പഴയ പാലം മണ്ഡലകാലത്തിനുമുൻപ് നവീകരിക്കും
കുളത്തൂപ്പുഴ : അമ്പലക്കടവ് പാലം നിർമാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വിഭാഗം നടപടി തുടങ്ങി. നിർമാണച്ചുമതല വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥസംഘം സി. അജയപ്രസാദ് എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ആറുമാസത്തിനകം, 2027 ഏപ്രിലിലെ വിഷുദിനത്തിൽ നിർമാണം പൂർത്തിയാക്കി പാലം നാടിനു സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ. അറിയിച്ചു.
2025 ജൂൺ നാലിന് നിർമാണോദ്ഘാടനം നടത്തിയിട്ടും നിർമാണത്തിന് വേഗമില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരുവർഷത്തിനകം പുതിയ പാലം വരുമെന്നായിരുന്നു പ്രഖ്യാപനം. വേനൽക്കാലത്ത് ആറ്റിലെ നീരൊഴുക്കുകുറഞ്ഞ് നിർമാണത്തിന് അനുകൂലസാഹചര്യം ഉണ്ടായിരുന്നെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
ആറ്റിൽ കോൺക്രീറ്റ് തൂണുകൾ കെട്ടിയുയർത്തി പാലത്തിന്റെ ഇരുവശത്തും ബലപ്പെടുത്തി സമാന്തരപാത ഒരുക്കുന്നതിന് പദ്ധതിയുണ്ട്. നിർമാണത്തിനു തടസ്സമായ വൈദ്യുതത്തൂണുകളും ജലവിതരണക്കുഴലുകളും മാറ്റിസ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ പണം അടച്ചിട്ടുണ്ട്.
അന്പലക്കടവ് പഴയ പാലത്തിൽ കുണ്ടും കുഴിയും നിറഞ്ഞ് ചാലുകൾ രൂപപ്പെട്ട് ചെളിവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഒച്ചിഴയുന്ന വേഗത്തിലാണ് വാഹനങ്ങളുടെ യാത്ര. ഇതിനാലാണ് കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിനു മുന്നിലായി പുതിയ പാലം നിർമിക്കാൻ പദ്ധതിയിട്ടത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 10 കോടി രൂപ വകയിരുത്തിയത്. പലതവണ കരാർ ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രവൃത്തി ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. രൂപരേഖയിൽ മാറ്റംവരുത്തി ഏഴുതവണ കരാർ വിളിച്ചപ്പോൾ അടങ്കൽ തുകയെക്കാൾ 39.7 ശതമാനം രേഖപ്പെടുത്തി ഒരാൾ മാത്രമാണ് കരാറിന് എത്തിയത്. ഇതോടെ ടെൻഡർ കമ്മിറ്റി സർക്കാരിന്റെ അനുമതി തേടാൻ ശുപാർശ ചെയ്യുകയും പദ്ധതി അനന്തമായി നീളുകയുമായിരുന്നു. നിലവിൽ 11.22 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.
പഴയ പാലത്തിന്റെ നവീകരണം മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനു മുന്നോടിയായി പൂർത്തിയാക്കും. അമ്പലക്കടവ്-തെന്മല പാതയുടെ നവീകരണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് 10 കോടി അനുവദിച്ചതായും എം.എൽ.എ. അറിയിച്ചു.
കേരള റോഡ് ഫണ്ട് ബോർഡ് ടീം ലീഡർ മഞ്ജുഷ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ ദീപാ ഓമനക്കുട്ടൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പി.ആർ. നിഷ, പാലം കരാറുകാരൻ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.
Published: 23 Oct 2026, 02:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented