ഷില്ലോങ്ങിൽ നിന്ന് രാവിലെത്തന്നെ വണ്ടി കയറി. 110 കിലോമീറ്റർ ദൂരമുണ്ട് ഖ്‌ലേരിയാത്തിലേയ്ക്ക്. ജയ്ന്തിയ മലനിരകളിലെ കാടുകൾക്കിടയിലവിടെ കൽക്കരി ഖനികളുടെ പാതാളക്കുഴികൾ നിറഞ്ഞു നിൽക്കുന്നുണ്ട്. നമ്മുടെ നിത്യജീവിതത്തിൽ ഏറെ ആവശ്യമുള്ള കൽക്കരി ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊക്കെയാണ് ഏറെയുള്ളത്. ഖനികൾ കാണാനും അവിടത്തെ സാഹചര്യങ്ങൾ അറിയാനും ഗ്രാമത്തിലുള്ളവരോട് സംസാരിക്കാനുമുള്ള യാത്രയാണിന്ന്.

To advertise here,

തെക്കൻ ഗാരോ ജില്ലയിലെ നോങ്കൽബിബ്ര എന്നയിടത്ത് 2012 ജൂലൈ ആറിന് വലിയ അപകടം നടന്നു. കൽക്കരിയെടുക്കാനായി മലതുരന്ന് അകത്തേയ്ക്ക് പോയ 30 തൊഴിലാളികൾ ഖനിയ്ക്കകത്ത് കുടുങ്ങി. അവരിൽ 15 പേർ ശ്വാസംകിട്ടാതെ പിടഞ്ഞു മരിച്ചു. രാജ്യത്താകമാനം വലിയ ചർച്ചയായ ഈ സംഭവത്തിന് പിന്നാലെ 2014 ഏപ്രിൽ 17ന് മേഘാലയയിലാകെ റാറ്റ് മൈനിംഗ് നിരോധിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് പുറത്തിറക്കി.

നമ്മുടെ നാട്ടിൽ വീടുകളിൽ കിണറ് കുഴിക്കും പോലെയാണ് അക്കാലത്ത് ജയ്ന്തിയ മലനിരകളിലും ഗോരോ മലകളിലും ആളുകൾ കൽക്കരി കുഴിച്ചെടുത്തത്. ഒരാൾക്ക് നൂണ്ട് പോകാൻ മാത്രം വലുപ്പത്തിൽ കുഴികളുണ്ടാക്കി എലികളെപ്പോലെ മാന്തി മാന്തി കൽക്കരിയെടുത്തു. അസം, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ തൊഴിലാളികളാണ് ജീവൻ പണയംവെച്ച് ഖനികൾക്കുള്ളിലേയ്ക്ക് കയറിപ്പോയത്. പലപ്പോഴായി അപകടമുണ്ടായി ആളുകൾ മരിച്ചപ്പോഴും അധികാരത്തിന്റെ തണൽ ആവോളം കൊള്ളുന്ന ഖനിയുടമകൾ എല്ലാം മറച്ചുവെച്ചു. എന്നാൽ നോങ്കൽബിബ്രയിൽ അത് സാധിച്ചില്ല. ആ ദു:ഖഭരിതമായ സംഭവത്തിന് ശേഷം ഖനനം നിരോധിച്ചല്ലോ, എന്ന് സമാധാനിക്കാൻ വരട്ടെ.

ഈ വർഷം ഫെബ്രുവരി അഞ്ചിന് രാവിലെ പതിനൊന്ന് മണിയോടെ ഈസ്റ്റ് ജയ്ന്തിയ ജില്ലയിലെ താങ്ക്സ്‌കോയിൽ വലിയ പൊട്ടിത്തെറിയുണ്ടായി. 33 പേരാണ് ആ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടത്. നോങ്കൽബിബ്രയിലേത് പോലെ മല തുരന്ന് കൽക്കരിയെടുക്കാൻ നിയോഗിക്കപ്പെട്ട തൊഴിലാളികൾ ഖനിയ്ക്കുള്ളിലെ സ്ഫോടനത്തിൽ ചിന്നിച്ചിതറിപ്പോയി. പരിക്കേറ്റവരെ വേഗത്തിൽ രക്ഷപ്പെടുത്താനുള്ള അത്യാധുനിക സംവിധാനങ്ങളോ രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിക്കാൻ നല്ല ആശുപത്രിയോ ഈസ്റ്റ് ജയ്ന്തിയ ജില്ലയിലില്ലായിരുന്നു.

വിശപ്പാണ് ആ പാവപ്പെട്ട തൊഴിലാളികളെ ജീവൻ പണയപ്പെടുത്തി ഖനികളിലേക്കിറങ്ങാൻ പ്രേരിപ്പിച്ചത്. കുറച്ചെങ്കിലും സമാധാനത്തോടെ ജിവിക്കാനുള്ള വകയുമായി അവരെല്ലാം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച അമ്മയ്ക്കും അച്ഛനും ഭാര്യയ്ക്കും മക്കൾക്കും സഹോദരങ്ങൾക്കും മുന്നിലേയ്ക്ക് വെളളത്തുണിയിൽ കെട്ടിവെച്ച കുറച്ച് ഇറച്ചിക്കഷണങ്ങൾ മാത്രമേ തിരിച്ചെത്തിയുള്ളു. അപ്പോഴും ഖനിയിലിറങ്ങാതെ എല്ലാം നിയന്ത്രിച്ച മുതലാളിയ്ക്ക് യാതൊരു പരിക്കുമില്ല, ലാഭക്കണക്കിൽ ചെറിയ നഷ്ടം മാത്രം.

തൊഴിലാളികളുടെ മരണം, നദികളുടെയുൾപ്പെടെ രൂക്ഷമായ മലിനീകരണം, വന നശീകരണം തുടങ്ങി പല കാരണങ്ങൾ പരിഗണിച്ച് 2014ൽ ദേശീയ ഹരിത ട്രിബ്യൂണൽ നിരോധിച്ച ഖനനം ഇന്നും തടസ്സമൊന്നുമില്ലാതെ തുടരുകയാണ് മേഘാലയയിൽ. ജയ്ന്തിയ മലനിരകളിലെ ഖ്ലേരിയാത്തിനടുത്താണ് ഒടുവിൽ അപകടമുണ്ടായ താങ്ക്സ്‌കോ. നമുക്ക് ഖ്‌ലേരിയാത്തിലെ കൽക്കരി ഖനികളിലേയ്ക്ക് പോയി നോക്കാം.

നേരെ ഖനികളിലേയ്ക്ക് പോയി വീഡിയോയും ഫോട്ടോയുമെല്ലാമെടുത്താൻ ഒരുപക്ഷേ തിരിച്ചുവരാൻ കഴിഞ്ഞേക്കില്ല. അതുകൊണ്ട് ആദ്യം പോകുന്നത് ഖ്ലേരിയാത്തിലെ കലക്ട്രേറ്റിലേക്കാണ്. കേരളത്തിൽ രണ്ട് തവണ വന്ന, ഇവിടെ ചില സുഹൃത്തുക്കളുള്ള മനീഷ് കുമാർ ഐഎഎസ് ആണ് കളക്ടർ. അദ്ദേഹം ഞങ്ങളെ ചായ നൽകി സ്വീകരിച്ചു.

''പുഴയും പരിസരവുമാകെ മലിനമാണിവിടെ. കുടിക്കാനുള്ള വെള്ളം മിക്കവരും പണം കൊടുത്ത് വാങ്ങുകയാണ്.'' - അദ്ദേഹം പറഞ്ഞു.

നാലുപാടും നല്ല മലകളുള്ള, മലനിരകളുടെ പേരിൽ അറിയപ്പെടുന്ന നാട് വെള്ളം പണം കൊടുത്ത് വാങ്ങിക്കുടിക്കണമെങ്കിൽ ഇന്നാടിന്റെ അവസ്ഥയെന്തായിരിക്കും. എത്ര ഭീതിതമായാണ് മലിനീകരണം ആളുകളെ നേരിട്ട് ബാധിച്ചിരിക്കുന്നത് എന്നോർത്തു. കൽക്കരി ഖനികൾ കാണണമെന്നും ഗ്രാമത്തിലുള്ളവരോട് സംസാരിക്കണമെന്നുമുള്ള ആവശ്യം കളക്ടറോട് പറഞ്ഞു.

''നിങ്ങൾ ഒറ്റയ്ക്ക് പോകുന്നത് അപകടമാണ്. ഞാൻ എസ്പിയെ വിളിച്ച് പറയാം. അവർ നിങ്ങൾക്ക് സുരക്ഷ നൽകും, അവരുടെ വാഹനത്തിൽ പൊയ്ക്കോളു''

നന്ദി. കളക്ട്രേറ്റിൽ നിന്നിറങ്ങി.

എസ്പിയെ ചെന്ന് കണ്ടപ്പോൾ ഉടൻ തന്നെ അദ്ദേഹം പോലീസുകാരനെ വിളിച്ചു വരുത്തി. കറുപ്പ് യൂനിഫോമിട്ട ആ പോലീസുകാരനോട് ചില സ്ഥലപ്പേരുകൾ പറഞ്ഞ് ഞങ്ങൾക്കൊപ്പം വിട്ടു.

ഖ്ലേരിയാത്തിലെ നഗരപ്രദേശം കടന്ന് പോലീസ് വണ്ടി മുന്നോട്ട് മുന്നോട്ട് പോകുന്നു. ചെറിയ കുറച്ച് കടകളും വലിയ ഇടവേളകളിൽ ഇടയ്ക്ക് മാത്രം കാണുന്ന വീടുകളും പിന്നിട്ട് ഗ്രാമവഴികളിലേയ്ക്ക് വണ്ടി തിരിഞ്ഞു. എസ്.പി ഓഫീസിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയാണിപ്പോൾ. റോഡിന് രണ്ട് വശത്തും പുൽമേട് പോലെ വിശാലമായ പ്രദേശം തെളിഞ്ഞ് വന്നു. ഇടയിൽ വീടുകളോ മറ്റ് കെട്ടിടങ്ങളോ ഒന്നുമില്ല. പക്ഷേ കിണറ് പോലെ കുറേ വലിയ കുഴികളും ആ കുഴികളുടെ കരയിൽ കപ്പിയും കയറുമെന്ന് തോന്നിക്കും വിധത്തിൽ വലിയ ഇരുമ്പ് നിർമ്മിതിയും കാണുന്നു.

പോലീസുകാരൻ വാഹനത്തിന്റെ വേഗം കുറച്ച് വശത്തേയ്ക്കൊതുക്കി.

''അതാ അവിടേയ്ക്കിറങ്ങി നോക്കിക്കോളു.''

ഞങ്ങളിറങ്ങി നടക്കുമ്പോഴേയ്ക്ക് അദ്ദേഹവും ഇറങ്ങി. മണ്ണ് നീക്കി ചുറ്റിലും കൂട്ടിയിട്ടതിനപ്പുറത്ത് കടലാസുകൾ അടുക്കടുക്കാക്കി കത്തിച്ച പോലുള്ള ഒരു കറുത്ത സാധനം കൂനപോലെ കാണുന്നു.

ഇതെന്താണ്?

''കൽക്കരിയ്ക്ക് മുകളിൽ കാണുന്നതാണ്'' - പോലീസുകാരന്റെ മറുപടി.

''ദാ, ആ കുഴിയ്ക്ക് ഇരുന്നൂറടിയിലധികം ആഴമുണ്ട്.

ഇതിലേയ്ക്ക് ഇറങ്ങിപ്പോയ ശേഷമാണ് വശങ്ങൾ തുറന്ന് ഉള്ളിലേയ്ക്ക് പോകുന്നത്.'' - തൊട്ടടുത്തെ ഖനി ചൂണ്ടി അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടിലൊക്കെ ആളുകൾ ഉപേക്ഷിച്ച് പോയ പൊട്ടക്കിണറുകളില്ലേ അതുപോലെ ഒരേ പറമ്പിൽ നിരവധി വലിയ കുഴികളും അതിന്റെ കരയിൽ ആ ഇരുമ്പ് നിർമ്മിതിയും കാണുന്നു. കുഴികളിലെല്ലാം വെളളമാണിപ്പോൾ. കൽക്കരിയെടുക്കാനായി ഇത്തരം ഖനികളിലേയ്ക്ക് മഴക്കാലത്ത് തൊഴിലാളികളെ ഇറക്കില്ല. അതുകൊണ്ട് മാത്രമാണ് ഈ പ്രദേശമിപ്പോൾ വിജനമായി കാണുന്നത്. റോഡിന്റെ രണ്ട് വശത്തുമായി നടന്ന് വിശദമായി നോക്കി. ഏതാണ്ട് ഒരു കിലോമീറ്റർ ചുറ്റളവിൽ അമ്പതിലധികം ചെറു ഖനികൾ കാണുന്നു. എല്ലാം അനധികൃത കൽക്കരി ഖനികൾ. പ്രദേശത്തൊന്നും ആരുമില്ല.

റോഡിലൂടെ അൽപ്പം കൂടി മുന്നോട്ട് പോയി. മുന്നിലെ ചെറിയ പാലം കടന്ന് വണ്ടി നിർത്തി. പാലത്തിന് താഴെ പുഴയൊഴുകുന്നുണ്ട്, അത് കാണിച്ചു തരാനാണ് വണ്ടി നിർത്തിയത്. പാലത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് നോക്കി. കലക്ടർ മനീഷ് കുമാർ ഐഎഎസ് പറഞ്ഞു തന്നത് അക്ഷരാത്ഥത്തിൽ കൃത്യമെന്ന് ഈയൊരൊറ്റ നോട്ടത്തിൽ നിന്ന് മനസ്സിലായി. പുഴയ്ക്ക് മഞ്ഞ നിറമാണ്.

വെള്ളമാകെ കലങ്ങിമറിഞ്ഞ് മഞ്ഞനിറമായതല്ല. പുഴയൊഴുകുന്ന വഴിയിലെ കല്ലെല്ലാം മഞ്ഞ നിറമായിമാറിയിരിക്കുകയാണ്.

എന്തുകൊണ്ടാണ് ഇതിങ്ങനെ?

''ഈ പുഴയിലേയ്ക്ക് വെളളമൊഴുകിവരുന്ന ഉറവകളുടെ സമീപത്തെല്ലാം ഖനികളുണ്ട്. ഉള്ളിൽ നിന്ന് കൽക്കരിയെടുത്ത് കൂട്ടിവയ്ക്കുന്നത് ഉറവയൊഴുകുന്ന വഴികളിലെല്ലാമാണ്. ഇതെല്ലാം കൂടിക്കലർന്ന് വെള്ളം മലിനമാകും. ഇങ്ങനെ നൂറുകണക്കിന് ചെറു ഖനികളുടെ തീരം വഴി ഒഴുകുന്ന വെള്ളം ഇവിടേയ്ക്ക് ഒഴുകിയെത്തുന്നു '' - പോലീസുകാരൻ പറഞ്ഞു.

പുഴയോരത്ത് തന്നെ ഖനിയുണ്ട്. നേരത്തേ കണ്ടതുപോലെ ഇരുന്നൂറടിയോളം കുഴിച്ച് താഴേയ്ക്ക് പോയ ഖനിയല്ല. പുഴയുടെ അൽപ്പം മുകളിൽ നിന്ന് തുരന്ന് അകത്തേയ്ക്ക് കയറിയതാണ്. ചുറ്റിലും നിറയെ പുല്ല് വളർന്നിട്ടുണ്ട്. ഒരുപക്ഷേ കുറച്ചുകാലം മുമ്പ് ഉപേക്ഷിച്ച ഖനിയായിരിക്കും ഇതെന്ന് തോന്നുന്നു.

തിരിച്ച് അൽപ്പംകൂടി മുന്നോട്ട് നടന്നപ്പോൾ റോഡിന്റെ വശത്ത് തന്നെ ആഴത്തിൽ വലിയ കുഴി. ഖനിയാണ്. അതും കുറച്ച് കാലം മുമ്പേ ഉപേക്ഷിച്ചതാണ്. ഇങ്ങനെ വളരെക്കുറച്ച് ഖനികൾ മാത്രമേ ഉപേക്ഷിച്ചതായി കണ്ടുള്ളു. ബാക്കിയുള്ളയിടങ്ങളിൽ ഇപ്പോൾ ഖനനം നടക്കാത്തത് മഴയായത് കൊണ്ട് മാത്രം. എല്ലാം അനധികൃത ഖനികൾ.

''ആകെ പ്രയാസമാണ്. ഖനനം നിരോധിച്ചതോടെ തൊഴിൽ കുറഞ്ഞുപോയി. ഇവിടെയുള്ള കടകളിലൊന്നും ഇപ്പോൾ കച്ചവടമില്ല. പുറത്ത് നിന്ന് വന്ന് താമസിച്ചവരെല്ലാം തിരിച്ചു പോയതാണ് പ്രശ്നമായത്.'' - തലയിൽ തുണി വട്ടത്തിൽ കെട്ടി ആത്മവിശ്വാസത്തോടെ കവലയിൽ നിന്ന കുൽബി പറയുന്നു. കവലയിലെ സ്റ്റേഷനറിക്കടയുടെ നടത്തിപ്പുകാരിയാണ് കുൽബി.

''പണ്ടിവിടെയൊരു തിയേറ്ററുണ്ടായിരുന്നു.

നേപ്പാളികളും അസംകാരുമെല്ലാമായി നിരവധിപേർ ദിവസവും സിനിമ കാണാനെത്തും.

പക്ഷേ, ഖനനത്തിന്റെ നിരോധനം കാരണം അവരിൽ പലരും തിരികെ പോയി. തിയേറ്റർ അടച്ചുപൂട്ടി.

ഇവിടുത്തെ സാധാരണക്കാർ ഇപ്പോൾ ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്. സ്‌കൂൾ ഫീസ് നൽകാൻ പോലും പലരും പ്രയാസപ്പെടുന്നുണ്ട്.'' കേരളത്തിൽ നിന്ന് ഖ്ലേരിയാത്തിലെത്തി അധ്യാപകനായി പണിയെടുക്കുന്ന വിശ്വനാഥൻ നാട്ടുകാരുടെ അവസ്ഥ വിശദീകരിച്ചു തന്നു.

''പക്ഷേ, ഖനനം കാരണം ഇവിടുത്തെ പുഴയെല്ലാം നശിച്ചു പോയി. നിങ്ങള് പോയി നോക്കു,

താഴത്തെ പുഴയിൽ ഒരു മീനിനെപ്പോലും കാണാൻ കഴിയില്ല'' - വിശ്വനാഥൻ മാഷ് തുടർന്നു പറഞ്ഞു.

ഖനനം നിരോധിച്ചത് നല്ല കാര്യമായി പരിസ്ഥിതി സ്നേഹികൾ കാണുമ്പോഴും പ്രദേശവാസികൾ അത് അങ്ങനെയല്ല വിലയിരുത്തുന്നത്. അവരുടെ വരുമാനം കുറഞ്ഞു. പ്രദേശം തന്നെ ഉറങ്ങിയ അവസ്ഥയിലായിപ്പോയി എന്ന് പരിഭവിക്കുന്നു. ഖനനം കുറഞ്ഞു എന്നതും പലനാടുകളിൽ നിന്ന് വന്ന് താമസിച്ച തൊഴിലാളികളിൽ മഹാഭൂരിപക്ഷവും തിരികെ നാടുകളിലേയ്ക്ക് പോയി എന്നതും ശരിയാണ്. എന്നാൽ ഗ്രീൻ ട്രിബ്രൂണൽ വിധിയോടെ മേഘാലയയിലെ അനധികൃത ഖനനം സമ്പൂർണമായി നിലച്ചു എന്ന വാദം തെറ്റാണ്. ഖ്ലേരിയാത്തിലൂടെ പത്ത് മിനുട്ട് സഞ്ചരിച്ചാൽ അക്കാര്യം ബോധ്യപ്പെടും. അധികാര കേന്ദ്രങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ളവരാണ് ഖനനത്തിന്റെ ഗുണം അനുഭവിക്കുന്നത്.

മലതുരന്ന് പോയി കൽക്കരിയെടുക്കുന്ന റാറ്റ് മൈനിംഗ് രീതി നിരോധിച്ച ഗ്രീൻ ട്രിബ്യൂണൽ ശാസ്ത്രീയമായ ഖനനമാണ് വേണ്ടത് എന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ആ ശാസ്ത്രീയ ഖനനം നടത്താനുള്ള യോഗ്യതകളിൽ പ്രധാനപ്പെട്ടത് ചില സംശയങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നു. കൽക്കരി ഖനനത്തിനായുള്ള ലീസിന് അനുമതി ലഭിക്കാൻ അപേക്ഷിക്കുന്നയാൾക്ക് കുറഞ്ഞത് 100 ഹെക്ടർ ഭൂമി സ്വന്തമായി വേണം. അതിന് ശേഷം പലതലങ്ങളിലായുള്ള അനുമതികൾ നേടുകയും വേണം. അതായത് സ്വന്തം മണ്ണിൽ കൽക്കരിയുള്ള സാധാരണക്കാരനും ഇടത്തരക്കാരനും ഖനനം സാധ്യമല്ല. മേഘാലയയിൽ കൽക്കരി ഖനനം കുത്തകവത്ക്കരിക്കപ്പെട്ടു. ശാസ്ത്രീയമായ ഖനനം സാധ്യമാകേണ്ടയിടത്ത് ഖനനത്തിന്റെ കുത്തകവത്ക്കരണമാണ് സാധ്യമായത് എന്നതാണ് വാസ്തവം.

പരിസ്ഥിതിയേയും പ്രദേശവാസികളുടെ അതിജീവനത്തേയും തൊഴിലാളികളുടെ സുരക്ഷയേയും പരിഗണിച്ച് സൂക്ഷ്മമായി പരിഹരിക്കേണ്ട വിഷയമാണ് മേഘാലയയിലെ കൽക്കരി ഖനനം. എന്നാൽ ഇന്നാട്ടിലെ ഏറ്റവും പാവപ്പെട്ട ജനങ്ങളെ കരുവാക്കി ധാതുസമ്പത്ത് ഊറ്റിയെടുക്കാനുള്ള കുത്തക അജണ്ടയാണ് ഇപ്പോൾ നടപ്പിലാകുന്നത്. എല്ലാ ഉറവകളും മലിനമാക്കപ്പെടുന്നു. തൊഴിലാളികൾ പിന്നേയും ജീവൻ പണയംവെച്ച് മലതുരക്കാനിറങ്ങേണ്ടി വരുന്നു. മേഘാലയയ്ക്ക് പുറത്തുള്ള ലോകം, ഇത് ഞങ്ങളെ ബാധിയ്ക്കുന്ന കാര്യമല്ലെന്ന മട്ടിൽ ഉറക്കം നടിയ്ക്കുന്നു.

ഞങ്ങളുടെ പോലീസ് വണ്ടി തിരികെ ഖ്‌ലേരിയാത്തിലെ എസ്പി ഓഫീസിലെത്തി, യാത്രപറഞ്ഞിറങ്ങി. ഇനി ഷില്ലോങ്ങിലേയ്ക്കുള്ള മടക്കയാത്രയാണ്.