സാധനങ്ങൾ വാങ്ങാനായി ആരും ആരെയും നിർബന്ധിക്കുന്നില്ല. ശബ്ദമുണ്ടാക്കി കടകളിലേയ്ക്ക് വിളിച്ച് കയറ്റുന്നില്ല. ആവശ്യമുള്ളത് ഇഷ്ടത്തോടെ തിരഞ്ഞെടുക്കാനുള്ള അവസരം എല്ലാവർക്കും ഒരുക്കി നൽകുന്നു

സൈറാങ്ങ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഐഎൽപിയുമെടുത്ത് പുറത്തേയ്ക്കിറങ്ങുമ്പഴേയ്ക്ക് പതിനൊന്ന് മണി കഴിഞ്ഞു. ഐസ്വാൾ നഗരത്തിലേയ്ക്കെത്താൻ ഇനി 16 കിലോ മീറ്റർ ദൂരം ടാക്സിയിൽ പോകണം. പലരോടായി സംസാരിച്ച് ഒടുവിൽ 1500 രൂപയ്ക്ക് ഒരാൾ തയ്യാറായി. റോത്ത എന്നാണ് ഡ്രൈവറുടെ പേര്. പൊട്ടിപ്പൊളിഞ്ഞ് തൂങ്ങിയ റോഡിലൂടെ റോത്ത ഞങ്ങളെ ഐസ്വാളിലേയ്ക്ക് നയിച്ചു.
തീവണ്ടിയിൽ നിന്ന് കഴിച്ച രണ്ട് പഴം മാത്രമാണ് ഇത്രയും സമയം പിടിച്ച് നിർത്തിയത്. കടുത്ത വിശപ്പുണ്ട്. എന്തെങ്കിലും കഴിച്ചേ മതിയാകു. സൈറാങ്ങ് സ്റ്റേഷനടുത്ത് കണ്ട രണ്ട് കടകൾ കഴിഞ്ഞതോടെ വഴിയിലൊന്നും ഹോട്ടലുകളേയില്ല. വിശപ്പും ദാഹവും വഴിയിലെ കുഴിയിൽ വീണുള്ള യാത്രയുമെല്ലാം ചേർന്ന് പ്രത്യേക മാനസികാവസ്ഥയിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. തീവണ്ടി യാത്രയിൽ കണ്ട കുന്നുകളിലാകെ മുളങ്കാടും വാഴത്തോട്ടവുമായിരുന്നെങ്കിൽ ഈ കാർ യാത്രയിൽ മുന്നിൽ കാണുന്ന കുന്നുകളിലാകെ കെട്ടിടങ്ങളാണ്. മിക്കതും വീടുകൾ. തീപ്പെട്ടിക്കൂടുകളടുക്കി നിരത്തി, അതിന് മുകളിൽ പിന്നേയും പിന്നേയും കൂടുകളൊതുക്കിയ പോലെ കെട്ടിപ്പിടിച്ച് കെട്ടിടങ്ങൾ. വീതി കുറഞ്ഞ റോഡിനൊരുവശത്തേയ്ക്ക് കയറിപ്പോകുന്ന കുന്നുകളിലെല്ലാം വീടുകൾ കാണാം. കുന്നിൻ ചരുവിൽ കോൺക്രീറ്റിന്റെയും മരത്തിന്റേയും കാലുകൾ കുത്തിയുറപ്പിച്ച് പണിത ഈ വീടുകളും കടമുറികളും തന്നെയാണ് ഐസ്വാളിന്റെ വലിയ ഭംഗികളിൽ പ്രധാനി.
നഗരത്തിലെത്താൻ ഏതാണ്ട് നാല് കിലോമീറ്ററോളം ബാക്കിനിൽക്കെ റോത്ത അദ്ദേഹത്തിന്റെ മാരുതി 800 റോഡിന് വശത്തേയ്ക്കൊതുക്കി. റോഡിനരികിൽ നിന്ന് താഴേയ്ക്കൂർന്ന് പോകുന്ന മലഞ്ചെരിവിൽ മരക്കാല് നാട്ടി പലക വിരിച്ച് പണിത കെട്ടിടമാണ്. തകര ഷീറ്റുകൊണ്ട് ചുവര് തീർത്തതിനകത്ത് കുറച്ച് കസേരയും മേശയും. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കടയുടെ നടത്തിപ്പുകാർ. പുരുഷൻ ക്യാഷ് കൗണ്ടറിലെ കസേരയിലിരുന്ന് നിർദേശങ്ങൾ നൽകുന്നു. അടുക്കളയിൽ കയറിയ സ്ത്രീകൾ ഞങ്ങൾക്കുള്ള ഭക്ഷണമൊരുക്കുകയാണ്.
ഒട്ടേറെ വൈവിധ്യങ്ങൾ കൊണ്ട് നമ്മുടെ രാജ്യത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ട മിസോറാമിൽ നിന്നുള്ള ആദ്യ ഭക്ഷണം. ചോറും പിന്നെ ബീഫും ചിക്കനും ഓർഡർ ചെയ്തു. നേരത്തേ തയ്യാറാക്കിവെച്ച സാധനങ്ങൾ അവര് രണ്ടു പേരും ചേർന്ന് ചൂടാക്കിയെടുക്കുകയാണ്. കുക്കറിൽ വെന്തുടഞ്ഞ ചോറ് കറുത്ത നിറത്തിലുള്ള പ്ലേറ്റിലേയ്ക്ക് കോരിയിട്ടു. കറി വിളമ്പാനുള്ള പാത്രങ്ങൾ ഒതുക്കിവെച്ചെങ്കിലും ബീഫും ചിക്കനും ചൂടാകുന്നേയുള്ളു. അടുക്കളയിൽ നിന്നിറങ്ങി മേശയ്ക്കടുത്തേയ്ക്ക് നടന്നു. തുറന്നിട്ട ജാലകത്തിനപ്പുറത്തെ താഴ്വാരത്ത് അനേകമനേകം വീടുകൾ. പച്ചപ്പിന്റെ പുതപ്പ് എല്ലായിടത്തുമുണ്ട്.
''ബീഫ് റെഡിയായിക്കോട്ടെ,
ചേച്ചീ... ആ ചോറ് മാത്രം ആദ്യം തന്നോളു.''
വിശപ്പ് സഹിക്കാനാവാതെ വയറ് കത്തിയപ്പൊ അടുക്കളയിലേയ്ക്ക് നോക്കി വിളിച്ച് പറഞ്ഞു. വെന്ത് കേക്ക് പോലെയായ ചോറുമായി അവര് വന്നു. മേശപ്പുറത്ത് രണ്ട് ഡപ്പികളിലാക്കി നേരത്തേ തന്നെ വെച്ചിരുന്ന അച്ചാറും മുളക് ചമ്മന്തിയും കോരിയിട്ട് കുഴച്ചു.
ഹെന്റെമ്മേ....
എന്തൊരെരിവ്.
മുളക് ചമ്മന്തി ചതിച്ചു!
എരിവെന്ന് പറഞ്ഞാ കനത്ത എരിവ്.
വെപ്രാളപ്പെട്ട് വെള്ളം കുടിച്ചു.
പിന്നെ കുറേ ചോറും കുറച്ചച്ചാറും ചേർത്തൊരു പിടി, അൽപ്പം ആശ്വാസം. അപ്പഴേക്ക് ബീഫും ചിക്കനും വന്നു. കൂടെ പരിപ്പ് കറിയും മുളങ്കാമ്പ് കൊണ്ടുവെച്ച കറിയും. കുഞ്ഞി പാത്രത്തിൽ രണ്ട് ചെറിയ കഷ്ണം മാത്രമാണ് ബീഫ്. ഗംഭീര രുചി. ഉണക്കിയെടുത്ത ശേഷം വെച്ചുണ്ടാക്കിയതാണന്ന് തോന്നുന്നു. നമ്മുടെ നാട്ടിൽ പരിചിതമായ രുചിയല്ല. ചിക്കൻ പൊരിച്ചത് മൂന്ന് കഷ്ണമുണ്ട്. അതും നല്ല ടേസ്റ്റ്. കുറേ വെള്ളമൊഴിച്ച് നേർപ്പിച്ച പരിപ്പ് കറിയും ചേർത്തൊഴിച്ച് ചോറ് തീരുന്നു. മുളങ്കാമ്പ് വെട്ടി കറിവെച്ചത് ഇവിടുത്തെ സ്പെഷലാണ്. പക്ഷേ എനിയ്ക്ക് അധികം കഴിയ്ക്കാൻ തോന്നിയില്ല. ബീഫ് ഒരു പ്ലേറ്റ് കൂടി വാങ്ങി. പൈസ കൊടുത്ത് തിരിച്ചിറങ്ങാൻ നേരം ക്യാഷിലിരിക്കുന്ന ചേട്ടനോട് ചിക്കന്റേയും ബീഫിന്റേയും വില ചോദിച്ചു.
ബീഫ് - 50.
ചിക്കൻ - 50.
നമുക്ക് ആവശ്യത്തിന് കഴിക്കാനുള്ളത്ര അളവിൽ ബീഫും ചിക്കനും ചെറിയ വിലയിൽ വിൽക്കുന്നു. ചോറിനൊപ്പം സ്പെഷൽ കഴിക്കാൻ മിക്കവർക്കും താൽപര്യമുണ്ടാകും. എന്നാൽ ചോറിന്റെ ഇരട്ടിയിലധികം സ്പെഷലിന് കൊടുക്കേണ്ടി വരും എന്ന ഉറപ്പുള്ളത് കൊണ്ട് ആളുകൾ പലപ്പോഴും മടിയ്ക്കും. എന്നാലിവിടെ ചെറിയ പൈസയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാം. അളവ് കുറച്ച് കൊടുത്താൽ കടയുടമയ്ക്കും ലാഭമാണ്. ഈ രീതി നമ്മുടെ നാട്ടിലും നല്ലതാണ് എന്ന് തോന്നി.
റാത്തയുടെ 800 ഞങ്ങളേയും കൊണ്ട് നഗരത്തിരക്കിലേയ്ക്ക് കയറുന്നു. റോഡിൽ വാഹനപ്പെരുപ്പവും ഇടയ്ക്കിടെ കുരുക്കുമെല്ലാമുണ്ട്. പക്ഷേ, ആരും ഹോണടിച്ച് വെറുപ്പിക്കുന്നില്ല. അത്യാവശ്യത്തിന് മാത്രമാണ്, അതും ഇടയ്ക്കെപ്പോഴെങ്കിലും മാത്രം ഇവിടുത്തുകാർ ഹോണടിയ്ക്കുന്നത്. ബ്ലോക്ക് വന്നാൽ മുന്നിലെ വാഹനത്തിനെ മറികടന്ന് പോയി കുറച്ചപ്പുറത്ത് വീണ്ടും കുരുക്കുണ്ടാക്കാനുള്ള ശ്രമം ഇവിടെയാരും നടത്തുന്നില്ല. സമാധാനത്തോടെ കാത്തിരുന്ന് വാഹനമോടിക്കുന്നു. ഇങ്ങനെ ചെയ്തില്ലായെങ്കിൽ പ്രയാസമാകും എന്ന് നാട്ടുകാർക്കറിയാം. കാരണം ഇവിടെ റോഡിന് വീതി കൂട്ടാൻ വലിയ പ്രയാസമാണ്. അതിലും നല്ലത് മാന്യമായി വാഹനമോടിക്കുന്നതാണ് എന്ന് ഡ്രൈവർമാരും തിരിച്ചറിയുന്നു. അങ്ങനെ രൂപപ്പെട്ട സംസ്‌കാരമാണ് വഴിയിലാകെ നമ്മള് കാണുന്നത്.
മുറിയിലെത്തി അൽപ്പ നേരം വിശ്രമിച്ചു. വൈകീട്ട് പുറത്തിറങ്ങി നഗരത്തിലേയ്ക്ക് നടന്നു. പല ദിക്കിലേയ്ക്ക് പോകാനുള്ള ആളെ കാത്ത് നിൽക്കുന്ന ടാറ്റ സുമോകൾ. വഴിയരികിലിരുന്ന് ചായ വിൽക്കുന്ന അമ്മമാർ. സഞ്ചാരികൾക്കായി കൗതുക വസ്തുക്കളും അലങ്കാര വസ്തുക്കളും നിറഞ്ഞ കടകൾ. പച്ചക്കറിക്കടകളിൽ നമുക്ക് പരിചിതമല്ലാത്ത എന്തൊക്കെയോ സാധനങ്ങൾ. ഒരു കാര്യം ഇവിടെ പ്രത്യേകമായി മുഴച്ച് നിൽക്കുന്നു, സാധനങ്ങൾ വാങ്ങാനായി ആരും ആരെയും നിർബന്ധിക്കുന്നില്ല. ശബ്ദമുണ്ടാക്കി കടകളിലേയ്ക്ക് വിളിച്ച് കയറ്റുന്നില്ല. ആവശ്യമുള്ളത് ഇഷ്ടത്തോടെ തിരഞ്ഞെടുക്കാനുള്ള അവസരം ഇവിടുത്തുകാർ എല്ലാവർക്കും ഒരുക്കി നൽകുന്നു.
വീണ്ടും ടാക്സി പിടിച്ചു. എട്ട് കിലോമീറ്റർ അപ്പുറത്തുള്ള ഹെലിപ്പാഡിനടുത്തെത്താൻ ഒന്നര മണിക്കൂറെടുത്തു. രാത്രി കാലങ്ങളിൽ റോഡുകളിലാകെ അത്രയ്ക്ക് തിരക്കാണ്. മണിപ്പൂരിലേയ്ക്ക് വളരെ കുറച്ച് ടാക്സികൾ മാത്രമാണ് ഓരോ ദിവസവും ഐസ്വാളിൽ നിന്ന് പുറപ്പെടുന്നത്. അതിലൊന്നിൽ സീറ്റുറപ്പിക്കാനായിരുന്നു ഈ ഒന്നര മണിക്കൂർ നീണ്ട യാത്ര. ടാറ്റാ സുമോയിലിരുന്ന് മണിപ്പൂരിലെ ചുരാചന്ത്പൂർ വരെ പോകാൻ ഒരാൾക്ക് രണ്ടായിരം രൂപയാണ്. പണമടച്ച് ടിക്കറ്റ് വാങ്ങി.
''രാവിലെ ആറ് മണിയ്ക്ക് എത്തണം'' - ടിക്കറ്റ് തന്ന പ്രായപ്പെട്ട സ്ത്രീ പറഞ്ഞു. ഉറപ്പായും എത്താം. - അവർക്ക് ഗുഡ് നൈറ്റും കൊടുത്ത് മുറിയിലേയ്ക്ക് തിരിച്ചു. നാളെ പുലർച്ചെ മണിപ്പൂർ യാത്ര തുടങ്ങണം.
Content Highlights: Travel experience from Sairang railway station to Aizawl city, Unique architecture of houses built on stilt wooden and concrete pillars, Affordable and delicious local Mizo food including beef, chicken, and bamboo shoot curry, Calm traffic culture in Aizawl with minimal honking, Details on booking transport from Aizawl to Churachandpur, Manipur
Published: 28 Sept 2026, 02:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented