിലനിര്‍ത്തിയുള്ള കൊച്ചു കെട്ടിടങ്ങള്‍ക്കിടയില്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ ദ്വീപുകളില്‍ നിര്‍മിക്കാന്‍ പാടില്ല. വെള്ളയും നീലയുമാണ് കെട്ടിടങ്ങളുടെ പൊതുവായ നിറമെങ്കിലും ആകര്‍ഷകമായി ചായം പൂശിയ നിര്‍മിതികളും കാണാം. എപ്പോഴും ശക്തമായി കാറ്റ് വീശുന്നത് കാരണം 'കാറ്റ് ദ്വീപ്' എന്നും വിളിപ്പേരുണ്ട്. കടല്‍ത്തീരങ്ങളില്‍ ഒട്ടേറെ കാറ്റാടിയന്ത്രങ്ങളും കാണാം. 

ഗ്രീക്ക് ദേവനായ അപ്പോളോയുടെ പരമ്പരയില്‍പെട്ട മിക്കനോസ് എന്ന ഭരണാധികാരിയുടെ പേരാണ് ഈ ദ്വീപിന് നല്‍കിയത്. സിയൂസും രാക്ഷസന്‍മാരും തമ്മിലുള്ള യുദ്ധം നടന്നത് ഈ ദ്വീപിലാണെന്നും ഇവിടെയുള്ള വലിയ പാറകള്‍ രാക്ഷസന്‍മാരുടെ ശവശരീരങ്ങളാണെന്നും ഗ്രീക്ക് ഐതിഹ്യത്തില്‍ പറയുന്നുണ്ട്.  എഴുപതുകളില്‍ അമേരിക്കക്കാരുടെ പ്രിയപ്പെട്ട സ്ഥലമായിരുന്നു ഈ ദ്വീപ്. അന്ന് ഇതൊരു ന്യൂഡ് ബീച്ചായിരുന്നു. പിന്നീട് എണ്‍പതുകളില്‍ സ്വവര്‍ഗാനുരാഗികളുടെ വിനോദസഞ്ചാര കേന്ദ്രമായി വളര്‍ന്നു. രണ്ടായിരമാണ്ടോടെ ഗ്രീസില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ദ്വീപുകളിലൊന്നായി ഇത് മാറി. 

മിക്കനോസ് നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ തെക്കുകിഴക്കാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഏഥന്‍സില്‍നിന്ന് ഇവിടേക്ക് 25 മിനിറ്റില്‍ വിമാനത്തിലെത്താം. ചുറ്റുമുള്ള ദ്വീപുകളില്‍നിന്നും ഏഥന്‍സില്‍ നിന്നും ബോട്ടുകളിലും മിക്കനോസില്‍ എത്തിച്ചേരാം.