വലതുകൈകൊണ്ട് എന്റെ ഒരുകൈ പിടിച്ചു. മറ്റേ കൈയില് പുഴുവിനെ വാരി കയ്യില് വെച്ച് തന്നു

വിളവ് അതിഗംഭീരമാക്കിത്തന്നതിനും രോഗങ്ങളെ അകറ്റി നിർത്തിയതിനും മനുഷ്യൻ പ്രകൃതിയോട് നന്ദി പറയുന്നത് ലോകം ഉത്സവമായി കൊണ്ടാടാറുണ്ട്. ഓരോ നാട്ടിലും അതിന് പല രീതിയാണ്. ചിലർ സൂര്യനേയും ചന്ദ്രനേയും നദിയേയുമെല്ലാം ആരാധിക്കുന്നു. മറ്റ് ചിലർ മതവിശ്വാസത്തിനനുസരിച്ച് ദൈവങ്ങളെ ആരാധിക്കുന്നു. ഇവിടെ മേഘാലയയിൽ ജയ്ന്തിയ കുന്നുകളിൽ അങ്ങനൊരാഘോഷം നടക്കുന്നുണ്ട്. അത് കാണാനുള്ള യാത്രയിലാണ്. വണ്ടി ജോവൈയിലേയ്ക്ക് തിരിയുന്നു.
പാറിപ്പെയ്യുന്ന മഴ ഈ യാത്രയ്ക്ക് സൗന്ദര്യം കൂട്ടിത്തരികയാണ്. മഴയും ഇടയ്ക്കിടെ വന്നുപോകുന്ന കോടയും മേഘാലയയിലെ എല്ലാവഴികളിലും നമുക്ക് കൂട്ടിരിക്കുന്നുണ്ട്. ജയ്ന്തിയ വിഭാഗത്തിന് മേൽക്കോയ്മയുള്ള ജയ്ന്തിയ കുന്നുകൾ അവരുടെ സംസ്‌കാരത്തിന്റെ ഗാംഭീര്യം കൊണ്ട് തന്നെ ശ്രദ്ധേയമായ ഇടമാണ്. നേരം വെളുത്ത് അധികം കഴിയും മുമ്പ് തന്നെ ജോവൈയിലെത്തി. അത്യാവശ്യം തിരക്കുള്ള അങ്ങാടി. വാഹനപ്പെരുപ്പവും ആൾപ്പെരുമാറ്റവുമുള്ള കവല. പോലീസുകാർ വാഹനം നിയന്ത്രിക്കുന്നു. ആളുകളെല്ലാം ആഘോഷ ദിനത്തെ വരവേൽക്കാനുള്ള പുറപ്പാടിലാണ്.
ബസ്റ്റോപ്പെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരിടത്ത് കുറച്ചുപേർ കൂട്ടം കൂടി നിൽക്കുന്നു. കോഴിക്കച്ചവടമാണ്. നല്ല നാടൻ കോഴികളെ വല്ലത്തിലാക്കി കൊണ്ടുവന്നു വെച്ചിട്ടുണ്ട്. കച്ചവടക്കാരെല്ലാം സ്ത്രീകൾ. പുല്ലരിഞ്ഞ് കെട്ടിക്കൊണ്ടുവരാനാണ് നാട്ടിൽ വല്ലം കാര്യമായി ഉപയോഗിച്ചിരുന്നത്. തെങ്ങോല വെട്ടി മെടഞ്ഞൊതുക്കിയെടുക്കുന്ന വല്ലം നാട്ടിൽപുറത്തൊക്കെ അപൂർവ്വ കാഴ്ചയായി മാറിക്കഴിഞ്ഞു. പക്ഷേ, മേഘാലയയിൽ അങ്ങനെയല്ല. വല്ലം ഇപ്പോഴും നാട്ടിൽപുറത്തെ പ്രധാനിയാണ്. കേരളത്തിലേപ്പോലെ തെങ്ങോല കൊണ്ട് കെട്ടിയുണ്ടാക്കുന്ന വല്ലമല്ല, മുളചീന്തിയെടുത്ത് കെട്ടിയുണക്കിയാണ് വല്ലത്തിന്റെ പണി. ഒരു വല്ലത്തിൽ മാത്രം പത്തിലധികം നാടൻ കോഴികളുണ്ട്. ഈ അമ്മമാർ തന്നെ വീട്ടിൽ വളർത്തുന്ന കോഴികളെ വല്ലത്തിലാക്കി വിൽക്കാൻ കൊണ്ടുവന്നതാണ്. ആയിരം രൂപ കൊടുക്കണം ഒരു കോഴിയെ കിട്ടാൻ. നല്ല ഉശിരുള്ള കോഴികളെ വാങ്ങാൻ രാവിലെത്തന്നെയെത്തിയവരുടെ ആൾക്കൂട്ടത്തെയാണ് റോഡിനപ്പുറത്ത് നിന്ന് നമ്മൾ കണ്ടത്.
യഥാർത്ഥത്തിൽ കോഴിയല്ല പന്നിയാണ് മേഘാലയക്കാരുടെ പ്രധാന നോൺവെജ് ഭക്ഷണം. പച്ചക്കറികടകളേക്കാൾ പന്നിയിറച്ചി വിൽക്കുന്ന കടകളാണ് വഴിനീളെ കണ്ടത്. യാത്രയിൽ പലയിടത്തു നിന്നായി പന്നിക്കറിയും പന്നിയിറച്ചി ഫ്രൈയുമെല്ലാം കഴിച്ച് രുചിയറിഞ്ഞിട്ടുണ്ട്. ഇതിനുമപ്പുറത്ത് നമുക്കൊരുപക്ഷേ നമുക്കൊക്കെ രുചിച്ച് നോക്കാൻ പോലും മടിതോന്നുന്നു വേറൊരു സാധനവും ജയ്ന്തിയ മലകളിലെ ജനങ്ങൾ കഴിക്കുന്നുണ്ട്. പുഴു!.
വഴിയോരത്തെ കുഞ്ഞുപെട്ടിക്കടകളിൽ വെട്ടിയ പന്നിയിറച്ചിയ്ക്കും തൊലിയുരിച്ച് തൂക്കിയിട്ട കോഴിയിറച്ചിയ്ക്കും താഴെ വട്ടക്കൊട്ടയിൽ ജീവനുള്ള പുഴു. വെളുത്ത നിറത്തിലുള്ള പുഴു പുളഞ്ഞിഴയാൻ ശ്രമിക്കുന്നുണ്ട്. ഒന്ന് മറ്റൊന്നിന്റെ മുകളിലേയ്ക്ക് കയറിയിറങ്ങുന്നുവെന്നല്ലാതെ അതിലപ്പുറം പോകാനവയ്ക്ക് പറ്റുന്നില്ല.
ഇതിന് എത്ര രൂപയാ?
''കിലോയ്ക്ക് 450 രൂപ'' തലയിലൊരു കെട്ടും കെട്ടി ഇവിടുത്തെ സ്വതസിദ്ധമായ വസ്ത്രങ്ങളും ധരിച്ച് സ്റ്റൂളിലിരുന്ന് പുഴുവിനെ വിൽക്കുന്ന യുവതി മറുപടി തന്നു.
സബർജിലും ആപ്പിളും പിന്നെ കാണാൻ ചെറുനാരങ്ങപോലുള്ളൊരു പഴവും വെച്ച കുട്ടകൾക്കടുത്താണ് പുഴുവിനേയും വെച്ചത്. അതിന് മുകളിൽ പന്നിയും കോഴിയും.
ഏതിറച്ചിയ്ക്കാണ് ടേസ്റ്റ് കൂടുതലുള്ളത്?
''ഇതാ ഇതിന്''
കണ്ണിറുക്കിച്ചിരിച്ച് കുറച്ച് പുഴുവിനെയെടുത്ത് കയ്യിൽവെച്ച് അവര് പുഴുവിന്റെ സ്വാദിന് നല്ലമാർക്കിട്ടു.
''വറുത്താൽ നല്ല, ജ്യൂസിയാ''
ഇതൊക്കെ കേട്ട് അന്തംവിട്ട് നിൽക്കുന്ന എന്നെ, പന്നിയിറച്ചി വെട്ടിക്കൊടുക്കുന്ന ചേച്ചി കുറച്ചു നേരമായി നോക്കുന്നുണ്ട്. അവര് വലതുകൈകൊണ്ട് എന്റെ ഒരുകൈ പിടിച്ചു. മറ്റേ കൈയിൽ പുഴുവിനെ വാരി കയ്യിൽ വെച്ച് തന്നു.
അയ്യോ...
പുഴുവിനെ വീട്ടുപടിയിലോ വരാന്തയിലോ ഒക്കെ കണ്ടാൽ ഇലയോ ചൂലോ ഒക്കെയെടുത്ത് മുറ്റത്തേയ്ക്കോ പറമ്പിലേയ്ക്കോ എറിഞ്ഞേ ഇത്രയും കാലം ശീലമുള്ളു. ഇവിടെയിവര് ആ പുഴുവിനെ വാരി കൈയിലിട്ടു തന്നിരിക്കുന്നു.
ചാണകത്തിൽ ചവിട്ടിയപോലുള്ള എന്റെ മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു ചുറ്റുമുണ്ടായിരുന്നവരെല്ലാം ചിരിക്കുന്നു. എന്തായാലും കൈയിൽ പുഴുവായി. ബാക്കികൂടി വാരിയിടാൻ പറഞ്ഞു. ഇരു കയ്യിലും നിറയെ പുഴു!. ഈ കടയിൽ മാത്രമല്ല മിക്ക വഴിയോരക്കടകളിലും പുഴുവുണ്ട്. ഇവിടുത്തുകാരുടെ ഇഷ്ട വിഭവമാണ് പുഴു ഫ്രൈ. ഓരോ നാടിനും ഓരോ സംസ്‌കാരം. ചെറുപ്പത്തിലേ ശീലിക്കുന്നത് തലമുറകൾ തലമുറകൾ കൈമാറി വരുന്നു. അത് ശീലമില്ലാത്ത നമ്മൾ അത്ഭുതത്തോടെ അവരെ നോക്കുന്നു.
പട്ടുനൂൽപ്പുഴുവാണിത്. കാണാൻ സുന്ദരനായ പുഴു. ഒരു കിലോ കോഴിയിറച്ചിയ്ക്ക് ഇരുന്നൂറിൽ താഴെയേ വിലയുള്ളു. പക്ഷേ ഒരു കിലോ പുഴുവിന് നാനൂറ്റമ്പതും ചിലയിടത്ത് അഞ്ഞൂറും കൊടുക്കണം. എങ്കിലും രുചികൊണ്ട് ആളുകൾ പുഴുവിനേയും വാങ്ങി വീട്ടിൽ പോകുന്നു. ഇവരീപ്പറയുന്ന പുഴു ഫ്രൈ വിൽക്കുന്ന കട അടുത്തൊന്നും കണ്ടില്ല. അതുണ്ടായിരുന്നെങ്കിൽ ആ പന്നിയിറച്ചി വെട്ടുന്ന ചേച്ചി വാങ്ങിവന്ന് തീറ്റിപ്പിച്ചേനെയെന്ന് തോന്നുന്നു.
എന്തായാലും സന്തോഷം. പലനാടുകളിലെ പല മനുഷ്യരെ പല സംസ്‌കാരത്തെ ഇങ്ങനെ അനുഭവിക്കാൻ പറ്റുന്നല്ലൊ. സമയം നീങ്ങുന്നതിനനുസരിച്ച് ഈ അങ്ങാടി ഉത്സവത്തിമിർപ്പിലേയ്ക്ക് വീഴും പോലെ. ആൾക്കൂട്ടത്തിന്റെ കനം കൂടുന്നു, കൊട്ടും പാട്ടുമുയരുന്നു, വാഹനത്തിന്റെ വരി കൂടുന്നു. ഇവിടുത്തുകാർ ബെഹ്ദെഖ്ലാം ആഘോഷത്തിലേയ്ക്ക് നടക്കുകയാണ്.
Content Highlights: Exploration of the scenic Jaintia Hills and Jowai town in Meghalaya, Insights into local tribal cuisine, including pork and silkworm delicacies, Cultural experience of the upcoming Behdienkhlam festival
Published: 21 Sept 2026, 03:58 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented