കോടാലി :പുതുക്കാട്-മുപ്ലിയം-കോടാലി റോഡ് വീതികൂട്ടി ആധുനിക എഫ്.ഡി.ആർ. സാങ്കേതികവിദ്യയിൽ നിർമിക്കുന്നതിന് തുടക്കമായി. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡ് വീതികൂട്ടണമെന്ന ഏറെക്കാലമായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. കലുങ്കുകളുടെയും ഭൂമിവിട്ടുനൽകിയ സ്ഥലങ്ങളിലെ മതിലുകളുടെയും പുനർനിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. കോടാലി മുരിക്കുങ്ങൽ മുസ്‌ലിംപള്ളിക്കു സമീപം പുതിയ കലുങ്കുനിർമാണമാണ് വ്യാഴാഴ്ച തുടങ്ങിയത്. കിഫ്ബി ഫണ്ട് 59.98 കോടി രൂപ ചെലവിൽ 18 കി.മി. നീളത്തിലും ഒൻപത് മീറ്റർ വീതിയിലും നിർമിക്കുന്ന റോഡിന് 40 കലുങ്കുകളും, 12 കി.മി. ഓളം നീളത്തിൽ ഡ്രെയ്‌നേജും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാട്ടർ അതോറിറ്റി പൈപ്പുകളും മാറ്റിസ്ഥാപിക്കും.

To advertise here,

2.17 കോടി രൂപ ചെലവിൽ നേരത്തേ അനുവദിച്ച കെ.എസ്.ഇ.ബി. യൂട്ടിലിറ്റി ഷിഫ്റ്റിങ്‌ ജോലികളും നടക്കുന്നുണ്ട്. ഗോവ ആസ്ഥാനമായുള്ള ബാബ്‌സ് കൺസ്ട്രക്ഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണച്ചുമതല. നാഡിപ്പാറയിൽ ഇതിനായി സ്ഥാപിച്ച ഓഫീസ്, ലാബ്, നിർമാണയൂണിറ്റ് എന്നിവയും പ്രവർത്തനമാരംഭിച്ചു. നിർമാണം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, പഞ്ചായത്തു പ്രസിഡന്റുമാരായ മീനാ മദനൻ, ടെസി ജോസ്, ജില്ലാ പഞ്ചായത്തംഗം കെ.ജെ. ഡിക്‌സൺ, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, പി.കെ. ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.