മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളായ വിനു മോഹനും വിദ്യ വിനു മോഹനും ഖത്തറില്‍ നാല് ദിവസത്തെ സന്ദര്‍ശനം നടത്തി. ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ കെഫാഖിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആണ് വിനു മോഹനും വിദ്യയും ഖത്തറില്‍ എത്തിയത്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകനായ വിനു മോഹന്‍ മലയാള സിനിമയില്‍ എത്തുന്നത് ലോഹിതദാസിന്റെ നിവേദ്യത്തിലൂടെയാണ്. അമ്മ ശോഭാ മോഹനും, അമ്മാവന്‍ സായികുമാറും മലയാള സിനിമയിലെ അഭിനയപൈതൃകം തുടരുന്നു. നിരവധി സിനിമകളിലൂടെ മലയാള സിനിമയില്‍ തന്റെ സാനിധ്യമുറപ്പിച്ച വിനു മോഹന്‍ ഇപ്പോള്‍ ചലച്ചിത്ര വിതരണരംഗത്തും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. സണ്‍ ടിവിയുടെ ഏഴുവര്‍ഷം നീണ്ടുനിന്ന സീരിയലിലൂടെ തമിഴ് കുടുംബങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരിയായ വിദ്യാ വിനു മോഹന്‍ മലയാളം തമിഴ് കന്നഡ സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
സാംസ്‌കാരിക - വിനോദസഞ്ചാര മേഖല സന്ദര്‍ശകരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ മുന്നേറ്റത്തിനാണ് ഖത്തർ സാക്ഷ്യം വഹിക്കുന്നത്. ഖത്തറിനെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തുടങ്ങിയ ശ്രമം വിജയത്തിലെത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഖത്തറിന്റെ കാഴ്ചകളിലേക്ക് ഏകദേശം 30 ലക്ഷത്തോളം സന്ദര്‍ശകരാണ് ഈ വര്‍ഷം എത്തിയത്. ഒരു 'സ്റ്റോപ്പ്-ഓവര്‍' ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് ഖത്തര്‍. പെട്രോളിന്റെയും പ്രകൃതി വാതകത്തിന്റെയും മേലുള്ള രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കാന്‍ വിനോദസഞ്ചാര മേഖലയിലെ വികസനം ഉപയുക്തമാണ്. ലോകോത്തര വിനോദസഞ്ചാര ലക്ഷ്യസ്ഥാനമെന്ന നിലയിലേക്കുള്ള ഖത്തറിന്റെ വളര്‍ച്ച ദ്രുതഗതിയിലാണ്.
Also Read
റാസ് ബു അബൂദിലെ 974 ബീച്ചിലെ ഒളിമ്പിക് വളയങ്ങളുടെ നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്ന 'ദോഹ മൗണ്ടന്‍സ്' ശില്‍പം ഒളിമ്പിക് മൂല്യങ്ങളായ മികവ്, സൗഹൃദം, ബഹുമാനം എന്നിവയുടെ ഖത്തറിന്റെ സമര്‍പ്പണത്തിന്റെ ഉദാഹരണമാണ്. ഈ മാസ്റ്റര്‍പീസ്, രാജ്യത്തിന് കായികരംഗത്തോടുള്ള വലിയ പ്രാധാന്യം വിളിച്ചോതുന്നതാണ്. ഈ ശില്‍പ ഇന്‍സ്റ്റാളേഷന്‍ ഭൂമിശാസ്ത്രപരമായ രൂപങ്ങളെ അബ്‌സ്ട്രാക്റ്റ് രചനകളുമായി സംയോജിപ്പിക്കുന്നു. റോക്ക് ബാലന്‍സിംഗ് കലയില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടത്. സ്വിസ് ആര്‍ട്ടിസ്റ്റ് ഉഗോ റോണ്ടിനോണിന്റെ ഫ്‌ലൂറസെന്റ് നിറങ്ങള്‍ പൂശിയ പാറക്കഷണങ്ങള്‍ ദോഹ സ്‌കൈലൈനിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ കാഴ്ചാനുഭവം ഒരുക്കുന്നു.
ദോഹ കോര്‍ണിഷ് മിന പോര്‍ട്ടിലെ ഗ്രാന്‍ഡ് ക്രൂയിസ് ടെര്‍മിനലിലെ സന്ദര്‍ശനം മനോഹരമായ അനുഭവമായിരുന്നുവെന്ന് വിനുവും വിദ്യയും പറയുന്നു. ക്രൂയിസ് കപ്പല്‍ സഞ്ചാരികള്‍ക്ക് മികച്ച ടൂറിസം അനുഭവം പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ട് ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ വിവിധ സൗകര്യങ്ങള്‍ ആരംഭിച്ചിച്ചിട്ടുണ്ട്. അവിടെത്തന്നെയുള്ള വലിയ അക്വേറിയം കാഴ്ച ആനന്ദകരമാണ്. സമീപമായുള്ള ബോക്‌സ് പാര്‍ക്കും ഫ്‌ലാഗ് പ്ലാസയും സന്ദര്‍ശിച്ചു. ഒന്‍പതു കിലോമീറ്ററോളം നീളത്തില്‍ 'റ' ആകൃതിയിലുള്ള കോര്‍ണിസ് വെത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു. ജോഗിംഗ് ട്രാക്കും നിരവധി ഇന്‍സ്റ്റലേഷനുകളും അതിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. കോര്‍ണിഷിലെ ലോകകപ്പ് കൗണ്ട് ഡൗണ്‍ ക്ലോക്കും മറ്റു കാഴ്ചകളും വിനുവും വിദ്യയും പകര്‍ത്തിയിട്ടുണ്ട്. കായികമേഖലയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ഖത്തര്‍ ലോകോത്തര നിലവാരമുള്ള എട്ട് സ്റ്റേഡിയങ്ങളാണ് 2022 ലോകകപ്പിനായി ഒരുക്കിയത്. ഓരോ സ്റ്റേഡിയങ്ങളും രൂപകല്പനയില്‍ ഓരോ കലാശില്പമാണ് എന്നു പറയാം. ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയവും, വര്‍ണ്ണാഭമായ കണ്ടെയ്‌നറുകള്‍ കൊണ്ടു നിര്‍മ്മിച്ച ഐകോണിക് 974 സ്റ്റേഡിയവും സന്ദര്‍ശിച്ചു.
ദോഹയുടെ സ്‌കൈലൈന്‍, മനോഹരകെട്ടിടങ്ങള്‍ ബഹുവര്‍ണത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കണ്ണഞ്ചും കാഴ്ചയാണ്. വൈവിധ്യമാര്‍ന്ന രൂപകല്പനയാണ് ഓരോന്നിനും. ഇവയുടെ രാത്രികാഴ്ചയും അതിഗംഭീരം ആണ്. ലൂസൈല്‍ സിറ്റി എന്ന പ്ലാന്‍ഡ് നഗരം കാണേണ്ടുന്ന ഒന്നുതന്നെ. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച അമ്പരചുംബികളുടെ ഒരു നഗരം. ക്രെസന്‍ന്റ്‌റ് ടവറിന്റെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തി. സമീപമായുള്ള പേള്‍ ഖത്തര്‍ എന്ന മനുഷ്യനിര്‍മ്മിത ദ്വീപ്, ഇത്തരത്തില്‍ ഒന്ന് മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യത്തേതായിരുന്നു. അതിബൃഹത്തായി പണിതുയര്‍ത്തിയിരിക്കുന്ന ഇവിടം കാണേണ്ട കാഴ്ചതന്നെയാണ്. ഹോട്ടലുകളും കോഫി ഷോപ്പുകളും താമസ സൗകര്യങ്ങളും ഉള്ള ഇവിടെ കടലിലില്‍ നിരവധി ആഡംബര യാനങ്ങളും നങ്കൂരമിട്ടിട്ടുണ്ട്.
സമീപമായുള്ള ഖതാറാ വില്ലേജിലേക്കായിരുന്നു വിനുവിന്റെയും വിദ്യയുടെയും അടുത്ത സന്ദര്‍ശനം. ടൂറിസ്റ്റുകള്‍ക്കും തദ്ദേശിയര്‍ക്കും വേണ്ട എല്ലാം ഒരുക്കിയിട്ടുള്ള ഒരു ഇടം എന്ന് വേണമെങ്കില്‍ ഖതാറായെ പറയാം. ഖതാറാ മസ്ജിദ്, ആംഫിതിയേറ്റര്‍, ഹെറിറ്റേജ് സൈറ്റുകള്‍, ആര്‍ട്ട് ഗാലറികള്‍, ഓപ്പറ ഹൗസ്, ലൈബ്രറികള്‍, മറ്റ് അക്കാദമിക് ഫെസിലിറ്റികള്‍, മ്യൂസിയങ്ങള്‍, കഫേകള്‍, ഭക്ഷണശാലകള്‍, ഹോട്ടല്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍, വിനോദോപാധികള്‍, ബീച്ച്, ഹരിത കുന്നുകള്‍, അരുവി, എന്നിവയെല്ലാം ഇവിടെയുണ്ട്. വരണ്ട മരുഭൂമിയും നീണ്ട പേര്‍ഷ്യന്‍ ഗള്‍ഫ് തീരവും ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശങ്ങളുള്ള ഖത്തര്‍ എന്ന കുഞ്ഞു രാജ്യത്തിന് ചരിത്രപരമായ ആകര്‍ഷണങ്ങളും പാരമ്പര്യങ്ങളും സംസ്‌കാരവും അതിന്റേതായ ഒരു മനോഹാരിതയുണ്ട്. വിസ്മയിപ്പിക്കുന്ന പ്രകൃതി, ആധുനിക വാസ്തുവിദ്യ, സാംസ്‌കാരിക ഇടങ്ങള്‍, പുരാതന നിര്‍മ്മിതികള്‍, മ്യൂസിയങ്ങള്‍, പാര്‍ക്കുകള്‍, എന്നിവ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഖത്തര്‍ ചില കാര്യങ്ങളില്‍ ആധുനികമാണെങ്കിലും സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന ആവാസവ്യവസ്ഥയുടെ തെളിവുകള്‍ ഇവിടെ കാണാന്‍ സാധിക്കും.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള ഒരു സമ്പന്ന രാജ്യമായി ഖത്തര്‍ മാറിയിട്ടും പൗരാണികമായ വ്യാപാരകേന്ദ്രങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ അതെപടി നിലനിര്‍ത്തിയിരിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ പാരമ്പര്യവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന എല്ലാം സൂഖ് വാഖിഫ്, സൂഖ് അല്‍ വക്ര, ഒമാനി സൂഖ്, ഗോള്‍ഡ് സൂക്ക് എന്നിവിടങ്ങളില്‍ കാണാം. സൂഖിന്റെ വൈകുന്നേരത്തെ കഴ്ച്ചകളിലെക്കാണ് പോയത്. സജീവമായ അവിടം ചെളിനിറം പിടിച്ചപോലെയുള്ള കടകളും തുറന്ന തടി ബീമുകളും കൂടാതെ ആധികാരികവും മനോഹരമായി പുനസ്ഥാപിക്കപ്പെട്ടതുമായ യഥാര്‍ത്ഥ ഖത്തര്‍ കെട്ടിടങ്ങള്‍. ഖത്തറിലെ ഒരു പ്രധാന പൈതൃക വിപണി കേന്ദ്രമായ സൂഖ് വാഖിഫ് ഇവിടുത്തെ ഒരു പ്രധാന ടൂറിസം ലാന്‍ഡ്മാര്‍ക്ക് കൂടിയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടുത്തെ മീന്‍പിടുത്തക്കാരും മുത്തുകള്‍ മുങ്ങി എടുക്കുന്നവരും ബെഡൂവിയിരും അവരുടെ അവശ്യവസ്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനുമായി വാദി മുഷൈരിബിന്റെ തീരത്ത് കൊണ്ടുവരും, ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ആദ്യത്തെ കടകള്‍ നിര്‍മ്മിച്ചത്.
ആഡംബര ഷോപ്പിംഗ് മാളുകളായ വില്ലാജിയോയിലെയും മാള്‍ ഓഫ് ഖത്തറിലെയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ലോകോത്തര മാളുകള്‍ ഷോപ്പിങ്ങിന്റെ അനന്തസാധ്യതകള്‍ തുറന്നിടുന്നു. ലോകത്തെ പ്രമുഖ ഹോട്ടല്‍ ശൃംഖലകളുടെ എല്ലാം റിസോര്‍ട്ടുകളും ഹോട്ടലുകളും റസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ഖത്തറിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു.
1980 കള്‍ക്ക് ശേഷം എല്ലാ ഗള്‍ഫ് രാജ്യങ്ങളും മത്സരബുദ്ധിയോടെയാണ് വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നിരുന്നാലും 2000 വരെ ഖത്തര്‍ ദുബായ് പോലെയോ കുവൈറ്റ് പോലെയോ അത്ര വളര്‍ച്ച കൈവരിച്ചിരുന്നില്ല. പക്ഷെ ഖത്തറിന്റെ വളര്‍ച്ച പിന്നീട് പെട്ടെന്നായിരുന്നു. 2006 ല്‍ ഏഷ്യന്‍ ഗെയിംസ് നടത്തുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമായി ഖത്തര്‍. അതിനുശേഷം 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ കേമമായി നടത്തി ലോകത്തെ വിസ്മയിപ്പിച്ചു. കൂടാതെ അഎഇ, മോട്ടോര്‍ ഷോ, ഗ്രാന്‍ഡ് പ്രീ, എക്‌സ്‌പോ തുടങ്ങിയവയ്ക്കായി രാജ്യത്തിന്റെ പല മേഖലകളും വികസിപ്പിച്ചു. പെട്രോളിയത്തിലൂടെ രാജ്യം ആര്‍ജ്ജിച്ച ധനത്തിന്റെ ഒരു പങ്ക് ജനങ്ങളിലേക്ക് തിരികെ നല്‍കുന്നതിന്റെ ഉദാഹരണം കൂടിയാണ് ഇത്. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപിടി നല്ല ഓര്‍മകള്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് നിസ്സംശയം പറയാം.
Content Highlights: actor vinu mohan wife vidya qatar trip
Published: 29 May 2024, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented